9000 കോടി നിക്ഷേപം ലക്ഷ്യമിട്ട് ഇനി ഒരുമാസം നിക്ഷേപസമാഹരണയജ്ഞം
9000 കോടിരൂപ നിക്ഷേപം സമാഹരിക്കാന്‍ ലക്ഷ്യമിട്ടു സഹകരണവകുപ്പ് 45-ാമത് നിക്ഷേപസമാഹരണയജ്ഞത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍ ജില്ലകള്‍ 510 കോടിവീതവും പത്തനംതിട്ട 310 കോടിയും ആലപ്പുഴ 560 കോടിയും കോട്ടയം 460കോടിയും ഇടുക്കി 310കോടിയും എറണാകുളം 660 കോടിയും പാലക്കാടും കാസര്‍ഗോഡും 710കോടി വീതവും മലപ്പുറം 760കോടിയും കോഴിക്കോട് 810 കോടിയും വയനാട് 235 കോടിയും കണ്ണൂര്‍ 1060കോടിയും സമാഹരിക്കണം. കേരളബാങ്കിലെ വ്യക്തിഗതനിക്ഷേപടാര്‍ജറ്റ് 885 കോടിയാണ്.സംസ്ഥാനത്തിന്റെ വികസനം സഹകരണമേഖലയിലൂടെ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഏപ്രില്‍ മൂന്നുവരെ നിക്ഷേപസമാഹരണപ്രചാരണം നടത്തുകയും പുതിയ അംഗത്വവിതരണം നടത്തുകയും ചെയ്യും.
സഹകരണസംഘങ്ങള്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന നിക്ഷേപത്തില്‍ 30ശതമാനമെങ്കിലും സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, കറന്റ് അക്കൗണ്ട് തുടങ്ങി ചെലവു കുറഞ്ഞ നിക്ഷേപങ്ങളിലൂടെയായിരിക്കണം.കേരളബാങ്കും അര്‍ബന്‍ബാങ്കുകളും 50% നിക്ഷേപവും ഇത്തരം നിക്ഷേപങ്ങളിലൂടെ സമാഹരിക്കാന്‍ ശ്രമിക്കണം.സഹകരണസംഘം രജിസ്‌ട്രാറുടെ 9/2025 സര്‍ക്കുലറിലെ പലിശനിരക്കുകള്‍ക്കു പ്രചാരം നല്‍കിമാത്രമേ നിക്ഷേപസമാഹരണപ്രചാരണത്തിലെ നിക്ഷേപം സ്വീകരിക്കാവൂ. കേരളബാങ്കിലെയും സംസ്ഥാനസഹകരണകാര്‍ഷികഗ്രാമവികസനബാങ്കിലെയും പലിശനിരക്ക് അവയുടെ സര്‍ക്കുലര്‍ പ്രകാരമായിരിക്കും.
പരമാവധി വ്യക്തികളെയും കുടുംബങ്ങളെയും സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമാക്കാന്‍ സംഘംതലത്തിലും സര്‍ക്കിള്‍തലത്തിലും ജില്ലാതലത്തിലും പരിപാടികള്‍ നടത്തി അക്കൗണ്ടുകളും നിക്ഷേപങ്ങളും സ്വരൂപിക്കണം. യുവാക്കള്‍ക്കും പാര്‍ശ്വവല്‍കൃതര്‍ക്കും സ്‌ത്രീകള്‍ക്കും അംഗത്വവര്‍ധനയില്‍ പ്രത്യേകപ്രാധാന്യം നല്‍കണം. അവര്‍ക്കായി പ്രത്യേകപരിപാടികള്‍ നടത്തണം.സഹകരണസംഘംരജിസ്‌ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്‌ട്രാര്‍ (ഭരണം)യജ്ഞത്തിന്റെ സംസ്ഥാനനോഡല്‍ ഓഫീസറായിരിക്കും. ജില്ലാതലത്തില്‍ ജോയിന്റ് രജിസ്‌ട്രാര്‍മാര്‍ (ജനറല്‍) പ്രവര്‍ത്തനം ഏകോപിപ്പിക്കണം. അദ്ദേഹം ഓരോസംഘത്തിന്റെയും സമാഹരണലക്ഷ്യവും ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള