കുടിയേറ്റക്കാര്‍ക്ക് കൈത്താങ്ങായികൂടരഞ്ഞി സഹകരണ ബാങ്ക്
യു.പി. അബ്ദുള്‍ മജീദ്
(2020 മാർച്ച് ലക്കം)
ഒരു ദേശസാല്‍ക്കൃത ബാങ്ക് ദത്തെടുത്ത ഗ്രാമം
കടക്കെണിയിലമര്‍ന്നപ്പോള്‍ കര്‍ഷകരെ
രക്ഷിക്കാനെത്തിയത് കൂടരഞ്ഞി സര്‍വീസ്
സഹകരണ ബാങ്കായിരുന്നു. ആറരപ്പതിറ്റാണ്ടിന്റെ
ചരിത്രമുള്ള ഈ ബാങ്ക് ആരോഗ്യ, വിദ്യാഭ്യാസ,
ക്ഷീര മേഖലകളിലും ജനങ്ങള്‍ക്ക് താങ്ങായി
മാറിയിരിക്കുന്നു
കുടിയേറ്റ കര്‍ഷകരുടെ കണ്ണീര്‍ വീണ സ്ഥലമാണ് കക്കാടംപൊയില്‍. ദേശസാല്‍കൃത ബാങ്കുകളുടെ ഗ്രാമങ്ങള്‍ ദത്തെടുക്കല്‍ പദ്ധതി പ്രകാരം ഇന്ത്യയില്‍ ആദ്യമായി ഒരു ബാങ്ക് ദത്തെടുത്ത ഗ്രാമം. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍ 1971 ല്‍ ദത്തു ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ടതോടെ ബാങ്കിന്റെ വായ്പാ പദ്ധതികള്‍ ഗ്രാമത്തിലേക്ക് ഒഴുകി. വയനാട്ടിലെത് പോലെയുള്ള കാലാവസ്ഥയായിരുന്നു അക്കാലത്ത് കക്കാടംപൊയിലിന്റെ പ്രത്യേകത. കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികള്‍ക്കും കാലി വളര്‍ത്തലിനുമൊക്കെയായിരുന്നു ലക്ഷങ്ങളുടെ വായ്പ.
വായ്പ എടുക്കാനും തിരിച്ചടക്കാനുമുള്ള സൗകര്യം പരിഗണിച്ച് കക്കാടംപൊയിലില്‍ ദത്തെടുത്ത ബാങ്ക് ശാഖയും തുറന്നു. എന്നാല്‍, ആറേഴ് വര്‍ഷം കൊണ്ട് എല്ലാം തകിടം മറിഞ്ഞു. കാലാവസ്ഥയില്‍ വലിയമാറ്റങ്ങള്‍ വന്നു. കാപ്പിക്കൃഷി പരാജയപ്പെട്ടു. രോഗം വന്നു കുരുമുളക് തോട്ടങ്ങള്‍നശിച്ചു. റബ്ബറും കവുങ്ങും പരീക്ഷിച്ച് പരാജയപ്പെട്ടു. വായ്പ തിരിച്ചടക്കാനാവാതെ കര്‍ഷകര്‍ കടക്കെണിയിലായി. ജപ്തി നോട്ടീസുകള്‍ വന്നതോടെ കര്‍ഷകര്‍ സമര രംഗത്തിറങ്ങി. ബാങ്ക് ശാഖ പൂട്ടി. വാണിജ്യ ബാങ്കുകളുടേയും സഹകരണ ബാങ്കുകളുടേയും വായ്പാനയത്തിലെ വ്യത്യാസം കര്‍ഷകര്‍ തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അത്.
