ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സഫറിന് ഇന്നുമുതല്‍ കുറഞ്ഞ നിരക്ക്
ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ രീതികളായ ആര്.ടി.ജി.എസ്., എന്‍.ഇ.എഫ്.ടി. സേവനങ്ങള്‍ക്ക് നിരക്ക് കുറച്ച റിസര്‍വ് ബാങ്കിന്റെ നടപടി ജൂലായ് ഒന്നിന് പ്രാബല്യത്തിലാകും.
പണമിടപാട് കുറയ്ക്കുകയും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണ് റിസര്‍വ് ബാങ്ക് നിരക്ക് കുറച്ചത്. ജനങ്ങള്‍ ഡിജിറ്റല്‍ രീതിയിലേക്ക് മാറാനൊരുങ്ങുമ്പോള്‍ അതിനുള്ള ഇളവ് അവര്‍ക്ക് നല്കാന് ബാങ്കുകള്‍ തയാറാകണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
വലിയ തുകകള്‍ കൈമാറുന്നതിനാണ് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ( ആര്.ടി.ജി.എസ്. ) ഉപയോഗിക്കുന്നത്. രണ്ടുലക്ഷം രൂപ വരെയുള്ള തുകയുടെ കൈമാറ്റത്തിനാണ് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ( എന്‍.ഇ.എഫ്.ടി. ) സംവിധാനം ഉപയോഗിക്കുന്നത്. ഒരു രൂപ മുതല്‍ അഞ്ചു രൂപ വരെയാണ് എന്‍.ഇ.എഫ്.ടി.ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്നത്. ആര്.ടി.ജി.എസ്സിന് അഞ്ചു രൂപ മുതല്‍ 50 രൂപ വരെയാണ് നിരക്ക്.
2016 നവംബറിന് ശേഷം ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫറുകളുടെ തോത് 600 ഇരട്ടിയായി വര്‍ദ്ധിച്ചുവെന്നാണ് കണക്ക്. ചെറുകടകളില്‍ പോലും പണം കൈമാറ്റത്തിന് പകരം ഇലക്ട്രോണിക് രീതിയാണ് ഉപയോഗിക്കുന്നത്. രാജ്യത്താകെ എ.ടി.എം. ഉപയോഗിക്കുന്നരുടെ എണ്ണവും കുറഞ്ഞു. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ ഇടപാടുകാരെ പണരഹിത ഇടപാടിലേക്ക് എത്തിക്കാനാണിത്.
[mbzshare]