പ്രയാര്‍- കേരളത്തിലെ ധവളവിപ്ലവത്തിന്റെ പേര്

[mbzauthor]

അടിമുടി രാഷ്ട്രീയക്കാരനായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനെ
കേരളം എന്നും ഓര്‍ക്കുക മില്‍മയുമായി ചേര്‍ത്തുവെച്ചാണ്.
അമുല്‍ മാതൃകയില്‍ മില്‍മയ്ക്കു രൂപം കൊടുത്ത അദ്ദേഹം
ഒന്നര പതിറ്റാണ്ട് അതിനു നേതൃത്വവും നല്‍കി.

 

ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവെന്ന വിളിപ്പേര് മലയാളിയായ ഡോ. വര്‍ഗീസ് കുര്യനാണ്. ഗുജറാത്തിലെ ആനന്ദിലെ ക്ഷീരകര്‍ഷകര്‍ നേരിടുന്ന കൊടിയ ചൂഷണത്തിന്റെയും അതുമൂലമുള്ള ദുരിതത്തിന്റെയും കഥയ്ക്കു പ്രതികഥ തയാറാക്കി നടപ്പാക്കിയെടുത്തതിന്റെ നന്ദിയാണ് ആ വിളിപ്പേരിലുള്ളത്. സഹകരണ മേഖലയില്‍ അമൂല്‍ എന്ന സ്ഥാപനം തുടങ്ങുകയും ഇടനിലക്കാരുടെ ചൂഷണമില്ലാതെ ക്ഷീരകര്‍ഷകരില്‍നിന്നു നേരിട്ട് പാല്‍ വാങ്ങുകയുമാണു കുര്യന്റെ നേതൃത്വത്തില്‍ ചെയ്തത്. അതു രാജ്യത്തിന് ഒരു പുതിയ മാതൃകയാണു തീര്‍ത്തത്. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്ന ലക്ഷ്യവുമായി ഇന്ത്യയ്ക്കു മുന്നോട്ടുപോകാനുള്ള മാതൃക. അങ്ങനെ ഡോ. വര്‍ഗീസ് കുര്യന്‍ ഇന്ത്യന്‍ ധവളവിപ്ലവത്തിന്റെ പിതാവായി. കുര്യന്‍ മലയാളിയാണെങ്കിലും മലയാളമണ്ണില്‍ ആനന്ദിന്റെ മാതൃക തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ആ ദൗത്യമാണു പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്ന സാത്വികനായ കോണ്‍ഗ്രസ് നേതാവ് ഏറ്റെടുത്തത്. അദ്ദേഹം മില്‍മയ്ക്കു രൂപം നല്‍കി. കേരളത്തിലെ ഓരോ വീട്ടിലും കണികണ്ടുണരുന്ന നന്മയായി മില്‍മ പാലിനെ അദ്ദേഹം മാറ്റിയെടുത്തു. ഏഴു പതിറ്റാണ്ടിലധികം ഈ മണ്ണില്‍ ജീവിച്ച പ്രയാറിന് അദ്ദേഹംതന്നെ സ്ഥാപിച്ച നിത്യസ്മാരകമാണു മില്‍മ.