പ്രതിസന്ധിയില്‍ ജനങ്ങള്‍ക്കൊപ്പം
പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ കൂടരഞ്ഞി സഹകരണ ബാങ്കിന് കഴിഞ്ഞു. ഒരു ബാങ്കും കക്കാടംപൊയിലുകാര്‍ക്ക് വായ്പ കൊടുക്കാത്ത കാലത്ത് കൂടരഞ്ഞി ബാങ്ക് ഡയരക്ടര്‍മാരും ജീവനക്കാരും ഗ്രാമത്തിലെ വീടുകള്‍തോറും കയറിയിറങ്ങി സഹായഹസ്തം നീട്ടി. വസ്തുജാമ്യമില്ലാതെ വായ്പ നല്‍കി. ദേശസാല്‍കൃത ബാങ്കിലെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് പണയാധാരങ്ങള്‍ തിരിച്ചുവാങ്ങാന്‍ നിരവധി പേര്‍ക്ക് സഹകരണ ബാങ്ക് തുണയായി. അത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കര്‍ഷകര്‍ക്കായിരുന്നു ഈ കൈത്താങ്ങ്. 2018 ആഗസ്റ്റി ലുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മലവെള്ളം കുത്തിയൊലിച്ച് വീട് തകര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട കൂടരഞ്ഞി കല്‍പ്പിനിയിലെ തയ്യില്‍തൊടികയില്‍ പ്രകാശന്റെയും മകന്‍ പ്രബിറേയുടെയും കുടുംബത്തിനു വീടുണ്ടാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത കുടരഞ്ഞി സഹകരണ ബാങ്ക് മാസങ്ങള്‍ക്കകം പണി പൂര്‍ത്തിയാക്കുകയുണ്ടായി. പ്രകാശന്റെ ഭാര്യ ബിന്ദു താക്കോല്‍ ഏറ്റുവാങ്ങി പുതിയ വീട്ടില്‍ താമസം തുടങ്ങുന്നതിന് സാക്ഷിയാവാന്‍ നിരവധി പേരുണ്ടായിരുന്നു. തനത് ഫണ്ടില്‍ നിന്ന് പണമെടുത്താണ് ബാങ്ക് സാമൂഹിക പ്രതിബദ്ധത നിറവേറ്റിയത്. സംസ്ഥാന സര്‍ക്കാറിന്റെ കെയര്‍ ഹോം പദ്ധതിയില്‍ പനക്കച്ചാലിലെ കല്ലോലിക്കല്‍ കല്യാണിക്ക് ബാങ്ക് വീട് നല്‍കുകയുണ്ടായി.
സേവന രംഗത്തുമുണ്ട് കൂടരഞ്ഞി ബാങ്കിന്റെ തനതായ പദ്ധതികള്‍. ആരോഗ്യമേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണ് കൂടരഞ്ഞി. പൂവാറന്‍ തോട്, കക്കാടംപൊയില്‍, മഞ്ഞക്കടവ് തുടങ്ങിയ ഉള്‍പ്രദേശങ്ങളില്‍ നിന്ന് പതിനഞ്ചും ഇരുപതും കിലോമീറ്റര്‍ യാത്ര ചെയ്ത് കൂടരഞ്ഞിയിലെത്തിയാല്‍ വൈദ്യസഹായം കിട്ടാന്‍ തിരുവമ്പാടിയിലോ മുക്കത്തോ പോവണം. ചികിത്സാരംഗത്തെ ഈ പ്രയാസം പരിഹരിക്കാന്‍ കൂടരഞ്ഞി സഹകരണ ബാങ്ക് ആരംഭിച്ച നീതി ക്ലിനിക് നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസം പകരുന്നു. ഇവിടെ ഡോക്ടറേയും നഴ്‌സിനേയും നിയമിച്ച് മികച്ച സേവനം ഉറപ്പു വരുത്താന്‍ ബാങ്കിന് കഴിഞ്ഞു. പൊതു വിദ്യാഭ്യാസ രംഗത്ത് മുമ്പൊന്നുമില്ലാത്ത ഉണര്‍വ്വ് പ്രകടമാവുമ്പോള്‍ അതില്‍ പങ്കാളിത്തം നേടാനും കൂടരഞ്ഞി സഹകരണ ബാങ്ക് മുന്നിലുണ്ട്. മഞ്ഞക്കടവ് ഗവ.എല്‍.പി.സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു വര്‍ഷം പ്രഭാതഭക്ഷണം നല്‍കുന്ന കുടരഞ്ഞി ബാങ്ക് കക്കാടംപൊയില്‍ ഗവ.എല്‍.