സോളാര്‍ പദ്ധതി: സബ്സിഡി വായ്പയ്ക്ക് സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തണം
വീടുകളുടെ പുരപ്പുറത്തുനിന്ന് സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ ലഘൂകരിച്ചതോടെ സഹകരണ ബാങ്കുകളെയും പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ബജറ്റില്‍ ഇത്തരമൊരു പദ്ധതി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും
സൗരോര്‍ജ വൈദ്യുതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ പദ്ധതി നിര്‍വഹണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കിയത്.
വീട്ടുടമകള്‍ക്ക് നേരിട്ട് താത്പര്യമുള്ളവരെ ഉപയോഗിച്ച് സൗരോര്‍ജ പാനലുകള്‍ ഘടിപ്പിക്കാം. ഇങ്ങനെ വൈദ്യുതോത്പാദനം ആരംഭിക്കുന്നവര്‍ക്കും നിശ്ചിത സബ്സിഡി അനുവദിക്കുമെന്നാണ് പുതിയ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം കേന്ദ്ര പാരമ്പര്യേതര ഊര്‍ജമന്ത്രി ആര്.കെ. സിങ്ങിന്റെ സാന്നിധ്യത്തില്‍ നടന്ന അവലോകനയോഗത്തെത്തുടര്ന്നാണ് ഈ നിര്‍ദേശം.
നേരത്തെ വൈദ്യുതി ബോര്‍ഡോ അനര്‍ട്ടോ എംപാനല്‍ ചെയ്ത സ്ഥാപനങ്ങള്‍ വഴിയായിരുന്നു പാനലുകള്‍ ഘടിപ്പിച്ചിരുന്നത്. സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച് വൈദ്യുതി ബോര്‍ഡിന്റെയോ അനര്‍ട്ടിന്റെയോ പോര്‍ട്ടല്‍ വഴി സ്ഥാപിച്ച പാനലുകളുടെ ചിത്രമുള്‍പ്പെടെ ചേര്‍ത്ത് അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ചാല്‍ 15 ദിവസത്തിനകം വൈദ്യുതമീറ്ററുകള്‍ ഘടിപ്പിച്ച് വൈദ്യുതി എടുത്തുതുടങ്ങണമെന്നും നിര്‍ദേശമുണ്ട്. സൗരോര്‍ജ വൈദ്യുതി പാനലുകള്‍ ഘടിപ്പിക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ ഇതുമൂലം കഴിയുമെന്നാണ് കരുതുന്നത്.
മൂന്ന് കിലോവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന പാനലുകള്‍ സ്ഥാപിച്ചവര്‍ക്ക് 40 ശതമാനവും മൂന്ന് കിലോവാട്ട് മുതല്‍ 10 കിലോവാട്ട് വരെ ഉത്പാദിപ്പിക്കുന്നവര്‍ക്ക് 20 ശതമാനവുമാണ് സബ്സിഡി. ഇത് പാനലുകള്‍ സ്ഥാപിച്ച് 30 ദിവസത്തിനകം ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും. പുതിയ നിര്‍ദേശം വന്നതോടെ പ്രാദേശികമായി സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നവര്ക്കുകൂടി അവസരം ലഭിക്കും.
ഈ തീരുമാനത്തിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സഹകരണ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കുകകൂടി ചെയ്താല്‍ അത് വൈദ്യുതി ഉല്പാദനം കൂട്ടാന്‍ വഴിയൊരുക്കുമെന്നാണ് സഹകാരികളുടെ നിര്‍ദ്ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പുരപ്പുറ സൗരോര്‍ജ പദ്ധതി വ്യാപിപ്പിക്കുകയും, ഇതിനാവശ്യമായ വായ്പ സഹകരണ ബാങ്കുകള്‍വഴി ലഭ്യമാക്കുകയും ചെയ്യുമെന്നായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം. സര്‍ക്കാര്‍ സബ്സിഡി സഹകരണ ബാങ്കുകള്‍ക്കുകൂടി നല്‍കാനുള്ള തീരുമാനമാണ് ഉണ്ടാവേണ്ടത്. സംസ്ഥാനത്ത് ഒരു വര്‍ഷത്തിനകം ഒരു ലക്ഷം പുരപ്പുറ സൗരോര്‍ജ വൈദ്യുതി ഉത്പാദകരെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സഹകരണ പങ്കാളിത്തത്തിലുള്ള പദ്ധതി വേണമെന്നും സഹകാരികള്‍ ആവശ്യപ്പെടുന്നു.