ചുമതലയും വീതിച്ചുനല്‍കണം. ജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ഡെപ്യൂട്ടി രജിസ്‌ട്രാര്‍ (ഭരണം) കാമ്പെയിനിന്റെ ജില്ലാനോഡല്‍ഓഫീസറായിരിക്കും. ഇദ്ദേഹമാണ് ആവശ്യപ്പെടുന്ന വിവരങ്ങളും ദൈനദിനപുരോഗതിറിപ്പോര്‍ട്ടും സഹകരണസംഘം രജിസ്‌ട്രാര്‍ക്കു നല്‍കേണ്ടത്. ജോയിന്റ് രജിസ്‌ട്രാര്‍ ഓഫീസില്‍ ഒരു ഇന്‍സ്‌പെക്ടറെ കാമ്പെയിന്‍ നടത്തിപ്പിനു ചുമതലപ്പെടുത്തണം. ഇദ്ദേഹത്തിന്റെ പേര് സഹകരണസംഘംരജിസ്‌ട്രാര്‍ഓഫീസില്‍ അറിയിക്കണം. ഇദ്ദേഹത്തെ വയ്‌ക്കാന്‍ വര്‍ക്ക് അറേഞ്ച്‌മെന്റ് ആകാം. അസിസ്റ്റന്റ് രജിസ്‌ട്രാര്‍മാര്‍ (ജനറല്‍) ഇന്‍സ്‌പെക്ടര്‍മാര്‍ക്കു സംഘങ്ങളുടെ ചുമതല നിശ്ചയിച്ചു നല്‍കണം. ഓരോആഴ്‌ചയുടെയും അവസാനം അവരുടെ പ്രവര്‍ത്തനം വിലയിരുത്തി പിറ്റേന്നു ജോയിന്റ് രജിസ്‌ട്രാര്‍(ജനറല്‍)ക്കു റിപ്പോര്‍ട്ടു നല്‍കണം.
സര്‍ക്കിള്‍തലചുമതലയുള്ള അസിസ്‌റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ആ പരിധിയിലെ എല്ലാ സംഘത്തിന്റെയും അതാതുദിവസത്തെ നിക്ഷേപത്തിന്റെ വിവരങ്ങള്‍ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍വഴി ശേഖരിച്ചു ക്രോഡീകരിച്ച് അന്നുതന്നെ ജില്ലാനോഡല്‍ ഓഫീസര്‍ക്കു കൊടുക്കണം. അദ്ദേഹം അന്നുതന്നെ ജില്ലാതലക്കണക്കു ക്രോഡീകരിച്ചു സഹകരണസംഘംരജിസ്‌ട്രാര്‍ക്കു മെയില്‍ ചെയ്യണം.സംഘംതലകമ്മറ്റിയുടെ ഭാഗമായി ഭരണസമിതിയംഗങ്ങളും ജീവനക്കാരും വീടുകളില്‍ ചെന്ന് ജനങ്ങളെ ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി അക്കൗണ്ട് ഇല്ലാത്തവരെക്കൊണ്ട് ഒരു അക്കൗണ്ടെങ്കിലും എടുക്കാന്‍ പ്രേരിപ്പിക്കണം.ഒരുവീട്ടില്‍നിന്ന് ഒരാളെയെങ്കിലും പുതുതായി അംഗമാക്കാനും നിക്ഷേപമായോ വായ്‌പയായോ സംഘവുമായി ഇടപാടു നടത്താന്‍ നടപടി എടുക്കണം. ഓരോ പ്രാഥമികബാങ്കും അവിടങ്ങളിലെ വിദ്യാലയങ്ങള്‍, ഭവനങ്ങള്‍, കുടുംബശ്രീകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ നിക്ഷേപം സമാഹരിക്കാന്‍ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ഒരുമിച്ചു കാമ്പെയിന്‍ നടത്തണം.അംഗസംഖ്യ കൂട്ടുക, ഓഹരിമൂലധനം കൂട്ടുക, പുതിയ അക്കൗണ്ടുകള്‍ (സീറോബാലന്‍സ് അടക്കം) ആരംഭിക്കുക, സമ്പാദ്യശീലം വളര്‍ത്തുക, കുടിശ്ശിക കുറയ്‌ക്കുക, വായ്‌പക്കാര്‍ മരിച്ച കേസുകളില്‍ റിസ്‌ക്‌ഫണ്ട് ലഭ്യമാക്കുക, അര്‍ഹര്‍ക്ക് അംഗസമാശ്വാസആനുകൂല്യം നല്‍കുക തുടങ്ങിയവയ്‌ക്കു നടപടിയെടുക്കണം.
