ജില്ലാസംഘങ്ങള്‍ ബന്ധുസ്വത്ത്‌ അറ്റാച്ച്‌ ചെയ്‌തത്‌ തെലങ്കാന ഹൈക്കോടതി റദ്ദാക്കി

Moonamvazhi
പ്രാഥമികകാര്‍ഷികസഹകരണസംഘങ്ങളുടെ നഷ്ടത്തിനിടയാക്കിയ വ്യക്തികളുടെ ബന്ധുക്കളുടെയും നിയമപരമായഅവകാശികളുടെയും സ്വത്തുക്കള്‍ അറ്റാച്ച്‌ ചെയ്‌ത ജില്ലാസഹകരണസംഘങ്ങളുടെ നടപടി തെലങ്കാന ഹൈക്കോടതി റദ്ദാക്കിയതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ടു ചെയ്‌തു. അങ്ങനെ ജപ്‌തി ചെയ്യുംമുമ്പു തെലങ്കാന സഹകരണനിയമപ്രകാരം ബന്ധുക്കള്‍ക്കും നിയമപരമായ അവകാശികള്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ്‌ നല്‍കി സ്വത്തിന്റെ പ്രകൃതം ആരായുകയും മറുപടി വിലയിരുത്തുകയും ചെയ്‌തശേഷം വേണമായിരുന്നു തീരുമാനമെടുക്കാന്‍ എന്ന്‌ ഉത്തരവില്‍ പറയുന്നതായും റിപ്പോര്‍ട്ടിലുണ്ട്‌. ജസ്‌റ്റിസ്‌ ടി മാധവിയുടെതാണു വിധി.
സ്വത്തുക്കള്‍ഏറ്റെടുത്തതിനെതിരെയുള്ള മൂന്നു ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിച്ചാണ്‌ ഉത്തരവ്‌.
യമാപൂരിലെ പ്രാഥമികകാര്‍ഷികസഹകരണസംഘത്തിന്റെ ചീഫ്‌എക്‌സിക്യൂട്ടീവ്‌ ഓഫീസറായിരുന്ന ഒരാളുടെ ഭാര്യയാണ്‌ ഒരു ഹര്‍ജിക്കാരി. സാമ്പത്തികക്രമക്കേടു നടത്തിയതായി സിഇഒക്കെതിരെ ആരോപണമുണ്ട്‌. അദ്ദേഹത്തില്‍നിന്നു കിട്ടേണ്ട 746033രൂപ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ്‌ തെലങ്കാനസഹകരണനിയമത്തിലെ 73-ാംവകുപ്പു പ്രകാരം അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കള്‍ അറ്റാച്ച്‌ ചെയ്‌തത്‌. തന്റെ ശ്രീധനവും മദ്യബിസിനസില്‍നിന്നുള്ള ലാഭവും ഉപയോഗിച്ചു താന്‍ സ്വന്തമായി സമ്പാദിച്ചതാണ്‌ ഈ സ്വത്തുക്കളെന്നും ഭര്‍ത്താവിന്‌ അവയില്‍ അവകാശമോ ഓഹരിയോ ഇല്ലെന്നും ഹര്‍ജിക്കാരി വാദിച്ചു. ഹര്‍ജിക്കാരിക്കു കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കുകയോ ഹര്‍ജിക്കാരിയുടെ സ്വത്തിന്റെ പ്രകൃതം സംബന്ധിച്ച അന്വേഷണം നടത്തുകയോ ചെയ്യാതെയാണു സ്വത്ത്‌ അറ്റാച്ച്‌ ചെയ്‌തതെന്നു കോടതി വിലയിരുത്തി. അറ്റാച്ച്‌ ചെയ്യുംമുമ്പു സ്വത്തിന്റെ സ്വഭാവം ആരാഞ്ഞു കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കുകയെങ്കിലും ചെയ്യണമായിരുന്നുവെന്നും അതിലെ മറുപടി വിലയിരുത്തിയശേഷം വേണമായിരുന്നു തീരുമാനമെടുക്കാനെന്നും കോടതി പറഞ്ഞു. ഉചിതമായ നടപടിക്രമങ്ങളുടെ വ്യക്തമായ ലംഘനം