കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ പേരു മാറ്റം അംഗീകരിച്ചു
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് സ്ഥാപനത്തിന്റെ പേരിൽ നിന്നു ബാങ്ക് എന്ന വാക്ക് ഒഴിവാക്കിയ നിയമാവലി ഭേദഗതിക്ക് സഹകരണ വകുപ്പിന്റെ അംഗീകാരം ലഭിച്ച് ഉത്തരവായി. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം ലിമിറ്റഡ് നമ്പർ ഡി 2777 എന്നായിരിക്കും ഇനി പേര്.ബാങ്കിങ് റെഗുലേഷൻ ആക്ട് 2020 ലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണു പേരിലെ ബാങ്ക് എന്ന വാക്ക് ഒഴിവാക്കിയത്. 2023 ഡിസംബറിൽ പേരു മാറ്റി നിയമാവലി ഭേദഗതി ചെയ്തു സഹകരണ ജോയിന്റ് രജിസ്ട്രാർക്കു സമർപ്പിച്ചിരുന്നു. അതു വകുപ്പ് അംഗീകരിച്ച് ഉത്തരവായി.ഇതോടെ ആർ ബി ഐ നിർദേശ പ്രകാരം ബാങ്ക് എന്ന വാക്ക് പേരിൽ നിന്നു നീക്കുന്ന ആദ്യ സ്ഥാപനമായി ഇതു മാറി. ഇക്കൊല്ലം ഡിസംബർ 31 നകം ഇതു സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കുമെന്നു ജനറൽ മാനേജർ സാജു ജെയിംസ് അറിയിച്ചു. ആർ.ബി.ഐ. വ്യവസ്ഥ പ്രകാരം പേരു മാറ്റുന്നതാണ് സ്ഥാപനത്തിനും ജീവനക്കാർക്കും ഗുണ മെന്ന തിനാലാണു മാറ്റം. പേരിലേ മാറ്റമുള്ളൂ. ഇടപാടുകാർക്കുള്ള സേവനങ്ങളിൽ ഒരു മാറ്റവുമില്ല.അവയെല്ലാം നിലവിലുള്ള തു പോലെ തുടരും -ജനറൽ മാനേജർ വ്യക്തമാക്കി.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കും കാർഷിക വികസന വായ്പാ സഹകരണ സംഘങ്ങൾക്കും ബാങ്കിങ് റെഗുലേഷൻ ആക്ടിലെ മൂന്നാം വകുപ്പു പ്രകാരമുള്ള ഇളവുകൾ ലഭിക്കണമെങ്കിൽ പേരിൽ ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്നീ വാക്കുകൾ പാടില്ലെന്ന ആർ.ബി.ഐ. വ്യവസ്ഥയാണു നിയമാവലി ഭേദഗതിക്കു പ്രേരകം.രാജ്യത്തെ നിയമം പാലിക്കുന്നതിന്റെ ഭാഗമായി സംഘം സ്വീകരിച്ച നടപടികൾ യാതൊരു വിധത്തിലും സംഘത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നു കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘം വ്യക്തമാക്കി.