സഹകരണ ലോകം കോവിഡിനെ നേരിട്ടതെങ്ങനെ ?

moonamvazhi

(2021 മാര്‍ച്ച് ലക്കം)

കോവിഡ് -19 മൂലമുണ്ടായ പ്രതിസന്ധി നേരിടുന്നതിലും നിവാരണ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിലും ലോകമെങ്ങും സഹകരണ പ്രസ്ഥാനം നല്ല ഇച്ഛാശക്തിയും മികവും പ്രകടിപ്പിച്ചു. ലോക സഹകരണ നിരീക്ഷണത്തിന്റെ ( World Co-operative Monitor ) ‘സഹകരണ സമ്പദ്‌വ്യവസ്ഥയിലൂടെ ഒരു പര്യവേക്ഷണം’ എന്ന 2020ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ( Exploring The Co-operative Economy – Report 2020 ) നിരവധി മേഖലകളെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്നതോടൊപ്പം കോവിഡ് – 19 സഹകരണ മേഖലയില്‍ സൃഷ്ടിച്ച പ്രതിസന്ധികളും അവയോടുള്ള വിവിധ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രതികരണങ്ങളും അവലോകനം ചെയ്യുന്നു. സഹകരണ മൂല്യങ്ങളും തത്വങ്ങളും ഭാവിയിലും കൂടുതല്‍ നീതിയുക്തമായ ബിസിനസ് മാതൃകയെന്ന നിലയില്‍ പ്രധാനമാണെന്നു ഇതു വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം. ( പരിഭാഷ : വി.എന്‍. പ്രസന്നന്‍ )

വൈയക്തിക തലത്തിലും മൊത്തത്തിലും കോവിഡ് മനുഷ്യരുടെ എല്ലാ കാര്യത്തിലും ആഗോളതലത്തില്‍ സാമൂഹിക , സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കി. മിക്ക രാജ്യങ്ങളിലും പ്രതിസന്ധിയുടെ യഥാര്‍ഥ പ്രത്യാഘാതം ഇനിയും കണക്കാക്കാനിരിക്കുന്നതേയുള്ളൂ. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും സമാശ്വാസ പദ്ധതികള്‍ നിര്‍ത്തുകയും ചെയ്തശേഷമേ ഇതിനു കഴിയൂ. ചെറുസ്ഥാപനങ്ങള്‍ മുതല്‍ വന്‍ ബഹുരാഷ്ട്ര ഗ്രൂപ്പുകള്‍ വരെയുള്ള എല്ലാത്തരം കമ്പനികളെയും ഇതു ബാധിച്ചിട്ടുണ്ടെന്നു കരുതാം. സ്വാഭാവികമായി സഹകരണ രംഗത്തെയും ഇതു ബാധിച്ചു. മുമ്പുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിയെ സഹകരണ ബിസിനസ് മാതൃക ചെറുത്തുനിന്നെങ്കിലും മഹാമാരി മൂലമുണ്ടായ പ്രതിസന്ധിക്കു മുന്‍അനുഭവവുമായി താരതമ്യമില്ലെന്നതു പ്രധാനമാണ്. സഹകരണ പ്രസ്ഥാനത്തിന്റെ അകക്കാമ്പിനെ സാമ്പത്തികമായും സാമൂഹികമായും ബാധിച്ചുകൊണ്ട് അതു സാമൂഹികവും വൈയക്തികവുമായ ശീലങ്ങളെ പാടേ തകരാറിലാക്കി. 2020 ലെ സഹകരണ യൂറോപ്പ് റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്ന ആദ്യകാര്യങ്ങളിലൊന്ന് വലിപ്പവും നിയമ നിര്‍മാണ പശ്ചാത്തലവും എന്തായിരുന്നാലും യൂറോപ്പിലെമ്പാടുമുള്ള സകല സഹകരണ പ്രസ്ഥാനങ്ങളെയും പ്രതിസന്ധി ബാധിച്ചുവെന്നാണ്. ബഹുഭൂരിപക്ഷത്തിനും വിറ്റുവരവ് സാധാരണയിലെക്കാള്‍ കുറഞ്ഞു. താത്കാലിക തൊഴിലില്ലായ്മാ സമാശ്വാസ പദ്ധതികള്‍ ഏര്‍പ്പെടുത്തേണ്ടിയും വന്നു. വിവിധ സഹകരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയുടെ അടിസ്ഥാനത്തില്‍ ആഘാതത്തിനു വ്യത്യാസമുണ്ട്. വിനോദസഞ്ചാര, ഗതാഗത, സാംസ്‌കാരിക മേഖലകളെയാണ് പ്രതിസന്ധി ഏറ്റവും ബാധിച്ചത്. വൈറസ് ആദ്യം ബാധിച്ച മേഖലകളിലൊന്നായ പെസിഫിക്കിലും സ്ഥിതി സമാനമാണ്. നിരവധി സഹകരണ സ്ഥാപനങ്ങള്‍ വായ്പക്കു മൊറട്ടോറിയം ആവശ്യപ്പെട്ടു. സേവനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പന ഇടിഞ്ഞു. പണമൊഴുക്കു തടസ്സപ്പെട്ടതിന്റെ പ്രശ്‌നങ്ങളും ഉണ്ടായി. ലോക്ഡൗണ്‍ മൂലമുണ്ടായ സഞ്ചാര നിയന്ത്രണങ്ങളും നിയന്ത്രണങ്ങള്‍ മൂലമുണ്ടായ വരുമാനനഷ്ടവും പല പ്രവര്‍ത്തനവും കാര്യമായി കുറയാനിടയാക്കി. സഹകരണ പ്രസ്ഥാനങ്ങള്‍ പ്രധാനമായും കാര്‍ഷികമേഖലയെ ആശ്രയിക്കുന്ന ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നതു ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാളില്ലാതായതും വില കുറഞ്ഞതും പ്രവര്‍ത്തനച്ചെലവു കൂടിയതും അംഗങ്ങള്‍ നഷ്ടപ്പെട്ടതും വലിയ വരുമാനനഷ്ടമുണ്ടാക്കി എന്നാണ്. കൊളംബിയയിലും അര്‍ജന്റീനയിലും അടുത്ത കാലത്തു നടത്തിയ അന്വേഷണങ്ങളും ഇത്തരത്തിലുള്ള സൂചനകളാണു നല്‍കുന്നത്.

