ബാങ്കിംഗ് നിയമഭേദഗതി ബിൽ – 14 ന് കൊച്ചിയിൽ വിപുലമായ കൺവെൻഷൻ.

adminmoonam

കേന്ദ്ര സർക്കാരിന്റെ പുതിയ ബാങ്കിംഗ് നിയമഭേദഗതി ബിൽ 2020 കേരളത്തിലെ സഹകരണ മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഈ മാസം 14 ന് കൊച്ചിയിൽ വിപുലമായ കൺവെൻഷൻ നടത്താൻ സഹകരണ വകുപ്പ് തീരുമാനിച്ചു. രാവിലെ 11 മണിക് ആരംഭിക്കുന്ന കൺവെൻഷനിൽ സംസ്ഥാനത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലെ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും പങ്കെടുക്കും. ഏകദേശം മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന കൺവെൻഷനിൽ സഹകരണ മേഖലയിലെ പൊതുവായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം ആദായനികുതി നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള പ്രായോഗിക നടപടികളും ചർച്ചചെയ്യുമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ. ജയശ്രീ പറഞ്ഞു.

അതിനിടെ ബാങ്കിങ് നിയമഭേദഗതി ബിൽ സഹകരണ മേഖലയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് ശിൽപശാല സംഘടിപ്പിക്കും. പ്രമുഖ സഹകാരികളും നിയമജ്ഞരും ചാർട്ടേഡ് അക്കൗണ്ടന്റ്മാരും ഉദ്യോഗസ്ഥരും ശില്പശാലയിൽ പങ്കെടുപ്പിക്കും. ബിൽ നിയമമായാൽ സംസ്ഥാനത്തെ സഹകരണമേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് ശില്പശാല ചർച്ച ചെയ്യും. ശിൽപ്പശാലയിൽ ഉരുത്തിരിയുന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ സർവ്വകക്ഷി യോഗം വിളിക്കുന്നത് സംബന്ധിച്ച് ആലോചിക്കാനും തീരുമാനിച്ചിട്ടുണ്ട്.

14 ന് കൊച്ചിയിൽ നടക്കുന്ന വിപുലമായ കൺവെൻഷനിൽ ആദായനികുതി നിയമവുമായി ബന്ധപ്പെട്ട പ്രായോഗിക നടപടികൾ ആണ് പ്രധാനമായും ചർച്ച ചെയ്യുക. ഇതിനായി വിദഗ്ധർ പരിശീലനവും നൽകും. ആദായ നികുതി നിയമത്തിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളെ സംബന്ധിച്ച് പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാർ കൺവീനറായി പതിനൊന്നംഗ സ്ഥിരം സമിതി രൂപീകരിക്കാനും തീരുമാനമായി. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് കത്ത് നൽകാനും തത്വത്തിൽ ധാരണയായിട്ടുണ്ട്.

പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി കൊണ്ട് പാർലമെന്റ് മെമ്പർമാർ വഴി വിഷയം സഭയിൽ അവതരിപ്പിക്കാൻ ശ്രമം നടത്തും. സർവ്വകക്ഷി സംഘം തലസ്ഥാനത്ത് ചെന്ന് കേന്ദ്രമന്ത്രിമാർക്ക് നിവേദനം നൽകുന്നതുസംബന്ധിച്ചും ആലോചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News