നിക്ഷേപം തിരിച്ചുകൊടുക്കല്‍ പ്രശ്‌നം: കളക്ടര്‍ക്ക്‌ വിതരണാധികാരം നല്‍കി ഹൈക്കോടതി

Moonamvazhi
  • രജിസ്‌ട്രാര്‍ രണ്ടാഴ്‌ചക്കകം സെയില്‍സ്‌ ഓഫീസര്‍മാരെ നിയോഗിക്കണം
  • മാസനിക്ഷേപപദ്ധതിക്കു ജിഎസ്‌ടി രജിസ്‌ട്രേഷന്‍ വേണം
  • നിക്ഷേപഗ്യാരന്റി സ്‌കീമില്‍നിന്ന്‌ ഉടന്‍ പണം നല്‍കണം

സഹകരണസംഘങ്ങളുടെ വായ്‌പറിക്കവറി-നിക്ഷേപം മടക്കിക്കൊടുക്കല്‍ പ്രശ്‌നത്തില്‍ ജില്ലാകളക്ടര്‍മാര്‍ക്ക്‌ വിതരണാധികാരം  നല്‍കി ഹൈക്കോടതി ഉത്തരവ്‌. വായ്‌പകൊടുത്തവകയില്‍ സംഘങ്ങള്‍ക്കു കിട്ടേണ്ട വന്‍തോതിലുള്ള തുക തിരിച്ചുപിടിക്കാനുള്ള എക്‌സിക്യൂഷന്‍ നടപടികളില്‍ പുരോഗതിയില്ലാത്തും നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാനാവാതെ വരുന്നതും ആശങ്കാജനകമാണെന്നു കോടതി ഉത്തരവില്‍ പറയുന്നു. റിക്കവറിക്കായി രണ്ടാഴ്‌ചക്കകം താലൂക്കടിസ്ഥാനത്തില്‍ അഞ്ചുസംഘങ്ങള്‍ക്ക്‌ ഒരു സെയില്‍സ്‌ ഓഫീസറെ വീതം നിയോഗിക്കണമെന്നു സഹകരണരജിസ്‌ട്രാര്‍ക്കു കോടതി നിര്‍ദേശം നല്‍കി. ഈടു വിറ്റു കിട്ടുന്ന തുക ജില്ലാകളക്ടറുടെ പേരില്‍ എസ്‌ക്രോ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ഉത്തരവിലുണ്ട്‌.

ചിട്ടിഫണ്ട്‌ നിയമലംഘനമാവുന്ന വിധത്തില്‍ എംഡിഎസും ജിഡിഎസും നടത്തുന്ന സംഘങ്ങള്‍ ജിഎസ്‌ടി രജിസ്‌ട്രേഷന്‍ എടുക്കണമെന്നും ഉത്തരവായി. 42 റിട്ട്‌ അപ്പീലുകള്‍ ഒരുമിച്ചു പരിഗണിച്ചാണു ജസ്റ്റിസുമാരായ അമിത്‌റാവലും പി.വി. ബാലകൃഷ്‌ണനുമടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്‌. നിക്ഷേപം തിരിച്ചു നല്‍കാത്തതിനെതിരെയാണു ഹര്‍ജികള്‍. സഹകരണപുനരുദ്ധാരണനിധി സ്‌കീമും നിക്ഷേപഗ്യാരന്റി സ്‌കീമും കൊണ്ടുവന്നിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച്‌ അധികൃതര്‍ക്കുള്ള നിര്‍ദേശങ്ങളോടെ ഹര്‍ജികള്‍ തീര്‍പ്പാക്കിയ സിംഗിള്‍ബെഞ്ച്‌ വിധിയും ചോദ്യം ചെയ്യപ്പെട്ടു. ഹര്‍ജിക്കാരില്‍ പലരും വയോധികരും രോഗികളുമായതിനാല്‍ കോടതി അഡ്വ. ഡി. കിഷോറിനെ അമിക്കസ്‌ ക്യൂറിയായി വച്ചു. അമിക്കസ്‌ ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി ചിട്ടി രജിസ്‌ട്രാര്‍, രജിസ്‌ട്രേഷന്‍ ഐജി, കേന്ദ്രപ്രത്യക്ഷനികുതി-കസ്റ്റംസ്‌ ബോര്‍ഡ്‌, കേന്ദ്ര ജിഎസ്‌ടി ചീഫ്‌ കമ്മീഷണര്‍, കേന്ദ്ര എക്‌സൈസ്‌ ആന്റ്‌ കസ്റ്റംസ്‌ എന്നിവരെ കക്ഷിചേര്‍ത്തിരുന്നു.പുനരുദ്ധാരണനിധിയും നിക്ഷേപഗ്യാരണ്ടിസ്‌കീമും കണ്ണില്‍പൊടിയിടലാണെന്നാണ്‌ അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടിന്റെ കാതല്‍ എന്ന്‌ ഉത്തരവില്‍ പറയുന്നു. നിരവധി സംഘങ്ങളില്‍ കെടുകാര്യസ്ഥതയും അഴിമതിയുമുണ്ട്‌. 18 സംഘങ്ങളില്‍ ഇ.ഡി.അന്വേഷണമുണ്ട്‌. ബുദ്ധിമുട്ടിലായവര്‍ക്ക്‌, പ്രത്യേകിച്ചു പ്രായാധിക്യവും രോഗവുമുള്ളവര്‍ക്ക്‌, നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കോടതി ഉത്തരവുകളുണ്ടായിട്ടും തുച്ഛമായ തുകയേ നല്‍കിയിട്ടുള്ളൂ. കോടതിമുമ്പാകെയുള്ളത്‌ സഹകരണസംഘങ്ങളും അര്‍ബന്‍ഇതരസഹകരണബാങ്കുകളും ഉള്‍പ്പെട്ട പ്രശ്‌നങ്ങളാണ്‌.

