മലപ്പുറം ജില്ലാ ബാങ്കിന്റെ വിധി പറയുമ്പോള്‍
മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ വിധി സര്‍ക്കാര്‍ കുറിച്ചു കഴിഞ്ഞു. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കുന്നതോടെ മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമാകുമെന്നാണു നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥ. നേരത്തെ ഓര്‍ഡിനന്‍സിലൂടെ ഇക്കാര്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. സഹകരണ വായ്പാ മേഖലയെ രണ്ടു തട്ടിലേക്കു മാറ്റാനാണു സംസ്ഥാന – ജില്ലാ ബാങ്കുകളെ ലയിപ്പിച്ചതെന്ന് ഇത്തരമൊരു നിയമനിര്‍മാണത്തിനുള്ള കാരണമായി സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ ഇതു നടപ്പായി. മലപ്പുറം ജില്ലാ ബാങ്ക് മാത്രം ലയനത്തെ എതിര്‍ത്തതോടെ കേരളത്തില്‍ മലപ്പുറത്തു മാത്രമായി മൂന്നുതല വായ്പാ ഘടന നിലനില്ക്കുന്നു. ഇതാണു നിര്‍ബന്ധിത ലയനത്തിനു വഴിയൊരുക്കിയത് എന്നതാണു വിശദീകരണം. ഇതു ശരിയാണ്. ഒരു സംസ്ഥാനത്തു രണ്ടുതരം വായ്പാ ഘടന അഭികാമ്യമല്ല. എന്നു മാത്രമല്ല, പ്രായോഗിക പ്രശ്നങ്ങളും ഏറെയാണ്. പക്ഷേ, ഈ ഘട്ടത്തില്‍ ഒരു ആത്മപരിശോധനയും നമ്മള് നടത്തേണ്ടതുണ്ട്.
കേരള ബാങ്ക് നിലവില്‍വന്നിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയായി. പ്രതീക്ഷിച്ച എന്തൊക്കെ നേട്ടങ്ങള്‍ ഇതിനകം ഉണ്ടായി എന്നതു പരിശോധിക്കണം. വായ്പയ്ക്കു പലിശനിരക്കു കുറയുമെന്നായിരുന്നു പ്രധാനമായും പറഞ്ഞത്. അതുണ്ടായിട്ടില്ല. പ്രാഥമിക ബാങ്കുകള്‍ക്ക് ആധുനിക ബാങ്കിങ് സേവനം ഉറപ്പാക്കുമെന്നതായിരുന്നു മറ്റൊന്ന്. അതും നടന്നില്ല. പകരം സംഭവിച്ചതോ ? പ്രാഥമിക ബാങ്കുകളോട് മത്സരിക്കുന്ന വിധം പലിശ കുറച്ച് കേരള ബാങ്ക് നേരിട്ട് വായ്പ നല്‍കിത്തുടങ്ങി. പ്രാഥമിക സംഘങ്ങള്‍ക്കു നല്കുന്ന സേവനങ്ങള്‍ക്കു ഫീസ് നിരക്ക് കൂട്ടി. വായ്പേതര സംഘങ്ങളുടെ ഓഹരികള്‍ക്കു ലാഭവിഹിതം ഇല്ലാതായി. ഈ സംഘങ്ങളിലെ ജീവനക്കാര്‍ക്കു സംസ്ഥാന സഹകരണ ബാങ്ക് നിയമനത്തിനു നല്‍കിയിരുന്ന സംവരണം ഒഴിവാക്കി. അങ്ങനെ ഏറെയുണ്ട് എടുത്തുപറയാന്‍.
ഇനി ഗൗരവമേറിയ മറ്റൊരു വശം കൂടിയുണ്ട്. സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും കൊണ്ടുവരുന്ന നിയന്ത്രണങ്ങളെല്ലാം കേരള ബാങ്കിനു ബാധകമാവുകയും ജില്ലാ ബാങ്കുകള്‍ക്കു ബാധകമാവാതിരിക്കുകയും ചെയ്യുന്നതാണത്. ബോര്‍ഡ് ഓഫ് മാനേജ്മെന്റ്, ഓഹരി പിന്‍വലിക്കുന്നതിനുള്ള വിലക്ക് എന്നിവയൊന്നും ജില്ലാ ബാങ്കുകള്‍ക്കില്ല. കേരള ബാങ്കിന് ഈ വര്‍ഷം മുന്‍വര്‍ഷം നേടിയതിനേക്കാള്‍ അഞ്ചിലൊന്നു പ്രവര്‍ത്തനലാഭം നേടാനേ കഴിഞ്ഞുള്ളു. കോവിഡ് വ്യാപനമാണ് ഇതിനു കാരണമായി പറയുന്നത്. ഇതേ കോവിഡ്കാലത്ത് മുന്വര്ഷത്തേപ്പോലെത്തന്നെ അറ്റലാഭം നിലനിര്‍ത്താന്‍ മലപ്പുറത്തിനു കഴിഞ്ഞുവെന്നതും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിന്റെ പാതയില്‍ സംസ്ഥാന – ജില്ലാ ബാങ്കുകളുടെ ലയനം നടത്താന്‍ ആലോചിച്ച സംസ്ഥാനങ്ങളെല്ലാം ഇപ്പോള്‍ വീണ്ടുവിചാരത്തിലാണ്. ഉത്തര്‍പ്രദേശ് പിന്മാറിക്കഴിഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങളുടെ സംരക്ഷണത്തിനു ജില്ലാ ബാങ്കുകള്‍ അനിവാര്യമാണെന്ന തിരിച്ചറിവാണു കാരണം. നമുക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമാകാം. പക്ഷേ, തിരുത്തലിന്റെ വഴികള്‍ ആവോളം ഉപയോഗിക്കേണ്ടതുണ്ട്. കണ്ണടച്ച് ഇരുട്ടാക്കി രാത്രിയായെന്നു പ്രഖ്യാപിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കണം.
‘ മൂന്നാംവഴി ‘ സഹകരണ മാസിക പ്രസിദ്ധീകരണത്തിന്റെ അഞ്ചാം വര്‍ഷത്തിലേക്കു കടന്നിരിക്കുകയാണ്. എന്നും ഞങ്ങളോടൊപ്പം നിന്നിട്ടുള്ള മാന്യ വരിക്കാര്‍ക്കും വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും പരസ്യദാതാക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി.