മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ കള്ളപ്പണംതടയല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍ക്കുലര്‍

Moonamvazhi

മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍, കള്ളപ്പണം വെളുപ്പിക്കലും സാമ്പത്തിക ഭീകരപ്രവര്‍ത്തനവും തടയാനുള്ള (എ.എം.എല്‍/സി.എഫ്.ടി) മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കേന്ദ്ര സഹകരണരജിസ്ട്രാര്‍ നിര്‍ദേശിച്ചു. നിര്‍ദേശങ്ങളുടെ ലംഘനം കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍നിയമ (പി.എം.എല്‍.എ) പ്രകാരം കനത്ത പിഴയ്ക്കു കാരണമായേക്കാമെന്നു സര്‍ക്കുലറിലുണ്ട്. കേന്ദ്രധനമന്ത്രാലയത്തിന്റെ സാമ്പത്തിക രഹസ്യാന്വേഷണയൂണിറ്റ് (എഫ്‌ഐയു-ഐഎന്‍ഡി) പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും എഫ്‌ഐയു-ഐഎന്‍ഡിയുടെ ഫിന്‍നെറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണമെന്നു സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.സംശയാസ്പദഇടപാടുറിപ്പോര്‍ട്ടുകള്‍ (എസ്.ടി.ആര്‍) സംബന്ധിച്ച രഹസ്യാത്മകത പാലിക്കാന്‍ സ്ഥാപനവും ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും താത്കാലികക്കാരടക്കമുള്ള ജീവനക്കാരും ബാധ്യസ്ഥരാണ്. ഇവയും എഎഫ്‌ഐ-ഐഎന്‍ഡിക്കു നല്‍കുന്ന മറ്റുവിവരങ്ങളും ചോരരുത്. ഇവ സംബന്ധിച്ച സൂചനകള്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുമുമ്പോ തയ്യാറാക്കുന്ന ഘട്ടത്തിലോ തയ്യാറാക്കിയശേഷമോ ആര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കരുത്.

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍, ഉപഭോക്താക്കളെയും പ്രവര്‍ത്തനത്തെയും വിതരണമാര്‍ഗങ്ങളെയും അപകടസാധ്യതകള്‍ കുറക്കാന്‍ നടപ്പാക്കുന്ന സുരക്ഷാമാര്‍ഗങ്ങളെയും കുറിച്ചുള്ള വിലയിരുത്തലുകള്‍ നടത്തണം. ജീവനക്കാര്‍ക്കു പരിശീലനങ്ങള്‍ നല്‍കണം. നയങ്ങള്‍ നിശ്ചിത ഇടവേളകളില്‍ അവലോകനം ചെയ്യണം. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ(പി.എം.എല്‍.എ)പ്രകാരം മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ ജീവനക്കാര്‍ക്കിടയില്‍നിന്ന് ഇതിനായി ചുമതലപ്പെടുത്തപ്പെട്ട ഒരു ഡയറക്ടറെയും പ്രിന്‍സിപ്പല്‍ ഓഫീസറെയും നിയമിക്കേണ്ടതുണ്ട്. ഇവരാണു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന കാര്യം ഉറപ്പാക്കേണ്ടത്. റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, സംശയാസ്പദഇടപാടുകള്‍ യഥാസമയം അറിയിക്കല്‍, സാമ്പത്തികകുറ്റകൃത്യങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കല്‍, സ്ഥാപനത്തില്‍ കള്ളപ്പണം വെളുപ്പിക്കലിനെതിരായി ചെയ്യേണ്ട കാര്യങ്ങള്‍ പ്രചരിപ്പിക്കല്‍, രേഖകളുടെ കൃത്യമായ സൂക്ഷിപ്പ്, നിയമപാലകരുമായി സഹകരിക്കല്‍ തുടങ്ങിയവ ഇതില്‍ പെടും.