അതേസമയം, ഒരു വെള്ളിരേഖയുണ്ട്. യൂറോപ്യന്‍ സഹകരണ സ്ഥാപനങ്ങളില്‍ ഒരു ന്യൂനപക്ഷം, പ്രത്യേകിച്ച് ആരോഗ്യ , ചില്ലറ വില്‍പ്പന മേഖലകളിലെ ഇടത്തരം സ്ഥാപനങ്ങള്‍, അവസരം മുതലാക്കി പ്രവര്‍ത്തനങ്ങള്‍ വഴിതിരിച്ചുവിടുകയും മുമ്പത്തെതിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയും ചെയ്യുന്നുണ്ട് എന്നതാണത്. ഇതു ഒരു അപവാദമാണെങ്കിലും യൂറോപ്പിനു പുറത്ത് ബ്രസീല്‍, യു.എസ്, അര്‍ജന്റീന, ഉഗാണ്ട, കൊളംബിയ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ചിലതരം സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വര്‍ധിച്ചതായി കാണാം.

സാഹചര്യത്തോടു പൊരുത്തപ്പെട്ടു

എങ്ങനെയാണു സഹകരണ സ്ഥാപനങ്ങള്‍ പ്രതിസന്ധിയെ നേരിട്ടത് ? സാമ്പത്തിക ഫലങ്ങള്‍ക്കപ്പുറം പ്രതിസന്ധി നേരിടാന്‍ സഹകരണ ബിസിനസ് സ്ഥാപനങ്ങള്‍ എന്താണു ചെയ്യുന്നത് ? അടുത്ത കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ കാട്ടിയ വഴക്കവും മെരുക്കവും ലോകമഹാമാരിക്കാലത്തും അവ കാട്ടുന്നുണ്ട്. ബിസിനസ് കൂടുതല്‍ സുസ്ഥിരമാക്കാനും സമൂഹത്തെ പൊതുവെ സഹായിക്കാനും നടപടികളെടുത്തുകൊണ്ട് എല്ലാ ഭൂഖണ്ഡങ്ങളിലെയും നിരവധി സഹകരണ സ്ഥാപനങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിനിടയിലും തങ്ങളുടെതായ സംഭാവനകള്‍ നല്‍കുകയും സാഹചര്യത്തോടു പൊരുത്തപ്പെടുകയും ചെയ്തു.


ലോകവ്യാപകമായുള്ള സഹകരണ സ്ഥാപനങ്ങളുടെ പ്രതികരണം സംബന്ധിച്ച ഒരു അന്താരാഷ്ട്ര തൊഴില്‍ സംഘടനാ റിപ്പോര്‍ട്ട് കാട്ടുന്നതു നിരവധി സ്ഥാപനങ്ങള്‍ മുന്‍കൂര്‍ ശുചിത്വ നടപടികളെടുക്കുകയും സംഭരണശാലകളുടെയും ഫാക്ടറികളുടെയും കവാടങ്ങളില്‍ താപനിയന്ത്രണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും തറയില്‍ അകലം പാലിക്കാനുള്ള അടയാളങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു എന്നാണ്. വിപണി പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും ന്യൂസിലാന്റിലുമുള്ള കമ്പനികള്‍ ടെലി പ്രവര്‍ത്തന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തു. ലോക്ഡൗണ്‍ കാലത്തു സൈറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്കു ഈ കമ്പനികള്‍ വേതനം കൂട്ടിക്കൊടുക്കുകയും ശിശുപരിചരണ സേവനങ്ങള്‍ നല്‍കുകയും വേതനത്തോടുകൂടിയ ഓഫ് സംബന്ധിച്ച് അനുകൂലമാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. വികസ്വര രാജ്യങ്ങളില്‍ കാര്‍ഷിക സഹകരണ സ്ഥാപനങ്ങള്‍ക്കു പ്രത്യേക പ്രാധാന്യമുണ്ട്. അതിനാല്‍ തമ്മില്‍ത്തമ്മില്‍ നേരിട്ടുള്ള വാങ്ങല്‍ ശൃംഖലകള്‍ സ്ഥാപിക്കാനും ഭക്ഷ്യ വിലക്കയറ്റ ഭീഷണി കുറയ്ക്കാനും വേണ്ടി ന്യായവ്യാപാര ഉല്‍പ്പാദക സംഘങ്ങളും ഉപഭോക്തൃ സംഘങ്ങളും വിതരണ ശൃംഖലകളിലെ സമയ ദൈര്‍ഘ്യം കുറച്ചു. പല സഹകരണ സ്ഥാപനങ്ങളും പൊതുജന താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. സര്‍വേകളും സന്ദേശങ്ങളും അപകട നിവാരണ ഉപദേശങ്ങളും സര്‍ക്കാര്‍ സഹായങ്ങള്‍ക്കുള്ള മേല്‍നോട്ടവും സമര്‍പ്പിതമായി പ്രവര്‍ത്തിക്കുന്ന ഹോട്ട്‌ലൈനുകളും വഴി ലോകമെങ്ങും നിരവധി സഹകരണ സ്ഥാപനങ്ങള്‍ കോവിഡ് – 19 സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്കു വിപുലമായ തോതില്‍ത്തന്നെ ലഭ്യമാക്കി. കൂടാതെ, കാര്‍ഷിക സഹകരണ സ്ഥാപനങ്ങളും ചില്ലറവില്‍പന സഹകരണ സ്ഥാപനങ്ങളും പ്രശ്‌നങ്ങള്‍ ബാധിക്കാനിടയുള്ള ജനങ്ങളെ സഹായിക്കുകയും ലോക്ഡൗണ്‍ കൂടുതല്‍ ബാധിച്ചവര്‍ക്കു അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. ബാങ്കുകളും ഉപയുക്തതാ സേവനങ്ങളും ( utility services ) ഭവന നിര്‍മാണ സേവനങ്ങളും പോലുള്ള ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങള്‍ ലേറ്റ് ഫീ ഇളവു ചെയ്യുകയും വാടകയീടാക്കുന്നതു നീട്ടിവയ്ക്കുകയും സ്‌കൂളുകള്‍ക്കു ബ്രോഡ്ബാന്റ് സേവനങ്ങള്‍ നല്‍കുകയും കുറഞ്ഞ പലിശയ്ക്കു വായ്പ കൊടുക്കുകയും ചെയ്യുന്നുണ്ട്.