സഹകരണനിയമത്തിലെ പുതിയ ഭേദഗതി പ്രകാരവും (36എ) സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്ക്‌ നിയമത്തിലെ ഒമ്പതുമുതല്‍ 15വരെയും 19മുതല്‍ 28വരെയുള്ള വകുപ്പുകളിലെ വ്യവസ്ഥകള്‍ പ്രകാരവും സംഘങ്ങള്‍ക്കും വായ്‌പത്തുക തിരിച്ചുപിടിക്കാന്‍ സര്‍ഫാസി നിയമപ്രകാരം കഴിയുമെന്ന കാര്യം ഓഗസ്റ്റ്‌ 23ലെ തങ്ങളുടെ വിധിയില്‍ പരിഗണിച്ചിരുന്നുവെന്നു കോടതി ചൂണ്ടിക്കാട്ടി. നേരേ ഈടുവസ്‌തു വിറ്റു പണം തിരിച്ചുപിടിക്കാന്‍ ഈ വ്യവസ്ഥകള്‍വഴി കാര്‍ഷികബാങ്കിനു കഴിയും. സഹകരണസംഘം രജിസ്‌ട്രാറെക്കൊണ്ടു സെയില്‍സ്‌ ഓഫീസറെ നിയമിപ്പിച്ചുകൊണ്ട്‌ ഇതു ചെയ്യാനാവും. നിരവധി സഹകരണസംഘങ്ങള്‍ പണം തിരിച്ചുപിടിക്കാന്‍ ആര്‍ബിട്രേഷന്‍ നടപടികള്‍ തുടങ്ങുകയും സെയില്‍സ്‌ ഓഫീസര്‍മാരെ നിയമിക്കുകയും ആര്‍ബിട്രേഷന്‍ അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്‌തിട്ടും എക്‌സിക്യൂഷന്‍ നടപടികളില്‍ ഒരു പുരോഗതിയുമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അതായതു സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും വായ്‌പക്കാരില്‍നിന്നു പണം തിരിച്ചുപിടിക്കാനും അതു പലിശസഹിതം നിക്ഷേപകര്‍ക്കു കൊടുക്കാനും കഴിയുന്നില്ല. ഇത്‌ ആശങ്കാജനകമാണ്‌. ആഴത്തിലുള്ളതും നയപരവുമായ നിയന്ത്രണമില്ലാത്തതിനാല്‍ സംസ്ഥാനസര്‍ക്കാരിന്റെ മേല്‍നോട്ടംകൊണ്ടും നിക്ഷേപകര്‍ക്ക്‌ ആശ്വാസം കിട്ടുന്നില്ല.

