ചന്ദ്രപാല്‍സിങ് യാദവ് വീണ്ടും ഐസിഎ എപി പ്രസിഡന്റ്
അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക്കിന്റെ (ഐസിഎ എ-പി) പ്രസിഡന്റായി സമാജ് വാദി പാര്‍ട്ടി നേതാവും പ്രമുഖ സഹകാരിയുമായ ഡോ. ചന്ദ്രപാല്‍സിങ് യാദവിനെ വീണ്ടും തിരഞ്ഞെടുത്തു. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഐസിഎ എപി റീജിയണല്‍ അസംബ്ലി സമ്മേളനം ഏകകണ്ഠമായാണു തിരഞ്ഞെടുപ്പു നടത്തിയത്. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് സ്വദേശിയാണു ചന്ദ്രപാല്‍സിങ് യാദവ്. 1959 മാര്‍ച്ച് 19ന് ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയില്‍ ജനിച്ച ചന്ദ്രപാല്‍സിങ് യാദവ് എംഎസ്സി, എംഎ (ഭൂമിശാസ്ത്രം),ബിഎഡ്, എല്‍എല്‍ബി, പിഎച്ച്ഡി ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. മുന്ലോക്സഭാംഗവും മുന്‍രാജ്യസഭാംഗവുമായ ചന്ദ്രപാല്‍സിങ് യാദവ് ദേശീയസഹകരണയൂണിയന്‍ (എന്‍സിയുഐ) മുന്‍പ്രസിഡന്റുമാണ്. നിലവില്‍ പ്രമുഖവളംനിര്മാണസഹകരണസംരംഭമായ കൃഷക് ഭാരതി കോഓപ്പറേറ്റീവ് ലിമിറ്റഡിന്റെ (ക്രിബ്കോ) വൈസ്ചെയര്‍മാനാണ്. ജര്‍മനിയിലെ അന്താരാഷ്ട്ര റെയ്ഫീസെന്‍ യൂണിയന് അംഗം, ദേശീയ സഹകരണഉപഭോക്തൃഫെഡറേഷന്(എന്‍സി സിഎഫ്), നാഫെഡ് തുടങ്ങിയവയുടെ ബോര്‍ഡംഗം, ക്രിബ്കോ ചെയര്മാന്, ഐസിഎ എപിയുടെ വൈസ്പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹകരണപ്രസ്ഥാനത്തിന്റെ ആഗോളനേതൃപദവിയില് ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ യത്നങ്ങളുടെയും സഹകരണപ്ലാറ്റ്ഫോമുകളുടെും ഗുണഫലം എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കാനും പരിശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യയില്‍നിന്നും ഇതരരാജ്യങ്ങളില്നിന്നുമുള്ള സഹകരണപ്രസ്ഥാനപ്രതിനിധികള് അദ്ദേഹത്തെ അഭിനന്ദിച്ചു.

ഏഷ്യാ-പസഫിക്് മേഖലയിലെ 32 രാജ്യങ്ങളില്‍നിന്നായി എണ്ണൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ചന്ദ്രപാല്‍സിങ് യാദവിനൊപ്പം പത്തു ഡയറക്ടര്‍മാരെയും രണ്ടു വൈസ്പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ചൈനയുടെ അഡിലി വുബുലിയും മലേഷ്യയുടെ ഡോ. അബ്ദുള്‍ ഫറ്റാഹ് അബ്ദുള്ളയുമാണു വൈസ്പ്രസിഡന്റിമാര്. ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്നാണു പ്രസിഡന്റിനെും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത്. വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിച്ചു ജോര്‍ദാനില്‍നിന്നുള്ള പ്രതിനിധി പരാജയപ്പെട്ടു.