സഹകരണ മേഖലക്കു സഹായം

ഇറ്റലിയില്‍ ഫിന്‍ടെക് കമ്പനികളുമായി ചേര്‍ന്നു ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു യൂറോപ്യന്‍ ഫണ്ടിങ് പദ്ധതികളുടെ സഹായമുണ്ട്. ഗ്യാരന്‍സിയ ഇറ്റാലിയ എന്ന പദ്ധതി ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ വായ്പ നല്‍കാന്‍ പര്യാപ്തമാക്കുന്നതു സഹകരണ സ്ഥാപനങ്ങളുടെ പണക്ഷമത എളുപ്പമാക്കുന്നുണ്ട്. ഇന്‍ഡോനേഷ്യയിലെ പ്രവിശ്യാ സര്‍ക്കാരുകള്‍ സഹകരണ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി വാങ്ങാനുള്ള പദ്ധതി നടപ്പാക്കുകയും കോവിഡ് – 19 ബാധിച്ച സഹകരണ സ്ഥാപനങ്ങള്‍ക്കു സബ്‌സിഡികള്‍ നല്‍കുകയും ചെയ്തു. മലേഷ്യയിലെ എല്ലാ സാമൂഹിക സംരംഭങ്ങള്‍ക്കും ആറു മാസത്തെ മൊറട്ടോറിയവും വായ്പാ പുന:സംഘടനയും നടപ്പാക്കി. ഫ്രാന്‍സും കാനഡയുമൊക്കെ വായ്പാ ലഭ്യത എളുപ്പമാക്കാന്‍ ഫണ്ടുകള്‍ ഏര്‍പ്പെടുത്തി. വേറേ പല രാജ്യങ്ങളും പ്രാദേശിക നികുതി, സുരക്ഷാ സംഭാവനാനികുതി, ആദായനികുതി, വാറ്റ് തുടങ്ങിയവ അടയ്ക്കാന്‍ സാവകാശം അനുവദിച്ചു. അമേരിക്കയില്‍ യു.എസ്.എഫ.്ഡബ്ലിയു.സി ( യു.എസ്. തൊഴിലാളി സഹകരണസംഘങ്ങളുടെ ഫെഡറേഷന്‍ – US Federation of Worker Cooperatives) കെയേഴ്‌സ് നിയമം (Cares Act) അനുസരിച്ചുള്ള ശമ്പള സംരക്ഷണം ആവശ്യപ്പെട്ടു.

പ്രതിസന്ധി നേരിടാനാവശ്യമായ സഹായം പരിഗണിക്കുമ്പോള്‍ വലിപ്പം പ്രധാനമാണ്. ചെറുസംരംഭങ്ങള്‍ക്കായിരിക്കും ഉടന്‍ പണക്ഷമത ആവശ്യം. ഇടത്തരവും വന്‍കിടയുമായവയ്ക്കു ബിസിനസ് ആസൂത്രണവും സംരക്ഷണ സംവിധാനവുമായിരിക്കും ആവശ്യം. ഇതനുസരിച്ചു നിലവിലെ സാഹചര്യം നേരിടാന്‍ എടുക്കേണ്ട നടപടികളും വ്യത്യാസപ്പെട്ടിരിക്കും. വലിപ്പത്തിന്റെ പ്രാധാന്യം പരിഗണിച്ച്, അന്താരാഷ്ട്ര സഹകരണ സംരംഭ ചിന്താകേന്ദ്രം ( International Cooperative Enterpreneurship Think Tank – ICETT ) വന്‍കിട സഹകരണ സ്ഥാപനങ്ങളുടെതായ പ്രത്യേക സഹകരണ വിഭാഗത്തില്‍ ഈ പ്രതിഭാസം എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നറിയാനായി അത്തരം സ്ഥാപനങ്ങള്‍ എങ്ങനെ മഹാമാരിയെ നേരിട്ടു എന്നു പഠിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി. ഇതിനായി അവര്‍ ഐ.സി.ഇ.ടി.ടി. അംഗങ്ങള്‍ക്കിടയില്‍ ഒരു സര്‍വേ നടത്തി. മഹാമാരിയോടു പൊരുത്തപ്പെടുന്നതിലും അതിനെ അതിജീവിക്കുന്നതിലും സഹകരണ മൂല്യങ്ങളും തത്വങ്ങളും വഹിക്കുന്ന പ്രമുഖ പങ്കിനെ അടിവരയിട്ടുകൊണ്ട് ഐ.സി.ഇ.ടി.ടി. അംഗങ്ങള്‍ അടിയന്തര നടപടികളുടെ ആവശ്യകത ഊന്നിപ്പറഞ്ഞു.