2022 ജൂണ്‍ നാലിന് അന്തരിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ അടിമുടി രാഷ്ട്രീയക്കാരനായിരുന്നു. എന്നാല്‍, രാഷ്ട്രീയക്കളിയില്‍ കുതിച്ചുമുന്നേറാനുള്ള കൂര്‍മത അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതിനാല്‍, പ്രവര്‍ത്തന പാരമ്പര്യം കണക്കിലെടുത്ത് എത്തിപ്പെടേണ്ട സ്ഥാനങ്ങളിലൊന്നും പ്രയാര്‍ എത്തിയിരുന്നില്ല. ക്ഷീരകര്‍ഷകന്റെ മകനായി ജനിച്ച്, പഠനകാലത്തു പാലുവില്‍പ്പന എന്ന തൊഴില്‍കൂടി ചെയ്തു വളര്‍ന്ന പയ്യന്‍ സൗമ്യമുഖമുള്ള രാഷ്ട്രീയക്കാരനായി മാറിയതു ജീവിതത്തില്‍ പിടിച്ചെടുക്കാന്‍ ഒന്നുമില്ലെന്ന ബോധ്യവും നിലപാടുമുള്ളതുകൊണ്ടാണ്. ആരോടും എന്തു കാര്യവും തുറന്നടിച്ചു പറയാന്‍ മടിയില്ലാത്ത ഒരാള്‍. ആരും പറയുന്നതു കേള്‍ക്കാന്‍ ചെവികൊടുക്കുന്നയാള്‍. തന്റെ തീരുമാനം ശരിയെന്നുറപ്പിച്ച് നടപ്പാക്കുകയായിരുന്നില്ല പ്രയാറിന്റെ ശീലം. ശരിയായ തീരുമാനത്തിലെത്താന്‍ എല്ലാവര്‍ക്കും അഭിപ്രായത്തിന് ഇടം നല്‍കുകയെന്നതായിരുന്നു. അതേസമയം, ഒരു തീരുമാനം എടുത്താല്‍ അതു നടപ്പാക്കാനുള്ളതാണെന്ന ശാഠ്യം എപ്പോഴും അദ്ദേഹം പുലര്‍ത്തിയിരുന്നു.

രാഷ്ട്രീയ
ജീവിതം

വിദ്യാര്‍ഥികാലത്തുതന്നെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് കെ.എസ്.യു.വിന്റെ ഭാഗമായാണു പ്രയാറിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്. നങ്ങ്യാര്‍കുളങ്ങര കോളേജിലെ യൂണിയന്‍ ചെയര്‍മാനായിരുന്നു. പിന്നീട് കെ.എസ്.യു.വിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും കൊല്ലം ജില്ലാ പ്രസിഡന്റായി. കോണ്‍ഗ്രസ്സില്‍ എന്നും എ.കെ. ആന്റണിക്കൊപ്പം നിലയുറപ്പിച്ച അദ്ദേഹം ഗ്രൂപ്പ് അതിപ്രസരത്തില്‍ പലപ്പോഴും തഴയപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ അടക്കമുള്ള പല മണ്ഡലങ്ങളിലും അദ്ദേഹത്തിന്റെ പേര് പരിഗണനയില്‍വന്നെങ്കിലും 2001 ലാണ് അദ്ദേഹം ആദ്യമായി മത്സരിക്കുന്നത്. ചടയമംഗലത്തു സി.പി.ഐ.യുടെ സിറ്റിങ് സീറ്റില്‍നിന്നു നിയമസഭയിലെത്തി. അടിമുടി ചുവന്ന മണ്ഡലം ആദ്യമായി മറുപക്ഷത്തേക്കു ചാഞ്ഞത് പ്രയാര്‍ മത്സരിച്ചപ്പോഴാണ്. 2006 ല്‍ പക്ഷേ, അദ്ദേഹം പരാജയപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്തു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നു പ്രയാര്‍. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനോളം തലയെടുപ്പോടെ, ഒരുപരിധിവരെ അതിനേക്കാള്‍, കാര്യശേഷി പ്രകടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനായിരുന്നു പ്രയാറെന്നു കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പറയാറുണ്ട്. അന്നു ജില്ലാ ആസ്ഥാനത്തു താമസിച്ചാണു പ്രയാര്‍ പ്രവര്‍ത്തിച്ചത്. പിന്നീട് ഡി.സി.സി. സെക്രട്ടറിയായി. ഈ ഘട്ടത്തിലാണു സഹകരണ മേഖലയിലേക്കുള്ള മാറ്റത്തിന്റെ തുടക്കം. അദ്യത്തേതു പാളിപ്പോയ ദൗത്യമാണെന്നു പറയുന്നതാകും ശരി. അന്നു ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കു പ്രയാറിന്റെ പേര് ഉയര്‍ന്നു. പക്ഷേ, ഐ വിഭാഗം ഇതിന് എതിരായിരുന്നു. അങ്ങനെ പ്രയാര്‍ പിന്തള്ളപ്പെട്ടു. പിന്നീട് 1992 ല്‍ സംഘടനാതിരഞ്ഞെടുപ്പ് വന്നപ്പോഴും ഗ്രൂപ്പ് മത്സരത്തില്‍ പ്രയാറിനുതന്നെയായിരുന്നു തോല്‍വി. എ-ഐ ഗ്രൂപ്പുകള്‍ അന്നു നേര്‍ക്കുനേര്‍ മത്സരിച്ചു. ആന്റണി ഗ്രൂപ്പിന്റെ ഡി.സി.സി. പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു പ്രയാര്‍. ഐ ഗ്രൂപ്പ് പ്രതിനിധി കെ.സി. രാജനും. വിജയം രാജനൊപ്പമായിരുന്നു. ഇതിനു ശേഷമാണു ക്ഷീരമേഖലയില്‍ ഒരു സഹകരണ പ്രസ്ഥാനം തന്നെ പടുത്തുയര്‍ത്താനുള്ള ഉദ്യമത്തിലേക്കു പ്രയാര്‍ കടന്നത്.

