സഹകരണസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം; എസ്‌ഒപി ആയിട്ട്‌ ഒരുവര്‍ഷം

Moonamvazhi
സഹകരണസ്ഥാപനങ്ങള്‍തമ്മിലുള്ള സഹകരണത്തിനായി കേന്ദ്രസഹകരണമന്ത്രാലയം പുറത്തിറക്കിയ മാതൃകാനടപടിക്രമങ്ങള്‍ (എസ്‌ഒപി) സെപ്‌റ്റംബറില്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. 2023 മെയ്‌ 21നു ഗുജറാത്തിലെ ബനസ്‌കന്തയിലും പഞ്ചമഹാലിലും ആരംഭിച്ച പരീക്ഷണപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ എസ്‌ഒപി തയ്യാറാക്കിയത്‌. 2024 ജനുവരി 15നു ഗുജറാത്തിലെ എല്ലാ ജില്ലയിലേക്കും ഇതു വ്യാപിപ്പിച്ചു. ബനസ്‌കന്തയിലും പഞ്ചമഹലിലുംകൂടി നാലുലക്ഷം പുതിയ അക്കൗണ്ടുകള്‍ തുറക്കാനും 750കോടിയുടെ നിക്ഷേപം നേടാനും കഴിഞ്ഞിരുന്നു. ഗുജറാത്തിലാകെ നടപ്പാക്കിയപ്പോള്‍ 2762 ബാങ്ക്‌ മിത്രകളെ നിയോഗിക്കാനും 2600 മൈക്രോഎടിഎന്നുകള്‍ ലഭ്യമാക്കാനും 83941 റൂപേ കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ നല്‍കാനും മൈക്രോഎടിഎമ്മുകളിലൂടെ 23.60 ലക്ഷം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും 9.40 ലക്ഷം പുതിയ അക്കൗണ്ടുകള്‍ തുറക്കാനും 3853 കോടിരൂപയുടെ നിക്ഷേപം നേടാനും കഴിഞ്ഞിരുന്നു.
എല്ലാ പ്രാഥമികവായ്‌പാസഹകരണസംഘങ്ങളെയും (പാക്‌സ്‌) പ്രാഥമികക്ഷീരസഹകരണസംഘങ്ങളെയും (പിഡിസിഎസ്‌) ബാങ്കിങ്‌ സേവനങ്ങള്‍ക്കായി ജില്ലാസഹകരണബാങ്കുകളുമായോ സംസ്ഥാനസഹകരണബാങ്കുമായോ ബന്ധിപ്പിക്കുക, മൈക്രോഎടിഎമ്മുകളിലൂടെ പാക്‌സുകള്‍ക്കും പിഡിസിഎസുകള്‍ക്കും മറ്റസംഘങ്ങള്‍ക്കും വീട്ടില്‍ ബാങ്കിങ്‌ സേവനമെത്തിക്കുക, ഇവയ്‌ക്കെല്ലാം പലിശയില്ലാതെയോ കുറഞ്ഞപലിശയ്‌ക്കോ വായ്‌പ നല്‍കാന്‍ റുപേ കെസിസി നല്‍കുക എന്നിവയാണു സഹകരണസ്ഥാപനങ്ങള്‍തമ്മിലുള്ള സഹകരണത്തിന്റെ ലക്ഷ്യം.
സംസ്ഥാനസഹകരണവകുപ്പുകള്‍, സംസ്ഥാനസഹകരണബാങ്കുകള്‍, സംസ്ഥാനസഹകരണരജിസ്‌ട്രാര്‍മാര്‍, ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക്‌ (നബാര്‍ഡ്‌), സംസ്ഥാനക്ഷീരഫെഡറേഷനുകള്‍, എല്ലാത്തരത്തിലുംപെട്ട സഹകരണസംഘങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സംവിധാനമാണ്‌ എസ്‌ഒപിയില്‍ വിഭാവന ചെയ്‌തിട്ടുള്ളത്‌. കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ മൊത്തത്തിലുള്ള മേല്‍നോട്ടത്തില്‍ ഇതു പ്രാവര്‍ത്തികമാക്കണമെന്നാണു എസ്‌ഒപിയിലുള്ളത്‌.
അഞ്ചുമുതല്‍ ഏഴുവരെ ഗ്രാമങ്ങളെയും അവയിലെ പാക്‌സുകളെയും ക്ഷീരസംഘങ്ങളെയും ചേര്‍ത്തു സഹകരണക്ലസ്റ്ററുകള്‍ രൂപവല്‍കരിക്കല്‍, ഇവയുടെ അധ്യക്ഷരെയും സെക്രട്ടറിമാരെയും ആഴ്‌ചതോറും വിളിച്ചുകൂട്ടി പുരോഗതി വിലയിരുത്തല്‍ തുടങ്ങിയവ പദ്ധതിയില്‍ വിഭാവന ചെയ്യുന്നുണ്ട്‌. ജില്ലാസഹകരണബാങ്കുകളോ സംസ്ഥാനസഹകരണബാങ്കോ ആണ്‌ ഇതൊക്കെ ചെയ്യേണ്ടതെന്നും എസ്‌ഒപിയിലുണ്ട്‌.

Moonamvazhi

Authorize Writer

Moonamvazhi has 597 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!