കോവിഡ് 19 പ്രതിസന്ധി എല്ലാ അംഗങ്ങളുടെയും ബിസിനസ് മാതൃക തകരാറിലാക്കി. ധാരാളം സ്ഥാപനങ്ങള്‍ക്കു പൊരുത്തപ്പെടാന്‍ സമൂഹ പിന്തുണയുടെ വിപുലമായ ശൃംഖല സൃഷ്ടിക്കേണ്ടിവന്നു. ഇതിനു ബാങ്കിങ് മേഖലയില്‍നിന്നുള്ള ഒരു ഉദാഹരണമാണു റാബോ ബാങ്ക്. നെതര്‍ലാന്റ്‌സില്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള പലിശയടവുകളും വായ്പാ തിരിച്ചടവുകളും നീട്ടിവച്ച ആദ്യത്തെ ബാങ്കാണിത്. സാംസ്‌കാരിക, കായിക സംഘടനകള്‍ക്കായി താങ്ങുനിധിയും ബാങ്ക് രൂപവത്കരിച്ചു. പ്രതിസന്ധി ഏറെ ബാധിക്കുന്നവരുടെ കടഭാരം കുറയ്ക്കാന്‍ ആന്ധ്രപ്രദേശിലെ ബുള്‍ദാന അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി പലിശ നിരക്കുകള്‍ കുറച്ചു. എസ് ഗ്രൂപ്പും ( S Group) മിഡ്കൗണ്ടീസ് സഹകരണ സംഘവും ( Midcounties Cooperative) പോലുള്ള ചില്ലറ വില്‍പന സഹകരണ സ്ഥാപനങ്ങള്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചും ഏറ്റവും രൂക്ഷമായി ബാധിക്കുന്ന അംഗങ്ങളെയും ഉപഭോക്താക്കളെയും സഹായിക്കാനുതകുന്ന വിധത്തിലും ബിസിനസ് മാതൃക മാറ്റി. ഇ-വ്യാപാരശാലകള്‍ വര്‍ധിപ്പിക്കുകയും ഭക്ഷ്യബാങ്ക് നിധികള്‍ ( food bank funds) ആരംഭിക്കുകയും ഉല്‍പ്പന്നലഭ്യത കൂട്ടാന്‍ ടേക്ക് എവേ സേവനങ്ങളും വീട്ടിലെത്തിക്കല്‍ സേവനങ്ങളും പോലുള്ള പുതിയ ആശയങ്ങള്‍ വികസിപ്പിക്കുകയും ചെയ്തു. ഗ്രൂപ്പിനു ഉടന്‍ ധനസഹായം നല്‍കാന്‍ മിഡ്കൗണ്ടീസ് 75,000 പൗണ്ടിന്റെ സമൂഹ പുനരാരംഭ നിധി ( Community Restart Fund ) രൂപവത്കരിച്ചു. ഒപ്പം, മുന്‍പറഞ്ഞ സേവനങ്ങള്‍ നല്‍കാന്‍ പ്രാദേശിക സന്നദ്ധ സംഘടനകളോടൊത്തു പ്രവര്‍ത്തിക്കുകകയും ചെയ്തു.

കൂട്ടംകൂടുന്നതു ഒഴിവാക്കാനും കാര്യക്ഷമത കൂട്ടാനും ‘എസ് ഗ്രൂപ്പ്’ ക്ലിപ്പ് ആന്റ് കളക്ട് സംവിധാനം നടപ്പാക്കി. കാര്‍ഷിക രംഗത്ത് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( IFFCO ) ബോധവത്കരണ പ്രചരണങ്ങള്‍ നടത്തുകയും ഇന്ത്യയിലെ നിരവധി മേഖലകളില്‍ സുരക്ഷാ ഉപകരണങ്ങളുടെ വിതരണത്തിനു ഏര്‍പ്പാടുണ്ടാക്കുകയും ചെയ്തു. തുറമുഖങ്ങളുടെയും സമുദ്ര സംബന്ധമായ സേവനങ്ങളുടെയും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ജന്റീനിയന്‍ സഹകരണ സ്ഥാപനമായ ഡി ട്രബജോസ് പോര്‍ച്ചുവാറിയോസ് ലിമിറ്റഡ് (de Trabajos Portuarious Limitade) റിസ്‌ക് എടുത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്നും അവര്‍ക്കു ഉയര്‍ന്ന വേതനം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു.

മഹാമാരിക്കാലത്തും അനന്തരവുമുള്ള വെല്ലുവിളികള്‍ നേരിടാന്‍ അംഗങ്ങളെ പ്രാപ്തരാക്കാന്‍ ‘സ്മാര്‍ട്ട് ബെല്‍ജിയം’ പോലുള്ള സഹകരണ സംരംഭങ്ങള്‍ പലിശരഹിത വായ്പാ സംവിധാനങ്ങളും പരിശീലന പദ്ധതികളും വികസിപ്പിച്ചു. ഇസ്രായേലിലെ കിബ്ബുട്‌സ് പ്രസ്ഥാനം (Kibbutz Movement) തൊഴില്‍രഹിതരായ അംഗങ്ങളെ സാമ്പത്തികസഹായം നല്‍കി സംരക്ഷിക്കുകയും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സാമൂഹികപിന്തുണ നല്‍കുകയും സാധനങ്ങള്‍ വിതരണം ചെയ്യുകയും വിനോദകേളികള്‍ക്കു സൗകര്യമേര്‍പ്പെടുത്തുകയും ചെയ്തു. വാക്‌സിന്‍ കണ്ടുപിടിച്ചശേഷവും സാമൂഹിക സാമ്പത്തികഘടനയെ പ്രതിസന്ധി ബാധിക്കുമെന്നു തിരിച്ചറിഞ്ഞ ഐ.സി.ഇ.ടി.ടി.യുടെ സഹകരണ സ്ഥാപനങ്ങള്‍ ഇത്തരം അടിയന്തര നടപടികള്‍ക്കു പുറമെ, ഇടക്കാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള സംരംഭങ്ങള്‍ ആസൂത്രണം ചെയ്തിട്ടുമുണ്ട്. ഇതില്‍നിന്നു പ്രചോദനമാര്‍ജിച്ച് മിഡ്കൗണ്ടീസ് സമൂഹ പുനരാരംഭ നിധി വഴി തങ്ങളുടെ വ്യാപാര ഗ്രൂപ്പുകളിലൂടനീളം പുനരുത്ഥാന-പ്രോജ്വല പദ്ധതികള്‍ ( revive and thrive plans) വികസിപ്പിച്ചു. സഹപ്രവര്‍ത്തകര്‍ക്കു സഹായകമാവുന്ന വിധത്തില്‍ മാറ്റം വരുത്താവുന്ന ഓഫീസ് സമയക്രമങ്ങളും വീട്ടിലിരുന്നു ജോലിചെയ്യല്‍ സംവിധാനങ്ങളും പോലുള്ള നടപടികളുടെ നിരതന്നെ ഇഫ്‌കോ നടപ്പാക്കി.

