എന്‍.സി.ഡി.സി.യുടെ സഹകരണ വായ്‌പായത്‌നത്തിനു പിന്തുണ; ദേശീയ സഹകരണനയം ഈ വര്‍ഷം: കേന്ദ്രബജറ്റ്
- 12ലക്ഷംരൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് ആദായനികുതി കൊടുക്കേണ്ടിവരില്ല
- കിസാന്‍ക്രെഡിറ്റ് കാര്‍ഡ് വായ്‌പാപരിധി അഞ്ചുലക്ഷമാക്കി
- സ്വയംസഹായസംഘങ്ങളുടെ വായ്‌പയ്‌ക്കു ഗ്രാമീണവായ്‌പാസ്‌കോര്‍
സഹകരണമേഖലയ്‌ക്ക് വായ്‌പ നല്‍കുന്ന ദേശീയസഹകരണവികസനകോര്‍പറേഷന്റെ യത്‌നങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന്, ആദായനികുതിപരിധിയിലും കിസാന്‍ക്രെഡിറ്റ് വായ്‌പയിലുംമറ്റും അനുകൂലനിര്‍ദേശങ്ങളുമായി, കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന്‍ ശനിയാഴ്‌ച ലോക്‌സഭയില്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ അറിയിച്ചു. ദേശീയസഹകരണനയം ഈ സാമ്പത്തികവര്‍ഷം നയം പ്രഖ്യാപിക്കുമെന്നുപ്രതീക്ഷിക്കപ്പെടുന്നുവെന്നു ബജറ്റിന്റെ നടപ്പാക്കല്‍പുരോഗതിസംബന്ധിച്ച ഭാഗത്തുണ്ട്. 1,186.29 കോടിരൂപ ബജറ്റില്‍ കേന്ദ്രസഹകരണമന്ത്രാലയത്തിനു നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞബജറ്റില്‍ 1183.39 കോടിയായിരുന്നു. എന്‍.സി.ഡി.സിക്ക് 500കോടിരൂപ ഗ്രാന്റ്-ഇന്‍-എയ്‌ഡായി നീക്കിവച്ചിട്ടുണ്ട്. പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളുടെ കമ്പ്യൂട്ടര്‍വല്‍കരണത്തിന് 560കോടി വകയിരുത്തി. സഹകരണസ്ഥാപനങ്ങളുടെ വിവരസാങ്കേതികവിദ്യാനവീകരണത്തിന് 25 കോടിരൂപയുണ്ട്. കേന്ദ്രസഹകരണമന്ത്രാലയസെക്രട്ടേറിയറ്റ്, കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസ്, സഹകരണതിരഞ്ഞെടുപ്പ് അതോറിട്ടി, സഹകരണഓംബുഡ്‌സ്‌മാന്‍ തുടങ്ങിയവയുടെ ചെലവുകള്‍ക്കായി 48.29 കോടിയാണുള്ളത്. ദേശീയസഹകരണപരിശീലനകൗണ്‍സിലിനു 42 കോടിയും വൈകുണ്‌ഠമേത്ത ദേശീയസഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ടിന് 11 കോടിയുമുണ്ട്.
നാലുലക്ഷംരൂപമുതല്‍ എട്ടുലക്ഷംരൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്കാണ് ആദായനികുതി കൊടുക്കേണ്ടതില്ലാത്തതെങ്കിലും റിബേറ്റ് ഉള്ളതിനാല്‍ 12ലക്ഷംരൂപവരെ വരുമാനമുള്ളവര്‍ക്കു നികുതിനല്‍കേണ്ടിവരില്ല. 75000രൂപയുടെ സ്‌റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ ഉള്ളതിനാല്‍ ശമ്പളക്കാര്‍ക്കു പന്തണ്ടേമുക്കല്‍ലക്ഷരൂപവരെ വരുമാനത്തിനു നികുതി നല്‍കേണ്ടിവരില്ല. നാലുലക്ഷംരൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ക്കു നികുതി നല്‍കേണ്ടതില്ല. നാലുലക്ഷംമുതല്‍ എട്ടുലക്ഷംരൂപവരെ വരുമാനമുള്ളവര്‍ക്കു അഞ്ചുശതമാനം നികുതിയുണ്ട്. എട്ടുലക്ഷംരൂപമുതല്‍ 12ലക്ഷംരൂപവരെ വരുമാനമുള്ളവര്‍ക്കു 10ശതമാനം, 12ലക്ഷംമുതല്‍ 16ലക്ഷംവരെ വരുമാനമുള്ളവര്‍ 15 ശതമാനം, 16മുതല്‍ 20വരെ ലക്ഷംരൂപ വരുമാനമുള്ളവര്‍ 20 ശതമാനം, 20മുതല്‍ 24ലക്ഷംവരെ വരുമാനമുള്ളവര്‍ 25 ശതമാനം അതിനുമുകളില്‍ 30 ശതമാനം എന്നിങ്ങനെയാണു നികുതിനിരക്ക്. ക്യാപ്പിറ്റല്‍ ഗെയിന്‍പോലുള്ള സ്‌പെഷ്യല്‍ റേറ്റ് വരുമാനക്കാരല്ലാത്തവര്‍ക്ക് ഫലത്തില്‍ മാസം ഒരുലക്ഷംരൂപയുടെ വരുമാനമുണ്ടെങ്കിലും ആദായനികുതി കൊടുക്കേണ്ടതില്ല.
