സഹകരണ സംരംഭങ്ങളിലൂടെ ബദല്‍ സാധ്യത തേടുമ്പോള്‍
ഡോ. എം.ജി. മല്ലിക
( കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം
മേധാവിയായ ലേഖിക എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമാണ് )
(2020 നവംബര്‍ ലക്കം )
കേരളം ഏറ്റവുമധികം ഉല്‍പ്പാദിപ്പിക്കുന്നത് മനുഷ്യവിഭവശേഷിയാണ്. ലോക തൊഴില്‍ വിപണിയില്‍ നമ്മള് ഗുണപരമായി മുന്നില്‍ നില്‍ക്കുന്നത് ഇതിനാലാണ്. ലോകത്തിനു മാതൃകയാകാവുന്ന പല സംരംഭങ്ങളും സഹകരണാടിസ്ഥാനത്തില്‍ തുടങ്ങാനും മുന്നോട്ടു കൊണ്ടുപോകാനും നമുക്കു കഴിയും. പ്ലാറ്റ്ഫോം സഹകരണത്തിന്റെ സാധ്യത നമ്മള് പ്രയോജനപ്പെടുത്തണം.
പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവ് സംരംഭങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. പ്ലാറ്റ്ഫോം സഹകരണ പ്രസ്ഥാനത്തിനു കടന്നുചെല്ലാന്‍ കഴിയുന്ന മേഖലകള്‍ ഏതൊക്കെയാണ്, എന്തുകൊണ്ട് സഹകരണ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ അനുയോജ്യമാവുന്നു എന്നും അതെങ്ങനെ നമ്മുടെ സാമ്പത്തിക മേഖലയെ കര കയറാന്‍ സഹായിക്കും എന്നും അന്വേഷിക്കുകയാണ് ഈ ലേഖനത്തിലൂടെ.
ഏതൊക്കെ മേഖലകളിലാണ് പ്ലാറ്റ്ഫോം സഹകരണത്തിന്റെ സാധ്യതകളുള്ളത് എന്നു നോക്കാം. കാര്‍ഷിക, വ്യാവസായിക , സേവന മേഖലകളെ പ്രത്യേകം തരംതിരിച്ചു നിര്‍ത്തി അതിലൊക്കെയുള്ള സാധ്യതകള്‍ ഒന്നു പരിശോധിക്കുന്നത് നന്നാവും. അതേസമയം, എല്ലാ മേഖലയും പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്നു കാണാം. ആദ്യമായി, കേരളത്തിന്റെ തനതു സവിശേഷതകള്‍ എന്തൊക്കെ എന്നും എന്തൊക്കെ പരിമിതികളാണുള്ളത് എന്നും നോക്കാം. അതിനു ശേഷം, സാധ്യതകളെ ഉപയോഗിച്ചും പരിമിതികളെ തിരിച്ചറിഞ്ഞുംകൊണ്ട് നമുക്ക് അനുയോജ്യമായ എന്തൊക്കെ വികസന തന്ത്രങ്ങളാണ് മെനയേണ്ടത്, അതില്‍ സഹകരണ മേഖലയുടെ പങ്കെന്താണ്, പ്ലാറ്റ്ഫോം സഹകരണ പ്രസ്ഥാനങ്ങളുടെ പ്രസക്തി എന്താണ് എന്നൊക്കെ പരിശോധിക്കാം.
കേരളത്തിന്റെ പ്രധാന സവിശേഷത
ഒരു നിപ്പയും രണ്ടു പ്രളയവും കേരളത്തില്‍ കടന്നുവന്നു. അവയില്‍ തകരാതെ പിടിച്ചു നില്ക്കാന് പാടുപെടുന്ന അവസ്ഥയിലാണ് കോവിഡ് എന്ന മഹാമാരി ലോകമെങ്ങും വിറപ്പിച്ചു കൊണ്ട് നമുക്കിടയിലേക്കും കടന്നു വന്നത്. നോട്ടു നിരോധനവും ആസൂത്രണമില്ലാതെ നടപ്പാക്കിയ നികുതി പരിഷ്കാരവും നട്ടെല്ലൊടിച്ച നമ്മുടെ സമ്പദ്് വ്യവസ്ഥയിലേക്കു പ്രളയ സമയത്ത് ഒഴുകിയെത്തിയ സഹായം കേരളത്തിന്റെ തനതു സ്വഭാവമായിരുന്നു, ലോകമെമ്പാടും പടര്‍ന്നു പന്തലിച്ച മലയാളിയുടെ മാത്രം പ്രത്യേകത. സഹകരണ മനോഭാവത്തോടെ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കാനുള്ള നമ്മുടെ ആര്‍ജവം ഈ പ്രതിസന്ധിഘട്ടങ്ങളിലൊക്കെ നമ്മള് കണ്ടതാണ്. വിദ്യാഭ്യാസവും സാമൂഹിക ബോധവുമുള്ള ഒരു ജനതയാണ് നമ്മളെന്ന് ഈ പ്രതിസന്ധിഘട്ടങ്ങള്‍ നമുക്കു കാണിച്ചു തന്നു.
മറ്റൊരിടത്തും കാണാന്‍ കഴിയാത്ത തരത്തില്‍ കൂട്ടായി പ്രവര്‍ത്തിക്കാനുള്ള കഴിവ് മലയാളിക്കുണ്ടായത് പൊതു വിദ്യാഭ്യാസത്തിന്റെ സംഭാവനയായി കണക്കാക്കേണ്ടി വരും. കേരളം സാമൂഹിക വികസന രംഗങ്ങളില്‍ നല്കിയ പ്രാധാന്യമാണ് ഇത്തരമൊരു പ്രത്യേക സഹകരണ മനോഭാവത്തിലേക്കു നമ്മെ നയിച്ചതെന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ വിദ്യാഭ്യാസം നമുക്ക് നല്കിയ ഒരു രാഷ്ട്രീയ ബോധത്തിന്റെകൂടി ഫലമാണിത് എന്നും തിരിച്ചറിയാതെ വയ്യ. മറ്റൊരാളെ സഹായിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം തിരിച്ചറിയാന്‍ മലയാളിക്ക് കഴിവുണ്ട് എന്നതാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. ഈ ശക്തിയെ വളരെ കൃത്യമായി തിരിച്ചുവിട്ടുകൊണ്ട് വന്‍തോതിലുള്ള ഒരു മൂലധനച്ചെലവില്ലാതെ നമ്മുടെ അറിവിനെ മാത്രം ഉപയോഗിച്ചുകൊണ്ട് തുടങ്ങാന്‍ കഴിയുന്ന ഒരുപാട് സംരംഭങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. അതേസമയം, നമ്മുടെ ഒരു പ്രധാന പരിമിതി, കൂലിക്കാരായി പണിയെടുക്കുമ്പോള്‍ നമുക്ക് അവകാശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടാവും എന്നതാണ്. അപ്പോള്‍ പക്ഷേ, കടമകള്‍ മറന്നു പോകും . നമ്മള് കൂലി ചോദിച്ചു വാങ്ങുകയും അതിനു വേണ്ടി ജോലി പോലും വേണ്ടെന്നു വെക്കുകയും ചെയ്യും. അതുകൊണ്ട്, സംരംഭകരായി കൂട്ടുത്തരവാദിത്തത്തോടെ, നമ്മുടെ നന്മയെക്കൂടെ ചേര്‍ത്തുകൊണ്ട്, മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന തൊഴിലാണ് മലയാളിക്ക് നന്നായി ചേരുക.