മൂല്യങ്ങളോടുള്ള ആത്മബന്ധം

സഹകരണ സ്വത്വത്തോടും മൂല്യങ്ങളോടുമുള്ള അഗാധമായ ആത്മബന്ധമാണ് ഈ നടപടികളുടെയെല്ലാം പ്രത്യേകത. പ്രതിസന്ധിഘട്ടത്തില്‍ സഹകരണ ശൃംഖലയുടെ പ്രാധാന്യം സ്‌പെയിനിലെ മോണ്‍ഡ്രഗോണ്‍ കോര്‍പ്പറേഷന്‍ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. ആരോഗ്യ, സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കാന്‍ പങ്കാളിത്ത പരിഹാരങ്ങള്‍ സാധ്യമാക്കുന്നുവെന്നതാണു ഇതിനു കാരണം. ഇന്‍ഷുറന്‍സ് സഹകരണ സംരംഭമായ സാന്‍കോര്‍ സെഗുറോസ് ഗ്രൂപ്പും ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ സഹകരണ തത്വങ്ങള്‍ക്കുള്ള ഗുണാത്മക സ്വാധീനം എടുത്തുകാട്ടി. മഹാമാരിക്കാലത്തു സമൂഹത്തിനു നല്‍കിയ സംഭാവനകളിലൂടെ നേടിയതാണ് ഈ വിശ്വാസം.


കോവിഡ് മഹാമാരി വന്‍ സഹകരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ജോലിചെയ്യല്‍ രീതികളുടെ വിപുലമായ നടപ്പാക്കല്‍, സാമൂഹിക അകലം പാലിക്കല്‍ , നേരിട്ടു ബന്ധപ്പെടാനാവാത്ത അവസ്ഥ എന്നിവ ബിസിനസ് മാതൃകയിലും നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമതയിലും പ്രത്യാഘാതങ്ങളുണ്ടാക്കി. ഉല്‍പ്പാദന – സേവന സംവിധാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ബന്ധപ്പെട്ടവരുടെയെല്ലാം സാമ്പത്തിക നിലയും ആരോഗ്യവും പരിരക്ഷിക്കുക എന്നതായിരുന്നു ഐ.സി.ഇ.ടി.ടി. അംഗങ്ങളില്‍ മിക്കവയും ഏറ്റവും വെല്ലുവിളി നേരിട്ട മുന്‍ഗണന. എങ്കിലും, പിന്തുടര്‍ന്ന നടപടികളും സ്വീകരിച്ച പ്രതികരണ രീതികളും സഹകരണ ബിസിനസ് മാതൃകയുടെ മഹാപ്രതിരോധശക്തി ഒരിക്കല്‍ക്കൂടി തെളിയിച്ചു. പ്രവചനാതീതവും പലപ്പോഴും അതിരൂക്ഷവുമായ സാഹചര്യങ്ങളോടു കാര്യക്ഷമമായും ഫലപ്രദമായും പൊരുത്തപ്പെടാന്‍ ഈ സംരംഭങ്ങളെ സഹായിച്ചതു സഹകരണ സ്വത്വത്തിന്റെ അകക്കാമ്പായ മൂല്യങ്ങളും തത്വങ്ങളുമാണ്. അതേസമയം, ബിസിനസ്സുകളെയും സമൂഹങ്ങളെയും പുനര്‍നിര്‍മിക്കവെതന്നെ സാമ്പത്തികമായ തിരിച്ചുവരവിനെ സഹായിക്കുക എന്ന ഏറ്റവും പ്രസക്തമായ കാര്യത്തില്‍ വ്യക്തമായി ശ്രദ്ധിക്കാനും അവയ്ക്കു കഴിഞ്ഞു.

സഹകരണ ശക്തി വീണ്ടും തെളിഞ്ഞു

മഹാമാരി എങ്ങനെ സഹകരണ സംരംഭങ്ങളെ ബാധിച്ചു എന്നു വിലയിരുത്താന്‍ നിലവില്‍ കോവിഡ് 19 പ്രതിസന്ധിക്കാലത്തുണ്ടായ ചില ഫലങ്ങളും സഹകരണ പ്രതികരണങ്ങളും സര്‍ക്കാര്‍ നടപടികളും എടുത്തുകാട്ടുകയായിരുന്നു ഈ ഹ്രസ്വമായ വിലയിരുത്തലിന്റെ ഉദ്ദേശ്യം. പ്രതിസന്ധി ആകെ ബാധിച്ചിട്ടും പ്രശ്‌നകാലങ്ങളില്‍ പ്രതിരോധിച്ചുനില്‍ക്കാനുള്ള സഹകരണ ബിസിനസ്സുകളുടെ ശക്തി ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടുവെന്നതാണു വിശകലനത്തിന്റെ പൊതുഫലം. സാമ്പത്തിക, സാമൂഹിക തലങ്ങളില്‍ ആഘാതമുണ്ടായെങ്കിലും ചികിത്സാ സാമഗ്രികളുടെ വിതരണത്തിനായി ഉല്‍പ്പാദന ശൃംഖലകളെ പാകപ്പെടുത്തുന്നതിലും പൊതുമേഖലയുമായി ഇടപെടുന്നതിലും പൊതുതാല്‍പ്പര്യത്തിന്റെയും സഹകരണത്തിന്റെയും കാമ്പുറ്റ മൂല്യങ്ങള്‍ ലോകമെങ്ങും ഉയര്‍ത്തിപ്പിടിക്കപ്പെട്ടു.