1984 മുതല്‍ 2001 വരെ മില്‍മയുടെ ചെയര്‍മാനായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ച അദ്ദേഹത്തെ ആര്‍. ബാലകൃഷ്ണപിള്ള സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നു മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷനായി നിയമിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചതിനെത്തുടര്‍ന്നാണു കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം പ്രയാര്‍ ഒഴിഞ്ഞത്. ചട്ടമ്പി സ്വാമികളുടെ ജന്മദിനമായ ആഗസ്റ്റ് 25 സംസ്ഥാന ജീവകാരുണ്യദിനമായി പ്രഖ്യാപിച്ചതിനു പിന്നിലും പ്രയാര്‍ ഗോപാലകൃഷ്ണന്റെ പരിശ്രമമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുമ്പോള്‍ പ്രയാര്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണു 2016 ല്‍ ജീവകാരുണ്യദിന പ്രഖ്യാപനമുണ്ടായത്. പന്മന ആശ്രമത്തില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന അദ്ദേഹം വര്‍ഷങ്ങളോളം ആശ്രമത്തിലെ ചട്ടമ്പിസ്വാമി ജയന്തി, സമാധിദിനങ്ങളില്‍ വിശിഷ്ടാതിഥിയുമായിരുന്നു. ചെറുപ്പംമുതല്‍ത്തന്നെ ചട്ടമ്പി സ്വാമിയുടെ ആശയങ്ങളും ആദര്‍ശങ്ങളും തന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു പ്രയാര്‍ പറയുമായിരുന്നു. സ്വാമികളുടെ രചനകളെല്ലാം അദ്ദേഹം വായിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. ജീവകാരുണ്യദിന പ്രഖ്യാപനത്തെത്തുടര്‍ന്നു 2017 ലെ ചട്ടമ്പി സ്വാമി സമാധിസമ്മേളനത്തില്‍ പന്മന ആശ്രമം അദ്ദേഹത്തെ വിദ്യാധിരാജ സേവാപുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

പ്രയാറില്‍നിന്നു കടയ്ക്കല്‍ ചിതറയിലേക്കു പ്രയാര്‍ ഗോപാലകൃഷ്ണന്‍ താമസം മാറിയതു 1980 ലാണ്. അവിടുത്തെ വീടിനു പ്രയാര്‍ ഹൗസ് എന്നു പേരിട്ടു. 1980 ലായിരുന്നു വിവാഹം. പിന്നീട് ചിതറയും കടയ്ക്കലുമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. ആവശ്യങ്ങളും ആവലാതികളുമായി ആര്‍ക്കും ചെല്ലാവുന്ന ഇടമായി ചിതറ ജങ്ഷനടുത്തെ പ്രയാര്‍ ഹൗസ്. സാധാരണക്കാരനായി അദ്ദേഹം ആ വീടിനു മുന്നിലുണ്ടാകും. സാധുക്കളുടെ പ്രശ്നങ്ങള്‍ കേട്ടറിയാനും അവയ്ക്കു പരിഹാരം കാണാനും ശ്രമിച്ചിരുന്ന ജനനേതാവായിരുന്നു പ്രയാര്‍. കൃഷ്ണന്‍ നായരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1949 ല്‍ പ്രയാറിലാണു ജനനം. മുന്‍ അധ്യാപിക എസ്. സുധര്‍മയാണു ഭാര്യ. മക്കള്‍: ഡോ. റാണി കൃഷ്ണ (ബഹ്റൈന്‍), ഡോ. വേണി കൃഷ്ണ (മെഡിസിറ്റി, കൊല്ലം), ഡോ. വിഷ്ണു ജി. കൃഷ്ണന്‍ (ആസ്റ്റര്‍ മെഡിസിറ്റി, കണ്ണൂര്‍).