പി. സ്‌കൂളിലും വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വിദ്യാര്‍ഥികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും ബാങ്ക് ആരംഭിച്ച വിദ്യാര്‍ഥി മിത്ര പദ്ധതിക്ക് നല്ല പ്രതികരണമാണ് കൂടരഞ്ഞിയില്‍. സംസ്ഥാനം പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നടപടികള്‍ തുടങ്ങിയപ്പോള്‍ കൂടരഞ്ഞി ബാങ്ക് മാതൃകാപരമായ പദ്ധതിയുമായാണ് ഒപ്പം ചേര്‍ന്നത്. ഒരു വീട്ടില്‍ ഒരു തുണി സഞ്ചിയെങ്കിലും എത്തിക്കുക എന്ന ബാങ്കിന്റെ പദ്ധതിക്ക് ജനങ്ങള്‍ നല്ല സ്വീകരണം നല്‍കി. നാലേകാല്‍ കോടി രൂപ ചെലവില്‍ കൂടരഞ്ഞി ബാങ്ക് പണിത മൂന്ന് നില കെട്ടിടവും ടൂറിസം രംഗത്ത് മലയോര മേഖലയുടെ വളര്‍ച്ച മുന്നില്‍ക്കണ്ടാണ്. കെട്ടിടത്തിന്റെ ആദ്യ രണ്ട് നിലകളും ബാങ്കിങ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ മൂന്നാംനിലയില്‍ എ.സി. മുറികളുണ്ടാക്കി വാടകക്ക് നല്‍കി വരുമാനമുണ്ടാക്കുകയാണ് ബാങ്ക്. കൂടരഞ്ഞി ബാങ്കിന്റെ മുന്‍ പ്രസിഡന്റും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പി. കെ. ജോര്‍ജിന്റെ സ്മാരകമായി, പൂര്‍ണമായി ശീതീകരിച്ച ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്. ഇതും വാടകക്ക് നല്‍കുന്നു.
കൂട്ടായ്മയുടെ പാഠം
1954 ല്‍ കൂടരഞ്ഞി കേന്ദ്രമായി ആരംഭിച്ച വിവിധോദ്ദേശ്യ ഐക്യ നാണയ സംഘമാണ് 1961 ല്‍ സഹകരണ സൊസൈറ്റിയായും 1969 ല്‍ സഹകരണ ബാങ്കായും മാറിയത്. കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ അനുഭവപ്പെട്ട ദുരിതങ്ങളാണ് ഐക്യ നാണയ സംഘത്തിന്റെ രൂപവല്‍ക്കരണത്തിന് കാരണമായത്. മധ്യ തിരുവിതാംകൂറില്‍ നിന്നു വന്ന് 1946 മുതല്‍ കൂടരഞ്ഞി ഭാഗത്ത് താമസം തുടങ്ങിയവര്‍ നാട്ടില്‍ നിന്നു വരുമ്പോള്‍ കൊണ്ടു വന്ന കൂട്ടായ്മയുടെ പാഠങ്ങളായിരുന്നു ഐക്യനാണയ സംഘത്തിന്റെ പ്രാരംഭ മൂലധനം. കൂടരഞ്ഞി പള്ളി വികാരിയായിരുന്ന ഫാ. ബര്‍നാഡിന്‍ സംഘത്തിന്റെ രൂപവത്കരണത്തിന് ഒത്താശകള്‍ ചെയ്തു. പാറേക്കുടിയില്‍ ഔസേഫ് എന്ന് നാട്ടുകാര്‍ വിളിക്കുന്ന പി.എം. ജോസഫായിരുന്നു ആദ്യ പ്രസിഡന്റ്. കാരിക്കാട്ടില്‍ മാത്യു മാസ്റ്ററും കെ.പി.ജോസഫ് മാസ്റ്ററും ഓണററി സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചു. കുടിയേറ്റക്കാരുടെ നിത്യജീവിതത്തിന്റെ എല്ലാ മേഖകളിലും സംഘം ഇടപെടാന്‍ തുടങ്ങിയതോടെ കുടിയേറ്റ മേഖലയിലെ മികച്ച സംഘമായി മാറാന്‍ കഴിഞ്ഞു. പി. ജെ. ജോസഫ്, പി.കെ. ജോര്‍ജ്, അബ്രഹാം കുഴുമ്പില്‍, പി.ടി. മാത്യു, എം.ജെ. കുര്യാക്കോസ് , പി.എം.തോമസ്, പി. എം. മത്തായി, പി.എം. ഫ്രാന്‍സിസ്, വിത്സന്‍ പുല്ലുവേലില്‍ തുടങ്ങിയവര്‍ ബാങ്കിനെ നയിച്ചു.
