മുന്‍ ജില്ലാ ബാങ്കുകളുടെ ലയനം: കേരള ബാങ്കിനു ഏകീകൃത ശമ്പള സ്‌കെയില്‍ നിലവില്‍ വന്നു

[mbzauthor]

13 ജില്ലാ സഹകരണ ബാങ്കുകളുടെ ആസ്തികളും ബാധ്യതകളും കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ( കേരള ബാങ്ക് ) ലയിപ്പിച്ചതിനെത്തുടര്‍ന്ന് ‘  കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് കേഡര്‍ സംയോജന പദ്ധതി – 2020 ‘   നിലവില്‍ വന്നു. ഇതനുസരിച്ച് മുന്‍ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍ക്കും കേരള ബാങ്ക് ജീവനക്കാര്‍ക്കുമുള്ള ഏകീകൃത ശമ്പള സ്‌കെയില്‍ നിര്‍ണയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു.

ലയനത്തിലൂടെ ജില്ലാ സഹകരണ ബാങ്കുകളിലെ ഓഫീസര്‍മാരും ജീവനക്കാരും കേരള ബാങ്കിന്റെ ഓഫീസര്‍മാരും ജീവനക്കാരുമായി മാറിയതിനെത്തുടര്‍ന്നു കേരള ബാങ്കില്‍ ഇനിയുള്ള റിക്രൂട്ട്‌മെന്റിനും പ്രൊമോഷനും മറ്റു നിയമനങ്ങള്‍ക്കും പ്രത്യേക ചട്ടം ആവശ്യമായി വന്നിരിക്കുകയാണ്. ഇതിനുള്ള പുതിയൊരു റിക്രൂട്ട്‌മെന്റ് ചട്ടത്തിനു അനുമതി തേടിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ മുഖാന്തരം കേരള ബാങ്ക് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം കേരള ബാങ്കിലെ വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ചട്ടത്തിനും കാഡര്‍ സ്ട്രങ്ത്ത് സ്റ്റേറ്റ്‌മെന്റിനും സര്‍ക്കാര്‍ അംഗീകാരം നല്‍കി. റിക്രൂട്ട്‌മെന്റ് ചട്ടം വിജ്ഞാപനം ചെയ്തുകൊണ്ട് ജില്ലാ ബാങ്കുകളിലെയും കേരള ബാങ്കിലെയും ജീവനക്കാരുടെ ശമ്പള സ്‌കെയില്‍ ഏകീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ വെക്കാന്‍ കേരള ബാങ്കിനോടാവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്, കേരള ബാങ്ക് ശമ്പള സ്‌കെയില്‍ ഏകീകരണ നിര്‍ദേശം സഹകരണ സംഘം രജിസ്ട്രാര്‍ മുഖാന്തരം സമര്‍പ്പിച്ചു. അവ വിശദമായി പഠിച്ച സര്‍ക്കാര്‍ വിവിധ തസ്തികകളിലേക്കുള്ള ശമ്പള സ്‌കെയില്‍ പുതുക്കി നിശ്ചയിച്ചു.

റിക്രൂട്ട്‌മെന്റ് ചട്ടം നിലവില്‍ വന്ന 2021 ആഗസ്റ്റ് രണ്ടിനാണു ഏകീകൃത ഉത്തരവ് നിലവില്‍ വരിക. സ്‌പെഷല്‍ റൂള്‍ പ്രാബല്യത്തില്‍ വന്ന 2021 ആഗസ്റ്റ് രണ്ടിനു മാത്രമേ പുതുക്കിയ സ്റ്റാഫ് പാറ്റേണ്‍ നിലവില്‍ വരികയുള്ളു. അതിനാല്‍, ഈ തീയതി തൊട്ടേ എല്ലാ പ്രമോഷനുകളും ശമ്പളം പുതുക്കലും പ്രാബല്യത്തില്‍ വരികയുള്ളു. മുന്‍ ജില്ലാ ബാങ്കുകളിലെ ജീവനക്കാര്‍ ഏകീകൃത ശമ്പള സ്‌കെയിലിനു കീഴില്‍ വരും. അവരുടെ ഇപ്പോഴത്തെ അടിസ്ഥാന ശമ്പളം പുതിയ മാസ്റ്റര്‍ സ്റ്റേജിലാണെങ്കില്‍ ശമ്പളം ഇതിന്റെ അടിസ്ഥാനത്തില്‍ ഫിക്‌സ് ചെയ്യും. ശമ്പള സ്‌കെയില്‍ ഏകീകരണത്തെത്തുടര്‍ന്നു ശമ്പളം പുതുക്കുകയാണെങ്കില്‍ ജീവനക്കാര്‍ക്കു ശമ്പള കുടിശ്ശികയ്ക്കു അര്‍ഹതയുണ്ടാവില്ല.

കേരള ബാങ്കിലെ ജീവനക്കാര്‍ സ്വാഭാവികമായും പുതുക്കിയ ഏകീകൃത ശമ്പള സ്‌കെയിലില്‍ വരും. ഇവര്‍ക്കു റീ ഫിക്‌സേഷന്‍ ആനുകൂല്യമോ കുടിശ്ശികയോ കിട്ടാന്‍ അര്‍ഹതയുണ്ടാവില്ല. ഒരു കാരണവശാലും ഓപ്ഷന്‍ അനുവദിക്കുന്നതല്ല. പ്രമോഷന്‍ സമയത്തെ ശമ്പള നിര്‍ണയവും പുനര്‍നിര്‍ണയവും സംബന്ധിച്ചു വ്യക്തത കിട്ടാന്‍ ജീവനക്കാര്‍ രജിസ്ട്രാര്‍ വഴി സര്‍ക്കാരിനു അപേക്ഷ നല്‍കണം.

സഹകരണ സെക്രട്ടറിയുടെ ഉത്തരവിനോടൊപ്പം ഓരോ തസ്തികയിലേക്കുമുള്ള ശമ്പള സ്‌കെയിലും കൊടുക്കുന്നു :

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/02/Unification-G-O.pdf” title=”Unification G O”]
[mbzshare]

Leave a Reply

Your email address will not be published.