50കോടിയിലേറെ വിറ്റുവരവുള്ള സംഘങ്ങള്‍ക്കു ടിഡിഎസ് ബാധകം: ഹൈക്കോടതി
- കേരളബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിതമാകുന്നതു സംസ്ഥാനവിഷയം
- ഫിനാന്‍സ് നിയമഭേദഗതി ഭരണഘടനാവിരുദ്ധമല്ല
- വിധിക്ക് മുന്‍കാലപ്രാബല്യമില്ല
50 കോടിയിലേറെ വിറ്റുവരവുള്ള സഹകരണസംഘങ്ങള്‍ ഒക്ടോബര്‍ 29മുതല്‍ നിക്ഷേപപ്പലിശക്കു സ്രോതസ്സില്‍നിന്നു നികുതി (ടിഡിഎസ്) പിടിച്ചുനല്‍കാന്‍ ബാധ്യസ്ഥം. 2020ല്‍ ഫിനാന്‍സ് നിയമഭേദഗതിയിലൂടെ പാര്‍ലമെന്റ് കൊണ്ടുവന്ന പ്രൊവിസോ ഹൈക്കോടതി ശരിവച്ചതിനെത്തുടര്‍ന്നാണിത്. ഭേദഗതി ചോദ്യംചെയ്‌തു 315-ഓളം സംഘങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ ഒരുമിച്ചു കണക്കിലടുത്ത് ജസ്‌റ്റിസ് സിയാദ് റഹ്മാന്‍ എ.എ.യുടെതാണ് ഉത്തരവ്. ഭേദഗതി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി. ടിഡിഎസ് പിടിക്കുന്നതു സ്റ്റേ ചെയ്‌ത ഇടക്കാലഉത്തരവുകളിലെ നടപടിക്രമപരവും നിയമപരവുമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യതകള്‍ ഒഴിവാക്കാനാണ് 29ന് ഇരുകൂട്ടരെയും കേട്ടശേഷം അന്നുമുതലായിരിക്കും ഉത്തരവിനു പ്രാബല്യം എന്ന കോടതി വ്യക്തത വരുത്തിയത്.
പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളാണു ഹര്‍ജിക്കാര്‍. 1961ലെ ആദായനികുതിനിയമത്തിലെ 194 എ(3) വകുപ്പില്‍ കൊണ്ടുവന്ന പ്രൊവിസോയുടെ ഭരണഘടനാസാധുത ചോദ്യം ചെയുന്നതാണു ഹര്‍ജികള്‍. കിട്ടുന്നതും കൊടുക്കുന്നതുമായ നിക്ഷേപപ്പലിശക്കു ടിഡിഎസ് പിടിക്കുന്നതില്‍നിന്നുള്ള ഒഴിവാക്കല്‍ (എക്‌സംപ്‌ഷന്‍) ആനുകൂല്യം തുടര്‍ന്നും ലഭിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഭേദഗതി പ്രകാരം 50 കോടിയിലേറെ വിറ്റുവരവ്/ആകെ റസീപ്‌റ്റ്‌സ്/മൊത്തവില്‍പന ഉണ്ടെങ്കില്‍ അത്തരം സംഘങ്ങള്‍ ടിഡിഎസ് പിടിച്ചുനല്‍കാന്‍ ബാധ്യസ്ഥമാണ്. ഇതു വിവേചനവും സ്വേച്ഛാപരവും ഭരണഘടനയുടെ 14-ാംവകുപ്പിന്റെ ലംഘനവുമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി സ്വീകരിച്ചില്ല. സംഘങ്ങള്‍ കേരളബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിതമാകുന്നതു ാനവിഷയമാണെന്നും അതു കേന്ദ്രസ്റ്റാറ്റിയൂട്ട് സ്വേച്ഛാപരമാണെന്നതിന് അടിസ്ഥാനമാവുന്നില്ലെന്നും കോടതി പറഞ്ഞു.അംഗങ്ങള്‍ക്കു കാര്‍ഷികാവശ്യങ്ങള്‍ക്കു ധനസഹായം നല്‍കലാണു സംഘങ്ങളുടെ പ്രധാനപ്രവര്‍ത്തനം. സ്രോതസ്സില്‍ നികുതി പിടിക്കാനുള്ള (ടിഡിഎസ്) ചുമതല സംബന്ധിച്ചുള്ള വകുപ്പാണ് 194(എ). നിര്‍ദിഷ്ട ഇടപാടുകളുടെ കാര്യത്തിലാണു ടി.ഡി.എസ്. പിടിക്കേണ്ടത്. പലിശയായി ആര്‍ക്കു പണം കൊടുത്താലും അതില്‍നിന്നു നിര്‍ദിഷ്ടനികുതി പിടിച്ചുനല്‍കാന്‍ ഇതിലെ ഒന്നാംഉപവകുപ്പുപ്രകാരം എല്ലാവരും ബാധ്യസ്ഥമാണ്. വ്യക്തികള്‍ക്കും അവിഭക്തഹിന്ദുകുടുംബങ്ങള്‍ക്കുംമാത്രമാണ് ഈ ബാധ്യത ബാധകമല്ലാത്തത്. സെക്യൂരിറ്റികളില്‍നിന്നുള്ള പലിശയില്‍നിന്നു ടിഡിഎസ് പിടിക്കേണ്ടതില്ല.

