തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിന് സര്‍ക്കാര്‍ വക 22 കോടി
തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിന് 22 കോടിരൂപ സര്‍ക്കാര്‍ അനുവദിക്കും. ഇത്രയും തുകയ്ക്കുള്ള ഓഹരി ബാങ്ക് സര്‍ക്കാരിന് നല്‍കണമെന്നാണ് വ്യവസ്ഥ. ബാങ്കിന്റെ മൂലധന പര്യാപ്തത നിലനിര്‍ത്താനാണിത്. തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിന്റെ നഷ്ടവും മൂലധന പര്യാപ്തത കുറഞ്ഞതുമാണ് കേരളബാങ്ക് രൂപീകരണത്തിന് പ്രധാന തടസ്സമായി നല്‍ക്കുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നടപടി.
സഹകരണ സംഘം രജിസ്ട്രാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 22 കോടിരൂപ സര്‍ക്കാര്‍ ഒറ്റത്തവണയായി അനുവദിച്ചത്. ഒമ്പത് ശതമാനം മൂലധന പര്യാപ്തത(സി.ആര്‍.എ.ആര്‍.) വേണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. എന്നാല്‍, തിരുവനന്തപുരം ജില്ലാബാങ്കിന് ഇത് പൂജ്യത്തിലും താഴെയാണ്. ഇതുകൊണ്ടാണ് ഓഹരിയിനത്തില്‍ പണം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നഷ്ടത്തിലായതിനാലും നിഷ്‌ക്രിയ ആസ്തി കൂടിയതിനാലും തിരുവനന്തപുരം ജില്ലാബാങ്കില്‍ നേരത്തെ കടുത്ത നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളബാങ്ക് രൂപീകരണത്തിന് മുന്നൊരുക്കമായായിരുന്നു ഇത്. 180 ദിവസത്തില്‍ കൂടുതല്‍ കാലാവധിയുള്ള നിക്ഷേപം സ്വീകരിക്കുന്നതിന് ഇപ്പോള്‍ അനുമതിയില്ല. രണ്ടുകോടിയില്‍ കൂടുതല്‍ പണം നിക്ഷേപമായി സ്വീകരിക്കുന്നതിനും നിയന്ത്രണമുണ്ട്. നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി നാലുശാഖകള്‍ അടച്ചുപൂട്ടി.
[mbzshare]