വിലകുറഞ്ഞ ഈടു വാങ്ങി വായ്‌പ കൊടുത്തതിനാല്‍ ഈടു വിറ്റാലും പണം തിരിച്ചുപിടിക്കാനാവാത്ത സ്ഥിതി പലേടത്തുമുണ്ട്‌.സെയില്‍സ്‌ ഓഫീസറെ നിയമിക്കണമെന്നു രജിസ്‌ട്രാറോട്‌ അപേക്ഷിക്കാന്‍ സംഘങ്ങള്‍ വൈകുകയോ അനാസ്ഥ കാട്ടുകയോ ചെയ്‌തേക്കാമെന്നതിനാല്‍ രണ്ടാഴ്‌ചക്കകം താലൂക്കടിസ്ഥാനത്തില്‍ അഞ്ചു സംഘങ്ങള്‍ക്ക്‌ ഒരു സെയില്‍സ്‌ ഓഫീസറെ വീതം നിയമിക്കണമെന്നു സഹകരണസംഘം രജിസ്‌ട്രാറോടു കോടതി ഉത്തരവായി. കോഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്ടറുടെ റാങ്കിലുള്ളവരെയാണു സെയില്‍സ്‌ ഓഫീസര്‍മാരായി നിയമിക്കേണ്ടത്‌. അവര്‍ക്കു സര്‍ക്കാര്‍തന്നെ ശമ്പളം കൊടുക്കണം. എങ്കിലും പണം തിരിച്ചുപിടിക്കാനെടുക്കുന്ന നടപടികളുടെ ചെലവ്‌ ആവശ്യപ്പെടാം. വായ്‌പക്കാര്‍ എതിര്‍പ്പു ഫയല്‍ ചെയ്‌താല്‍ ഒരു മടിയുംകൂടാത സൂക്ഷ്‌മമായും സ്ഥൈര്യത്തോടെയും അതു കൈകാര്യം ചെയ്യണം. നേരത്തേ പാസ്സാക്കിയ അവാര്‍ഡുകളെ ഡിക്രികളായി കണക്കാക്കി സഹകരണസംഘം നിയമത്തിലെ 36എ വകുപ്പുപ്രകാരം കടക്കാരില്‍നിന്നു പണം തിരിച്ചുപിടിക്കാന്‍ നടപടികള്‍ തുടങ്ങാന്‍ സെയില്‍സ്‌ ഓഫീസര്‍മാര്‍ക്കു കഴിയണം. സെയില്‍സ്‌ഓഫീസര്‍മാര്‍ വായ്‌പക്കാരുടെ ഈടുസ്വത്തു വിറ്റു കിട്ടുന്ന തുക എത്രയായാലും ജില്ലാകളക്ടറുടെപേരില്‍ എസ്‌ക്രോ അക്കൗണ്ടിലിടണം. ഭരണസമിതിയുടെ ഇടപെടല്‍ ഒഴിവാക്കാനാണിത്‌. കളക്ടര്‍ സ്ഥിരനിക്ഷേപകരുടെ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ പ്രായം കണക്കിലെടുത്തും വേര്‍തിരിവും വൈരുധ്യവുമില്ലാത്തവിധത്തിലും തുക വിതരണം ചെയ്യണം. നിക്ഷേപകരുടെ ക്ലെയിമിന്റെയും സംഘത്തിലെ രേഖകളുടെയും നിജസ്ഥിതി പരിശോധിക്കാന്‍ കളക്ടര്‍ക്ക്‌ അധികാരമുണ്ടായിരിക്കും. തിരിച്ചുപിടിക്കുന്ന തുക നിക്ഷേപം പൂര്‍ണമായി തിരിച്ചുകൊടുക്കാന്‍ തികയുന്നില്ലെങ്കില്‍ ആനുപാതികമായി വീതിച്ചു നല്‍കാനുള്ള സംവിധാനം കളക്ടര്‍ക്കു രൂപവല്‍കരിക്കാം. വായ്‌പയില്‍ കിട്ടാനുള്ള ബാക്കി കിട്ടാനായി ലീനില്ലാത്തതോ വായ്‌പക്കരാറില്‍ വരാത്തതോ ആയ മറ്റുസ്വത്തുക്കളില്‍നിന്ന്‌ ഈടാക്കാന്‍ റവന്യൂറിക്കവറി നിയമപ്രകാരം നീങ്ങാന്‍ സഹകരണസംഘം നിയമത്തിലെ 76-ാംവകുപ്പു പ്രകാരം കളക്ടര്‍ക്ക്‌ അധികാരമുണ്ടാകും. ഈടുവച്ച ആസ്‌തികള്‍ വിറ്റിട്ടും വായപത്തുക പൂര്‍ണമായി തിരിച്ചുകിട്ടുന്നില്ലെങ്കില്‍ മറ്റു സ്ഥാവരജംഗമവസ്‌തുക്കളില്‍നിന്ന്‌ പണം ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതിനു കളക്ടര്‍ക്കു തടസ്സമില്ല.

