വനിതാസഹകാരികളുടെ ആഗോളനേതൃത്വത്തെക്കുറിച്ച് ഓണ്‍ലൈന്‍ സമ്മേളനം
സ്‌ത്രീകളുടെ പദവിയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭാകമ്മീഷന്റെ 69-ാംവാര്‍ഷികത്തിന്റെ ഭാഗമായി, ഐക്യരാഷ്ട്രസഹകരണവര്‍ഷാചരണത്തോടനുബന്ധിച്ച് താഴെത്തട്ടിലുള്ള വനിതാസഹകാരികളുടെ ആഗോളനേതൃത്വത്തെക്കുറിച്ചു ചര്‍ച്ചാസമ്മേളനം സംഘടിപ്പിച്ചു. ചൈന്നൈയില്‍ ഓണ്‍ലൈനായാണു സംഗമം നടന്നത്. വര്‍ക്കിങ് വിമന്‍സ് കോഓപ്പറേറ്റീവ് ഫോറവും ഇന്ത്യന്‍ കോഓപ്പറേറ്റീവ് നെറ്റ് വര്‍ക്ക് ഫോര്‍ വിമനും സംയുക്തമായാണു പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയുടെ അനൗപചാരികതൊഴില്‍മേഖലയില്‍ ദരിദ്രസ്‌ത്രീകള്‍ വഹിക്കുന്ന പങ്കിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതായിരുന്നു സംഗമം. നാലു ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളില്‍നിന്നു 13 വനിതാസഹകരണവിഭാഗങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. സുബ്രഹ്മണ്യഭാരതിയുടെ കവിത ആലപിച്ചായിരുന്നു തുടക്കം. ഡബ്ലിയുഡബ്ലിയുഎഫ്-ഐസിഎന്‍ഡബ്ലിയു പ്രസിഡന്റ് ഡോ. നന്ദിനി ആസാദ് സ്വാഗതം പറഞ്ഞു. ലോകത്തെ ഏറ്റവും പഴയ സഹകരണയൂണിയനായ അന്താരാഷ്ട്ര റെയ്‌ഫീസെന്‍ യൂണിയന്റെ സെ്‌ക്രട്ടറി ജനറല്‍ ആന്‍ഡ്രിയാസ് കാപ്പെസ് പ്രബന്ധം അവതരിപ്പിച്ചു. ലാറ്റിന്‍ അമേരിക്കമുതല്‍ ആഫ്രിക്കവരെയുള്ളിടങ്ങളിലെ വിജയകരമായ സഹകരണമാതൃകകളെപ്പറ്റി അദ്ദേഹം സംസാരിച്ചു. വേള്‍ഡ് ഫാര്‍മേഴ്‌സ് ഓര്‍ഗനൈസേഷനിലെ മരിയ ഗുയ്‌ലിയ ഡി കാസ്‌ട്രോയും സംസാരിച്ചു. ഡബ്ലിയുഡബ്ലിയുഎഫ്-ഐസിഎന്‍ഡബ്ലിയുവിന്റെ പ്രവര്‍ത്തനഫലമായി ജീവിതം പച്ചപിടിച്ച വനിതാസംരംഭകരെപ്പറ്റിയുള്ള വീഡിയോപ്രദര്‍ശനങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. പച്ചക്കറിവില്‍പനക്കാരും നെയ്‌ത്തുകാരും കരകൗശലകൈവേലക്കാരും ചന്ദനത്തിരി ഉണ്ടാക്കുന്നവരുമായ വനിതാസംരംഭകര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.