എങ്കിലും മൂന്നാംഉപവകുപ്പിലെ ക്ലോസ് v പ്രകാരം സഹകരണബാങ്കുകളല്ലാത്ത സഹകരണസംഘങ്ങള്‍ അംഗങ്ങള്‍ക്കു കൊടുക്കുന്ന വരുമാനത്തിനു ടിഡിഎസ് പിടിക്കേണ്ട. 194എ(3)ന്റെ viia ക്ലോസ് പ്രകാരം പ്രാഥമികവായ്‌പാസഹകരണസംഘം, സഹകരണഭൂപണയബാങ്ക്, സഹകരണഭൂവികസനബാങ്ക് എന്നിവ അംഗങ്ങള്‍ക്കു കൊടുക്കുന്ന വരുമാനത്തിനു ടിഡിഎസ് പിടിക്കേണ്ട. അതുകൊണ്ടു ഹര്‍ജിക്കാരാരും നിക്ഷേപപ്പലിശയിനത്തില്‍ കിട്ടിയതോ കൊടുത്തതോ ആയ തുകയ്‌ക്കു ടിഡിഎസ് പിടിക്കാന്‍ ബാധ്യസ്ഥമല്ല. പക്ഷേ, 2020ലെ ഫിനാന്‍സ് നിയമഭേദഗതി ഈ സ്ഥിതി മാറ്റി. സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് ക്ലോസ് (v), ക്ലോസ് (viia) എന്നിവയിലാണു മാറ്റം. ഒരു പ്രൊവിസോ കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. ഇതു പ്രകാരം സംഘങ്ങളുടെ മൊത്തം വില്‍പന,മൊത്തം റെസീപ്‌റ്റ്‌സ് അഥവാ വിറ്റുവരവ് (194എയുടെ ഒന്നാംഉപവകുപ്പില്‍ പറയുന്ന സാമ്പത്തികവര്‍ഷത്തിന്റെ തൊട്ടുമുമ്പത്തെ വര്‍ഷം) 50കോടിയില്‍ കൂടുതലാണെങ്കില്‍ പലിശ കൊടുക്കേണ്ടയാള്‍ക്ക് അതു കൊടുക്കുകയോ ക്രെഡിറ്റു ചെയ്യുകയോ ചെയ്യുമ്പോള്‍ ടിഡിഎസ് പിടിക്കണം. ഇതിനെതിരെയാണു ഹര്‍ജികള്‍.
ഹര്‍ജിക്കാരുടെ വാദങ്ങള്‍ ഇവയാണ്:
- കേരളസഹകരണസംഘം നിയമത്തിലെ 57-ാംവകുപ്പുപ്രകാരം സംഘങ്ങള്‍ ഫണ്ട് രജിസ്‌ട്രാര്‍ നിര്‍ദേശിക്കുന്ന വിധമാണു നിക്ഷേപിക്കേണ്ടത്. ഇതനുസരിച്ചുള്ള നിര്‍ദേശങ്ങള്‍പ്രകാരം സംഘങ്ങള്‍ക്കു മിച്ചംതുക കേരളബാങ്കിലേ നിക്ഷേപിക്കാനാവൂ. വന്‍തുക സൂക്ഷിക്കാന്‍വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ സംഘങ്ങളിലില്ലതാനും. കേരളബാങ്കില്‍നിന്നു കിട്ടുന്ന സംഘങ്ങള്‍ക്കു കിട്ടുന്ന പലിശ പലിശവരുമാനമാണ്. സഹകരണസംഘങ്ങളുടെ പലിശവരുമാനം ആദായനികുതിനിയമത്തിന് ആദായനികുതിനിയമം 80പി(2)(ഡി) പ്രകാരം ആദായനികുതിയിളവിന് അര്‍ഹമാണ്. അതുകൊണ്ടു ഫിനാന്‍സ് നിയമഭേദഗതിപ്രകാരമുള്ള നികുതിബാധ്യത തങ്ങള്‍ക്കില്ല.