നമ്മുടെ വലിയൊരു ശക്തിയാണ് വിദ്യാസമ്പന്നരായ ജനത എന്നത്. കേരളം ഉപഭോഗച്ചെലവില് മുന്നിലെത്തിയത് കേരളത്തിലെ തനതു ഉല്‍പ്പാദനം കൊണ്ടായിരുന്നില്ല, മനുഷ്യ വിഭവക്കയറ്റുമതി കൊണ്ടായിരുന്നു. നമ്മള് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചത് മനുഷ്യ വിഭവശേഷിയായിരുന്നു. അതുകൊണ്ട് ലോകമെമ്പാടുമുള്ള തൊഴില്‍ വിപണിയില്‍ അളവുപരമായി മാത്രമല്ല ഗുണപരമായും മുന്നിട്ടു നില്ക്കാന് മലയാളിക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല, ശാസ്ത്ര സാങ്കേതിക വിദ്യയെ നന്നായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സംസ്ഥാനം ഇന്ത്യയില്‍ പ്രധാനമായും കേരളമാണ്. പൂര്‍ണമായും വൈദ്യുതീകരിച്ച സംസ്ഥാനം, നഗര – ഗ്രാമ വ്യത്യാസമില്ലാതെ സൗകര്യങ്ങള്‍ ഒരേ പോലെ നില നില്ക്കുന്ന പ്രദേശം എന്നതൊക്കെ കേരളത്തിന്റെ മാത്രം സവിശേഷതയാണ്. ഇതൊക്കെ നമ്മുടെ വലിയ ശക്തിയായാണ് കാണേണ്ടത്. കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള മാനസികാവസ്ഥയും മറ്റുള്ളവരെ സഹായിക്കാനുള്ള സഹാനുഭൂതിയും ബുദ്ധിശക്തിയും വിദ്യാഭ്യാസവുമുള്ള നമുക്ക് ലോകത്തിനു തന്നെ മാതൃകയാവുന്ന പല സംരംഭങ്ങളും സഹകരണാടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടു പോവാന്‍ കഴിയും. അത്തരം സംരംഭങ്ങള്‍ എന്തൊക്കെയാണ് എന്നു നമുക്കു നോക്കാം.
ഉല്‍പ്പാദന സംരംഭങ്ങള്‍
കാര്‍ഷിക മേഖലയില്‍ പാലുല്‍പ്പാദനത്തിലും വിതരണത്തിലും നമ്മള് നല്ല രീതിയില്‍ സഹകരണ പ്രസ്ഥാനത്തെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പാല് ഉല്‍പ്പന്ന വിപണിയില്‍ കേരളത്തിന്റെ തനതു ഉല്‍പ്പന്നങ്ങളുമായി കടന്നുചെല്ലാനും വിപണി കീഴടക്കാനും നമുക്കിന്നും കഴിഞ്ഞിട്ടില്ല. ചോക്ലേറ്റ് വിപണിയില്‍ കേരള ബ്രാന്‍ഡ് എന്ന രീതിയില്‍ ഗുണ നിലവാരം ഉറപ്പു വരുത്തി ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകൃതമായി നടത്തി ബ്രാന്‍ഡ് ചെയ്തു മാര്‍ക്കറ്റ് ചെയ്യുന്ന സംരംഭങ്ങള്‍ തുടങ്ങേണ്ടതുണ്ട്. കുടുംബശ്രീ പോലുള്ള സ്ത്രീ കൂട്ടായ്മകളെ നല്ല രീതിയില്‍ പരിശീലിപ്പിച്ച് സാങ്കേതിക വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ( അവര്‍ എല്ലായിടത്തും ശാരീരികമായി എത്തണമെന്നില്ല. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ പോലും ഓണ്‍ലൈനായി നടത്തുന്ന ഒരു കാലമാണിത്് എന്നോര്‍ക്കുക ) ഉല്‍പ്പാദനം നടത്തുകയും ബ്രാന്‍ഡ് പേരുകള്‍ നല്കി സ്വദേശി ഉല്‍പ്പന്നങ്ങള്‍ എന്ന നിലയില്‍ കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളെപ്പോലെ പരസ്യങ്ങള്‍ നല്കി ഒരു വിപണ ശൃംഖല പിടിച്ചെടുക്കാന്‍ ഇവിടുത്തെ വിദ്യാസമ്പന്നരായ സ്ത്രീ പുരുഷന്മാര് നടത്തുന്ന സഹകരണ സംരംഭങ്ങള്‍ക്കു കഴിയും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉല്‍പ്പാദന, വിപണന മേഖലയില്‍ കഴിവും താല്‍പ്പര്യവുമുള്ള തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് ഒത്തു ചേര്‍ന്ന് നടത്താവുന്ന ഒരു നല്ല ഉല്‍പ്പാദന പ്ലാറ്റ്ഫോം സഹകരണ സംരംഭമായിരിക്കും ഇത്. ഗുണനിലവാര പരിശോധന, വിപണനം, പരസ്യം എന്നിവയൊക്കെ വളരെ എളുപ്പത്തില്‍ ഇത്തരം കൂട്ടായ്മകളില്‍ നടത്താവുന്നതാണ്.
പാലിനെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന പ്രക്രിയ നമ്മുടെ നാട്ടില്‍ നടക്കുന്നില്ല എന്നതിനാലാണ് കോവിഡ് കാരണം ഗതാഗത സംവിധാനങ്ങള്‍ ഇല്ലാതായപ്പോള്‍ പാല് റോഡില്‍ ഒഴുക്കിക്കളയേണ്ട ഗതികേടിലേക്ക് ഇവിടുത്തെ കര്‍ഷകര്‍ എത്തിച്ചേര്‍ന്നത്. ചോക്ലേറ്റ് , പാല്‍പ്പൊടി, ബേബി ഫുഡ് തുടങ്ങിയ ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര ഗുണ നിലവാരത്തോടെ നമുക്ക് ഇവിടെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. ഏതു വിദൂര സ്ഥലങ്ങളിലിരുന്നും പാലുല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനാവശ്യമായ കൃത്യമായ സാങ്കേതികവിദ്യയും ഗുണനിലവാരവും ഉറപ്പു വരുത്താന്‍ പരിശീലനം സിദ്ധിച്ച ആളുകള്‍ക്ക് കഴിയും. അത്തരം ഉല്‍പ്പാദന യൂണിറ്റുകള്‍ പലയിടങ്ങളിലായി പ്രവര്‍ത്തിപ്പിക്കാനും അവയെ കൃത്യമായ സാങ്കേത്തികത്തികവോടെ കൊണ്ടു പോവാനും പ്ലാറ്റ്്ഫോം സഹകരണ സംരംഭങ്ങള്‍ക്കു സാധിക്കും. കൃഷിയിടങ്ങളില്‍ മണ്ണു പരിശോധന, യോജിച്ച വളമേതെന്നു ശാസ്ത്രീയമായി നിര്‍ണയിക്കല്‍ തുടങ്ങി വിത്തിന്റെ ഗുണ നിലവാരം കണക്കാക്കാനും മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി അവ മാര്‍ക്കറ്റ് ചെയ്യാനും ഒരു വന്‍കിട സംരംഭത്തിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ കേരളത്തിന്റെ പ്ലാറ്റ്ഫോം സംരംഭങ്ങള്‍ക്കു കഴിയും. നമ്മുടെ മനുഷ്യവിഭവത്തിന്റെ വിതരണം ലോകമെമ്പാടും ഉള്ളതിനാല്‍ നമ്മുടെ തനത് ഉല്‍പ്പന്നങ്ങളെ ലോകമെങ്ങും പ്രചരിപ്പിക്കാനും അതിനു പറ്റിയ മാര്‍ക്കറ്റിങ് തന്ത്രം കേരളത്തിലോ ഇന്ത്യക്കു പുറത്തോ ഉള്ള കേരളീയരുടെ സഹായത്തോടെ ആവിഷ്കരിച്ചു നടപ്പാക്കാനും സാധിക്കും.
പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍
എവിടെയാണ് ഒരാള്‍ താമസിക്കുന്നത് എന്നത് പുതിയ സാങ്കേതികവിദ്യ ഒരു തരത്തിലും ഒരു പരിമിതിയായി കാണുന്നില്ല. അമേരിക്കയിലിരുന്ന് ഇവിടുത്തെ ഉല്‍പ്പാദന പ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ സാങ്കേതിക വിദ്യ നമ്മളെ സഹായിക്കുന്നു. അവിടെയാണ് സഹകരണ സംരംഭങ്ങളുടെ പ്രസക്തി. ഇവിടെയുള്ള കര്‍ഷകനും ഗുണം കിട്ടുന്ന തരത്തിലുള്ള ഇത്തരം സംരംഭങ്ങള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയിലെ ഉല്‍പ്പാദന രീതിയെ ത്തന്നെ മാറ്റി മറിക്കുകയും കൂടുതല്‍ വരുമാനവും കുറഞ്ഞ അധ്വാനവുമുള്ള നല്ല തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു. ഇന്നു നമ്മള് ചെയ്യുന്നതു പോലുള്ള ചെറുകിട ഉല്‍പ്പാദന വിതരണ ക്രമത്തിന് പലപ്പോഴും പിടിച്ചു നില്ക്കാന് കഴിയാതെ പോകുന്നത് ഉല്‍പ്പാദനച്ചെലവ് വളരെ കൂടുതലും ലാഭം വളരെ കുറവുമായതിനാലാണ്. ഒരു വന്‍കിട സ്വഭാവത്തോടെയുള്ള സംരംഭമാവുമ്പോള് ചെലവ് കുറച്ച് കുറഞ്ഞ വിലയില്‍ പരമാവധി കമ്പോളം പിടിച്ചെടുക്കാന്‍ നമുക്ക് കഴിയും. ഒരുപാട് പേരുള്ളതും കേരളത്തിലങ്ങോളമിങ്ങോളം പടര്‍ന്നു കിടക്കുന്നതുമായ ഒരു സംരംഭത്തിന് ലോകത്തിലെത്തന്നെ മാര്‍ക്കറ്റില്‍ കടന്നുകയറാന്‍ ഒരു പ്രയാസവുമുണ്ടാവില്ല. ഓരോ വര്‍ഷവും നമ്മുടെ കോളേജുകളില്‍ നിന്നു പാസായി വീട്ടിനകത്തിരുന്നു സര്‍ക്കാര്‍ ജോലിക്കുവേണ്ടി മനപ്പാഠം പഠിക്കുന്ന യുവതീയുവാക്കള്‍ക്ക് ചേര്‍ന്നുനിന്ന് പലതരം സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ നല്ല സമയമാണിത്. നമ്മുടെ ഈ സാധ്യത മറ്റു പല സംസ്ഥാനങ്ങളിലും ഇല്ല എന്നതാണ് സത്യം. അതുപോലെ, ഇന്ത്യയിലെത്തന്നെ പല സംസ്ഥാനങ്ങളിലെയും കര്‍ഷകരുടെയും ചെറുകിട ഉല്‍പ്പാദന യൂണിറ്റുകളുടെയും ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനും അങ്ങനെ ഇടനിലക്കാരെ ഒഴിവാക്കാനും വന്‍കിട കുത്തകക്കമ്പനികള്‍ ഉണ്ടാക്കുന്ന ലാഭം ഒരു പാട് പേര്‍ക്കായി വിതരണം നടത്താനും നമുക്കു കഴിയും.
മുകളില്‍ സൂചിപ്പിച്ച തരം കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ പറ്റുന്ന പലതും നമ്മള് കൃഷി ചെയ്യുന്നുണ്ട്. എന്തുകൊണ്ടാണ് നമുക്ക് ഒരു ടയര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ കഴിയാത്തത് ? ഒരു വീട്ടില്‍ത്തന്നെ മൂന്നും നാലും വാഹനങ്ങള്‍ വാങ്ങുന്ന മലയാളി എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ റബ്ബര്‍ ഉപയോഗിച്ച് ടയറുണ്ടാക്കാന്‍ തുടങ്ങാത്തത് ? അതുപോലെ, മുളയും വാഴയും ഉപയോഗിച്ച് നിര്‍മിക്കാന്‍ കഴിയുന്ന തുണിത്തരങ്ങളുടെ മാര്‍ക്കറ്റിങ്ങും പ്ലാറ്റ്ഫോം സംരംഭങ്ങള്‍ ഉപയോഗിച്ച് ചെയ്യാവുന്നവയാണ്. കൂടാതെ, നമ്മുടെ ഇഞ്ചി, മഞ്ഞള്‍, ഏലം, കാപ്പി, ചായ തുടങ്ങിയ ഒട്ടേറെ കാര്‍ഷികോല്‍പ്പന്നങ്ങളെ പലതരം മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി ബ്രാന്‍ഡ് ചെയ്തു വിതരണം ചെയ്യാന്‍ പ്ലാറ്റ്ഫോം സഹകരണ സംരംഭങ്ങള്‍ക്കു കഴിയും.
