റിപ്പോ നിരക്കില്‍ (5.5%) മാറ്റമില്ല: ധനരംഗം മെച്ചമാക്കാന്‍ 22 നടപടികള്‍
- പുതിയ അര്‍ബന്‍സഹകരണബാങ്കുകള്‍ വന്നേക്കും
- അടിസ്ഥാനഅക്കൗണ്ടുകാര്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിങ് സൗജന്യം
- ആര്‍ബിഐ ഓംബുഡ്‌സ്‌മാന്‍ സംവിധാനത്തില്‍ സംസ്ഥാനസഹകരണബാങ്കും
റിപ്പോനിരക്ക് 5.5%ആയി തുടരാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. (ബാങ്കുകള്‍ക്ക് അടിയന്തരഘട്ടങ്ങില്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന ഏകദിനവായ്‌പയുടെ പലിശനിരക്കാണു റിപ്പോനിക്ക്). ഒപ്പം ബാങ്കിങ് മേഖലയുടെ ശക്തി വര്‍ധിപ്പിക്കാനും വായ്‌പാപ്രവാഹം കൂട്ടാനും ബിസനസ് കൂടുതല്‍ സുഗമമാക്കാനും 22 നടപടികളും പ്രഖ്യാപിച്ചു. മൂന്നുദിവസത്തെ പണനയസമിതിയോഗത്തിനുശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്‌ജയ് മല്‍ഹോത്ര പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍.വിലക്കയറ്റം മയപ്പെട്ടതും ജിഎസ്‌ടി പരിഷ്‌കരിച്ചതും താരിഫ്‌അനിശ്ചിതത്വവുമൊക്കെ കണക്കിലെടുത്ത് നയപരമായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും എത്രത്തോളം ഫലമുളവാക്കുന്നു എന്നു കാത്തിരുന്നു കണ്ടശേഷം മതി പുതിയ പ്രവര്‍ത്തനദിശ തിരഞ്ഞെടുക്കാന്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിക്കേണ്ട എന്നു തീരുമാനിച്ചത്. സ്റ്റാന്റിങ് ഡെപ്പോസിറ്റ് നിരക്ക് 5.25ശതമാനമായും മാര്‍ജിനല്‍ സ്‌റ്റാന്റിങ് ഫെസിലിറ്റിയും ബാങ്കുനിരക്കും 5.75 ശതമാനമായും തുടരും.
വളര്‍ച്ച അഭിലഷിച്ചതിലും കുറവാണ്. ആഗോളഅനിശ്ചിതത്വങ്ങളും താരിഫ് ഗതിവിഗതികളും വളര്‍ച്ച കുറച്ചേക്കാം. മൊത്തആഭ്യന്തരോല്‍പാദനത്തില്‍ നല്ല വര്‍ധനയുണ്ട്.ആഭ്യന്തരസാമ്പത്തികപ്രവര്‍ത്തനം ആരോഗ്യകരമാണ്. നല്ല മഴ കിട്ടി. അതുകൊണ്ടു കാര്‍ഷികോല്‍പാദനം കൂടും. സേവനമേഖലയിലെയും തൊഴില്‍മേഖലയിലെയും സജീവത ഡിമാന്റ് വര്‍ധിപ്പിക്കും. ജിഎസ്‌ടി പരിഷ്‌കാരവും ഗുണമാകും. പക്ഷേ, താരിഫ്-വാണിജ്യനയങ്ങളിലെ അനിശ്ചിതത്വം വിദേശഡിമാന്റ് കുറക്കും. അതുകൊണ്ട് 2025-26ല്‍ 6.8ശതമാനം ജിഡിപി വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. ബാങ്കുകളുടെ മൂലധനപര്യാപ്‌തതയും പണക്ഷമതയും ആസ്‌തിഗുണവും ലാഭക്ഷമതയും മെച്ചമാണ്. ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെ നിലയും മെച്ചംതന്നെ. ബാങ്കുവായ്‌പാനിരക്കു കഴിഞ്ഞകൊല്ലത്തെക്കാള്‍ കുറവാണ്. എങ്കിലും ആരോഗ്യകരംതന്നെ. പണംകിട്ടാനുള്ള മറ്റുമാര്‍ഗങ്ങളും വര്‍ധിച്ചുവരുന്നതും കണക്കിലെടുക്കണം. 2025-26ല്‍ ബാങ്കിതരമാര്‍ഗങ്ങളില്‍നിന്നു 2.66ലക്ഷം കോടിരൂപ വാണിജ്യരംഗത്തെത്തി.