- 194എ(3)യുടെ അഞ്ചാംക്ലോസും (v) ഏഴ് എ ക്ലോസും (viia) പ്രകാരം സംഘങ്ങള്‍ കിട്ടുന്നതും കൊടുക്കുന്നതുമായ പലിശയില്‍നിന്നു ടിഡിഎസ് പിടിക്കാന്‍ ബാധ്യസ്ഥമല്ല. പക്ഷേ, 194എ(3)യിലെ പുതിയപ്രൊവിസോ പ്രകാരം വില്‍പനയോ വിറ്റുവരവോ 50കോടി കഴിഞ്ഞാല്‍ പുതിയ വ്യവസ്ഥ അടിച്ചേല്‍പിച്ചിരിക്കുകയാണ്. അതുകൊണ്ടു ടിഡിഎസ് പിടിക്കാനുളള ബാധ്യതയില്‍നിന്നുള്ള ഇളവിനു ഫലമില്ലാതായി. സഹകരണസംഘങ്ങളുടെ നിക്ഷേപങ്ങളില്‍നിന്നുള്ള വരുമാനം ആദായനികുതിനിയമം 80പി(2)(ഡി) പ്രകാരം നികുതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഹര്‍ജിക്കാരായ സംഘങ്ങള്‍ ടിഡിഎസ് പിടിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. 50കോടി എന്ന പരിധി തങ്ങളുടെ ആനുകൂല്യം ഇല്ലാതാക്കി. കേരളബാങ്കില്‍തന്നെ നിക്ഷേപിക്കണമെന്നു തങ്ങള്‍ക്കു നിര്‍ബന്ധനിര്‍ദേശമുണ്ട്. പക്ഷേ, കേരളബാങ്കിന്റെ മൊത്തം വിറ്റുവരവ് 50കോടിയില്‍ കൂടുതലാണ്. അതുകൊണ്ടു ഹര്‍ജിക്കാരായ സംഘങ്ങളുടെ കേരളബാങ്കിലെ നിക്ഷേപത്തിന്റെ പലിശയില്‍നിന്നു ടിഡിഎസ് പിടിക്കാന്‍ കേരളബാങ്ക് നിര്‍ബന്ധിതമാണ്. ഹര്‍ജിക്കാരായ സംഘങ്ങള്‍ക്കു കേരളബാങ്കില്‍നിന്നു കിട്ടുന്ന വരുമാനംമുഴുവന്‍ ടിഡിഎസിനു വിധേയമായി.
- ഹര്‍ജിക്കാരായ മിക്കസംഘങ്ങള്‍ക്കും 50കോടിയിലേറെ വിറ്റുവരവുണ്ട്. അവരും അംഗങ്ങളുടെ നിക്ഷേപത്തിനു പലിശ കൊടുക്കുമ്പോള്‍ ടിഡിഎസ് പിടിക്കാന്‍ ബാധ്യസ്ഥരായി. ടിഡിഎസ് ഒഴിവാക്കാന്‍ നിക്ഷേപകര്‍ 50കോടി വിറ്റുവരവില്ലാത്തിടത്തേക്കു നിക്ഷേപം മാറ്റുന്നതു ബിസിനസിനെ ബാധിക്കുന്നു. അതുകൊണ്ട് 50കോടിയെന്ന വേര്‍തിരിവ് ഭരണഘടനയുടെ 14-ാംവകുപ്പിന്റെ ലംഘനമാണ്.
- പ്രധാനവ്യവസ്ഥകളോട് ഒരു പ്രൊവിസോ കൂട്ടിച്ചേര്‍ക്കുന്നുവെന്ന വിധത്തില്‍ കൊണ്ടുവന്ന ഭേദഗതി പ്രധാനവ്യവസ്ഥയുടെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. പ്രധാനവ്യവസ്ഥകള്‍ പ്രകാരം സംഘങ്ങള്‍ക്കുള്ള എല്ലാ അധികാരവും ഇല്ലാതാക്കുന്ന വിധത്തിലാണത്. അതുകൊണ്ട് അതു ഭരണഘടനാപരമായി നിലനില്‍ക്കാത്തതാണ്.
ആദായനികുതിവകുപ്പിന്റെ വാദങ്ങള്‍ ഇപ്രകാരമാണ്:
- ഇത്തരമൊരു പ്രൊവിസോ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്.
- ആദായനികുതിനിയമത്തിന്റെ 80(പി)പ്രകാരമുള്ള ആനുകൂല്യം നിക്ഷേപപ്പലിശവരുമാനത്തിനു നികുതി കൊടുക്കാനുള്ള ബാധ്യതയില്‍നിന്നുള്ള ഒഴിവാകലല്ല. 80(പി) വകുപ്പിലുള്ളതു നികുതിബാധ്യതയുള്ള ആദായം കണക്കാക്കുമ്പോള്‍ നടത്താവുന്ന ഡിഡക്ഷന്‍ മാത്രമാണ്.
- ബന്ധപ്പെട്ടവര്‍ഷം റിട്ടേണ്‍ നല്‍കിയിട്ടുണ്ടെങ്കില്‍മാത്രമേ അത്തരം ഡിഡക്ഷനുകള്‍ക്ക് അര്‍ഹതയുള്ളൂ എന്ന് 80എസി വകുപ്പിലുണ്ട്.
- നികുതിവെട്ടിക്കുന്നില്ലെന്നുറപ്പാക്കാന്‍ ഇത്തരം വ്യവസ്ഥകള്‍കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
- പുതിയാ ബാധ്യതയൊന്നും ഹര്‍ജിക്കാരില്‍ അടിച്ചേല്‍പിച്ചിട്ടില്ല. മതിയായരേഖകളുമായി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു റീഫണ്ട് കിട്ടും.