വീടു നിര്‍മാണ മേഖലയില്‍
ഇതുപോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഗൃഹ നിര്‍മാണ മേഖല. നമ്മുടെ തനതു ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് വീടുണ്ടാക്കാനും അവയെ ശരിയായ രീതിയില്‍ ഒരു നെറ്റ്വര്ക്കിലാക്കി സര്‍വീസ് ചെയ്തു കൊടുക്കാനുമുള്ള ഒരു സംവിധാനം സഹകരണ മേഖലയില്‍ ഉണ്ടാവേണ്ടതുണ്ട്. ഇവിടുത്തെ ആര്‍ക്കിടെക്ടുകള്‍ , സിവില്‍ എന്‍ജിനിയര്‍മാര്‍, തൊഴിലാളികള്‍ എന്നിവരടങ്ങുന്ന ഒരു ഗ്രൂപ്പിന് വളരെ ചെലവു കുറഞ്ഞ രീതിയില്‍ വീടുകള്‍ നിര്‍മിച്ചു കൊടുക്കാനും അവയുടെ സര്‍വീസ് ചെയ്തു കൊടുക്കാനും കഴിയുന്ന തരത്തിലുള്ള ഒരു പ്ലാറ്റ്ഫോം സഹകരണ സംരംഭം തുടങ്ങാനായാല്‍ അത് ഒരുപാട് മനുഷ്യരുടെ വീടെന്ന സങ്കല്‍പ്പത്തെ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കും. ആധുനിക സാങ്കേതിക വിദ്യയെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വീട് നിര്‍മാണത്തിനു കേരളത്തില്‍ വലിയ സാധ്യതയാണുള്ളത്. അങ്ങനെ ഒരു ഗ്രൂപ്പ് എല്ലായിടങ്ങളിലും ഉണ്ടെങ്കില്‍ അത് വളരെ നല്ല രീതിയില്‍ കൊണ്ടുപോകാന്‍ കഴിയും. പലയിടങ്ങളിലുള്ള സാങ്കേതിക വിദഗ്ധരെ ഒരു പ്ലാറ്റ്ഫോമില്‍ ഒരുമിച്ചുചേര്‍ത്ത് ഇത്തരം ഒരു സംരംഭം തുടങ്ങിയാല്‍ അത് കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കും. കാരണം, കേരളത്തിലെ വലിയൊരു ജനവിഭാഗം അവരുടെ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും വീടെന്ന സ്വപ്നത്തിനു വേണ്ടി തുലയ്ക്കുന്നവരാണ്. വരുമാനത്തിനനുസരിച്ചു കൃത്യമായി മാനേജ് ചെയ്തു വീട് നിര്‍മിച്ച് കൊടുക്കാന്‍ കഴിയുന്ന, വിശ്വസിക്കാന്‍ കൊള്ളുന്ന ഒരു സംരംഭം കേരളം ഉറ്റുനോക്കുന്നുണ്ട്. ഓരോ പ്രദേശത്തെയും പണിക്കാരെ അതിന്റെ ഭാഗമാക്കിക്കൊണ്ടുള്ള ഒരു കൂട്ടുസംരംഭമാണ് ഇത്തരത്തില്‍ ഉണ്ടാകേണ്ടത്. പലപ്പോഴും സാങ്കേതിക വിദ്യയുടെ അഭാവവും അറിവില്ലായ്മയും കേരളത്തിലെ ജനങ്ങളുടെ വീടെന്ന സ്വപ്നത്തെ കടക്കെണിയുടെ കയത്തിലേക്ക് തള്ളിവിടാറുണ്ട്. അവിടെയാണ് നല്ലൊരു സാമ്പത്തിക ഉപദേഷ്ടാവും സാങ്കേതിക ഉപദേഷ്ടാവും ഒക്കെച്ചേര്‍ന്ന ഒരു കൂട്ടായ്മയുടെ പ്രസക്തി.
സേവന മേഖലയില്‍
സേവന മേഖലയില്‍ പ്ലാറ്റ് ഫോം സഹകരണ സംരംഭങ്ങളുടെ പ്രസക്തി ഏറെയാണ്. വിദ്യാഭ്യാസ മേഖലയില്‍ ഏതു കോഴ്സ് എടുക്കണം എന്നു തുടങ്ങി എവിടെ പഠിക്കണം എന്നിവയൊക്കെ കൃത്യമായി പഠിച്ചു മനസ്സിലാക്കി നിര്‍ദേശങ്ങള്‍ നല്കുന്ന ഒരു സംവിധാനമോ സംരംഭമോ നമുക്ക് അധികമില്ല എന്നുതന്നെ പറയാം. ഉള്ളവയാവട്ടെ അവരുടെ ലാഭം മാത്രം ലക്ഷ്യമാക്കി കച്ചവട തന്ത്രത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. ഇവിടെ യാണ് വളരെ കൃത്യമായി മനുഷ്യ വിഭവത്തിന്റെ സാധ്യതകളെ വിശകലനം ചെയ്തു നിര്‍ദേശം കൊടുക്കാന്‍ കഴിയുന്ന ഒരു സംരംഭത്തിന്റെ അഭാവം നമ്മള് മനസ്സിലാക്കേണ്ടത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമ്മുടെ പലതരം തൊഴില്‍ മേഖലകളെ പരിചയ പ്പെടുത്താനും അവയുടെ ഇപ്പോഴത്തെ തൊഴില്‍ ലഭ്യതയുടെ അവസ്ഥ എന്തെന്നു മനസ്സിലാക്കിക്കൊടുക്കാനും പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന ഒരു ഉദ്യോഗാര്‍ഥിക്കു ജോലി കിട്ടാനുള്ള സാധ്യത എത്രയാണ് എന്നു മനസ്സിലാക്കി അവരെ കൃത്യമായി വഴി തിരിച്ചു വിടാനും ഉതകുന്ന ഒരു സംരംഭം വളരെ അത്യാവശ്യമാണ്. ഇതും പ്ലാറ്റ്ഫോം സഹകരണ പ്രസ്ഥാനമായി തുടങ്ങാനും ഓണ്‍ലൈനായി നടത്താനും കഴിയുന്ന ഒന്നാണ.് കൂടാതെ, മാനസിക പ്രശ്നങ്ങളുള്ളവര്‍ക്ക് കൃത്യമായ ചികത്സാ സൗകര്യങ്ങള്‍ ഒരുക്കാനും തകര്‍ന്നു പോകുന്ന മനുഷ്യര്‍ക്ക് ഒപ്പം നില്‍ക്കാനും കഴിയുന്ന സംരംഭങ്ങളും ഉയര്‍ന്നു വരേണ്ടതുണ്ട്. നമ്മുടെ വികസന മാതൃകയായി സഹകരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്. മുതലാളിത്ത സംരംഭങ്ങളുടെ ലക്ഷ്യം ലാഭമുണ്ടാക്കലാണ.് അതു മാത്രമാണ്. എന്നാല്‍, സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം ജീവിക്കുകയും കൂടെ ജീവിപ്പിക്കുകയുമാണ്. അവിടെ ‘ ഒാരോരുത്തരും എല്ലാവര്‍ക്കുംവേണ്ടിയും എല്ലാവരും ഓരോരുത്തര്ക്കുംവേണ്ടിയും ‘ നിലകൊള്ളുന്നു. ഒരു അതിജീവനത്തിന്റെ മാതൃക അതുകൊണ്ടു തന്നെ സഹകരണ സംരംഭങ്ങളിലൂടെ മാത്രമേ സാധ്യമാവൂ. അതിനുള്ള എല്ലാതരം ഘടകങ്ങളും ഒത്തു ചേര്‍ന്ന ഒരിടമാണ് കേരളം.