കിട്ടുന്ന പരിമിത വിവരം വച്ച് ആഗോള സ്ഥിതിവിശേഷത്തിനു ഒരു ‘ഒറ്റമൂലി’ വിവരണം ചമയ്ക്കാന്‍ പ്രയാസമാണ്; അതു ബുദ്ധിയുമല്ല. അതുകൊണ്ട് പ്രതിസന്ധിയുടെ ഈ രണ്ടാംവരവില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു എന്താണു ഏറ്റവും ആവശ്യം എന്നു സര്‍ക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും സര്‍വേകളും അന്വേഷണങ്ങളും നടത്തുന്നതു നന്നായിരിക്കും. മുഖ്യപ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞാല്‍ നയം രൂപവത്കരിക്കുന്നവര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ ഫലപ്രദമായ ബദല്‍ നടപടികള്‍ എടുക്കാനാവും. ചെറുകിടയും ഇടത്തരവുമായ സഹകരണ സ്ഥാപനങ്ങള്‍ക്കു പണലഭ്യത ഉണ്ടാക്കിക്കൊടുക്കുന്നതിനാവണം മുന്തിയ പരിഗണന നല്‍കേണ്ടത്. വന്‍സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ പിന്‍ബലം ആവശ്യമാണ്. ഇത്ര വ്യാപകവും ആഴത്തിലുള്ളതുമായ പ്രതിസന്ധിയുടെ അനന്തരഫലം നേരിടാനും തയാറെടുപ്പു വേണം. ഇതിനു സര്‍ക്കാരുകള്‍ കൂടുതല്‍ ദീര്‍ഘകാല നയങ്ങള്‍ ആവിഷ്‌കരിക്കണം. എല്ലാ ഭൂഖണ്ഡങ്ങളിലും സഹകരണമേഖല കാട്ടിയ പ്രതിരോധശേഷിയും തയാറെടുപ്പും പരിഗണിച്ചു നയരൂപവത്കരണം നടത്തുന്നവര്‍ കൂടുതല്‍ സാമൂഹികതയിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ, നീതിയുക്തമായ, സാമ്പത്തിക സംവിധാനത്തിനായി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം കാട്ടണം. മഹാമാരി സഹകരണ സ്ഥാപനങ്ങളില്‍ ഉളവാക്കിയ യഥാര്‍ഥഫലം കൂടുതല്‍ നന്നായി മനസ്സിലാക്കാനുതകുന്ന ഏകീകൃതവും വിശ്വസനീയവുമായ വിവരങ്ങള്‍ ഇനിയുള്ള ഗവേഷണത്തില്‍ ലഭ്യമാകും. തീര്‍ച്ചയായും വെല്ലുവിളികള്‍ നിറഞ്ഞ കാലമാണിത്. അതേസമയം, കൂടുതല്‍ സാമൂഹികമായ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും സഹകരണ ബിസിനസ് മാതൃകയുടെ മൂല്യവും തെൡിക്കാനുള്ള അവസരവും കൂടിയാണിത്.

 

ഫ്രീലാന്‍സ് കലാകാരന്മാര്‍ സ്മാര്‍ട്ടായപ്പോള്‍

ഒമ്പതു യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ സഹകരണ സ്ഥാപനം കോവിഡിനെ മറികടക്കാന്‍ ചെയ്ത കാര്യങ്ങള്‍ World Co-operative Monitor ഒരു കേസ് സ്റ്റഡിയായി അവതരിപ്പിക്കുന്നു.