ആദായനികുതിനിയമപ്രകാരം നികുതി കൊടുക്കേണ്ടതില്ലാത്ത വരുമാനത്തിനു സ്രോതസ്സില്‍ നികുതി പിടിക്കപ്പെടുകയും (ടിഡിഎസ്) ടിഡിഎസ് ഈടാക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യുന്നു എന്നതാണു സംഘങ്ങളുടെ പരാതി എന്നു കോടതി നിരീക്ഷിച്ചു. സംഘങ്ങള്‍ക്ക് 80പി പ്രകാരമുള്ള ആദായനികുതിയിളവ് മാവിലായി സര്‍വീസ് സഹകരണബാങ്കുകേസില്‍ സുപ്രീംകോടതി ശരിവച്ചിട്ടുള്ളതാണ്. ഇപ്രകാരം വേറെയും വിധികളുണ്ട്.ആദായനികുതിനിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ വിധിയില്‍ വിശദമായി രേഖപ്പെടുത്തി. എല്‍ഫിന്‍സ്റ്റണ്‍ സ്‌പിന്നിങ് ആന്റ് വീവിങ് സഹകരണസംഘവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിലെയുംമറ്റും വിധികളും ഉദ്ധരിച്ചു. നികുതിബാധ്യതയില്ലാത്തതിനാല്‍ ടിഡിഎസ് പിടിക്കരുതെന്നാണു സംഘങ്ങളുടെ വാദമെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ബാധ്യതയിളവു സമ്പൂര്‍ണമല്ലെന്ന ആദായനികുതിവകുപ്പുസ്റ്റാന്റിങ് കൗണ്‍സലിന്റെ വാദം കോടതി ചൂണ്ടിക്കാട്ടി. സ്‌റ്റാറ്റിയൂട്ടിലെ വ്യവസ്ഥകളനുസരിച്ചു നികുതികൊടുക്കേണ്ട വരുമാനം കണക്കാക്കുമ്പോള്‍ ഈ വരുമാനം കുറച്ചുള്ളതു കണക്കാക്കിയാല്‍മതി എന്നാണ് ആ വ്യവസ്ഥ. 80എസി പ്രകാരം റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ ഈ ഡിഡക്ഷന്‍ അനുവദനീയമല്ല. ആദായനികുതി നിയമത്തിലെ 6എ അധ്യായത്തില്‍ ചില വരുമാനങ്ങളുമായി ബന്ധപ്പെട്ട ഡിഡക്ഷനുകള്‍ എന്ന തലക്കെട്ടില്‍ ഡിഡക്ഷനുകളെ സംബന്ധിച്ച പ്രത്യേകപരാമര്‍ശം 80എസി (ii) യില്‍ ഉണ്ട്. ഇതിലാണ് 80പി വകുപ്പു വരുന്നത്. സഹകരണസംഘത്തിനു പലിശവരുമാനത്തിലുള്ള നികുതിബാധ്യതഒഴിവ് (ememption) സമ്പൂര്‍ണമായഒഴിവാക്കലല്ലെന്ന് ഇതില്‍നിന്നു വ്യക്തമാണ്. റിട്ടേണ്‍ സമര്‍പ്പിച്ചാല്‍മാത്രം കിട്ടുന്ന ഒഴിവാക്കലാണത്. അതിനാല്‍ നികുതിബാധ്യതയേയില്ല എന്നു വാദത്തില്‍ കഴമ്പില്ല. വരുമാനം നികുതിവിധേയമല്ല എന്നതിലും കഴമ്പില്ല. അതുകൊണ്ട് ഏലി ലില്ലി കേസിലെ സുപ്രീംകോടതിവിധി സംഘങ്ങളുടെ കേസുകളില്‍ ബാധകമാവില്ല.