വിശ്വാസിയായ
പോരാളി

ഏറ്റെടുക്കുന്നതിനോടെല്ലാം 100 ശതമാനം കൂറ.് ഇതായിരുന്നു പ്രയാറിന്റെ രീതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കുമ്പോള്‍ ആ കൂറ് പ്രയാറിനെ ഒരു പോരാളിയാക്കി മാറ്റി. ശബരിമല യുവതീപ്രവേശന വിധിക്കെതിരേ സുപ്രീംകോടതിയില്‍ പോരാടി. അതേസമയം, ഈ വിഷയത്തില്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരെടുത്ത നിലപാടുകള്‍ക്കെതിരേ തെരുവിലും സമരത്തിനിറങ്ങി. സ്വന്തം പാര്‍ട്ടിപോലും വിധിയിലെ നിലപാടില്‍ ആദ്യം സംശയിച്ചുനിന്നപ്പോള്‍ പ്രയാറില്‍ ഭക്തിയും വിശ്വാസവുമാണു മുന്നില്‍നിന്നത്. രാഷ്ട്രീയ തീരുമാനത്തിനു കാക്കാതെ അദ്ദേഹം തന്റെ നിലപാട് പ്രഖ്യാപിച്ചു. അതിനുവേണ്ടി പോരാട്ടത്തിനുമിറങ്ങി. കോടതിനടപടികള്‍ തുടരുന്നതിനിടെ വിശ്വാസികള്‍ക്കൊപ്പം നാമപജപ യജ്ഞവുമായി തെരുവിലിറങ്ങി. യോഗങ്ങളില്‍ പ്രസംഗകനായെത്തി ആചാരസംരക്ഷണത്തിനു നിലകൊണ്ടു.

ശബരിമല തീര്‍ഥാടനക്കാലത്തു കറുപ്പ് വസ്ത്രം ധരിച്ച്, ഫോണിലെ റിങ്ബാക് ടോണായി അയ്യപ്പഗാനം കേള്‍പ്പിച്ച്, സസ്യാഹാരം മാത്രം കഴിച്ച്, എല്ലാത്തരത്തിലും ഭക്തനാവുകയാണു പ്രയാര്‍ ചെയ്തിരുന്നത്. ദേവസ്വം ബോര്‍ഡിന്റെ സ്ഥാപനങ്ങളില്‍ അയ്യപ്പന്റെ ചിത്രം വയ്ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. തീര്‍ഥാടനകാലത്തു സ്വാമിശരണം എന്നു സംബോധനചെയ്തു സംസാരിക്കണമെന്നും ജീവനക്കാരോട് പ്രയാര്‍ നിര്‍ദേശിച്ചു. ഇതെല്ലാം അദ്ദേഹത്തിന്റെ വിശ്വാസവഴികളായിരുന്നു. എന്നാല്‍, ശബരിമല ക്ഷേത്രത്തിന്റെ പേരിലെ ചെറിയൊരു മാറ്റത്തിനു പിന്തുണ കിട്ടിയില്ല. പ്രസിഡന്റായിരിക്കെ, ക്ലാസ് ഫോര്‍ ആനുകൂല്യം നല്‍കുന്നതുള്‍പ്പെടെ ജീവനക്കാര്‍ക്കനുകൂലമായി പല തീരുമാനങ്ങളുമെടുത്തു. എരുമേലിയില്‍നിന്നു കാനനപാതയിലൂടെ തീര്‍ഥാടകനെപ്പോലെ അദ്ദേഹം സന്നിധാനത്തേക്കു നടന്നു. കാനനപാതയില്‍ തീര്‍ഥാടകര്‍ക്കു നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ കണ്ടറിയാനായിരുന്നു പ്രസിഡന്റിന്റെ ഈ യാത്ര. തിരുവാഭരണപ്പാതയിലൂടെ സഞ്ചരിച്ച്, കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങി. സന്നിധാനത്തു തീര്‍ഥാടകര്‍ക്കായി ഏറ്റവും വലിയ അന്നദാനമണ്ഡപം നിര്‍മിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ശബരിമല അവലോകനയോഗത്തില്‍ പിണറായി വിജയനുമായി കൊമ്പുകോര്‍ക്കാനും പ്രയാര്‍ മടിച്ചില്ല. ആ തര്‍ക്കം പ്രയാറിന്റെ പ്രസിഡന്റ്പദവിയുടെ ദൈര്‍ഘ്യം കുറച്ചെന്നു പറയുന്നതില്‍ തെറ്റില്ല. അവലോകനയോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ച ചില നിര്‍ദേശങ്ങളെ അതേ വേദിയില്‍ എതിര്‍ക്കുകയായിരുന്നു പ്രയാര്‍. ഒരുതരത്തില്‍ തുറന്ന പോര്. ഇതിലുള്ള വിവാദം ദിവസങ്ങളോളം തുടര്‍ന്നു. അധികം വൈകാതെ ദേവസ്വംബോര്‍ഡിന്റെ കാലാവധി മൂന്നു വര്‍ഷത്തില്‍നിന്നു രണ്ടായി കുറച്ച് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. അങ്ങനെ പ്രയാര്‍ പ്രസിഡന്റല്ലാതായി.

