റബ്കോയ്കു പണം അനുവദിച്ചതിന് സഹകരണ വകുപ്പ് മന്ത്രിയുടെ വിശദീകരണം. തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്നും മന്ത്രി.

[mbzauthor]

റബ്കോയ്കു 238 കോടി രൂപ സർക്കാർ അനുവദിച്ചതിന് വിശദീകരണവുമായി സഹകരണ വകുപ്പ് മന്ത്രി. ഇടതുപക്ഷ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ ആണ് കേരള ബാങ്ക് രൂപീകരണത്തിന് വേണ്ടി പണം അനുവദിച്ചത് എന്നാണ് ഫേസ്ബുക്കിലൂടെ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരണം നൽകുന്നത്. നബാർഡിനു നൽകിയ ഉറപ്പ് പാലിക്കാൻ ആണ് പണം അനുവദിച്ചതെന്നും പറയുന്നു.

മന്ത്രിയുടെ വിശദീകരണത്തിന്റെ പൂർണ്ണരൂപം….

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ജില്ലാ സഹകരണ ബാങ്കുകളും സംസ്‌ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ചു കേരള സഹകരണ ബാങ്ക്(കേരള ബാങ്ക്) രൂപീകരിക്കും എന്നത്. മറ്റുള്ളവരെ പോലെ ഇടതുപക്ഷത്തിനു തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജനങ്ങളെ പറ്റിക്കാനുള്ളതല്ല, പ്രാവര്‍ത്തികമാക്കുന്നതിനുള്ളതാണ്. അതുകൊണ്ടാണ് ഓരോ വര്‍ഷവും പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി എത്രമാത്രം വാഗ്ദാനങ്ങള്‍ പാലിച്ചു എന്ന് പൊതുജന സമക്ഷം വിവരങ്ങള്‍ അറിയിക്കുന്നത്.

കേരള ബാങ്ക് രൂപീകരണത്തിന് തത്വത്തിലുള്ള അനുമതി തേടിക്കൊണ്ട് 2017-ല്‍ സംസ്ഥാന സര്‍ക്കാര്‍ നബാര്‍ഡിനും റിസര്‍വ്ബാങ്കിനും അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ പരിശോധിച്ച നബാര്‍ഡിന്റെ ഒരു ചോദ്യം സംസ്ഥാന സഹകരണ ബാങ്കിലും ജില്ലാ സഹകരണ ബാങ്കിലുമുള്ള സഹകരണ അപെക്സ് ഫെഡറേഷനുകളുടെ കാലങ്ങളായി തുടരുന്ന നിഷ്ക്രിയ ആസ്തിയില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കും എന്നായിരുന്നു. ഈ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയപ്പോള്‍ സഹകരണ അപെക്സ് ഫെഡറേഷനുകളുടെ നിഷ്ക്രിയ വായ്പ സംസ്ഥാന സര്‍ക്കാര്‍ ഒറ്റത്തവണയായി തീര്‍പ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും എന്ന ഉറപ്പ് നല്‍കി. ഈ പശ്ചാത്തലത്തില്‍ വിവിധ തലങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തുകയും ബഹു. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ സഹകരണ സ്ഥാപനങ്ങളായ റബ്കോ, റബ്ബര്‍മാര്‍ക്ക്, മാര്‍ക്കറ്റ് ഫെഡ് തുടങ്ങീ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സഹകരണ ബാങ്കിലുള്ള വായ്പ കുടിശ്ശിക (ജില്ലാ ബാങ്കുകള്‍ ചേര്‍ന്നുള്ള റബ്കോ കണ്‍സോര്‍ഷ്യം വായ്പ ഉള്‍പ്പടെ) ഒറ്റത്തവണയായി സര്‍ക്കാര്‍ തീര്‍പ്പാക്കുന്നതിന് താഴെ പറയുന്ന വ്യവസ്ഥകളോടെ തീരുമാനിച്ചു.

1. വായ്പാ മുതല്‍ സംഖ്യയും മൊത്തം പലിശ കുടിശ്ശികയുടെ 20 ശതമാനവും എന്ന നിലയില്‍ തീര്‍പ്പാക്കും.

സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വായ്പയായിരിക്കും നല്‍കുക. സെറ്റില്‍മെന്റ് തുക സര്‍ക്കാര്‍ നേരിട്ട് സംസ്ഥാന സഹകരണ ബാങ്കിന് കൈമാറും.

3. സര്‍ക്കാര്‍ സഹകരണ വകുപ്പ്-ധനവകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ സഹകരണ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി തിരിച്ചടവിന് കാലാവധി, ഗ‍ഡുക്കള്‍, പരിശ തുടങ്ങിയ കാര്യങ്ങളില്‍ സമവായം ഉണ്ടാവും.

4. സഹകരണ സ്ഥാപനങ്ങള്‍ ബാങ്കിന് പണമായി നല്‍കിയ വസ്തുവകകളെല്ലാം സര്‍ക്കാരിലേക്ക് പണയം നല്‍കേണ്ടതാണ്.

5. വ്യവസ്ഥകള്‍ സംബന്ധിച്ച് MOU തയ്യാറാക്കി സ്ഥാപനങ്ങള്‍ സഹകരണ സംഘം രജിസ്ട്രാര്‍, സര്‍ക്കാര്‍ എന്നിവര്‍ തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കേണ്ടതാണ്.