സംഘങ്ങള്‍ക്കിടയില്‍ 50കോടിവിറ്റുവരവുള്ളവയെന്നും അല്ലാത്തവയെന്നും തിരിച്ചതു തുല്യതയുടെയും ഭരണഘടനയുടെ 14-ാംവകുപ്പിന്റെയും ലംഘനമാണെന്നുമാണു ഹര്‍ജിക്കാരുടെ വാദം. ഈ ക്ലാസിഫിക്കേഷന്‍ യുക്തിരഹിതമാണെന്നു പറയാനാവില്ല. ആദായനികുതിയുടെ അടിസ്ഥാനംതന്നെ അസസ്സിയുടെ വരുമാനമാണ്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്‌തവിഭാഗങ്ങള്‍ക്കു വ്യത്യസ്‌തനികുതിനിരക്കുകള്‍ ഏര്‍പ്പെടുത്തുന്നതാണ് ആദായനികുതിനിയമസ്‌കീം. അതുകൊണ്ട് ആകെ വരുമാനം അല്ലെങ്കില്‍ നികുതിവിധേയമായ വരുമാനം എന്ന ക്ലാസിഫിക്കേഷന്‍ ആദായനികുതിനിയമവുമായി പൊരുത്തപ്പെടുന്നതാണ്. ടിഡിഎസ് ഒഴിവാക്കലിന്റെ കാര്യത്തില്‍തന്നെ വരുമാനത്തിന്റെയും ഇടപാടുതുകയുടെയുമൊക്കെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കു വ്യത്യസ്‌തപരിധികളും വരുമാനമാനദണ്ഡങ്ങളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതു നിയമത്തിന്റെ സ്റ്റാറ്റിയൂട്ടറി ഘടനയ്‌ക്കു വിരുദ്ധമല്ല. സംഘങ്ങള്‍ വിമര്‍ശിച്ച ക്ലാസിഫിക്കേഷന്‍ തുല്യപദവിയുള്ളവര്‍ക്കിടയില്‍ പ്രത്യേകവര്‍ഗങ്ങളെ സൃഷ്ടിക്കാത്തിടത്തോളം അതില്‍ ഇടപെടാനാവില്ല. വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ക്ലാസിഫിക്കേഷനുകള്‍ ആദായനികുതിനിയമത്തിന്റെ അടിസ്ഥാനഘടനക്കു യോജിച്ചതുമാണ്. വരുമാനം ഉയര്‍ന്നതാണെങ്കില്‍ ബാധ്യതയും ഉയര്‍ന്നതായിരിക്കും എന്നതാണു തത്വം. സഹകരണസംഘങ്ങളുടെ കാര്യമാണെന്നതു ശരിയാണെങ്കിലും, ടിഡിഎസിന്റെ കാര്യത്തില്‍ അത്തരമൊരു മാനദണ്ഡം തെറ്റല്ല. ഓരോ സംഘത്തിന്റെയും നികുതിബാധ്യത അതിന്റെ വരുമാനത്തെയും സ്രോതസ്സിനെയുമൊക്കെ ആശ്രയിച്ചാണിരിക്കുന്നത് എന്നതു വസ്‌തുതയാണ്. അല്ലാതെ സംഘം എന്ന സ്ഥാനത്തെ മാത്രം ആശ്രയിച്ചല്ല അതിരിക്കുന്നത്. ഒരു അസസ്സിയെ സംബന്ധിച്ചിടത്തോളം കിട്ടുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്‌തനികുതിനിരക്കുകള്‍ ബാധകമാണ്. അതിനാല്‍ ടിഡിഎസിന്റെ കാര്യത്തിലും ടിഡിഎസ് പിടിക്കുന്നതില്‍നിന്ന് ഒഴിവാക്കപ്പെടുന്ന കാര്യത്തിലും വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗീകരണത്തില്‍ ഒരു നിയമവിരുദ്ധതയും താന്‍ കാണുന്നില്ലെന്നു കോടതി വ്യക്തമാക്കി. കെ.ടി. മൂപ്പില്‍നായരുടെ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗബെഞ്ചിന്റെ നിരീക്ഷണം നേരത്തേതന്നെ ഈ നിലപാടിനെ സാധൂകരിച്ചുണ്ട്.
194എ (3) വകുപ്പ് ടിഡിഎസിനു വിധേയമാകാതെ വരുമാനം കിട്ടാനുള്ള നിക്ഷേപകരുടെ അവകാശത്തിന്റെ ലംഘനമാണെന്നു സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വാദിച്ചു. പേയര്‍ക്കുമാത്രം ബാധകമായ ഒന്നാണിതെന്നാണ് അദ്ദേഹത്തിന്റെ വാദം. 