ആളുകള്‍ക്ക് പലതരം അസുഖങ്ങളുണ്ടാവും. ഇവയില്‍ പലതും മാനസിക പ്രശ്നങ്ങള്‍ കൊണ്ടു തോന്നുന്നതുമാവാം. പക്ഷേ, ആരെ കാണിക്കണം, കാണിച്ചാല്‍ത്തന്നെ നല്കിയ മരുന്നുകള്‍ എന്തിനൊക്കെയുള്ളതാണ്, അതുകൊണ്ടുണ്ടാകുന്ന പാര്‍ശ്വ ഫലങ്ങള്‍ എന്തൊക്കെയാണ്, എന്തൊക്കെ ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത് തുടങ്ങിയ കാര്യങ്ങളൊന്നുംതന്നെ പലപ്പോഴും ആളുകള്‍ക്കറിയില്ല. ഇതൊന്നും കൃത്യമായി മനസ്സിലാക്കിയെടുക്കാന്‍ പലപ്പോഴും നമുക്ക് കഴിയാറുമില്ല. പക്ഷേ, ഇതിനൊക്കെ ഉത്തരം നല്കാന് കഴിവുള്ള വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. ഒരു ഹോസ്പിറ്റലില്‍ പോയി ഡോക്ടറെ കാണിക്കുക എന്നതു മാത്രമല്ല ഡോക്ടര്‍ നല്കുന്ന മരുന്നുകള്‍ എന്താണ് എന്നു മനസ്സിലാക്കാനും നമുക്കു കഴിയണം. ഡോക്ടറും ഫാര്‍മസിസ്റ്റും നഴ്സും സൈക്കോളജിസ്റ്റും സോഷ്യോളജിസ്റ്റും ഒക്കെച്ചേര്‍ന്ന ഒരു ഗ്രൂപ്പിന് മാത്രമേ ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കാനും നമ്മളെ സഹായിക്കാനും കഴിയൂ. ഇത്തരത്തില്‍ പലയിടങ്ങളിലായിക്കിടക്കുന്ന, വിഷയത്തില്‍ അറിവും താല്‍പ്പര്യവുമുള്ള വ്യക്തികള്‍ ചേര്‍ന്നുള്ള ഒരു നല്ല സഹകരണ സേവന ശൃംഖല നമുക്ക് കെട്ടിപ്പടുക്കാന്‍ കഴിയണം. പല മരുന്നുകളും വിപണിയിലുണ്ടെങ്കിലും ആ മരുന്നുകളുടെ ഗുണ നിലവാരം പലപ്പോഴും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ഈ മരുന്നുകളുടെ ഗുണ നിലവാരം മനസ്സിലാക്കാനും ആ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ചെറിയ ചെലവില്‍ പകര്‍ന്നു നല്‍കാനും വേണ്ട ഉപദേശ, നിര്‍ദേശങ്ങള്‍ നല്‍കാനും അങ്ങനെ ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ലാബ്, ഹോസ്പിറ്റല്‍ എന്നിവരുടെ അവിഹിത ബാന്ധവത്തെ ഇല്ലാതാക്കാനും ഇത്തരം സഹകരണ സേവന സംരംഭങ്ങള്‍ക്ക് കഴിയും. പലപ്പോഴും ലാബ് റിസള്‍ട്ട് ശരിയായിക്കൊള്ളണമെന്നില്ല. ഒരേ ടെസ്റ്റ് പലയിടങ്ങളില്‍ നടത്തിയാല്‍ റിസള്‍ട്ട് പലപ്പോഴും വ്യത്യസ്തമാവുന്ന അനുഭവങ്ങളും തെറ്റായ ചികിത്സക്കു വിധേയരായി പലതരം അസുഖങ്ങള്‍ വന്നിട്ടുള്ളവരുടെ ദുരന്തകഥകളും നമുക്കറിയാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇത്തരം മേഖലയില്‍ പ്രവര്‍ത്തനം നടത്താന്‍ പ്രയാസമുണ്ട്. കാരണം, ഒരുപാട് പേരുടെ അധ്വാനം വേണ്ടിവരുന്ന ഇത്തരം സംരംഭങ്ങള്‍ ഇന്നു നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനത്തിനു കീഴില്‍ ഏറെക്കാലം പ്രവര്‍ത്തിക്കാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, ഒരുപാട് സാമ്പത്തിക ബാധ്യതയും ഇതു മൂലമുണ്ടാകും. പക്ഷേ, നല്ല രീതിയില്‍ മാനേജ് ചെയ്തു കൊണ്ടുപോകാവുന്ന തരത്തില്‍ ഉപഭോക്താക്കളുടെയും സേവന ദാതാക്കകളുടേയും കൂട്ടായ ഒരു സംരംഭമായി തുടങ്ങാന്‍ കഴിയുന്ന ഒന്നാണ് ഈ സേവന ശൃംഖല.
വിദ്യാഭ്യാസ രംഗത്തെ സംരംഭങ്ങള്‍
ഓണ്‍ലൈന്‍ പഠന രീതികള്‍ വ്യപകമാവുന്ന ഇക്കാലത്ത് സഹകരണാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ക്കു ഏറെ പ്രസക്തിയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ നിന്നു ഓപ്പണ്‍ സമ്പ്രദായത്തിലേക്കു മാറാനിടയുണ്ട്. അങ്ങനെ വരുമ്പോള്‍ പലയി ടങ്ങളിലുള്ള വിദ്യാസമ്പന്നരെ കൂട്ടി യോജിപ്പിച്ചു നടത്താന്‍ കഴിയുന്ന ഒട്ടേറെ സര്‍വ്വകലാശാലകള്‍ രൂപം കൊണ്ടേക്കാം. ഇത്തരം സര്‍വകലാശാലകള്‍ സഹകരണാടിസ്ഥാനത്തില്‍ നടത്തിയാല്‍ നല്ല വിദ്യാഭ്യാസം കുറഞ്ഞ ചെലവില്‍ എല്ലാവര്ക്കും നല്കാന് കഴിയും. ഇതിനൊക്കെപ്പുറമെ, യൂബര്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ കമ്പോളവും ഉണ്ടാവേണ്ടതുണ്ട്. പലതരം തൊഴിലുകളില്‍ പ്രാവീണ്യമുള്ള ആളുകള്‍ക്ക് ചെറിയ രജിസ്ട്രേഷന് ഫീ കൊടുത്തുകൊണ്ട് ആപ്പുകള്‍ നിര്‍മിക്കാം. ആ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ നമുക്ക് ആവശ്യമുള്ള തൊഴിലാളികളെ ഓരോ പ്രദേശത്തും കിട്ടും. ഇത്തരം തൊഴിലാളി സംരംഭങ്ങള്‍ മുതല്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങാന്‍ കഴിയുന്ന യൂബര്‍ ഈറ്റ്സ് രീതിയില്‍ വീടുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ഭക്ഷ്യ വിതരണ ശൃംഖല വരെ പ്ലാറ്റ്ഫോം സഹകരണ സംരംഭങ്ങളായി നടത്താവുന്നതാണ്.