25 അംഗങ്ങളുമായി തുടങ്ങിയ സംഘത്തിലിപ്പോള്‍ ആറായിരത്തിലധികം അംഗങ്ങളുണ്ട്. 22 ജീവനക്കാര്‍ ബാങ്കിന്റെ കീഴില്‍ ജോലി ചെയ്യുന്നു. കാര്‍ഷിക മേഖലയായ കൂടരഞ്ഞിയില്‍ കൃഷിക്കും അനുബന്ധ മേഖലക്കും പരമാവധി വായ്പ നല്‍കുന്ന ബാങ്ക് കച്ചവടക്കാര്‍ക്ക് സൗകര്യപ്രദമായ തിരിച്ചടവ് സൗകര്യത്തോടെ വായ്പകള്‍ നല്‍കുന്നുണ്ട്. 25 ലക്ഷം രൂപ വരെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നത് കച്ചവടക്കാര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഭവന വായ്പയും വാഹന വായ്പയും കുറഞ്ഞ പലിശയില്‍ നല്‍കുന്നുണ്ട്. ആദ്യകാലത്ത് 250 രൂപ വരെ വായ്പ നല്‍കിയിരുന്ന ബാങ്ക് ഇപ്പോള്‍ 35 ലക്ഷം രൂപ വരെ നല്‍കുന്നുണ്ട്. പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കൂടരഞ്ഞി സഹകരണ ബാങ്കില്‍ ആധുനിക പണ കൈമാറ്റ സൗകര്യങ്ങളുണ്ട്. ഗ്രൂപ്പ് നിക്ഷേ പപദ്ധതികളാണ് ബാങ്കിന്റെ ഏറ്റവും വലിയ നിക്ഷേപ സമാഹരണ സംരംഭം. മൂന്നര കോടി രൂപയുടെ ഇടപാടുകള്‍ ഈ ഇനത്തില്‍ നടക്കുന്നുണ്ട്. സ്ത്രീ ശാക്തീകരണ രംഗത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീക്ക് നല്ല തുക വായ്പയായി നല്‍കുന്ന കൂടരഞ്ഞി ബാങ്ക് മാതൃകാസംഘങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനങ്ങളും നല്‍കുന്നു. കുടുംബശ്രീ സംഘങ്ങള്‍ക്ക് 15 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നുണ്ട്. ലളിതമായ ജാമ്യ വ്യവസ്ഥയാണ് വനിതാ സംഘങ്ങള്‍ക്ക് ബാധകമാക്കിയിരിക്കുന്നത്. ഇത്തരം സംഘങ്ങളുടെ വായ്പ തിരിച്ചടവും വളരെ മികച്ചതാണ്.
ഉദാര വായ്പ
ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദാരമായ വായ്പയാണ് ബാങ്ക് നല്‍കുന്നത്. ചെറുതും വലുതുമായ നിരവധി ഫാമുകള്‍ക്ക് ബാങ്ക് ധനസഹായം നല്‍കിയിട്ടുണ്ട്. ഉപജീവന മാര്‍ഗം കണ്ടെത്താന്‍ വീട്ടമ്മമാര്‍ക്ക് ബാങ്ക് തുണയായിട്ടുണ്ട്. ആട്, കോഴി, മത്സ്യം എന്നിവ വളര്‍ത്താന്‍ കൂടരഞ്ഞി ബാങ്ക് നല്‍കുന്ന പ്രോത്സാഹനം കുടിയേറ്റ മേഖലയില്‍ കാര്‍ഷിക അനുബന്ധ മേഖലക്ക് കരുത്ത് പകരുന്നു.