50കോടിയെന്ന പരിധി പണം നല്‍കാന്‍ ബാധ്യസ്ഥമായ സംഘത്തിനുള്ളതാണ്. പണം കിട്ടാനുള്ളവര്‍ക്ക് അതുമായി ബന്ധമില്ല. അതുകൊണ്ട് ഈ പ്രൊവിസോ പ്രധാനവ്യവസ്ഥക്കുവിരുദ്ധമാണെന്നാണു വാദം. പ്രധാനവ്യവസ്ഥയുടെ ഉദ്ദേശ്യങ്ങളുമായും വ്യാപ്‌തിയുമായും ബന്ധപ്പെട്ടു സംഘങ്ങളും ഈ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ എല്ലാ കേസിലും പ്രൊവിസോ പ്രധാനവ്യവസ്ഥയുടെ പരിധിയില്‍ ഒതുങ്ങിനിന്നുകൊള്ളണമെന്നില്ലെന്ന് ആദായനികുതികമ്മീഷണറും രാംകിഷന്‍ ശ്രീകിഷന്‍ ജാവേര്‍ തുടങ്ങിയവരും തമ്മിലുള്ള കേസിലെ സുപ്രീകോടതി വിധി ഉദ്ധരിച്ചുകൊണ്ടു കോടതി വ്യക്തമാക്കി. അസാധാരണസാഹചര്യങ്ങളില്‍ പ്രൊവിസോ അതിന്റെ അംഗീകൃതഅര്‍ഥത്തില്‍നിന്നു വ്യത്യസ്‌തമായി ശക്തമായ ഒരു വ്യവസ്ഥതന്നെയായി മാറാം എന്ന് അതിലുണ്ട്. ചില കേസുകളില്‍ പ്രധാനവ്യവസ്ഥയെ കാര്യമായിത്തന്നെ മാറ്റുന്ന ശക്തമായ ഒരു വ്യവസ്ഥയായിത്തന്നെ മാറാന്‍ അതിനു കഴിയും. പ്രൊവിസോയുടെ ലക്ഷ്യവുംമറ്റും ഇവിടെ പ്രധാനമാണ്. അതുകൊണ്ട് ഇത്തരമൊരു പ്രൊവിസോയുമായി നിയമനിര്‍മാണം കൊണ്ടുവരാനുണ്ടായ ഉദ്ദേശ്യം പരമപ്രധാനമാണ്. പ്രധാനഭാഗത്തിനു ഗണ്യമായ മാറ്റംവരുത്തണമെന്ന ബോധപൂര്‍വമായ ഉദ്ദേശ്യത്തോടെതന്നെയാണു നിയമനിര്‍മാണം നടത്തിയിട്ടുള്ളതെങ്കില്‍ പ്രൊവിസോ ആണെന്നതുകൊണ്ടുമാത്രം അതില്‍ ഇടപെടാന്‍ കഴിയില്ല. അത്തരം സാഹചര്യങ്ങളില്‍ അതിനെ പ്രധാനവ്യവസ്ഥയുടെ ഭാഗമായിത്തന്നെ കണക്കാക്കണം. നിയമനിര്‍മാണാധികാരപരിധി ലംഘിക്കുകയോ ഭരണഘടനയുടെ മൂന്നാംഭാഗം ലംഘിക്കുകയോ പ്രകടമായ സ്വേച്ഛാപരതയോടെ നിയമനിര്‍മാണം നടത്തുകയോ ഒക്കെ ചെയ്‌തിട്ടുണ്ടെങ്കില്‍മാത്രമേ ഭരണഘടനാലംഘനത്തിന്റെ പേരില്‍ ഇടപെടാന്‍ കഴിയൂ. ഇവിടെ 2020ല്‍ ഫിനാന്‍സ് നിയമത്തിനു ഭേദഗതിയായാണു പ്രൊവിസോ കൊണ്ടുവന്നിട്ടുള്ളത്. പ്രധാനവ്യവസ്ഥയുടെ പ്രയോഗത്തെ നിയന്ത്രിക്കുന്ന ചില വ്യവസ്ഥകളാണ് അതിലുള്ളത്. പ്രധാനവ്യവസ്ഥയുടെ (194 എ വകുപ്പിന്റെ മൂന്നാംഉപവകുപ്പ് )വ്യാപ്‌തിക്കു മാറ്റം വരുത്തുക എന്നതാണ് അതിന്റെ ഉദ്ദേശ്യമെന്നു വ്യക്തമാണ്. അതുകൊണ്ട് പ്രൊവിസോ ആണ് എന്നതുകൊണ്ടുമാത്രം അതിലിടപെടാന്‍ നേരത്തേ പരാമര്‍ശിച്ച തത്വങ്ങളുടെ അടിസ്ഥാനത്തില്‍ കഴിയില്ല. സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ചൂണ്ടിക്കാട്ടിയതുപോലെ 194 എ വകുപ്പിന്റെ മൂന്നാം ഉപവകുപ്പിലെ ക്ലോസ്v പേയിക്കുള്ള ഇളവിനെപ്പറ്റിയുള്ളതാണ്. പ്രൊവിസോ ആകട്ടെ മേല്‍പറഞ്ഞ വ്യവസ്ഥ പേയര്‍ക്കു വിറ്റുവരവിന്റെയും വില്‍പനയുടെയും അടിസ്ഥാനത്തില്‍ ബാധകമല്ലാതാകുന്നതു സംബന്ധിച്ചാണ്. എന്നാല്‍ ഇതുകൊണ്ടുമാത്രം മേല്‍പറഞ്ഞ വ്യവസ്ഥയില്‍ ഇടപെടാനുള്ള കാരണമാകുന്നില്ലെന്നാണു തന്റെ അഭിപ്രായമെന്നു കോടതി പറഞ്ഞു. ടിഡിഎസ് എന്ന പേരില്‍ തുക ഡിഡക്ട് ചെയ്യാനുള്ള ഉത്തരവാദിത്വം പേയര്‍റില്‍ നിക്ഷിപി്‌തമാകുന്നമ്പോള്‍ ടിഡിസിന്റെ കാര്യത്തില്‍ 194എ(1) വകുപ്പ് ബാധകമാകാത്തതുമായി ബന്ധപ്പെട്ടാണ് 194(3)ലെ നിഷ്‌കര്‍ഷ. അതുകൊണ്ട് ഈ പ്രൊവിസോയുടെ അന്തിമഫലം 194എ(1)ന്റെ സാധുത സംബന്ധിച്ച നിയന്ത്രണങ്ങളില്‍ വരുന്ന മാറ്റമാണ്. 194എ(1) പേയറുടെ ബാധ്യതകള്‍ സംബന്ധിച്ചുള്ളതാണ്. അടിസ്ഥാനം പേയറുടെ ആകെ വിറ്റുവരവ് അല്ലെങ്കില്‍ ആകെ വില്‍പന ആണ് എന്നതിനാല്‍ ഇതില്‍ തെറ്റില്ല. വിറ്റുവരവ് കൂടുമ്പോള്‍ ഇടപാടുകളുടെ എണ്ണവും കൂടും. അതുകൊണ്ട് ഇത്തരമൊരു ക്ലാസിഫിക്കേഷന്‍ യുക്തിസഹമാണ്.

