എസ്.സി.-എസ്.ടി. സംഘങ്ങള്‍ ക്ഷയിക്കുന്നു; വനമേഖലയില്‍ സ്വകാര്യ കമ്പനികളുടെ ഏജന്റുമാര്‍

moonamvazhi

കോവിഡ് വ്യാപനത്തിന് ശേഷം സംസ്ഥാനത്തെ പട്ടികജാതി-പട്ടിക വര്‍ഗ സഹകരണ സംഘങ്ങള്‍ സമാനതകളില്ലാത്ത തകര്‍ച്ചയെ നേരിടുന്നു. വന ഉല്‍പന്നങ്ങളുടെ ശേഖരണത്തിലും വിപണനത്തിലും ഇത്തരം സഹകരണ സംഘങ്ങള്‍ വലിയ നേട്ടമാണുണ്ടാക്കിയിരുന്നത്. സംഘങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചതോടെ വനവിഭാഗങ്ങള്‍ ശേഖരിക്കുന്ന സ്വകാര്യ കമ്പനികള്‍ ഈ മേഖലയില്‍ ഏജന്റുമാരെ നിശ്ചയിച്ചിരിക്കുകയാണ്. ഇതോടെ സഹകരണ സംഘത്തെ ആശ്രയിച്ചിരുന്ന ആദിവാസി വിഭാഗങ്ങളടക്കമുള്ളവര്‍ സ്വകാര്യ കമ്പനി ഏജന്റുമാരുടെ നിയന്ത്രണത്തിലായി.

കേരളത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് ഇപ്പോള്‍ വനമേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. വിവിധ ആദിവാസി കേന്ദ്രങ്ങളില്‍ തേന്‍, കുന്തിരിക്കം, പൊന്നമ്പു, ഇഞ്ച, വഴണപ്പൂ, പാച്ചേറ്റി തുടങ്ങി വനവിഭവങ്ങളെല്ലാം ശേഖരിക്കുന്നതിന് കമ്പനി ഏജന്റുമാര്‍ക്ക് സ്ഥിരം സംവിധാനം രൂപപ്പെട്ടുകഴിഞ്ഞു. പത്തനംതിട്ട ജില്ലയിലാണ് ഇത് പ്രകടമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സൊസൈറ്റികളുടെ പ്രവര്‍ത്തനം സജീവമല്ലാതായതോടെ സാമ്പത്തികമായി ബുദ്ധിമുട്ടന്ന ആദിവാസികള്‍ക്ക് വിഭവങ്ങള്‍ ഇടനിലക്കാര്‍ക്ക് നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.

ആദിവാസി സഹകരണസംഘങ്ങള്‍ ശേഖരിച്ച ലക്ഷക്കണക്കിന് രൂപയുടെ വനവിഭവങ്ങള്‍ കെട്ടിക്കിടക്കുന്നതും പ്രതിസന്ധി വര്‍ധിപ്പിച്ചു. സൊസൈറ്റികള്‍ മുഖേനയുള്ള വനവിഭവങ്ങളുടെ സംഭരണം സജീവമാകാതെ വന്നതോടെ ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങളത്രയും ഇടനിലക്കാര്‍ തുച്ഛവില നല്‍കി കടത്തികൊണ്ടുപോകുകയാണ്. നേരത്തേ ആദിവാസി സഹകരണ സംഘങ്ങളെ നോക്കുകുത്തികളാക്കി ഇടനിലക്കാര്‍ ഈ മേഖലയില്‍ ആധിപത്യമുറപ്പിക്കുന്നതായി പരാതി ഉണ്ടായിരുന്നു. ആ ശ്രമമാണ് ഇപ്പോള്‍ വിജയത്തിലെത്തി നില്‍ക്കുന്നത്.

വന വിഭവങ്ങള്‍ ശേഖരിക്കാന്‍ ഇവര്‍ക്ക് യഥാസമയം വനംവുകപ്പ് അനുമതി നല്‍കുന്നില്ലെന്ന് ഏറെനാളായി വിവിധ സൊസൈറ്റികള്‍ പരാതി ഉയര്‍ത്തുന്നുണ്ട്. ഇതുകാരണം പലപ്പോഴും അനുമതി ലഭിച്ചുവരുമ്പോഴേക്കും വിഭവങ്ങള്‍ക്ക് കേട് സംഭവിക്കുന്നതായും ആദിവാസികള്‍ പറയുന്നു. തേന്‍ ഉള്‍പ്പെടെയുള്ള പല സാധനങ്ങളും ഇത്തരത്തില്‍ നഷ്ടപ്പെട്ടതായി പറയുന്നു. സംസ്ഥാന എസ്.സി.- എസ്.ടി. ഫെഡറേഷനാണ് ആദിവാസികളില്‍നിന്ന് വനവിഭവങ്ങള്‍ ശേഖരിക്കുന്നതും വില്‍പ്പന നടത്തുന്നതും. പത്തനംതിട്ട ജില്ലയില്‍ നൂറുകണക്കിന് ആദിവാസികള്‍ ഇപ്പോഴും വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ഉപജീവനം നടത്തുന്നവരാണ്.

 

എസ്.സി-എസ്.ടി. സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒട്ടേറെ സഹായങ്ങള്‍ നല്‍കുന്നുണ്ട്. മൂലധനസഹായമായും കെട്ടിട പുനരുദ്ധാരണത്തിനായും അഞ്ചുലക്ഷം വീതം സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. പുതിയ സഹകരണ സംഘങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ഒരു സംഘത്തിന് പ്രതിമാസം 10,000 രൂപനിരക്കില്‍ നല്‍കും. ഇതിനുള്ളില്‍ സംഘം ലാഭത്തിലായാല്‍ 15,000 രൂപവീതം തുടര്‍ന്നുള്ള മൂന്നുവര്‍ഷം മാനേജീരിയല്‍ സബ്‌സിഡി ലഭിക്കും. കൂടാതെ സംഘങ്ങളെ ശരിയായ രീതിയില്‍ പ്രവര്‍ത്തിപ്പിച്ച് അവയെ ലാഭകരമാക്കി തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് പരമാവധി 50 ലക്ഷം രൂപ അനുവദിക്കുന്നുണ്ട്. ഇതില്‍ 20ലക്ഷം ഓഹരിയും 30ലക്ഷം സബ്‌സിഡിയുമാണ്. ഇതിനുപുറമെ റിവോള്‍വിങ് ഫണ്ട് ഇനത്തിലും സംഘങ്ങള്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപവീതം അനുവദിക്കുന്നുണ്ട്. ഈ സഹായങ്ങള്‍ ഒക്കെ ലഭിക്കുമ്പോഴും, കോവിഡ് തീര്‍ത്ത ആഘാതത്തില്‍നിന്ന് ഉയര്‍ന്ന് എണീക്കാന്‍ കഴിയാതെ തകര്‍ച്ചയെ നേരിടുകയാണ് ഇത്തരം സംഘങ്ങള്‍. അത് മുതലെടുക്കുകയാണ് സ്വകാര്യ കമ്പനികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News