നമ്മുടെ തൊടിയില്‍ വളരുന്ന കറിവേപ്പിലയും പപ്പായയും മുതല്‍ ഒരു കുല പഴത്തില്‍ നമ്മുടെ ആവശ്യം കഴിഞ്ഞു ബാക്കി വരുന്നവ തൊട്ടടുത്ത ആവശ്യക്കാര്‍ക്ക് വില്ക്കാന് കഴിയുന്ന തരത്തിലുള്ള മാര്‍ക്കറ്റിങ് സംരംഭങ്ങള്‍ വരെ സഹകരണാടിസ്ഥാനത്തില്‍ നടത്താനുള്ള സാധ്യത കേരളത്തില്‍ ഏറെയാണ്. ചക്ക, കപ്പ , ചേനപ്പുഴുക്കുകള് തുടങ്ങിയ തനതു ഭക്ഷ്യ വിഭവങ്ങളെ നമ്മുടെ കമ്പോളത്തിലേക്കു കൊണ്ടുവരാനും അങ്ങനെ എണ്ണക്കടികളില്‍ നിന്നും ഹോട്ടല്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഭക്ഷണ വിതരണ ശൃംഖലകളില്‍ നിന്നും വീട്ടില്‍ ആരോഗ്യകരമായ ചുറ്റുപാടില്‍ നിര്‍മിക്കുന്ന ചെറുകിട ഭക്ഷണ ഉല്‍പ്പാദന മേഖലയിലേക്കു കടക്കാനും നമുക്കു കഴിയും. കമ്പോളത്തിന്റെ സാധ്യത ഉപയാഗിച്ചു ഇത്തരം വിഭവങ്ങള്‍ വിതരണം നടത്താന്‍ സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കു കഴിയും. ഇങ്ങനെയൊക്കെയേ കേരളത്തിന്റെ തകര്‍ന്നടിയുന്ന സാമ്പത്തിക രംഗത്തെ കൈപിടിച്ചു കയറ്റാനും ആരോഗ്യകരമായ ഒരു ഉല്‍പ്പാദന, വിതരണ ശൃംഖല കെട്ടിപ്പടുക്കാനും നമുക്ക് സാധിക്കുകയുള്ളു.
വിനോദരംഗത്തും പ്ലാറ്റ്ഫോം സംഘമാവാം
വിനോദ രംഗത്തുള്ള ചൈനയുടെയും മറ്റും ആധിപത്യത്തെയും പ്ലാറ്റ്ഫോം സംഘങ്ങള്‍ വഴി നമുക്കു നേരിടാനാവും. കേരളത്തിന്റെ തനതു കളികളുമായി പുതിയ സംരംഭകര്‍ക്ക് ഈ മേഖലയിലേക്കു കടന്നുവരാവുന്നതാണ്. മനുഷ്യ വിഭവത്തിന്റെ ഉപയോഗമാണ് ഇതിലൊക്കെ പ്രധാനമായും വേണ്ടി വരുന്ന ചെലവ്. മനുഷ്യ വിഭവ മൂലധനം ഉപയോഗിച്ച് കൂട്ടായി തുടങ്ങാന്‍ കഴിയുന്ന, ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പല വ്യവസായ യൂണിറ്റുകളൂം സഹകരണാടിസ്ഥാനത്തില്‍ നടത്താവുന്നതാണ്. ഒരേ താല്‍പ്പര്യമുള്ള പല വ്യക്തികള്‍ കൂട്ടുചേര്‍ന്ന് ചെറിയ രീതിയില്‍ മുതല്‍മുടക്കു നടത്തി വ്യവസായ ഭീമന്മാരെ വെല്ലാന്‍ കഴിയുന്ന പ്രസ്ഥാനങ്ങള്‍ക്കു തുടക്കമിടണം.ഇതിനൊക്കെ ആദ്യം വേണ്ടത് നമ്മുടെ ഒരു റിസോഴ്സ് മാപ്പിങ് നടത്തുകയാണ്. ഈ പ്രവര്‍ത്തനം പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടത്താവുന്നതാണ്.
കോവിഡ് കാലത്ത് കുടുംബശ്രീ അറുനൂറു പുതിയ സംരംഭങ്ങള്‍ തുടങ്ങിയത് നമ്മള് കണ്ടു. എന്നാല്‍, ഈ സംരംഭങ്ങളില്‍ എത്രയെണ്ണത്തിന് നല്ല രീതിയില്‍ ലാഭത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് ചോദ്യം. സംരംഭങ്ങള്‍ തുടങ്ങുക എന്നതല്ല അതിന്റെ ഉല്‍പ്പാദനച്ചെലവ് കുറച്ചു ലാഭകരമാക്കി മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് പ്രധാനം. ഈ സംരംഭങ്ങളൊക്കെ കൂട്ടിച്ചേര്‍ത്തു ഒരു വന്‍കിട കമ്പനിയുടെ സ്വഭാവത്തില്‍ ലാഭകരമായി നടത്തിക്കൊണ്ടുപോയാല്‍ സുസ്ഥിരമായ ഒരു വികസിത സംസ്ഥാനമായി കേരളത്തിനു മാറാന്‍ കഴിയും.
ഉല്‍പ്പാദനം മാത്രമല്ല അതിന്റെ വിതരണവും ഏറെ പ്രധാനമാണ് എന്നറിയണം. അതുകൊണ്ടുതന്നെയാണ് സഹകരണാടിസ്ഥാനത്തിലുള്ള സംരംഭങ്ങള്‍ക്ക് ഇന്നത്തെ കാലഘട്ടത്തില്‍ പ്രസക്തി വര്‍ധിക്കുന്നത്. ഇവിടെ നിര്‍ദേശിച്ചിട്ടുള്ള സംരംഭങ്ങള്‍ സുഗമമായി നടത്താന്‍ കഴിയുന്ന, മുതല്‍ മുടക്കാന്‍ കഴിയുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. വിരലിലെണ്ണാവുന്ന അത്തരം വലിയ സംരംഭകരിലല്ല നമുക്കു താല്‍പ്പര്യം. സഹകരണ സ്ഥാപനങ്ങള്‍ക്കു എങ്ങനെ നമ്മുടെയിടയിലെ അസമത്വത്തെ ഇല്ലാതാക്കാന്‍ കഴിയും എന്നതാണിവിടെ ഉയരുന്ന പ്രസക്തമായ ചോദ്യം.