വിറ്റുവരവ്/ആകെ റെസീപ്‌റ്റ്‌സ്/ആകെ വില്‍പന 50കോടി എന്ന മാനദണ്ഡം നിശ്ചയിച്ചപ്പോള്‍ ബോധ്യപ്പെടുന്ന വേര്‍തിരിവിന്റെ (intelligible differentia) അടിസ്ഥാനത്തിലല്ല അതു ചെയ്‌തതെന്നാണു സംഘങ്ങളുടെ മറ്റൊരു വാദം. എന്നാല്‍ സംഘങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്‌തമായൊരു മാനദണ്ഡം ടിഡിഎസിന്റെയോ അസസ്‌മെന്റിന്റെയോ കാര്യത്തില്‍ സ്വീകരിച്ചതു യുക്തിസഹമല്ലെന്നു പറയാനാവില്ലെന്നു കോടതി വിലയിരുത്തി.കേരളബാങ്കില്‍നിന്നുള്ള തങ്ങള്‍ക്കു കിട്ടുന്ന പലിശക്കു മൊത്തം ടിഡിഎസ് പിടിക്കുമെന്നാണു സംഘങ്ങളുടെ മറ്റൊരു വാദം. സഹകരണനിയമവും ചട്ടങ്ങളും സര്‍ക്കുലറുകളും ഉത്തരവുകളുംപ്രകാരം മിച്ചംതുക കേരളബാങ്കില്‍ നിക്ഷേപിക്കാന്‍ സംഘങ്ങള്‍ ബാധ്യസ്ഥമാണ്. കേരളബാങ്കിന്റെ വിറ്റുവരവ് 50കോടിയിലേറെയാണ്. അതുകൊണ്ടു കേരളബാങ്കില്‍നിന്നു തങ്ങള്‍ക്കു കിട്ടുന്ന എല്ലാവരുമാനത്തിനും ടിഡിഎസ് പടിക്കും. പ്രൊവിസോ മൂലം 194എ(3) പ്രകാമുള്ള ഒഴിവാക്കല്‍ കിട്ടാതെപോകും. ഇതു സ്വേച്ഛാപരമാണെന്നാണു സംഘങ്ങളുടെ വാദം. സഹകരണമേഖലക്കു വിവിധഭരണഘടനാവ്യവസ്ഥകള്‍ പ്രകാരം സംരക്ഷണമുണ്ട്. പക്ഷേ, സംഘങ്ങള്‍ കേരളബാങ്കില്‍തന്നെ നിക്ഷേപിക്കാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥക്കു കാരണം ആദായനികുതിനിയമത്തിലെ വ്യവസ്ഥകളല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സഹകരണനിയമത്തിലെയും ആ നിയമപ്രകാരം സ്റ്റാറ്റിയൂട്ടറി അധികാരികള്‍ ഇറക്കിയ ഉത്തരവുകളുടെയും പ്രത്യാഘാതങ്ങളാണവ. അത്തരം പ്രത്യാഘാതങ്ങള്‍ ഒരു നിയമനിര്‍മാണം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ പാസ്സാക്കുന്ന ഉപാധികളുടെയും വ്യവസ്ഥകളുടെയും പേരില്‍ പാര്‍ലമെന്റിന്റെ ഭാഗത്തുനിന്നുള്ള പ്രകടമായ സ്വേച്ഛാപരതയായി കാണാനാവില്ല. ഇവിടെ ചോദ്യം ചെയ്യപ്പെട്ട കാര്യത്തില്‍നിന്നു വ്യത്യസ്‌തമായ ഒരു സ്റ്റാറ്റിയൂട്ട് ആണ് ആനുകൂല്യം നിഷേധിക്കപ്പെടാനുള്ള പ്രധാനകാരണം. അതാകട്ടെ സംസ്ഥാനവിഷയമാണ്. അത് കേന്ദ്രസ്റ്റാറ്റിയൂട്ടില്‍ പ്രകടമായ സ്വേച്ഛാപരത ആരോപിക്കാന്‍ മതിയായ കാരണമല്ല.
