രാജ്യത്തെ ഓരോ പഞ്ചായത്തിലും ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സംഘം തുടങ്ങണം- മന്ത്രി അമിത് ഷാ
അടുത്ത അഞ്ചു കൊല്ലത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘം ആരംഭിക്കണമെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.
സഹകരണ പ്രസ്ഥാനത്തിന്റെ ആത്മാവാണു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍. രാജ്യത്തെ മൂന്നു ലക്ഷം ഗ്രാമപ്പഞ്ചായത്തുകളില്‍ ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സംഘം തുടങ്ങാന്‍ നമുക്കു കഴിഞ്ഞാല്‍ അതു ഗ്രാമീണ ഇന്ത്യയെ ശക്തിപ്പെടുത്തും. മാത്രമല്ല, സഹകരണ പ്രസ്ഥാനം അതോടെ അവഗണിക്കാനാവാത്ത ഒരു ശക്തിയായി മാറുകയും ചെയ്യും- മന്ത്രി അഭിപ്രായപ്പെട്ടു.
മികച്ച പ്രവര്‍ത്തനം നടത്തിയ സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കുള്ള അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി അമിത് ഷാ. ഓരോ പഞ്ചായത്തിലും ഒരു പ്രാഥമിക സംഘം തുടങ്ങാനുള്ള ശ്രമം നടത്തണമെന്നു അദ്ദേഹം സംസ്ഥാന-ജില്ലാ ബാങ്കുകളോട് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ജില്ലാ ബാങ്കുകളെ സഹായിക്കാന്‍ നബാര്‍ഡും മുന്നോട്ടു വരണമെന്നു ഡല്‍ഹിയില്‍ ചേര്‍ന്ന ചടങ്ങില്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇപ്പോള്‍ പ്രതിവര്‍ഷം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ നല്‍കുന്ന വായ്പ രണ്ടു ലക്ഷം കോടി രൂപയുടേതാണ്. രണ്ടു ലക്ഷം സംഘങ്ങള്‍ കൂടി വന്നാല്‍ അതു പത്തു ലക്ഷം കോടി രൂപയാകും. ഖേദകരമെന്നു പറയട്ടെ, 1992 മുതല്‍ ഗ്രാമീണ വായ്പ കുറഞ്ഞുവരികയാണെന്നാണു നബാര്‍ഡിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്ലാ വിധത്തിലും പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ പ്രൊഫഷണലാക്കാന്‍ നമ്മള്‍ കഠിനാധ്വാനം ചെയ്‌തേ തീരൂ – അമിത് ഷാ പറഞ്ഞു.
[mbzshare]