നബാര്‍ഡില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഇന്റേണ്‍ഷിപ്പിന്‌ അപേക്ഷിക്കാം

Deepthi Vipin lal

ദേശീയകാര്‍ഷികഗ്രാമവികസനബാങ്ക്‌ (നബാര്‍ഡ്‌) സ്റ്റുഡന്റ്‌ ഇന്റേണ്‍ഷിപ്പ്‌ (എസ്‌ഐഎസ്‌) സ്‌കീമിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 18000 രൂപ സ്റ്റൈപ്പന്റും മറ്റാനുകൂല്യങ്ങളുമുണ്ട്‌. നബാര്‍ഡിനുവേണ്ടി ഹ്രസ്വകാലപഠനങ്ങളും പ്രോജക്ടുകളും പ്രവര്‍ത്തനങ്ങളും നടത്തുന്നതിനാണിത്‌. 2025-26ല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍ഡബ്ലിയുആര്‍എസ്‌-കര്‍ഷകര്‍ക്കുള്ള ധനസഹായം-പ്രശ്‌നങ്ങളും ഉപയോഗപ്പെടുത്തലും, എന്‍ബിഎഫ്‌സികള്‍ – ഗ്രാമീണമേഖലകളിലെ സാമ്പത്തികസഹായം-കവറേജും പ്രശ്‌നങ്ങളും, പാട്ടക്കര്‍ഷകര്‍ – പാട്ടത്തിന്റെ സ്വഭാവവും വെല്ലുവിളികളും പ്രതിസന്ധികളും, പഴവര്‍ഗക്ലസ്റ്ററുകളുടെ മൂല്യശൃംഖലയുടെ വികാസം-നിലവിലുള്ള ഇടപെടലുകളും സാധ്യമായ ഇടപെടലുകളും എന്നിവയിലൊന്നിലാണു പഠനം നടത്തേണ്ടത്‌.

കൃഷി, കാര്‍ഷികാനുബന്ധ വിഷയങ്ങള്‍ (വെറ്ററിനറി, ഫിഷറീസ്‌ തുടങ്ങിയവ), അഗ്രിബിസിനസ്‌, ധനശാസ്‌ത്രം, കാര്‍ഷികസാമ്പത്തികശാസ്‌ത്രം, സോഷ്യല്‍ സയന്‍സസ്‌, മാനേജ്‌മെന്റ്‌ എന്നിവയില്‍ ബിരുദാനന്തരബിരുദപഠനം പൂര്‍ത്തിയാകാറായവരോ ഒന്നാംവര്‍ഷം പൂര്‍ത്തിയായവരോ ആയവര്‍ക്ക്‌ അപേക്ഷിക്കാം. ഇവയുടെ അഞ്ചുവര്‍ഷഇന്റഗ്രേറ്റഡ്‌ കോഴ്‌സുകള്‍ പൂര്‍ത്തിയാകാറായവരോ നാലാംവര്‍ഷം പൂര്‍ത്തിയായവരോ ആയവര്‍ക്കും അപേക്ഷിക്കാം. 39സീറ്റാണുള്ളത്‌. 34സീറ്റുകള്‍ റീജണല്‍ ഓഫീസുകള്‍ക്കും ട്രെയിനിങ്‌ എസ്‌റ്റാബ്ലിഷ്‌മെന്റുകള്‍ക്കും അഞ്ചുസീറ്റുകള്‍ ഹെഡ്‌ഓഫീസിനും കീഴില്‍ ആയിരിക്കും. ഓരോ റീജണല്‍ ഓഫീസിനും/ടിഇക്കും ഒരോ സീറ്റുവീതമാണ്‌ അനുവദിക്കുക. ക്രമസമാധാനപ്രശ്‌നമുള്ളതിനാല്‍ മണിപ്പൂര്‍ റീജണല്‍ ഓഫീസിന്റെ അഭ്യര്‍ഥനപ്രകാരം അവിടെനിന്ന്‌ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല.