പരമ്പരാഗത ബാങ്കിങ് മേഖലയില്‍ നിന്ന ഉപഭോക്തൃ സേവന രംഗത്തേക്കുള്ള മാറ്റം കൂടരഞ്ഞി ബാങ്കിന് സാധാരണക്കാര്‍ക്കിടയില്‍ വലിയ അംഗീകാരമാണ് നേടിക്കൊടുത്തത്. നീതി സ്റ്റോറില്‍ നിന്നു സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് തിരിഞ്ഞതോടെ 30 ലക്ഷത്തോളം രൂപയുടെ വാര്‍ഷിക വിറ്റുവരവ് ലഭിക്കുന്നു. മലയോര മേഖലയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ കൃത്രിമമായി വര്‍ധനവുണ്ടാക്കുന്ന പ്രവണതക്ക് തടയിടാനായതും കൂടരഞ്ഞി ബാങ്കിന്റെ വിജയമാണ്. സ്‌കൂള്‍മാര്‍ക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാണ്.
കാര്‍ഷിക മേഖലയില്‍ എറ്റവും കൂടുതല്‍ ഇടപാട് നടക്കുന്ന വളം വില്‍പനയില്‍ ശ്രദ്ധയൂന്നി 50 ലക്ഷത്തിലധികം രൂപ വാര്‍ഷിക വിറ്റുവരവുണ്ടാക്കാന്‍ ബാങ്കിന് കഴിയുന്നുണ്ട്. മലയോരമേഖലയിലെ കൃഷിഭവനുകര്‍ക്ക് ആവശ്യമായ രാസ ജൈവവളങ്ങളും കീടനാശിനികളും നാമമാത്ര ലാഭമെടുത്ത് ബാങ്ക് വിതരണം ചെയ്യുന്നുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ കാര്‍ഷികപദ്ധതികള്‍ക്ക് ബാങ്കിന്റെ സേവനം വലിയ സഹായമാണ്. കൂടരഞ്ഞി അങ്ങാടിയില്‍ ബാങ്ക് ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോറില്‍ അലോപ്പതി, വെറ്ററിനറി മരുന്നുകള്‍ വിലക്കുറവില്‍ ലഭിക്കുന്നു. 75 ലക്ഷം രൂപയുടെ മരുന്നുകള്‍ ഇവിടെ വര്‍ഷത്തില്‍ വിറ്റഴിയുന്നുണ്ട്. രോഗ നിര്‍ണയത്തിന് ആധുനിക സൗകര്യങ്ങളുള്ള ലാബ് നിര്‍മാണം അവസാന ഘട്ടത്തിലാണ്. കൂടരഞ്ഞി ടൗണില്‍ കല്യാണമണ്ഡപം നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് ബാങ്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കാര്‍ഷിക നഴ്‌സറിയും ഫാമും വികസന പദ്ധതികളായി നടപ്പാക്കും.
എല്‍.ജെ.ഡി. ദേശീയ സമിതി അംഗവും പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ എല്‍ .പി .സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്ററുമായ പി. എം. തോമസാണ് 2012 മുതല്‍ കൂടരഞ്ഞി ബാങ്കിന്റെ പ്രസിഡന്റ്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയരക്ടര്‍, കൂടരഞ്ഞി ഹൗസിങ് സൊസൈറ്റി സ്ഥാപക ഡയരക്ടര്‍, കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികളും പി.എം. തോമസ്മാസ്റ്റര്‍ വഹിച്ചിട്ടുണ്ട്. ജോസ് തോമസ് മാവറയാണ് വൈസ് പ്രസിഡന്റ്. തോമസ് പ്ലാക്കാട്ട്, ഒ. എ. സോമന്‍, പി. അബ്ദുറഹിമാന്‍, സോളമന്‍ മുഴുവഞ്ചേരില്‍, സോമനാഥന്‍ കുട്ടത്ത്, സജി പെണ്ണാം പറമ്പില്‍, ബിജി വര്‍ഗീസ്, ഷീബ റോയി, ഷൈല ടോമി എന്നിവര്‍ ഡയരക്ടര്‍മാരാണ്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ ജിമ്മി ജോസ് പൈമ്പിള്ളില്‍ ആണ് ബാങ്ക് സെക്രട്ടറി.
[mbzshare]