മലപ്പുറം ജില്ലാബാങ്ക് ജീവനക്കാര്‍ കേരളബാങ്കിനൊപ്പം- മന്ത്രി
സംസ്ഥാന-ജില്ലാബാങ്കുകളുടെ ലയനത്തെ എതിര്‍ത്ത മലപ്പുറം ജില്ലാബാങ്കിലെ ജീവനക്കാര്‍ കേരളബാങ്കിന് അനുകൂലമാണെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മലപ്പുറത്തെയും കേരളബാങ്കിനൊപ്പം ചേര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മലപ്പുറം ജില്ലാബാങ്കിലെ അംഗങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകളില്‍ മൂന്നിലൊന്നും കേരളബാങ്കിനെ അനുകൂലിക്കുന്നവരാണ്- മന്ത്രി പറഞ്ഞു.
രണ്ടു വര്‍ഷത്തിലേറെയായി ജില്ലാബാങ്കിനെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാക്കിയതിനെക്കുറിച്ചുള്ള പി. ഉബൈദുള്ളയുടെ ചോദ്യത്തിന് നിയമസഭയിലായിരുന്നു മന്ത്രിയുടെ മറുപടി.
ചരിത്രത്തിലിതുവരെ ഇത്രയും കാലം കേരളത്തിലെ സഹകരണ ബാങ്കുകളെ ഉദ്യോഗസ്ഥ ഭരണത്തിലാക്കിയിട്ടില്ല. ജില്ലാബാങ്കുകള്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആവശ്യക്കാര്‍ക്ക് വായ്പ നല്‍കുന്നില്ല. ബാങ്കിന്റെ സേവനം പോലും ഉറപ്പാക്കാനാകുന്നില്ല. അതിനാല്‍, ജില്ലാബാങ്കുകളില്‍ ജനകീയ ഭരണം ഉറപ്പാക്കണം- ഉബൈദുള്ള ആവശ്യപ്പെട്ടു.
കേരളബാങ്ക് വരുന്നതുകൊണ്ടാണ് ജില്ലാബാങ്ക് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താത്തതെന്ന് മന്ത്രി മറുപടി നല്‍കി. ഇതിന്റെ പേരില്‍ ജില്ലാബാങ്കുകള്‍ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല. എല്ലാ ജില്ലാബാങ്കുകളും മെച്ചപ്പെട്ട രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്- മന്ത്രി പറഞ്ഞു.
2017-ല്‍ ഓണസ്സമ്മാനമായി കേരളബാങ്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണിതെന്ന് ഉബൈദുള്ള ഓര്‍മ്മിപ്പിച്ചു. എന്നിട്ട് എന്തായി ? കേരളബാങ്ക് ഇതുവരെ വന്നില്ല. ഇനി എന്നു വരുമെന്ന് ഉറപ്പുമില്ല. അതിനാല്‍, ജില്ലാബാങ്കുകളെയെങ്കിലും രക്ഷിക്കണം. അല്ലെങ്കില്‍ സഹകരണ മേഖലതന്നെ തകരും. ഉദ്യോഗസ്ഥ ഭരണമാണെങ്കിലും പിന്‍വാതില്‍ നിയമനങ്ങളും തിരുകിക്കയറ്റലുമാണ് ജില്ലാബാങ്കുകളില്‍ നടക്കുന്നത്. പി.എസ്.സി. റാങ്ക് പട്ടിക നിലവിലുണ്ട്. അതില്‍ ആറായിരത്തോളം ഉദ്യോഗാര്‍ഥികളാണ് റാങ്ക് പട്ടികയിലുള്ളത്. അവരെ നിയമിക്കുന്നില്ല. അതിന് പകരം പിന്‍വാതില്‍ നിയമനമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് അഡ്മിനിസ്ട്രേറ്റര്‍മാരായി ജില്ലാബാങ്കിലുള്ളത്. അതിനാല്‍, പിന്‍വാതില്‍ നിയമനങ്ങളുടെ പേരില്‍ ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമോ- ഉബൈദുള്ള ചോദിച്ചു. വഴിവിട്ട നിയമനങ്ങള്‍ ജില്ലാബാങ്കുകളില്‍ നടക്കുന്നില്ലെന്ന് സഹകരണ മന്ത്രി മറുപടി നല്‍കി. പി.എസ്.സി.വഴിയുള്ള നിയമനങ്ങള്‍ ജില്ലാബാങ്കില്‍ നടത്തിയിട്ടുണ്ട്. റാങ്ക് പട്ടികയില്‍ 6000 പേരുണ്ട് എന്നതിനാല്‍ അവര്‍ക്കെല്ലാം നിയമനം നല്‍കാനാവില്ല- മന്ത്രി പറഞ്ഞു.
[mbzshare]