അതായത് വാര്‍ത്തയില്‍ പറയുന്നത് പോലെ സഹകരണ സ്ഥാപനങ്ങളുടെ വായ്പ ആരും തന്നെ എഴുതി തള്ളിയിട്ടില്ല. മറിച്ച് കേരള ബാങ്ക് രൂപീകരണത്തിന് വേണ്ടി ഈ വായ്പ സഹകരണ ബാങ്കില്‍ സര്‍ക്കാര്‍ സെറ്റില്‍ ചെയ്യുകയും അത്രയും തുക പ്രസ്തുത സഹകരണ സ്ഥാപനങ്ങളുടെ സര്‍ക്കാര്‍ വായ്പയായി മാറ്റുകയുമാണ് ഉണ്ടായത്. ഇനി റബ്കോ ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങള്‍ വായ്പ അടക്കേണ്ടത് സംസ്ഥാന സര്‍ക്കാരിലേക്കാണ്. വായ്പയെടുക്കുന്നതിനായി സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയ വസ്തുവകകള്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു കീഴില്‍ പണയത്തിലാണ്. ഇതോടെ ഈ സ്ഥാപനങ്ങള്‍ വായ്പ തിരിച്ചടക്കാന്‍ കൂടുതല്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഈ നടപടികളുടെ തുടര്‍ച്ച മാത്രമാണ് കഴിഞ്ഞ ദിവസത്തെ കാബിനറ്റ് അംഗീകാരം. ഈ നടപടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. കേരളത്തിന്റെ അതിജീവനത്തെ തടയാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായാണ് ദീര്‍ഘകാലമായി നടന്നുകൊണ്ടിരിക്കുന്ന തീര്‍ത്തും സുതാര്യവും തെല്ലും ആശങ്കക്കിടയില്ലാത്തുതമായ ഈ നടപടിയെ ഇപ്പോള്‍ വിവാദമാക്കിയിരിക്കുന്നത്.

നീണ്ട നാളത്തെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം റബ്കോ ഉള്‍പ്പെടുന്ന സഹകരണ സ്ഥാപനങ്ങളുടെ വായ്പ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നത് 31.12.2018ലാണ്. (ചിത്രം1)

ഇത് സംബന്ധിച്ച എന്റെ ഓഫീസില്‍ നിന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്താക്കുറിപ്പ്‌ അയക്കുന്നത് 01.01.2019നും. (ചിത്രം 2)

ഇത് സംബന്ധിച്ച് പ്രതിപക്ഷ അംഗം ശ്രീ പാറക്കല്‍ അബ്ദുള്ളയുടെ ചോദ്യത്തിന് ഞാന്‍ നിയമസഭയില്‍ മറുപടി പറയുന്നത് 29.01.2019ലാണ്. (ചിത്രം 3)

ഇതേ വിഷയത്തില്‍ ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നത് 31.01.2019ലും. (https://bit.ly/2HahvtY)

ഇതെല്ലാം കഴിഞ്ഞു നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി കേരള ബാങ്കിന്റെ അന്തിമ അനുമതിക്കായുള്ള അപേക്ഷയും നബാര്‍ഡിനും റിസര്‍വ് ബാങ്കിനും നല്‍കി കഴിഞ്ഞു. ഒരു ഇലക്ഷന്‍ കാലവും കടന്നു പോയി. അന്നൊന്നും ഇല്ലാത്ത മുറുമുറുപ്പ് ഇന്നുണ്ടാവുന്നത് കേരള ബാങ്ക് രൂപീകരണം തടസപ്പെടുത്താന്‍ ശ്രമിച്ച് പരാജയമടഞ്ഞ ഗൂഡ കേന്ദ്രങ്ങള്‍ തന്നെയാണ് ഈ വാര്‍ത്തക്കും പിന്നിലുള്ളത്. കേരള ബാങ്ക് രൂപീകരണത്തിന് സഹായകമായി സര്‍ക്കാര്‍ എടുത്ത ഈ തീരുമാനം വഴി സംസ്ഥാന സഹകരണ ബാങ്കിന്റെ സഞ്ചിതനഷ്ടം പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനും, നിര്‍ദ്ദിഷ്ട കേരള ബാങ്കിന്റെ മൂലധന പര്യാപ്തത, നിഷ്ക്രിയ ആസ്തി മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നതിനും കഴിയും. മാത്രമല്ല റബര്‍ മാര്‍ക്ക്, മാര്‍ക്കറ്റ്ഫെഡ്, റബ്കോ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഒറ്റതവണ തീര്‍പ്പാക്കല്‍ ആനുകൂല്യം പ്രയോജനപ്പെടുത്തി പുനരുദ്ധാരണ പദ്ധതികള്‍ തയാറാക്കുന്നതിനും സാധിക്കും.

ഇത്രയും വിശദമായ രീതിയിലാണ് ഇത് സംബന്ധിച്ച് മന്ത്രി വിശദീകരണം നൽകിയിരിക്കുന്നത്.

[mbzshare]

Leave a Reply

Your email address will not be published.