ഒരു സ്റ്റാറ്റിയൂട്ടില്‍ നിയമവിധേയമായി കക്ഷികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടോ അസൗകര്യമോ മാത്രം നീതിപീഠത്തിന്റെ ഇടപെടലിനു മതിയായ കാരണമാകുന്നില്ല. അതു നിയമനിര്‍മാണാധികാരത്തിനുമുന്നില്‍ അപ്രസക്തമാണ്. നിയമം ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ നിയമനിര്‍മാണസഭതന്നെയാണ് ആ നിയമം ഭേദഗതി ചെയ്യേണ്ടത്. കഠിനമായാലും നിയമം നിയമമാണ് – അതാണു തത്വം. അതുകൊണ്ടു സ്റ്റാറ്റിയൂട്ടറിവ്യവസ്ഥ ചിലര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയാലും കോടതിക്ക് അതു മാറ്റാനാകില്ല. നിയമനിര്‍മാണസഭ ജനാഭിമതത്തിന്റെ പ്രതിഫലനമായാണു കണക്കാക്കപ്പെടുന്നത്.
ആദായനികുതിനിയമത്തിന്റെ വകുപ്പ് 194എ(3)(iii)(a) പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കു തങ്ങള്‍ അര്‍ഹരാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇതു കോടതി സ്വീകരിച്ചില്ല. സഹകരണഭൂപണയബാങ്ക് അടക്കം ബാങ്കിങ് ബിസിനസ് നടത്തുന്ന സഹകരണസംഘങ്ങള്‍ക്കും 1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമം ബാധകമായ ബാങ്കിങ് കമ്പനികള്‍ക്കുമുള്ളതാണത്‌്. ഹര്‍ജിക്കാരായ സംഘങ്ങള്‍ക്കു ബാങ്കിങ് ബിസിനസില്ല. അവയുടെ പ്രവര്‍ത്തനം പ്രധാനമായും അംഗങ്ങള്‍ക്കു കാര്‍ഷികാവശ്യങ്ങള്‍ക്കു ധനസഹായം നല്‍കുന്നതില്‍ ഒതുങ്ങുന്നു. പാരസ്‌പര്യതത്വമാണ് അതിലുള്ളത്. 1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമത്തിന്‌റെ അഞ്ചാവകുപ്പു പ്രകാരമുള്ള ബാങ്കിങ്ങിന്റെ നിര്‍വചനത്തില്‍ അവ പെടില്ല. അതുകൊണ്ടു ഹര്‍ജിക്കാരായ സംഘങ്ങളെ ആദായനികുതിനിയമം 194എ(3)(iii) വകുപ്പിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളായി കണക്കാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ 1961ലെ ആദായനികുതിനിയമത്തിന്റെ 194എ(3) വകുപ്പിലെ പ്രോവിസോയിലുള്ള വ്യവസ്ഥകളില്‍ നീതിപീഠം ഇടപെടേണ്ട എന്തെങ്കിലും കാര്യമുണ്ടെന്നു സ്ഥാപിക്കാന്‍ ഹര്‍ജിക്കാര്‍ക്കു കഴിഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി റിട്ട് ഹര്‍ജികള്‍ കോടതി തള്ളി.25നു വിധിപ്രസ്‌താവം കഴിഞ്ഞയുടന്‍ ഇടക്കാലഉത്തരവിന്റെ നടപ്പാക്കല്‍ഘട്ടത്തിലുണ്ടായേക്കാവുന്ന പ്രായോഗികപ്രശ്‌നങ്ങള്‍ ഹര്‍ജിക്കാരുടെ വക്കീല്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഹര്‍ജികള്‍ക്കാധാരമായ നിയമപ്രശ്‌നത്തില്‍ റവന്യൂവിന് അനുകൂലമാണു തീരുമാനമെങ്കിലും ടിഡിഎസ് പിടിക്കുന്നതു സ്റ്റേ ചെയ്‌ത ഇടക്കാലഉത്തരവുകള്‍ പാലിക്കപ്പെട്ടിരുന്നു. അവയുടെ ഫലങ്ങള്‍ റിവേഴ്‌സ് ചെയ്യുന്നതു പ്രായോഗികബുദ്ധിമുട്ടുകളും നിയമപരവും നടപടിക്രമപരവുമായ സങ്കീര്‍ണതകളും ഉണ്ടാക്കിയേക്കാം. അതിനാല്‍ ഒക്ടോബര്‍ 29ന് അക്കാര്യം ലിസ്‌റ്റ് ചെയ്‌ത് ഇരുകൂട്ടരെയും കേട്ടശേഷമാണ് ഇടക്കാലഉത്തരവുകള്‍ക്ക് വിധിത്തിയതിയായ ഒക്ടോബര്‍ 29വരെ അന്തിമപ്രാബല്യം ഉണ്ടായിരിക്കുമെന്നു കോടതി വ്യക്തത വരുത്തിയത്. ഇടക്കാലഉത്തരവുകള്‍പ്രകാരം നടന്ന ഇടപാടുകളില്‍ ഒരുവിധ വിപരീത പ്രത്യാഘാതങ്ങളും ഉണ്ടാകരുതെന്നും ഇക്കാര്യം വിധിയുടെ ഭാഗമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