ബാങ്കിങ് രംഗത്തിന്റെ ശക്തിയും വായ്‌പാപ്രവാഹവും കൂട്ടാനും ബിസിനസ് കൂടുതല്‍ എളുപ്പമാക്കാനും വിദേശനാണ്യം കൈകാര്യം ചെയ്യല്‍ ലളിതമാക്കാനും രൂപയെ അന്താരാഷ്ട്രവല്‍കരിക്കാനും 22 നടപടികള്‍ എടുക്കുകയാണ്.
(1) പ്രതീക്ഷിക്കപ്പെടുന്ന വായ്‌പാനഷ്ടത്തിനായി തുക വകയിരുത്താനുള്ള ചട്ടക്കൂടോടെയുള്ള (വിവേകത്തോടെ നിശ്ചയിക്കുന്ന തറനിരക്ക് സഹിതം) നിര്‍ദേശങ്ങള്‍ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍ക്കായി കൊണ്ടുവരും (ചെറുധനകാര്യബാങ്കുകളും പേമെന്റ് ബാങ്കുകളും റീജണല്‍ ഗ്രാമീണബാങ്കുകളും അഖിലേന്ത്യാധനകാര്യസ്ഥാപനങ്ങളും ഒഴികെയുള്ളവയ്‌ക്കാണ് ഇതു ബാധകമാക്കുക) 2027 ഏപ്രില്‍ ഒന്നുമുതലാണു ബാധകമാക്കുക.
(2) ഇവയ്‌ക്ക് ഉയര്‍ന്ന തുക വകയിരുത്തുന്നതുകൊണ്ടുള്ള പ്രത്യാഘാതം പരിഹരിച്ചു കാര്യങ്ങള്‍ സുഗമമാക്കാന്‍ 2031 മാര്‍ച്ച് 31വരെ ഗ്ലൈഡിങ് പാത്ത് അനുവദിക്കും.
(3) പുതിയ ബേസല്‍ 3 മൂലധനപര്യാപ്‌തതാനിരക്കുകള്‍ വാണിജ്യബാങ്കുകളില്‍ 2027 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
(4) വായ്‌പാറിസ്‌കിനോടുള്ള പൊതുസമീപനത്തിന്റെ കരട് ഉടന്‍ ഇറക്കും. ചില രംഗങ്ങളില്‍ റിസ്‌കിനു വിഹിതം കുറയ്‌ക്കുന്നുണ്ട്. ഇതു മൊത്തത്തില്‍ മൂലധനാവശ്യകതകള്‍, പ്രത്യേകിച്ച് എംഎസ്‌എംഇകളുമായും ഭവനവായ്‌പകള്‍ അടക്കമുള്ള പാര്‍പ്പിട റിയല്‍ എസ്റ്റേറ്റിനുമായുള്ളത്, കുറയ്‌ക്കും.
(5) കമ്പോളറിസ്‌ക് കണക്കിലെടുത്തുള്ള മൂലധനആവശ്യകതാനിബന്ധനകളുടെ രൂപവല്‍കരണം അവസാനഘട്ടത്തിലാണ്. പ്രവര്‍ത്തനറിസ്‌കുകളുടെ കാര്യത്തില്‍ ഇതു നേരത്തേതന്നെ ആയിക്കഴിഞ്ഞു. ഈ നടപടികള്‍ നമ്മുടെ മാര്‍ഗനിര്‍ദേശങ്ങളെ അന്താരാഷ്ട്രനിലവാരത്തിലാക്കാനും നമ്മുടെ സാഹചര്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കുമനുസരിച്ചു മാറാനും ബാങ്കുകളുടെയും അഖിലേന്ത്യാധനകാര്യസ്ഥാപനങ്ങളുടെയും മൂലധനപര്യാപ്‌തതാചട്ടക്കൂടുകള്‍ ശക്തിപ്പെടുത്താനും സഹായിക്കും.
(6) ബിസിനസ് ഫോമുകളെയും നിക്ഷേപങ്ങളിലുള്ള വിവേകപൂര്‍ണമായ നിയന്ത്രണങ്ങളെയും പറ്റിയുള്ള സര്‍ക്കുലര്‍ ഉടന്‍ ഇറക്കും. കഴിഞ്ഞവര്‍ഷം ഇതിന്റെ കരട് പ്രസിദ്ധീകരിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞശേഷം ഇതിന്റെ അന്തിമരൂപം തയ്യാറായിട്ടുണ്ട്.
