ടിഡിഎസ്: കേരളബാങ്ക് സംഘങ്ങള്‍ക്ക് അറിയിപ്പു നല്‍കിത്തുടങ്ങി
50കോടിയില്‍പരം രൂപ വിറ്റുവരവുള്ള സഹകരണസംഘങ്ങള്‍ ടിഡിഎസ് പിടിക്കണമെന്ന ഹൈക്കോടതി വിധിയെത്തുടര്‍ന്ന് കേരളബാങ്ക് ടിഡിഎസ് പിടിക്കാനായി സഹകരണസംഘങ്ങള്‍ക്ക് അറിയിപ്പു നല്‍കിത്തുടങ്ങി. ഒക്ടോബര്‍ 25മുതല്‍ കിട്ടുന്ന പലിശക്കു ടിഡിഎസ് ഈടാക്കുമെന്നാണ് അറിയിപ്പ്. ആദായനികുതിനിയമപ്രകാരം സഹകരണസംഘങ്ങള്‍ കേരളബാങ്കില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കു 10% പലിശ (പാന്‍ഇതരമെങ്കില്‍ 20%) നികുതി 2020 ഏപ്രില്‍ ഒന്നുമുതല്‍ അടക്കേണ്ടതാണെന്നുണ്ടെങ്കിലും, കേന്ദ്രപ്രത്യക്ഷനികുതിബോര്‍ഡിന്റെ 19/2025 സര്‍ക്കുലര്‍ പ്രകാരം ഒരു സഹകരണസംഘം മറ്റൊരു സഹകരണസംഘത്തില്‍ നടത്തുന്ന നിക്ഷേപത്തിന്റെ പലിശക്കു നികുതി പിടിച്ചിരുന്നില്ല. പക്ഷേ, 2020 ഏപ്രില്‍മുതല്‍ ടിഡിഎസ് പിടിക്കണമെന്നാണു ഫിനാന്‍സ് ആക്ടിലെ ഭേദഗതി. ഇതിനെതിരെ സംഘങ്ങള്‍ കൊടുത്ത കേസിലെ വിധിപ്രകാരം സംഘങ്ങളുടെ കേരളബാങ്കിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ അരലക്ഷംരൂപയില്‍ കൂടുതലായാല്‍ ഒക്ടോബര്‍ 25മുതല്‍ ടിഡിഎസ് പിടിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു. കേരളബാങ്കിന്റെ വിറ്റുവരവ് 50 കോടിയിലധികമായതാണു കാരണം. ഇക്കൊല്ലം ഏപ്രില്‍ ഒന്നുമുതലുള്ള പലിശക്കാണിതു കണക്കിലെടുക്കുകയെന്നും ഒക്ടോബര്‍ 25മുതലുള്ള പലിശക്കു ടിഡിഎസ് ഈടാക്കുമെന്നുമാണ് അറിയിപ്പ്