പ്രയാറിന്റെ
സ്വന്തം മില്‍മ

പശുവളര്‍ത്തലും പാല്‍വില്‍പ്പനയുമായിരുന്നു പ്രയാറിന്റെ അച്ഛന്‍ ആര്‍.കൃഷ്ണന്‍ നായരുടെ പ്രധാന തൊഴില്‍. പഠനകാലത്തു രാവിലെ ചായക്കടയില്‍ പാല്‍ കൊടുക്കാന്‍ പോകുന്നതു പ്രയാറിന്റെ ശീലമായിരുന്നു. ഈ അനുഭവമാണു ക്ഷീരകര്‍ഷകന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള ആലോചന അദ്ദേഹത്തിന്റെ ഉള്ളിലുണ്ടാകാന്‍ കാരണം. കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ എന്ന സംഘടനയുണ്ടാക്കിയായിരുന്നു തുടക്കം. ലാഭം കൊണ്ട് വളരുന്ന സ്ഥാപനമല്ല, കര്‍ഷകന്റെ തണലാകുന്ന ആശ്രയകേന്ദ്രമാണു പ്രയാര്‍ ലക്ഷ്യമിട്ടത്. അങ്ങനെയാണ് ഉള്ളില്‍ ഊതിക്കാച്ചിയെടുത്ത ആശയങ്ങളുമായി ഗുജറാത്തിലെ ആനന്ദിലെത്തി ഡോ. വര്‍ഗീസ് കുര്യനെ കണ്ടത്. പാലിന്റെ വില്‍പ്പനയിലും സംഭരണത്തിലും അമുല്‍ മാതൃകയില്‍ കേരളത്തിലും സഹകരണ സംഘങ്ങള്‍ സൃഷ്ടിക്കാമെന്ന ആശയം മുന്നോട്ടുവെച്ചു. പ്രയാറിന്റെ രൂപരേഖയ്ക്കു കുര്യന്‍ നിറം നല്‍കി. ഇതിനായി ഗുജറാത്തിലെ ആനന്ദില്‍ പോയി പലവട്ടം വര്‍ഗീസ് കുര്യനുമായി ചര്‍ച്ച നടത്തി. അന്നു കൃഷിമന്ത്രിയായിരുന്ന കെ.ആര്‍. ഗൗരിയമ്മയുടെ പിന്തുണയും അദ്ദേഹത്തിനു ലഭിച്ചു. 1981 ലാണു ആനന്ദ് മാതൃകയില്‍ കേരളത്തിലും പ്രയാറിന്റെ നേതൃത്വത്തില്‍ ക്ഷീരകര്‍ഷക സംഘങ്ങള്‍ രൂപവത്കരിച്ചത്. സഹകരണ സംഘങ്ങള്‍വഴി പാല്‍ നേരിട്ട് സംഭരിച്ച് റീജണല്‍ യൂണിയനുകള്‍ വഴി വില്‍പ്പന നടത്തി സംസ്ഥാനതലത്തില്‍ അപ്പെക്സ് സമിതി ഭരണനിര്‍വഹണം നടത്തുന്ന രീതിയിലായിരുന്നു ഇതിന്റെ ഘടന. മില്‍മ എന്ന പേര് ഇതിനു നല്‍കിയതും പ്രയാറായിരുന്നു. സര്‍ക്കാരില്‍നിന്നു സാമ്പത്തിക സഹായമൊന്നും നേടാതെ കര്‍ഷകരുടെ ഉടമസ്ഥതയില്‍ 27 കോടി രൂപ നാഷണല്‍ ഡെയറി ഡെവലപ്മെന്റ് ബോര്‍ഡില്‍ നിന്നു വായ്പയെടുത്തായിരുന്നു തുടക്കം. തൃശ്ശൂര്‍ വരെയുള്ള എട്ട് തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണു 1983 ല്‍ മില്‍മയുടെ പ്രവര്‍ത്തനാരംഭം. 1985 ല്‍ പ്രയാര്‍ മില്‍മയുടെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാനായി. 1987 ല്‍ മലബാറിലേക്കും മില്‍മയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