(7) ബാങ്കുകളും അവയുടെ ഗ്രൂപ്പുസ്ഥാപനങ്ങളും നടത്തുന്ന ബിസിനസുകള്‍ തമ്മിലുള്ള ഓവര്‍ലാപ്പിനു നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കം വേണ്ടെന്നുവച്ചിട്ടുണ്ട്. തങ്ങളുടെ വിവിധ സ്ഥാപനങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ അവയ്‌ക്കിടയില്‍ വീതിച്ചു നല്‍കണമെന്നു ബാങ്ക് ബോര്‍ഡുകള്‍ക്കു നിശ്ചയിക്കാം.
(8) നിക്ഷേപഇന്‍ഷുറന്‍സ് പ്രീമിയം റിസ്‌ക് അധിഷ്‌ഠിതമാക്കാനും നിര്‍ദേശമുണ്ട്. നിലവിലുള്ള നിരക്കുതന്നെയായിരിക്കും പ്രീമിയത്തിന്റെ പരമാവധി പരിധി.
(9) ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ നടത്തുന്ന ഏറ്റെടുക്കലുകള്‍ക്കു ബാങ്കുവായ്‌പ കൊടുക്കാന്‍ പ്രത്യേകസംവിധാനം തുടങ്ങും.
(10) ലിസ്റ്റുചെയ്‌ത കടപ്പത്രങ്ങളുടെ ഈടില്‍ വായ്‌പ നല്‍കുന്നതിനുള്ള പരിധി നീക്കുകയും, ഓഹരികളുടെ ഈടില്‍ നല്‍കാവുന്ന വായ്‌പയുടെ പരിധി 20ലക്ഷംരൂപയില്‍നിന്ന് ഒരുകോടിയായി ഉയര്‍ത്തുകയും ഐപിഒ ധനസഹായത്തിനുള്ള പരിധി 10ലക്ഷം രൂപയില്‍നിന്ന് 25ലക്ഷം രൂപയാക്കുകയും ചെയ്യും.
(11) ബാങ്കുകളെ സ്‌പെസിഫൈഡ് വായ്‌പക്കാര്‍ക്കു വായ്‌പ നല്‍കുന്നതു നിരുല്‍സാഹപ്പെടുത്തുംവിധം 2016ല്‍ കൊണ്ടുവന്ന ചട്ടക്കൂട് പിന്‍വലിക്കും.
(12) ബാങ്കിങ് സംവിധാനത്തില്‍ കേന്ദ്രീകരിക്കുന്ന റിസ്‌കുകള്‍ പരിഹരിക്കാന്‍ ആവശ്യമുള്ളപ്പോള്‍ സവിശേഷസൂക്ഷ്‌മവിവേകസംവിധാനങ്ങള്‍ വരും.
(13) ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തനപരവും അതീവഗുണനിലവാരമുള്ളതുമായ അടിസ്ഥാനസൗകര്യപദ്ധതികള്‍ക്കു വായ്‌പ നല്‍കുമ്പോള്‍ വകയിരുത്തേണ്ട റിസ്‌ക്‌ആഘാതത്തുക കുറയ്‌ക്കും. അടിസ്ഥാനസൗകര്യവികസനത്തിനു നല്‍കുന്ന വായ്‌പകളുടെ ചെലവു കുറയ്‌ക്കാനാണിത്.
(14) പുതിയ അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു ലൈസന്‍സ് അനുവദിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ചര്‍ച്ചാരേഖ അവതരിപ്പിക്കും. 2004മുതല്‍ ലൈസന്‍സ് നല്‍കുന്നതു നിര്‍ത്തിയിരിക്കയാണ്. അര്‍ബന്‍സഹകരണമേഖല മെച്ചപ്പെട്ടതും ഈ രംഗത്തുള്ളവരുടെ ആവശ്യം കണക്കിലെടുത്തുമാണിത്.
(15) 11ഇനം നിയന്ത്രണസ്ഥാപനങ്ങള്‍ക്കായുള്ള ഒമ്പതിനായിരം സര്‍ക്കുലറുകളും നിര്‍ദേശങ്ങളും ക്രോഡീകരിക്കും. ഇവയുടെ കരടുകള്‍ വൈകാതെ ഇറക്കും.
(16) ബാങ്കുകള്‍ക്കു വായ്‌പക്കാരുടെ ഇടപാട് അക്കൗണ്ടുകള്‍ (കറന്റ്, സി.സി, ഒ.ഡി. അക്കൗണ്ടുകള്‍) തുറക്കുന്നതിനും നിലനിര്‍ത്തുന്നതിനും കൂടുതല്‍ അയവുള്ള വ്യവസ്ഥകള്‍ കൊണ്ടുവരും. കളക്ഷന്‍ അക്കൗണ്ടുകളിലുള്ള നിയന്ത്രണങ്ങളും പിന്‍വലിക്കും.