ഏതെങ്കിലും പ്രത്യേകസംസ്ഥാനത്തേക്ക്‌ ഇന്റേണ്‍ഷിപ്പിന്‌ അപേക്ഷിക്കുന്നവര്‍ ആ സംസ്ഥാനത്തു പഠിക്കുന്നവരോ ആ സംസ്ഥാനത്തുനിന്നുള്ളവരോ ആയിരിക്കണം. മുംബൈയിലെ ആസ്ഥാനത്തെ സീറ്റുകളിലേക്കു രാജ്യത്തെ എല്ലായിടത്തുനിന്നുമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. 10, 12, ബിരുദതലങ്ങളിലെ മാര്‍ക്കുകള്‍ വിലയിരുത്തിയുള്ള സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കിയാണ്‌ അഭിമുഖത്തിനു തിരഞ്ഞെടുക്കുക. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്‌ അന്തിമതിരഞ്ഞെടുപ്പ്‌. അപേക്ഷിക്കാനുള്ള ലിങ്കിലൂടെ ഏപ്രില്‍ ഏഴുവരെ അപേക്ഷിക്കാം. ഒമ്പതിനു ചുരുക്കപ്പട്ടികയാവും. 17ന്‌ അഭിമുഖം നടത്തി ഫലം പ്രഖ്യാപിക്കും. https://www.nabard.org/studentinternship/register.aspx എന്നതാണ്‌ അപേക്ഷിക്കാനുള്ള ലിങ്ക്‌. എട്ടാഴ്‌ചയാണ്‌ ഇന്റേണ്‍ഷിപ്പ്‌. 12 ആഴ്‌ചവരെ നീണ്ടേക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഏപ്രില്‍ 18നും ഓഗസ്റ്റ്‌ 31നുമകം ഇന്റേണ്‍ഷിപ്പ്‌ പൂര്‍ത്തിയാക്കണം. 18000രൂപ മാസം സ്റ്റൈപ്പന്റ്‌ കിട്ടും. ഏഴു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിദിനം 2000രൂപയും മറ്റു സംസ്ഥാനങ്ങളില്‍ പ്രതിദിനം 1500രൂപയും ഫീല്‍ഡ്‌ വിസിറ്റ്‌ അലവന്‍സ്‌ കിട്ടും. ഇതു പരമാവധി 30ദിവസത്തേക്കാണു കിട്ടുക. ഒരാള്‍ക്കു പരമാവധി 6000 രൂപവരെ യാത്രാഅലവന്‍സ്‌ കിട്ടും. ആസ്ഥാനത്തുനിന്നു ഫീല്‍ഡിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണിത്‌. ഇതിനു ടിക്കറ്റുകളും മറ്റുരേഖകളും സമര്‍പ്പിക്കണം. മറ്റുവിവിധചെലവുകള്‍ക്കായി വിശദവിവരങ്ങള്‍ നല്‍കുന്ന മുറയ്‌ക്കു ഒരാള്‍ക്കു 2000 രൂപയും ലഭിക്കും. പ്രോജക്ടുകള്‍ തൃപ്‌തികരമായി പൂര്‍ത്തിയാക്കുന്നതിന്റെ അടിസ്ഥാനത്തിലാണു സ്റ്റൈപ്പന്റ്‌ അടക്കമുള്ള തുകകള്‍ നല്‍കുക. സ്റ്റൈപ്പന്റിനുള്ള ക്ലെയിം നിര്‍ദിഷ്ടമാതൃകയില്‍ പോര്‍ട്ടലിലൂടെയാണു സമര്‍പ്പിക്കേണ്ടത്‌. കൂടുതല്‍ വിവരങ്ങള്‍ അറിയാനും സംശയങ്ങള്‍ തീര്‍ക്കാനും [email protected]എന്ന ഇ-മെയില്‍ ഐഡിയിലേക്ക്‌ ഇ-മെയില്‍ അയക്കുകയോ 022-26539531/ 022-26539924 എന്നീ ഫോണ്‍നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Latest News