മുതലാളിത്തത്തിന്റെ പ്രവര്‍ത്തനരീതി
എങ്ങനെയാണ് മുതലാളിത്തം പ്രവര്‍ത്തിക്കുന്നത് ? അവര്‍ ആദ്യം പണമിറക്കുന്നു. അതിനു ശേഷം ചരക്കുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഈ ചരക്കുകള്‍ എന്തെന്നും എന്തിനെന്നും മുതലാളിത്തം തീരുമാനിക്കുന്നത് ഏതു ഉല്‍പ്പന്നം ലാഭം നല്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. ലാഭം ലഭിക്കുന്ന വസ്തുക്കള്‍ ആദ്യമിറക്കിയ പണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മിച്ച് വില്‍ക്കുകയും കൂടുതല്‍ പണം ഉണ്ടാവുകയും ചെയ്യുന്നു. ഈ ലാഭമാണ് കൂടുതല്‍ മുതല്‍മുടക്കിന്റെയും മുതലാളിത്ത സംരംഭങ്ങളുടെ നിലനില്‍പ്പിന്റെയും അടിസ്ഥാന തത്വം. എന്നാല്‍, പലപ്പോഴും പൊതു സംരംഭങ്ങളുടെ പ്രശ്നം, ഇവ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ്. കാരണം, അവിടെയാണ് സംരംഭകരും തൊഴിലാളികളും തമ്മിലുള്ള വ്യത്യാസം. തൊഴിലാളികളുടെ വരുമാനം ഒരിക്കലും നെഗറ്റീവ് ആവില്ല. എന്നാല്‍, സംരംഭകരുടെ വരുമാനം ചിലപ്പോള്‍ നഷ്ടം വന്ന് നെഗറ്റീവ് ആവാം. ആയതിനാല്‍ അവരുടെ വരുമാനം കൂട്ടണമെങ്കില്‍ ചെലവ് കുറയ്ക്കുകയും ഉല്‍പ്പാദന ക്ഷമത കൂട്ടുകയും വേണം. മുതലാളിത്തം ഇതിനായി കൂടുതല്‍ മൂലധനം ഇറക്കുകയും തൊഴിലാളികളുടെ കൂലിയുടെ അനുപാതം കുറയ്ക്കുകയും അങ്ങനെ കൂടുതല്‍ ലാഭമുണ്ടാക്കുകയും ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍, ഈ ലാഭം തൊഴിലാളികള്‍ക്കുതന്നെ വിതരണം ചെയ്തുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് മുതലാളിത്ത ഉല്‍പ്പാദന രീതികളില്‍ നിന്നുകൊണ്ട് കമ്യൂണിസ്റ്റ് ഉല്‍പ്പാദനബന്ധം നില നിര്‍ത്താന്‍ കഴിയും. അതിനു മുതലാളിത്തം ഉപയോഗിക്കുന്ന മാനേജീരിയല്‍ കഴിവുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. അവിടെയാണ് നമുക്ക് പലപ്പോഴും തെറ്റിപ്പോകുന്നത്. അതുകൊണ്ടാണ് പൊതു മേഖലയെ അപേക്ഷിച്ചു സ്വകാര്യ മേഖല പലപ്പോഴും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. അവ ലാഭത്തിലല്ലെങ്കില്‍ പൂട്ടിപ്പോകും.
കൂലിക്കാര് തന്നെ സംരംഭകരാവുന്നു
കൂലിക്കാര് തന്നെ സംരംഭകരാവുന്ന പ്രവര്‍ത്തനമാണ് സഹകരണ മേഖലയില്‍ നടക്കുന്നത്. അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നു. അവരുടെ വരുമാനം എല്ലാവരും കൂടി വീതിച്ചെടുക്കുകയും ചെയ്യുന്നു. ഇതാണ് ഏകദേശം എല്ലാ സ്വയം സഹായ സംഘങ്ങളിലും നടക്കുന്നത്. എന്നാല്‍, ഇതിന്റെ പ്രധാന പ്രശ്നം, നിലനില്‍ക്കുന്ന മുതലാളിത്ത വ്യവസ്ഥയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്കു കമ്പോളത്തിന്റെ മത്സരത്തെ അതിജീവിക്കാന്‍ പ്രയാസമുണ്ടാകും എന്നതാണ്. അവിടെയാണ് ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകുമ്പോള്‍ എങ്ങനെ ചെലവ് കുറയ്ക്കാം, എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം, എങ്ങനെ നന്നായി മാനേജ് ചെയ്യാം എന്നതൊക്കെ പ്രധാനമാകുന്നത്.