വസ്‌തു വില്‍പനക്കുവച്ചാല്‍ സെയില്‍ഓഫീസര്‍ കൃത്യമായി സെയില്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണം. മൂന്നാംകക്ഷികളുടെ പ്രേരണയില്‍ കൂടുതല്‍ നിയമനടപടികളുണ്ടാകാതിരിക്കാനാണിത്‌. സെയില്‍സ്‌ ഓഫീസര്‍മാരുടെ വില്‍പനപ്രക്രിയക്കു രജിസ്‌ട്രാര്‍ മേല്‍നോട്ടം വഹിക്കണം.ചിട്ടിഫണ്ടുകള്‍ നടത്തുന്ന പല സംഘവും ജിഎസ്‌ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലെന്നും ജിഎസ്‌ടി വെട്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അമിക്കസ്‌ ക്യൂറി കോടതിയെ അറിയിച്ചു. സഹകരണസംഘം നിയമം 66എ പ്രകാരം വിവിധ സ്‌കീമുകള്‍ക്ക്‌ അനുമതി നല്‍കാനുള്ള രജിസ്‌ട്രാറുടെ അധികാരം ചിട്ടിഫണ്ടുനിയമം ലംഘിക്കുന്നതരം സ്‌കീമുകള്‍ക്ക്‌ അനുമതി നല്‍കാനുള്ളതല്ല. 10500 സംഘങ്ങള്‍ ഇവ നടത്തുന്നുണ്ട്‌. ഇതു കോടികളുടെ നികുതി നഷ്ടപ്പെടുത്തുന്നു. എംഡിഎസും ജിഡിഎസും പ്രത്യേകപദ്ധതികളാണെന്നും ചിട്ടികളല്ലെന്നുമാണു രജിസ്‌ട്രാറുടെ വിശദീകരണമെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിലുണ്ട്‌. അതിനാല്‍, ചിട്ടിഫണ്ട്‌നിയമപ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി തുക ഒഴിവാക്കാന്‍ എംഡിഎസും ജിഡിഎസും നടത്തുന്ന അര്‍ബന്‍ഇതരസഹകരണബാങ്കുകളുംസംഘങ്ങളും ജിഎസ്‌ടി രജിസ്‌ട്രേഷന്‍ എടുത്തു രജിസ്‌ട്രേഷന്‍ഫീയും സ്‌റ്റാമ്പ്‌ ഡ്യൂട്ടിയും അടക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ അധികൃതര്‍ക്കു നടപടി എടുക്കാം.കാലാവധികഴിഞ്ഞ സ്ഥിരനിക്ഷേപത്തിന്റെ കാലാവധി നിക്ഷേപകരുടെ അനുമതിയോടെ മാത്രമേ നീട്ടിക്കൊടുക്കാവൂ എന്ന്‌ എല്ലാ സഹകരണസംഘങ്ങള്‍ക്കും അര്‍ബന്‍ഇതരബാങ്കുകള്‍ക്കു കോടതി നിര്‍ദേശം നല്‍കി. ഉത്തരവിന്റെ സര്‍ട്ടിഫൈ ചെയ്‌ത കോപ്പി കിട്ടി മൂന്നുമാസത്തിനകം വായ്‌പ തിരിച്ചുപിടിക്കാനുള്ള സെയില്‍സ്‌ ഓഫീസര്‍മാരുടെ അധികാരപ്രയോഗത്തിനു അര്‍ബന്‍ഇതരബാങ്കുകളും സംഘങ്ങളും നടപടിയെടുക്കണമെന്നും ഉത്തരവിലുണ്ട്‌. നിക്ഷേപഗ്യാരന്റി സ്‌കീമിന്റെ ചുമതലയുള്ള കമ്മറ്റി 11 ഹര്‍ജികളിലെ നിക്ഷേപകര്‍ക്കു ഗ്യാരന്റി സ്‌കീം പ്രകാരം അനുവദിക്കാവുന്ന തുക ഉടന്‍ നല്‍കണം. ഓഗസ്റ്റ്‌ 23ലെ ഉത്തരവില്‍ 30 ശതമാനം തുക നല്‍കാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്ന ഹര്‍ജിക്കാര്‍ക്കു രണ്ടുമാസത്തിനകം വീണ്ടും 30ശതമാനംകൂടി നല്‍കണം.സംഘങ്ങളിലെ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ 65എ പ്രകാരം ആരംഭിച്ച സര്‍ച്ചാര്‍ജ്‌ ചുമത്തല്‍ നടപടികള്‍ ഉത്തരവു കിട്ടി 10മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Moonamvazhi

Authorize Writer

Moonamvazhi has 642 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!