1998 ല്‍ കലാകാരന്‍മാര്‍ക്കായി ബെല്‍ജിയത്തില്‍ സ്ഥാപിതമായ ‘ സ്മാര്‍ട്ട് ‘ ഇന്നു വിവിധ മേഖലകളില്‍ സജീവമായ ഫ്രീലാന്‍സര്‍മാരുടെ സഹകരണ സ്ഥാപനമാണ്. ഉദ്യോഗസ്ഥ മേധാവിത്വം സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ മറികടക്കാനും റിസ്‌ക്കുകളെ പാരസ്പര്യത്തോടെ സമീപിക്കാനും തൊഴിലാളികളെ സഹായിക്കുക എന്ന ആശയത്തില്‍ ഊന്നിയുള്ള ഈ സഹകരണ സ്ഥാപനം ഇന്നു ഒമ്പതു യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 35,000 അംഗങ്ങളുണ്ട്. തൊഴിലുമായി ബന്ധപ്പെട്ട എല്ലാ ഭരണ, സാമ്പത്തിക, അക്കൗണ്ടിങ് കാര്യങ്ങളും ഏറ്റെടുക്കുന്ന സംഘം തൊഴിലാളിയുടെ സ്ഥാപനവുമായും ബന്ധം നിലനിര്‍ത്തുന്നു. ഫ്രീലാന്‍സര്‍മാരെ ശമ്പളത്തൊഴിലാളികളാകാന്‍ സഹായിക്കുന്നതിനാല്‍ സ്മാര്‍ട്ടിനു ഈ ബന്ധം നിലനിര്‍ത്തല്‍ അത്യാവശ്യമാണ്. സ്മാര്‍ട്ടിന്റെ വാര്‍ഷിക ഓഹരി 30 യൂറോയാണ്. ഇതിനു പുറമെ, അംഗങ്ങള്‍ക്കു വേണ്ടിവരുന്ന മറ്റു ചെലവുകള്‍ നിര്‍വഹിക്കാനും പാരസ്പര്യ സേവനങ്ങള്‍ (ശമ്പള അഡ്വാന്‍സ്, അഡാപ്റ്റഡ് ഇന്‍ഷൂറന്‍സുകള്‍, പരിശീലനം, ജോലിസ്ഥലം പങ്കിടല്‍, ഉപദേശം, ശില്‍പ്പശാലകള്‍ തുടങ്ങിയവ ) ഒരുക്കാനുമായി ചെലവിടുന്ന ഓരോ യൂറോയുടെയും ഒരു നിശ്ചിത ശതമാനവും സ്ഥാപനത്തിനു ലഭിക്കുന്നു. അതിനാല്‍, അംഗത്തിനു തന്റെ തൊഴിലറിവില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. ബിസിനസ് നടത്തിപ്പിന്റെ ഭരണപരമായ കാര്യങ്ങള്‍ ‘സ്മാര്‍ട്ടി ‘നു വിടാം. നേര്‍വഴിയിലുള്ള ഈ ബിസിനസ് മാതൃക സുതാര്യതയും പങ്കാളിത്ത ഭരണവും കൂടുതല്‍ ശക്തമാക്കുന്നു. അതിനാല്‍ ഒരു പങ്കാളിത്ത സംരംഭമായാണു ‘സ്മാര്‍ട്ട്’ സ്വയം വിലയിരുത്തുന്നത്.

ആദ്യത്തെ ഇരകള്‍

എല്ലാത്തരം പ്രവര്‍ത്തനവുമുണ്ടെങ്കിലും ഈ സഹകരണ സ്ഥാപനത്തിന്റെ അംഗങ്ങളില്‍ പകുതിയും കോവിഡ് പ്രതിസന്ധി – പ്രത്യേകിച്ച് യൂറോപ്പില്‍ – പാടേ ബാധിച്ച സാംസ്‌കാരിക – സര്‍ഗാത്മക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. യൂറോപ്യന്‍ പാര്‍ലമെന്റ് വ്യക്തമാക്കിയതുപോലെ സാംസ്‌കാരികോപജീവനം പ്രകൃതിയാല്‍ തകിടം മറിക്കപ്പെടാന്‍ സാധ്യതയുള്ളതാണല്ലോ. മഹാമാരിയാകട്ടെ സ്ഥിതി വഷളാക്കി. കലാകാരന്‍മാരാണു ഭൂഖണ്ഡത്തിന്റെ പല ഭാഗത്തും സുരക്ഷാനടപടികളും നിയന്ത്രണങ്ങളും മൂലം ആദ്യം ലോക്ഡൗണിലായതും കടുത്ത പ്രത്യാഘാതങ്ങള്‍ക്കു ഇരയായതും. ‘സ്മാര്‍ട്ടി’ ന്റെ പല ഓഫീസുകളും സ്ഥിതിചെയ്യുന്ന ഫ്രാന്‍സില്‍ കലയും വിനോദവുമാണ് സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകള്‍. യു.കെ.യിലും ജര്‍മനിയിലും ഫ്രാന്‍സിലും ഇറ്റലിയിലും വിനോദ, സാംസ്‌കാരിക കാര്യങ്ങള്‍ക്കു പണം ചെലവാക്കുന്നതു കുത്തനെ കുറഞ്ഞതായി ഒരു ഒ.ഇ.സി.ഡി. ( Organisation for Economic Co-operation and Development ) പഠനം വ്യക്തമാക്കുന്നു. പ്രതിസന്ധി തുടങ്ങിയശേഷം അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ 10 ശതമാനത്തിനും 90 ശതമാനത്തിനുമിടയില്‍ ( 90,000 -ത്തില്‍പ്പരം പ്രവൃത്തിദിനങ്ങള്‍ക്കു തുല്യം) ഇടിവുണ്ടായതായി ‘സ്മാര്‍ട്ട്’ നിരീക്ഷിക്കുന്നു.