(17) കയറ്റുമതിരംഗത്ത് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ഐ.എഫ്.എസ്.സി.യില്‍ വിദേശകറന്‍സി അക്കൗണ്ടുകളുടെ റീപാട്രിയേഷനുള്ള സമയപരിധി ഒരുമാസത്തില്‍നിന്നു മൂന്നുമാസമായി വര്‍ധിപ്പിക്കും. വാണിജ്യഇടപാടുകളുടെ വിദേശനാണ്യ ചെലവുകളുടെ സമയപരിധി നാലുമാസത്തില്‍നിന്ന് ആറുമാസമാക്കും. റിപ്പോര്‍ട്ടിങ് പോര്‍ട്ടലുകളില്‍ (ഇ.ഡി.പി.എം.എസ്, ഐ.ഡി.പി.എം.എസ്) കയറ്റിറക്കുമതിഎന്‍ട്രികളുടെ ക്രമീകരണം ലളിതമാക്കും.
(18) ഫെമ പ്രകാരം ഇ.സി.ബി. റെഗുലേഷനുകളിലെ വായ്‌പക്കാര്‍, വായ്‌പാദാതാക്കള്‍, വായ്‌പാപരിധികള്‍, വായ്‌പച്ചെലവ്, റിപ്പോര്‍ട്ടിങ് തുടങ്ങിയ വ്യവസ്ഥകള്‍ യുക്തിഭദ്രമാക്കും. ഇന്ത്യയില്‍ ബിസിനസ് സ്ഥാപിക്കുന്ന ഇവിടെ താമസക്കാരല്ലാത്തവരെ സംബന്ധിച്ച ഫെമ ചട്ടങ്ങളും യുക്തിഭദ്രമാക്കും.
(19) അടിസ്ഥാനസേവിങ്‌സ് ബാങ്ക് നിക്ഷേപഅക്കൗണ്ടുടമകളുടെ കാര്യത്തില്‍ മിനിമം ബാലന്‍സ് നിബന്ധന കൂടാതെതന്നെ നല്‍കാവുന്ന സൗജന്യസേവനങ്ങളുടെ കൂട്ടത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് പോലുള്ള ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വ്യാപിപ്പിക്കും.
(20) നിയന്ത്രണസ്ഥാപനങ്ങളുടെ പരാതിപരിഹാരം കൂടുതല്‍ ഫലപ്രദമാക്കാന്‍ ആഭ്യന്തരഓംബുഡ്‌സ്‌മാന്‍ സംവിധാനം ശക്തമാക്കും. പരാതിപരിഹാരത്തിനുള്ള ആര്‍ബിഐ ഓംബുഡ്‌സ്‌മാന്‍ സംവിധാനം വിലയിരുത്തി ഗ്രാമീണസഹകരണബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്‌മാന്റെ സേവനം ലഭ്യമാക്കും. ഇതിനായി സംസ്ഥാന സഹകരണബാങ്കുകളെയും ജില്ലാസഹകരണബാങ്കുകളെയും റിസര്‍വ് ബാങ്ക് ഓംബുഡ്‌സ്‌മാന്‍ സംവിധാനത്തിന്റെ പരിധിയില്‍ കൊണ്ടുവരും. നിലവില്‍ ഇവ നബാര്‍ഡിന്റെ പരിധിയിലാണ്.
(21) രാജ്യാന്തരഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഭൂട്ടാനിലും നേപ്പാളിലും ശ്രീലങ്കയിലുമുള്ള നോണ്‍റെസിഡന്റ്‌സിന് ഇന്ത്യന്‍രൂപയില്‍ വായ്‌പ നല്‍കാന്‍ എ.ഡി. ബാങ്കുകളെ അനുവദിക്കും.
(22) ഇന്ത്യന്‍രൂപയിലുള്ള ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യയുടെ പ്രമുഖവ്യാപാരപങ്കാളികള്‍ക്ക് സുതാര്യമായ റഫറന്‍സ് നിരക്കുകള്‍ ഏര്‍പ്പെടുത്തും. അവര്‍ക്കു കോര്‍പറേറ്റ് ബോണണ്ടുകളിലും വാണിജ്യപത്രങ്ങളില്‍ നിക്ഷേപം നടത്താനായി പ്രത്യേകരൂപാവോസ്‌ട്രോഅക്കൗണ്ട് (എസ്.ആര്‍.വി.എ) ബാലന്‍സുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ അനുവദിക്കും.