ടിഡിഎസ്: ഇളവിനു ഫോം 15എച്ച് പോരാ; എന്‍ഡിസി തന്നെ വേണം
സഹകരണസംഘങ്ങള്‍ക്ക് കേരളബാങ്കിലുള്ള നിക്ഷേപത്തിന്റെ പലിശയ്‌ക്ക് ടിഡിഎസ് പിടിക്കുന്നതില്‍നിന്ന് ഒഴിവാകാനായി ഫോം 15 ജി, ഫോം 15എച്ച് എന്നിവ സമര്‍പ്പിക്കാനാവില്ല. സംഘങ്ങള്‍ ഇതിന് അര്‍ഹമല്ലെന്ന് ഇവ സമര്‍പ്പിച്ച സംഘങ്ങള്‍ക്കുള്ള മറുപടിയില്‍ കേരളബാങ്ക് വ്യക്തമാക്കി. ടിഡിഎസ് പിടിക്കുന്നതില്‍നിന്ന് ഒഴിവാകണമെങ്കില്‍ അതിനുള്ള വ്യവസ്ഥകള്‍ പ്രകാരം ആദായനികുതിവകുപ്പില്‍നിന്നുള്ള നോണ്‍ഡിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഡിസി) ആണു സമര്‍പ്പിക്കേണ്ടത്. ഫോം 15 ജി, ഫോം 15 എച്ച് എന്നിവ സ്വയംപ്രഖ്യാപനസ്വഭാവമുള്ള രേഖകളാണ്. ഇവിടെ താമസക്കാരായ വ്യക്തികളായ നികുതിദായകര്‍ക്കുമാത്രമാണ് അതു നല്‍കാന്‍ കഴിയുക. 60വയസ്സില്‍ താഴെയുള്ള നികുതിദായകരായ വ്യക്തികള്‍ക്ക് ഫോം 15ജിയും, അതിനുമുകളില്‍ പ്രായമുള്ള നികുതിദായകരായ വ്യക്തികള്‍ക്കു ഫോം 15 എച്ചും സമര്‍പ്പിക്കാം.

ചില സംഘങ്ങള്‍ ഫോം 15ജി സമര്‍പ്പിച്ചിരുന്നു. പക്ഷേ, നിയമപ്രകാരം വ്യക്തികള്‍ക്കു മാത്രമേ അതു സമര്‍പ്പിക്കാനാവൂ എന്നതിനാല്‍ ആദായനികുതിനിയമം194എ പ്രകാരമുള്ള എന്‍ഡിസി സമര്‍പ്പിക്കാത്തപക്ഷം ടിഡിഎസ് പിടിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി. കേരളബാങ്കിന്റെ ജനറല്‍ ബാങ്കിങ് ആന്റ് ട്രഷറി (ജിബിടി) വിഭാഗത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