പ്രതിസന്ധിയെ മറികടക്കാനുള്ള ബദല്‍ നടപടിയായി ‘പ്ലാന്‍ കൊറോണ ‘ എന്ന പദ്ധതിക്കു സ്മാര്‍ട്ട് തുടക്കമിട്ടു. കലാപരിപാടികള്‍ റദ്ദാക്കപ്പെട്ടതിനുള്ള സഹായ നടപടിക്കും കോവിഡാനന്തര ലോകത്തു പുനരുജ്ജീവന ഉത്തേജനത്തിനുമായുള്ള അഞ്ചു ദശലക്ഷം യൂറോയുടെ ഐക്യദാര്‍ഢ്യ കര്‍മ പദ്ധതിയാണിത്. ബെല്‍ജിയത്തിലും ഫ്രാന്‍സിലുമുള്ള സഹകരണ സ്ഥാപനങ്ങളാണു ഏപ്രില്‍ ഒന്നിനു പത്രസമ്മേളനത്തോടെ ഈ സംരംഭത്തിനു തുടക്കമിട്ടത്. യൂറോപ്പില്‍ മഹാമാരിയുടെ ആദ്യതരംഗം ഏറ്റവും ബാധിച്ച പ്രദേശങ്ങളിലൊന്നായ മിലാനിലെ ഓഫീസാണു പദ്ധതിയുടെ ആദ്യ കരടു വികസിപ്പിച്ചത്. അടിയന്തര സാഹചര്യം മൂലം പരിപാടികള്‍ റദ്ദാക്കപ്പെട്ടതിന്റെ ഇരകളായ എല്ലാ അംഗങ്ങള്‍ക്കും നഷ്ടപരിഹാര സംവിധാനവും സ്ഥിരം കരാറുകളിലെ ശമ്പളക്കാരായ സംരംഭകര്‍ക്ക് താത്കാലിക തൊഴിലില്ലായ്മാ സമാശ്വാസ പരിപാടികളും അടങ്ങുന്ന സഹായ നടപടികള്‍ നടപ്പാക്കാനുള്ളതാണ് ഈ പദ്ധതി. പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിക്കുന്ന കലാകാരന്‍മാരെ സാമ്പത്തികമായി സഹായിക്കേണ്ടിവരുമെന്നു സ്ഥാപനത്തിനറിയാം. അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഇത്തരം നടപടികള്‍ ‘സ്മാര്‍ട്ട്’ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം, യൂറോപ്യന്‍ യൂണിയനില്‍ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്്ട്ര ‘സ്മാര്‍ട്ട്’ സംരംഭങ്ങളുടെ ആസ്തികള്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ‘സ്മാര്‍ട്ടി’ന്റെ വികസനത്തിനു സാമ്പത്തിക സഹായം നല്‍കാനും പ്രവര്‍ത്തനങ്ങള്‍ തുടരാനുമുള്ള പ്രതിബദ്ധതയാണ് ഇതു വ്യക്തമാക്കുന്നത്. പ്രത്യാഘാതം നിരീക്ഷിക്കാനും സര്‍ക്കാരുകളിലും പൊതുസ്ഥാപനങ്ങളിലും നിന്നുള്ള സഹായ നടപടികളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ അംഗങ്ങള്‍ക്കു നല്‍കാനുമായി ‘സ്മാര്‍ട്ട്’ സ്ഥിരം കോവിഡ് വിവര സംവിധാനം ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കാന്‍ സ്മാര്‍ട്ട് മറ്റു സംഘടനകളുമായും സഹകരണ സ്ഥാപനങ്ങളുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചുവരികയാണ്. പൊതുസ്ഥാപനങ്ങള്‍ മുതല്‍ സ്വകാര്യ വ്യക്തികള്‍ വരെ ഇതു നടപ്പാക്കുന്നതില്‍ താല്‍പ്പര്യമുളള എല്ലാവരുമായും ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കാനാണ് സ്മാര്‍ട്ട് ആഗ്രഹിക്കുന്നത്.

ഐക്യവും പാരസ്പര്യവും

ഈ സംരംഭങ്ങളുടെയൊക്കെ പൊതുഘടകങ്ങള്‍ ഐക്യത്തിന്റെയും പാരസ്പര്യത്തിന്റെയും തത്വങ്ങളാണ്. അതുകൊണ്ടു ഫ്രീലാന്‍സ് സമൂഹത്തിനു പ്രതിസന്ധിയോടു ചെറുത്തുനില്‍ക്കാനും അതു കടന്നുപോയശേഷം കൂടുതല്‍ സജീവമാകാനും കഴിയും. യൂറോപ്പ് രണ്ടാം തരംഗത്തിന്റെ മധ്യത്തിലാണെന്നതിനാല്‍ പ്ലാന്‍ കൊറോണ എത്രത്തോളം ഫലം ചെയ്തു എന്നു കൃത്യമായി വിലയിരുത്തിയിട്ടില്ല. ഇപ്പോഴും ബെല്‍ജിയത്തില്‍ 26.5 ശതമാനവും ഫ്രാന്‍സില്‍ 34 ശതമാനവും വിറ്റുവരവില്‍ ഇടിവുണ്ടെങ്കിലും ക്രമേണ പുരോഗമിക്കുകയാണെന്നും ഇതു പ്രവചിക്കപ്പെട്ടവിധത്തില്‍ത്തന്നെയാണു നീങ്ങുന്നതെന്നുമാണ് സെപ്റ്റംബറില്‍ ‘സ്മാര്‍ട്ട്’ വ്യക്തമാക്കിയിട്ടുള്ളത്.

ഓരോ രാജ്യത്തും സര്‍ക്കാരുകള്‍ എടുക്കുന്ന നടപടികളുടെ ഏറ്റവും പുതിയ വിവരം ‘സ്മാര്‍ട്ട്’ തങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കു നല്‍കിവരുന്നുണ്ട്. ഫ്രീലാന്‍സര്‍മാരെ സംബന്ധിച്ച വ്യവസ്ഥകളും സംരക്ഷണ സംവിധാനങ്ങളും മെച്ചപ്പെടുത്താന്‍ അവര്‍ ഈയിടെ യൂറോപ്യന്‍ കമ്മീഷനുമായി ചര്‍ച്ച നടത്തി. കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ലെങ്കിലും പദ്ധതി തീര്‍ച്ചയായും പൊതുവില്‍ സമൂഹത്തിന്റെയും വിശേഷിച്ചു ‘സ്മാര്‍ട്ടു’മായി ബന്ധപ്പെട്ടവരുടെയും സാമ്പത്തികവും മാനസികവുമായ ആഘാതം കുറയ്ക്കുന്നുണ്ടെന്നു ഈ വിശകലനത്തില്‍നിന്നു മനസ്സിലാക്കാം. തകര്‍ന്ന സമ്പദ്‌വ്യവസ്ഥയുടെ വിള്ളലുകളില്‍ വീണുപോകാതെ, തങ്ങളുമായി ബന്ധപ്പെട്ട കഴിയുന്നത്ര ആളുകളെ സംരക്ഷിക്കുന്നതിനായി പദ്ധതിയുടെ സംരക്ഷണപരിധി വിപുലമാക്കാന്‍ സ്മാര്‍ട്ട് ശ്രമിച്ചുവരികയാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!