ഉപഭോക്താവിനെ അറിയല്‍ (കെ.വൈ.സി), ഉപഭോക്തൃവിവേകനടപടികള്‍ (സി.ഡി.ഡി), വര്‍ധിതോപഭോക്തൃവിവേകനടപടികള്‍ (ഇ.ഡി.ഡി.) തുടങ്ങിയവയും നടപ്പാക്കേണ്ടതുണ്ട്. സാധാരണ കെ.വൈ.സി.ക്കുപുറമെ, ഇടപാടുകാരുടെ പശ്ചാത്തലം പരിശോധിക്കല്‍, വലുതും അസാധാരണവുമായ ഇടപാടുകള്‍ നിരീക്ഷിക്കല്‍, സാമ്പത്തികദുരുപയോഗംപോലുള്ള കടുത്തറിസ്‌കുകള്‍ സൂക്ഷ്മമായി പരിശോധിക്കല്‍ തുടങ്ങിയവ സി.ഡി.ഡി.യില്‍ ഉള്‍പ്പെടുന്നുണ്ട്.ഉപഭോക്താക്കളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചുമുള്ള വിശദമായ രേഖകള്‍ അവരുമായുള്ള ബിസിനസ് ബന്ധം അവസാനിച്ചശേഷവും അഞ്ചുവര്‍ഷംകൂടിയെങ്കിലും സൂക്ഷിക്കണം. സി.ഡി.ഡി.യില്‍ ഇടപാടുകാരെ വ്യക്തമായി തിരിച്ചറിയലും, അവരുടെ വ്യക്തിത്വം വിശ്വാസ്യവും സ്വതന്ത്രവുമായ സ്രോതസ്സുകളിലൂടെ വിലയിരുത്തലും, ആവശ്യമെങ്കില്‍ അവരുടെ ബിസിനസ് ബന്ധത്തിന്റെ ഉദ്ദേശ്യത്തെയും സ്വഭാവത്തെയും കുറിച്ചു വിവരം ശേഖരിക്കലും ഉള്‍പ്പെടുന്നു. ഉപഭോക്താവിന്റെ ബിസിനസ്സ് സ്വഭാവത്തെയും ബിസിനസിന്റെ ഉടമസ്ഥതയെയും നിയന്ത്രണത്തെയുംകുറിച്ചു മനസ്സിലാക്കാന്‍ ന്യായമായ നടപടികള്‍ എടുക്കണം. ഇടപാടുകാരാരെങ്കിലും വല്ല ബെനഫിഷ്യല്‍ഉടമയ്ക്കുംവേണ്ടിയാണോ പ്രവര്‍ത്തിക്കുന്നതെന്നു പരിശോധിക്കുകയും അങ്ങനെയെങ്കില്‍ ആ ഉടമയെ തിരിച്ചറിയുകയും അയാളുടെ വ്യക്തിത്വം സ്വതന്ത്രസ്രോതസ്സുകളിലൂടെ വിലയിരുത്തുകയുംവേണം.

ഇ.ഡി.ഡി.യില്‍ സാമ്പത്തികമായി യുക്തിരഹിതമായതും നിയമപരമായ ഉദ്ദേശ്യത്തോടെയല്ലാത്തതുമായ എല്ലാ സങ്കീര്‍ണവും ഭീമവും അസാധാരണവുമായ ഇടപാടുകളും വിലയിരുത്തണം. ഉപഭോക്താവിന്റെ പ്രൊഫൈലും ഇടപാടുകളും വിശദമായി പരിശോധിക്കണം. പൊതുസ്രോതസ്സുകളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാം. ഉപഭോക്താക്കളുടെ പണത്തിന്റെ സ്രോതസ്സ് അവരുടെ കണക്കുകൂട്ടാവുന്ന റിസ്‌കുമായും ഉത്പന്നസ്വഭാവവുമായും പൊരുത്തപ്പെടുന്നുണ്ടോ എന്നു നോക്കുക, ശേഖരിച്ച വിവരങ്ങളെപ്പറ്റി സ്വന്ത്രമായ അന്വേഷഷണങ്ങള്‍ നടത്തുക, വിശ്യമായ ഡാറ്റാബേസുമായി കണ്‍സള്‍ട്ട് ചെയ്യുക തുടങ്ങിയവയും ഇ.ഡി.ഡി.യില്‍ ഉള്‍പ്പെടുന്നു. നികുതിസങ്കേതങ്ങളായി അറിയപ്പെടുന്ന രാജ്യങ്ങളുമായും കരിമ്പട്ടികയിലുള്ളവരുമായുമുള്ള ബന്ധങ്ങളും കര്‍ശനനിരീക്ഷണവിധേയമാക്കണം.ദേശീയവും അന്തര്‍ദേശീയവുമായ സാമ്പത്തികസുരക്ഷാമാനദണങ്ങള്‍ക്കനുസൃതമായി നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മുന്‍ഗണന നല്‍കണമെന്നാണ് എഫ്‌ഐയു-ഐഎന്‍ഡി സംഘങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏപ്രില്‍ 29ന് പി.എം.എല്‍.എ. നിയമം പാലിക്കുന്നതുസംബന്ധിച്ചു കേന്ദ്രസഹകരണരജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഒക്ടോബര്‍ 15ന് എഫ്‌ഐയു-ഐഎന്‍ഡി മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്കായി എ.എം.എല്‍./സി.എഫ്.ടി. ഇറക്കി. അതു കര്‍ശനമായി പാലിക്കണമെന്നാണു പുതിയ സര്‍ക്കുലര്‍.

 

Moonamvazhi

Authorize Writer

Moonamvazhi has 149 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News