സംഘങ്ങളുടെ ഓഡിറ്റിന്ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ; അനുകൂലിച്ച് സി.എ.ജി

Deepthi Vipin lal

സഹകരണ സംഘങ്ങളുടെ ഓഡിറ്റിന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ സേവനം ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തോട് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. സഹകരണ ഓഡിറ്റില്‍ സമഗ്രപരിഷ്‌കാരം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ചീഫ് സെക്രട്ടറി സി.എ.ജി.ക്ക് കത്തയച്ചത്.

ഉന്നത ഉദ്യോഗസ്ഥരുടെ പാനല്‍ എ.ജി. സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഈ പാനലില്‍ നിന്നു സംസ്ഥാന സര്‍ക്കാരിന് ഉദ്യോഗസ്ഥനെ നിയമിക്കാം. സേവന, വേതന വ്യവസ്ഥകള്‍ നിശ്ചയിച്ച് അറിയിക്കാനും സി.എ.ജി. ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സംസ്ഥാന
സഹകരണ ഓഡിറ്റ് ഡയറക്ടറായിട്ടായിരിക്കും ഉദ്യോഗസ്ഥനെ നിയമിക്കുക. എന്നാല്‍, കേന്ദ്ര ഉദ്യോഗസ്ഥന് സ്വതന്ത്ര ചുമതല നല്‍കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഡയറക്ടര്‍ക്ക് സ്വതന്ത്ര ചുമതല നല്‍കുന്നതില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ട്. ഡയറക്ടറെ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ നിയമിച്ചാല്‍ മതിയെന്നാണ് പ്രധാന നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാര്‍ ഇത് അംഗീകരിക്കാനാണ് സാധ്യത. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രത്യേക സംഘം രൂപീകരിച്ച് ഓഡിറ്റ് നടത്താനാണ് ആലോചന.

ഓഡിറ്റിങ് കാര്യക്ഷമമാക്കുന്നതിന് പുറമെ സഹകരണ വകുപ്പിലെ വിജിലന്‍സ് സംവിധാനവും ശക്തിപ്പെടുത്തും. നിലവില്‍ റീജിയണല്‍ വിജിലന്‍സില്‍ ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പകരം എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കും. സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളില്‍ ക്രിമിനല്‍ കേസെടുക്കും. കൃത്യമായ പരിശോധനയും നടപടിയും ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News