എല്ലാവരും നല്ല മാനേജര്‍ ആയിക്കൊള്ളണമെന്നില്ല. നമ്മുടെ കുടുംബശ്രീ സംരംഭകര്‍ക്ക് പറ്റുന്നത് അവരൊക്കെത്തന്നെ ചെറുകിട സംരംഭകരായി നിലനില്ക്കുകയും എല്ലാവരും മാനേജരും എല്ലാവരും പണിക്കാരും ആവുകയും ചെയ്യുന്നു എന്നതാണ്. മാനേജ്മെന്റ് നമ്മള് കരുതുന്നതുപോലെ എല്ലാവര്ക്കും ചെയ്യാന്‍ കഴിയുന്ന ഒന്നല്ല. അതിനാലാണ് ചിലര്‍ മാത്രം വ്യവസായികളും ചിലര്‍ പരാജിതരുമാവുന്നത്. ഇന്നും കേരളം മനസ്സിലാക്കാത്ത വസ്തുത, മാനേജ്മന്റ് എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു ജോലിയാണ് എന്നതാണ്. എന്നാല്‍, കേരളത്തിന്റെ ഒരു തനതു സഹകരണ പ്രസ്ഥാനമായി വിദ്യാസമ്പന്നരായ വ്യക്തികളുടെ നേതൃത്വത്തില്‍ കുടുംബശ്രീ സംരംഭങ്ങള്‍ കൂട്ടി യോജിപ്പിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ അവയ്ക്ക് നമ്മുടെ കമ്പോളത്തില്‍ കടന്നു കയറാന്‍ കഴിയും. നിര്‍ഭാഗ്യവശാല്‍, ഇത്തരം ഒരു നീക്കവും ഇതുവരെ നടന്നിട്ടില്ല. വിവര സാങ്കേതിക വിദ്യയുടെ കാലഘട്ടത്തില്‍ ഒരു മുതലാളിത്ത ഉല്‍പ്പാദന രീതിയില്‍ അത്തരം സംരംഭങ്ങളോട് മത്സരിച്ചുകൊണ്ട് കടന്നു കയറാന്‍ കഴിയുന്ന പ്രസ്ഥാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
മനുഷ്യവിഭവശേഷി വലിയ മുതല്‍മുടക്ക്
മുകളില്‍ സൂചിച്ചിച്ച സംരംഭങ്ങള്‍ക്കുള്ള പ്രത്യേകത നമ്മുടെ മനുഷ്യവിഭവമാണ് ഏറ്റവും വലിയ മുതല്‍മുടക്ക് എന്നതാണ്. ഇവിടെയുള്ള വിദ്യാ സമ്പന്നരായ ആളുകളെക്കൂടി ചേര്‍ത്തുകൊണ്ട് സ്വയം സഹായ സംഘങ്ങള്‍ രൂപവത്കരിക്കാന്‍ സര്‍ക്കാരുകള്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. സംരംഭങ്ങള്‍ നടത്താനും സംസ്ഥാനത്തെ സാമ്പത്തിക ശക്തിയായി മാറ്റാനും ഇവിടത്തെ വിദ്യാസമ്പന്നര്‍ക്കാണ് കൂടുതല്‍ കഴിയുക. അവരെ യോജിപ്പിക്കാനും കുടുംബശ്രീ പോലെ ഒത്തു ചേര്‍ന്ന് ആശയ രൂപവത്കരണം നടത്തി സ്വന്തമായി സഹകരണ സംഘങ്ങളായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാനും സഹകരണ , വിദ്യാഭ്യാസ , യുവജനക്ഷേമ വകുപ്പുകളും കൃഷി , വ്യവസായ, ആരോഗ്യ വകുപ്പുകളുമൊക്കെച്ചേര്ന്നുകൊണ്ടുള്ള കൂട്ടായ മുന്നേറ്റം ഉണ്ടാകേണ്ടതുണ്ട്.
നമ്മുടെ നാടിനെ മാറ്റാന്‍ കഴിവുള്ള വ്യക്തികള്‍ സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുകയും അല്ലാത്തവര്‍ നേതൃത്വത്തിലേക്ക് വരികയും ചെയ്യുന്നത് പലപ്പോഴും നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തില്‍ യുവാക്കളെയും വിദ്യാര്‍ഥികളെയും വിദ്യാസമ്പന്നരായ വീട്ടമ്മമാരെയും ഒഴിവാക്കുന്നതിലൂടെയാണ്. ആയതിനാല്‍ നമ്മുടെ പൊതു മുന്നേറ്റത്തിന്റെ സ്വഭാവം എല്ലാവരെയും ചേര്ത്തുകൊണ്ടുള്ളതാവണം. ഇതിനു തുടക്കം കുറിക്കേണ്ടത് കോളേജുകളില്‍ നിന്നും സ്കൂളുകളില്‍ നിന്നുമാണ് . കേരളത്തിലെ മുഴുവന്‍ ജനതയെയും അവരുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ കൂട്ടിച്ചേര്‍ത്ത് താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ യോജിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ തലത്തില്‍ നേതൃത്വം കൊടുക്കുകയാണെങ്കില്‍ ഇന്നു നമ്മള് നടത്തുന്ന ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ക്കും സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനത്തിനുമൊക്കെ ഒരു ബദല്‍ ഉണ്ടാവാന്‍ ഒരു പ്രയാസവുമില്ല. അങ്ങനെ കേരളത്തിന് പുതിയൊരു സഹകരണ മാതൃക മുന്നോട്ടു വെക്കാനും ഒരു മാവേലിനാട് യഥാര്‍ഥ്യമാക്കാനും കഴിയും. മുതലാളിത്ത ഉല്‍പ്പാദന രീതികളിലൂടെ ഒരു കമ്യൂണിസ്റ്റ് ഉല്‍പ്പാദന ബന്ധം സ്ഥാപിക്കാന്‍ സഹകരണ പ്രസ്ഥാനങ്ങളില്‍ ഊന്നിയുള്ള മുന്നേറ്റങ്ങള്‍ക്കേ കഴിയുകയുള്ളൂ എന്നു നമ്മള് തിരിച്ചറിയേണ്ടതുണ്ട്.
പ്ലാറ്റ്ഫോം സഹകരണം
ഡിജിറ്റല്‍ ഡെമോക്രസി എന്ന മുദ്രാവാക്യവുമായി ഒട്ടേറെ രാജ്യങ്ങളില്‍ പ്ലാറ്റ്ഫോം സഹകരണ സംഘങ്ങള്‍ വിജയകരമായി നടന്നുപോരുന്നുണ്ട്. സഹകരണ ഉടമസ്ഥതയിലുള്ളതും ജനാധിപത്യപരവുമായ ഒരു ബിസിനസ് രൂപമാണിത്. ഇവിടെ ആശ്രയിക്കുന്നവര്‍ തന്നെയാണ് ഉടമകള്‍. അവര്‍തന്നെയാണ് ഭരിക്കുന്നതും. മുതലാളിത്ത സമ്പദ് വ്യവസ്ഥക്കുള്ള ധാര്‍മിക ബദലാണ് പ്ലാറ്റ്ഫോം സഹകരണ സംഘങ്ങള്‍.
2014 ല്‍ പ്രൊഫ. ട്രെബോര്‍ ഷോള്‍സാണ് പ്ലാറ്റ്ഫോം സഹകരണം എന്ന വാക്ക് രൂപപ്പെടുത്തിയത്. ജനപ്രിയമായ പഴയ പങ്കുവെക്കല്‍ സമ്പദ് വ്യവസ്ഥകളെ വിമര്‍ശിക്കുന്ന ട്രെബോര്‍ ഇടനിലക്കാരില്ലാതെ തൊഴിലാളികള്‍ക്ക് അധ്വാനം വിനിമയം ചെയ്യാനുതകുന്ന ജനാധിപത്യ നിയന്ത്രിത സഹകരണ ബദലുകള്‍ക്കു വേണ്ടിയാണ് വാദിക്കുന്നത്. കോര്‍പ്പറേറ്റ് ഇടനിലസ്ഥാപനങ്ങളുടെ ഊറ്റല്‍ രീതിയില്‍ നിന്നു വ്യത്യസ്തമായി നീതിപൂര്‍വം ഡിജിറ്റലായി പ്രവര്‍ത്തിക്കുന്ന സമ്പദ് വ്യവസ്ഥ കൊണ്ടുവരാനാവുമെന്നു പ്ലാറ്റ് ഫോം സഹകരണത്തിന്റെ വക്താക്കള്‍ കരുതുന്നു.
[mbzshare]