ക്ഷീരകര്‍ഷകന്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ മുഴുവന്‍ ക്ഷീരസംഘങ്ങള്‍ വാങ്ങണം. കേരളത്തിലെ മുഴുവന്‍ വീടുകളിലും ആവശ്യത്തിനു നല്ല പാല്‍ ലഭിക്കണം. ഈ രണ്ടു ലക്ഷ്യമാണു മില്‍മയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നത്. പാല്‍ എന്നാല്‍ മില്‍മ മാത്രമാകുന്ന കാലമായിരുന്നു പ്രയാറിന്റെ സ്വപ്നം. ആ സ്വപ്‌നം യാഥാര്‍ഥ്യമായതു കണ്ട് പൂര്‍ണ തൃപ്തനായിട്ടാവണം അദ്ദേഹം ഈ ലോകത്തുനിന്നു മടങ്ങിയത്. പക്ഷേ, അതിലേക്ക് അദ്ദേഹം സഞ്ചരിച്ച ദൂരം ഏറെയുണ്ട്. ക്ഷീരകര്‍ഷകരെ ഈ പാതയിലെത്തിക്കാന്‍ അദ്ദേഹം കേരളം മുഴുവന്‍ സഞ്ചരിച്ചു. അതു മില്‍മ തുടങ്ങുന്നതിനു തൊട്ടുമുമ്പുള്ള ബോധവല്‍ക്കരണത്തിനാണ്. ഒപ്പം, ഓരോ മേഖലയിലുമുള്ള കര്‍ഷകന്റെ പ്രശ്‌നങ്ങളും ആവശ്യവും തിരിച്ചറിയാനും കൂടിയായിരുന്നു. ആ യാത്രയിലെ അനുഭവങ്ങളാണു മില്‍മയുടെ പ്രവര്‍ത്തനത്തിനു മാര്‍ഗരേഖയായി മാറിയത്. ഇന്നു മില്‍മയുടെ ഭാഗമായുള്ള 15 പ്ലാന്റുകളില്‍ 12 എണ്ണവും രണ്ട് കാലിത്തീറ്റ ഫാക്ടറികളും നിര്‍മിച്ചതു പ്രയാര്‍ ചെയര്‍മാനായിരുന്ന കാലത്താണ്.

