സഹകരണത്തിലടക്കം ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സഹകരണസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 19 മേഖലകളില്‍ ഇന്റേണ്‍ഷിപ്പിന് സംസ്ഥാനആസൂത്രണബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂലൈ 30നകം അപേക്ഷിക്കണം. പി.എച്ച്.ഡി. ചെയ്യുന്നവരോ, ബിരുദാനന്തരബിരുദം അവസാനവര്‍ഷത്തിലോ അവസാനസെമസ്‌റ്റിറിലോ എത്തിയവരോ ആയവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനമേധാവിയുടെ ശുപാര്‍ശ സഹിതമാണ് അപേക്ഷിക്കേണ്ടത്. ധനശാസ്‌ത്രം, ഇക്കണോമെട്രിക്‌സ്, സോഷ്യോളജി, വികസനപഠനങ്ങള്‍, സ്ഥിതിവിവരശാസ്‌ത്രം, കോമേഴ്‌സ്, ഡെമോഗ്രഫി, കൃഷി, ഫിഷറീസ്, ഫോറസ്‌ട്രി, പരിസ്ഥിതിശാസ്‌ത്രം, സോഷ്യല്‍ വര്‍ക്ക്, വിദ്യാഭ്യാസം, നിയമം, പൊളിറ്റിക്കല്‍ സയന്‍സ്, പൊതുനയം എന്നിവയില്‍ ബിരുദാനന്തരബിരുദപഠനമോ ഗവേഷണമോ നടത്തുന്നവരാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷയോടൊപ്പം 1500 വാക്കുള്ള ഗവേഷണപ്രൊപ്പോസല്‍ നിര്‍ബന്ധമാണ്. ഇതിന്റെ മികവിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. മൂന്നുമാസമാണ് ഇന്റേണ്‍ഷിപ്പ്. വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബിരുദാനന്തരബിരുദക്കാര്‍ക്കു 24000 രൂപയും പി.എച്ച്.ഡി. ചെയ്യുന്നവര്‍ക്കു 30,000 രൂപയും ഫെല്ലോഷിപ്പ് നല്‍കും. എല്ലാവരും ആസൂത്രണബോര്‍ഡിന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതു നിര്‍ദിഷ്ടമാതൃകയിലും ഗൈഡിന്റെ ഒപ്പോടുകൂടിയും ആയിരിക്കണം. നിര്‍ദിഷട് മാതൃകയിലാണ് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. [email protected][email protected] എന്ന ഇ-മെയിലിലേക്ക് ആസൂത്രണബോര്‍ഡിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാമാതൃകയുംകൂടുതല്‍ വിവരങ്ങളും www.spb.kerala.gov.inhttp://www.spb.kerala.gov.in ല്‍ ലഭിക്കും.
സഹകരണത്തിനു പുറമെ, കൃഷിയും അനുബന്ധപ്രവര്‍ത്തനങ്ങളും, വികേന്ദ്രീകരണവും സദ്‌ഭരണവും, ജനസംഖ്യയും പരിചരണസമ്പദ്‌വ്യവസ്ഥയും, ദുരന്തനിവാരണം, വിദ്യാഭ്യാസവും വൈജ്ഞാനികസമ്പദ്‌വ്യവസ്ഥയും, പരിസ്ഥിതിയും കാലാവസ്ഥാവ്യതിയാനവും, സംസ്ഥാനസമ്പദ് വ്യവസ്ഥയുടെ സാമ്പത്തികസ്ഥിതിയും വരുമാനാര്‍ജനവും, ആരോഗ്യവും പോഷകാഹാരവും, വ്യവസായവും നൂതനീകരണവും അടിസ്ഥാനസൗകര്യങ്ങളും, വിവരസാങ്കേതികവിദ്യയും ടൂറിസവും കുടിയേറ്റവും, അധ്വാനവും തൊഴിലും നൈപുണ്യവികസനവും, ചെറുകിടസൂക്ഷ്‌മസംരംഭങ്ങളും സംരഭകത്വവും, ദാരിദ്ര്യവും ജീവിതോപാധിയും, പട്ടികജാതി-പട്ടികവര്‍ഗക്കാരും മറ്റു പ്രാന്തവല്‍കൃതവിഭാഗങ്ങളും, സാമൂഹികസുരക്ഷയും വികസനവും, സ്‌ത്രീകളും ശിശുവികസനവും, പൊതനയം, സംസ്ഥാനത്തിന്റെ ആസൂത്രണവും വികസനവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ എന്നിവയിലാണു പരിശീലനം. തെളിവധിഷ്‌ഠിതആസത്രണവും നയകേന്ദ്രിതഗവേഷണവും പ്രോല്‍സാഹിപ്പിക്കലാണു ലക്ഷ്യം.