സ്‌കൂള്‍,കോളേജ് വിദ്യാര്‍ഥികള്‍ക്കു പ്രത്യേകനിക്ഷേപപദ്ധതികള്‍ ആരംഭിക്കണം. എല്ലാ സ്‌കൂള്‍വിദ്യാര്‍ഥികളെയും ഇതില്‍ ചേര്‍ക്കണം. അവരെ സഹകാരികളായി വളര്‍ത്തിയെടുക്കണം.വാര്‍ഡുതലനിക്ഷേപസദസ്സുകള്‍ നടത്തണം. അധികപ്പലിശയ്‌ക്ക് അര്‍ഹരായതിനാല്‍ മുതിര്‍ന്നപൗരരെ നേരില്‍കണ്ടു നിക്ഷേപത്തിനു പ്രേരിപ്പിക്കണം.കേരളബാങ്ക് എല്ലാശാഖയിലും സീറോബാലന്‍സ് അടക്കമുള്ള അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കര്‍മപദ്ധതി നടപ്പാക്കണം.കേരളബാങ്കിന്റെ നിക്ഷേപവിവരങ്ങള്‍ ശാഖകളില്‍നിന്നു ശേഖരിച്ചു സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച് അതാതു ദിവസം സഹകരണസംഘംരജിസ്‌ട്രാര്‍ക്ക് മെയില്‍ ചെയ്യണം.ഇതിനു നോഡല്‍ ഓഫീസര്‍മാരെ വയ്‌ക്കണം.പ്രാഥമികസഹകരണകാര്‍ഷികഗ്രാമവികസനബാങ്കുകള്‍ സമാഹരിക്കുന്ന സ്ഥിരനിക്ഷേപങ്ങളുടെ വിവരം അതാതുദിവസം അസിസ്റ്റന്റ് രജിസ്‌ട്രാര്‍/ വാല്യുവേഷന്‍ഓഫീസര്‍മാര്‍ ജോയിന്റ് രജിസ്‌ട്രാര്‍മാര്‍ക്കു നല്‍കണം. അവര്‍ അതും പുരോഗതിറിപ്പോര്‍ട്ടില്‍ ചേര്‍ക്കണം. പ്രാഥമികസംഘങ്ങള്‍മുതല്‍ കേരളബാങ്കുവരെ എല്ലാസംഘവും മാര്‍ച്ച് നാലിലെ നിക്ഷേപബാക്കിനില്‍പ് മാര്‍ച്ച് ഏഴിനുമുമ്പു നിര്‍ദിഷ്ടമാതൃകകളില്‍ സഹകരണസംഘം രജിസ്‌ട്രാര്‍ക്കു സമര്‍പ്പിക്കണം.
കാമ്പെയിനിന്റെ ദൈനംദിനപുരോഗതി ദിവസവും വൈകിട്ട് അഞ്ചിനുമുമ്പും ആഴ്‌ചയിലെ പുരോഗതി വെള്ളിയാഴ്‌ചതോറും വൈകിട്ട് അഞ്ചിനുമുമ്പും നിര്‍ദിഷ്ടമാതൃകകളില്‍ ഇമെയിലിലും തപാലിലും അറിയിക്കണം. അന്തിമപുരോഗതി റിപ്പോര്‍ട്ട് യജ്ഞം അവസാനിച്ചു രണ്ടുദിവസത്തിനകം സമര്‍പ്പിക്കണം.നിക്ഷേപം സ്വീകരിക്കുന്ന വായ്‌പേതരസംഘങ്ങള്‍മുതല്‍ കേരളബാങ്ക് വരെ യജ്ഞത്തില്‍ പങ്കെടുക്കണം. എല്ലാ ജീവനക്കാരും പങ്കെടുക്കണം.ജില്ലാതലത്തില്‍ ജോയിന്റ് രജിസ്‌ട്രാറും സര്‍ക്കിള്‍തലത്തില്‍ സര്‍ക്കിള്‍ സഹകരണയൂണിയന്‍ ചെയര്‍മാനും, സംഘംതലത്തില്‍ സംഘംപ്രസിഡന്റും അധ്യക്ഷരായി കമ്മറ്റിയുണ്ടാക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.