ഇവിടെയുണ്ടായിട്ടുണ്ട്‌. ഹര്‍ജിക്കാരിയുടെ സ്വത്തുക്കള്‍ എതിര്‍കക്ഷിയുടെയും സ്വത്തുക്കളാണെന്നു കരുതിക്കൊണ്ടാണ്‌ അറ്റാച്ച്‌മെന്റ്‌ നടപടികള്‍ എടുത്തിട്ടുള്ളത്‌. അറ്റാച്ച്‌മെന്റ്‌ ഉത്തരവ്‌ റദ്ദാക്കിയ കോടതി ഹര്‍ജിക്കാരിക്കും ഭര്‍ത്താവിനുമെതിരെ നടപടികളുമായി മുന്നോട്ടുപോകാന്‍ അധികൃതര്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നു വ്യക്തമാക്കി. അവരുടെ വാദംകേള്‍ക്കാന്‍ മതിയായ അവസരം നിയമപ്രകാരം നല്‍കിയശേഷം മാത്രമായിരിക്കണം അതെന്നു മാത്രം.
1014159രൂപ ക്രമക്കേടു നടത്തിയതായി ആരോപിതനായ ഒരു മുന്‍സഹകരണസംഘം ജീവനക്കാരന്റെ പിതാവിന്റെതാണ്‌ രണ്ടാമത്തെ ഹര്‍ജി. ആരോപിതന്റെ പേരില്‍ സ്വത്തില്ല. പിതാവിന്റെ സ്വത്തുക്കള്‍ അറ്റാച്ച്‌ ചെയ്യാന്‍ ഉത്തരവു പുറപ്പെടുവിച്ചു. അദ്ദേഹം കേസു കൊടുത്തു. അറ്റാച്ച്‌മെന്റ്‌ ഉത്തരവു വന്ന്‌ ആറുമാസത്തിനകം തര്‍ക്കവസ്‌തുവില്‍ തന്റെ അവകാശം ഉന്നയിക്കാന്‍ തെലങ്കാനുസഹകരണനിയമത്തില്‍ വകുപ്പുള്ള കാര്യം കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ കോടതിയിലൂടെ നിയമപരമായ പരിഹാരത്തിനാണു ശ്രമിച്ചതെങ്കിലും സഹകരണനിയമത്തിലുള്ള വകുപ്പുപ്രകാരം പരിഹാരത്തിനുള്ള ബദല്‍പരിഹാരനടപടിക്കായി ഒരുമാസത്തിനകം പരാതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
മറ്റൊരു മുന്‍സിഇഒയുടെ കുടുംബത്തിന്റെ സ്വത്ത്‌ അറ്റാച്ച്‌ ചെയതതിനെതിരെയാണു മൂന്നാമത്തെ കേസ്‌. 11170093 രൂപ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്‌. മുന്‍സിഇഒയുടെ പേരില്‍ സ്വത്തില്ല. അതിനാല്‍ കുടുംബത്തിന്റെ സ്വത്ത്‌ അറ്റാച്ച്‌ ചെയ്യാന്‍ 2023 സെപ്‌റ്റംബര്‍ 30നു നോട്ടീസ്‌ ഇറക്കി. എന്നാല്‍ അറ്റാച്ച്‌മെന്റ്‌ നടപടികള്‍ സെപ്‌റ്റംബര്‍ രണ്ടിനു തുടങ്ങിയിരുന്നു. അതിനാല്‍ ഇതു നടപടിക്രമപരമായ വീഴ്‌ചയാണെന്നും നോട്ടീസ്‌ നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി. അറ്റാച്ച്‌മെന്റ്‌ ഉത്തരവു കോടതി റദ്ദാക്കി. ഇതിലെ ഹര്‍ജിക്കാര്‍ക്കു നോട്ടീസുകള്‍ നല്‍കിയശേഷം നിയമപ്രകാരമുള്ള നടപടികളുമായി അധികൃതര്‍ക്കു മുന്നോട്ടുപോകാവുന്നതാണെന്നു വിധിയിലുണ്ടെന്നു വാര്‍ത്ത വ്യക്തമാക്കുന്നു.

Moonamvazhi

Authorize Writer

Moonamvazhi has 642 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!