സംഘത്തിനു നല്‍കേണ്ട തുക പിടിച്ചു നല്‍കാന്‍ കെഎസ്‌ആര്‍ടിസി ബാധ്യസ്ഥം
കെ.എസ്.ആര്‍.ടി.സി.ജീവനക്കാര്‍ ശമ്പളസര്‍ട്ടിഫിക്കറ്റ് ഈടു നല്‍കി സഹകരണസംഘങ്ങളില്‍ നിന്നെടുത്ത വായ്‌പകളുടെ കാര്യത്തില്‍ തുക ശമ്പളത്തില്‍നിന്നു പിടിച്ചു നല്‍കാനുള്ള ബാധ്യതയില്‍നിന്നു കെ.എസ്.ആര്‍.ടി.സി.ക്കു പിന്‍വാങ്ങാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ജസ്‌റ്റിസ് ടി.ആര്‍. രവിയുടെതാണ് ഉത്തരവ്. തൃശ്ശൂര്‍ ചാലക്കുടിയിലെ ആര്‍ 710-ാം നമ്പര്‍ കെഎസ്‌ആര്‍ടിസി എംപ്ലോയീസ് സഹകരണസംഘത്തിന്റെ കോടതിയലക്ഷ്യഹര്‍ജിയിലാണിത്.
ജൂണ്‍ 10ലെ പൊതുഉത്തരവിലെ ഒരു അപാകം തിരുത്തുന്നതിനു വിവിധഹര്‍ജികള്‍ ഒരുമിച്ചു പരിഗണിച്ചാണു ഉത്തരവ്. ജീവനക്കാര്‍ക്കു ശമ്പളംമുഴുവന്‍ കെഎസ്‌ആര്‍ടിസി നല്‍കുകയും ബാങ്കിലടയ്‌ക്കേണ്ട തുക ജീവനക്കാര്‍തന്നെ അടയ്‌ക്കുകയും ചെയ്യുകയാണെങ്കില്‍ അതാണു ജീവനക്കാര്‍ക്കു നല്ലത് എന്നു വിലയിരുത്തിയായിരുന്നു ആ ഉത്തരവ്. ഉടമ്പടിപ്രകാരം ജീവനക്കാരില്‍നിന്നു തുക ശേഖരിച്ചു സഹകരണസംഘങ്ങളില്‍ അടയ്‌ക്കാനുള്ള ബാധ്യത കെഎസ്‌ആര്‍ടിസി നിറവേറ്റാത്ത സാഹചര്യം കണക്കിലെടുത്തായിരുന്നു അത്. ജീവനക്കാരാരും നേരിട്ടു തുക അടയ്‌ക്കുന്നില്ലെന്നും ഉത്തരവു തുടരാന്‍ അനുവദിച്ചാല്‍ അതു സംഘത്തിന്റെ താല്‍പര്യത്തിനു ഹാനികരമാകുമെന്നും സംഘം ബോധിപ്പിച്ചു. കെഎസ്‌ആര്‍ടിസി നല്‍കിയ ശമ്പളസര്‍ട്ടിഫിക്കറ്റുകളുടെമാത്രം അടിസ്ഥാനത്തിലാണു വായ്‌പകള്‍ അനുവദിച്ചത്. സംഘങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ മറ്റ് ഈടുകളൊന്നുമില്ല. കെഎസ്‌ആര്‍ടിസിയില്‍നിന്നോ ജീവനക്കാരില്‍നിന്നോ തുക തിരിച്ചുപിടിക്കാനാവാത്ത സ്ഥിതിയാണെന്നും ബോധിപ്പിച്ചു. ഇതില്‍ കാര്യമുണ്ടെന്നു കോടതി പറഞ്ഞു. സദുദ്ദേശ്യത്തോടെയാണെങ്കിലും, ഉത്തരവ് കക്ഷികള്‍തമ്മിലുള്ള കരാര്‍ ഫലത്തില്‍ മാറ്റിയെഴുതുന്നതിനു തുല്യമായി. ജീവനക്കാര്‍ കടക്കാരായി തുടരുകയും അവര്‍ക്കു പൂര്‍ണശമ്പളത്തില്‍ നഷ്ടം വരികയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു തുക പിടിക്കരുതെന്നു കെഎസ്‌ആര്‍ടിസിക്കു നല്‍കിയിരുന്ന നിര്‍ദേശം പിന്‍വലിക്കുകയാണ്. കക്ഷികള്‍ തമ്മിലുള്ള കരാറനുസരിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ കെഎസ്‌ആര്‍ടിസി തുടരണം. ജൂണ്‍ 10ലെ ഉത്തരവ് സംഘങ്ങളുമായുള്ള കരാറിലെ ചുമതലകളില്‍നിന്നു പിന്‍വാങ്ങാനുള്ള കാരണമാകരുതെന്നു കോടതി വ്യക്തമാക്കി. സംഘത്തിനുവേണ്ടി അഡ്വ. സി.വി. മില്‍ട്ടണ്‍ ഹാജരായി.