ഒന്നര പതിറ്റാണ്ടോളം പ്രയാര്‍ മില്‍മയെ നയിച്ചു. ഇരുമുന്നണികള്‍ മാറിമാറി ഭരിച്ച കാലത്തും ക്ഷീരകര്‍ഷകരുടെ ആവശ്യങ്ങള്‍ക്കും മില്‍മയുടെ വികസനത്തിനും സര്‍ക്കാരുകളില്‍നിന്നു പ്രയാറിനു മികച്ച പിന്തുണ ലഭിച്ചിരുന്നു. പാല്‍മാത്രം വിറ്റിരുന്ന മില്‍മയില്‍നിന്നു വൈവിധ്യമുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചതും പ്രയാറിന്റെ ദീര്‍ഘവീക്ഷണത്തിനു തെളിവാണ്. ക്ഷീര കര്‍ഷകര്‍ക്കു നല്ല വിപണിയും പാലിനു മികച്ച വിലയും ലഭ്യമാക്കാന്‍ എന്നും അദ്ദേഹം മുന്നില്‍ത്തന്നെയുണ്ടായിരുന്നു. ഒരു രൂപയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ 85 പൈസയും ക്ഷീരകര്‍ഷകനു ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്ന രീതിയിലാണു മില്‍മയുടെ അടിസ്ഥാനഘടന അദ്ദേഹം വിഭാവനം ചെയ്തത്. ഇന്നു 2800 പേര്‍ക്കു നേരിട്ടും 35,000 പേര്‍ക്കു പരോക്ഷമായും മില്‍മയിലൂടെ തൊഴില്‍ ലഭിക്കുന്നു. ഒന്‍പതു ലക്ഷം ക്ഷീരകര്‍ഷകരാണു മില്‍മയുടെ കീഴില്‍ ഉപജീവനം നടത്തുന്നത്. സത്യസന്ധനായ രാഷ്ട്രീയക്കാരനും ഭരണാധികാരിയുമായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണനെന്ന് അദ്ദേഹത്തിനൊപ്പം മില്‍മയുടെ ഭാഗമായി പ്രവര്‍ത്തിച്ചവരെല്ലാം പറയാറുണ്ട്.

പാല്‍ ഉല്‍പ്പാദന-വിപണന രംഗത്തു വിപ്ലവകരമായ മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ നാടന്‍പശുക്കളെയും ഏറെ സ്നേഹിച്ചിരുന്നു. ഒരിക്കല്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഏറെക്കാലും വിശ്രമജീവിതത്തിലായിരുന്നു അദ്ദേഗം. ഈ സമയത്തു ഭാരതത്തിലെ പശുവര്‍ഗങ്ങളുടെ ചരിത്രവും സവിശേഷതകളും തേടി ഒരു ഗവേഷകനായി പ്രയാര്‍ മാറി. കേരളത്തിന്റെ തനതു പശു ഇനങ്ങളായ വെച്ചൂര്‍, കപില, കാസര്‍കോട് തുടങ്ങിയവയെയും മറ്റു നാടുകളിലെ കാങ്കയം, കാങ്കറേജ് എന്നിവയെയും വളര്‍ത്തുകയും ചെയ്തു. നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് രേഖകള്‍ പ്രകാരം ഇന്ത്യയില്‍ അമ്പതിലേറെ പരമ്പരാഗത പശുവര്‍ഗങ്ങളുണ്ടെന്നാണു കണക്ക്. ഇവയുടെ തിരിച്ചറിയല്‍ വിവരങ്ങളും വര്‍ഗസവിശേഷതകളും പ്രയാര്‍ ശേഖരിച്ചിരുന്നു. കര്‍മമേഖലയില്‍ ജീവിതം അര്‍പ്പിക്കുകയും ലക്ഷ്യം നിശ്ചയിച്ച് പരിശ്രമിക്കുകയും ചെയ്ത ധിഷണാശാലിയായ സഹകാരിയായിരുന്നു പ്രയാര്‍. പ്രയാര്‍ ഒരു നാടിന്റെ പേരാണ്. അതിനെ തന്റെ പേരിനൊപ്പം പ്രയാര്‍ ചേര്‍ത്തുവെച്ചു. പക്ഷേ, പ്രയാര്‍ എന്ന മനുഷ്യനൊപ്പം കേരളമാകെ ചേര്‍ന്നുനിന്നത് അദ്ദേഹത്തിന്റെ കര്‍മ മികവുകൊണ്ടാണ്. മില്‍മ ഒരു പാഠമാണ്. നല്ല സഹകാരികള്‍ക്കു നല്ല മാതൃക തീര്‍ക്കാനാകുമെന്ന പാഠം. നല്ല ദീര്‍ഘവീക്ഷണമുള്ള നേതാവിനു കാലത്തെ അതിജീവിക്കുന്ന സംഭാവന നല്‍കാനാകുമെന്ന പാഠം. പ്രയാര്‍ സഹകരണ പ്രസ്ഥാനത്തിലെ ഒരു പാഠപുസ്തകം തന്നെയാണ്.

[mbzshare]

Leave a Reply

Your email address will not be published.