കിസാന്‍ക്രെഡിറ്റ് വായ്‌പാസ്‌കീമിന്റെ പരിധി അഞ്ചുലക്ഷംരൂപയാക്കി ഉയര്‍ത്തി. സംസ്ഥാനസര്‍ക്കാരുകളുമായി ചേര്‍ന്നു കാര്‍ഷികജില്ലാപദ്ധതി ആവിഷ്‌കരിക്കും. കാര്‍ഷികോല്‍പാദനം കുറഞ്ഞതും വായ്‌പാസൗകര്യം കുറഞ്ഞതുമായ 100 ജില്ലകളിലായിരിക്കും ഇത്. സ്റ്റാര്‍ട്ടപ്പുകളുടെ വായ്‌പാഗ്യാരന്റി പരിധി 20കോടിരൂപയായി ഉയര്‍ത്തി. മൈക്രോസംരംഭങ്ങള്‍ക്കു കസ്‌റ്റമൈസ്‌ഡ് ക്രെഡിറ്റ് കാര്‍ഡ് നല്‍കും. അടുത്തയാഴ്‌ച പുതിയ ആദായനികുതിബില്‍ അവതരിപ്പിക്കും. അതില്‍ നികുതിസമ്പ്രദായത്തില്‍ വലിയമാറ്റങ്ങളുണ്ടാകും. രണ്ടാംതലനഗരങ്ങളില്‍ ആഗോളഉത്‌പാദനശേഷീകേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരുകളെ സഹായിക്കാന്‍ ദേശീയസംവിധാനം രൂപവല്‍കരിക്കും. വിമാനത്തില്‍ കയറ്റിയയക്കേണ്ടതും വേഗം കേടുവരുന്നതുമായ പച്ചക്കറികള്‍ക്കു സംഭരണസംവിധാനങ്ങള്‍ വിപുലമാക്കും. അന്താരാഷ്ട്രവ്യാപാരത്തിനു ധനസഹായം നല്‍കാന്‍ പൊതുഡിജിറ്റല്‍ സംവിധാനം സ്ഥാപിക്കും. ആഭ്യന്തരനിര്‍മാതാക്കളെ ആഗോളവിതരണശൃംഖലയുമായി ബന്ധിപ്പിക്കും. രാജ്യമെങ്ങും ഭൂമിസംബന്ധിച്ച രേഖകളുടെ സ്‌പേഷ്യല്‍ ഡാറ്റ വികസിപ്പിക്കാനായി ദേശീയജിയോസ്‌പേഷ്യല്‍ മിഷന്‍ ആരംഭിക്കും. പിഎം ഗതിശക്തി സംരംഭത്തിലൂടെ സ്വകാര്യമേഖലയ്‌ക്കും കാര്യങ്ങള്‍ നന്നായി ആസൂത്രണം ചെയ്യാനും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനും സഹായകമാകുംവിധം അടിസ്ഥാനവിവരങ്ങളും ഭൂപടങ്ങളും പ്രാപ്യമാക്കും. കപ്പല്‍നിര്‍മാണത്തിനു ധനസഹായം പുനരാരംഭിക്കും. കപ്പല്‍നിര്‍മാണക്ലസ്റ്ററുകള്‍ സ്ഥാപിക്കും. 25000കോടിരൂപയുടെ മാരിടൈംവികസനനിധി രൂപവല്‍കരിക്കും.
നഗരങ്ങളെ ചലനാത്മകവികസനത്തിന്റെ കേന്ദ്രങ്ങളാക്കാനും നൂതനമായ പുനര്‍വികസനപരിപാടികള്‍ നടപ്പാക്കാനും ജലവിതരണ-ശുചീകരണസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഒരുലക്ഷംകോടിരൂപയുടെ നഗരവെല്ലുവിളിനിധി രൂപവല്‍കരിക്കും. പദ്ധതികളുടെ 25ശതമാനംവരെ ഈ നിധിയില്‍നിന്നു ലഭിക്കും. ചെലവിന്റെ 50ശതമാനം ബോണ്ടുകളിലൂടെയോ ബാങ്കുവായ്‌പയിലൂടെയോ പൊതു-സ്വകാര്യപങ്കാളിത്തത്തിലൂടെയോ ഉണ്ടാക്കണം. 2025-26 സാമ്പത്തികവര്‍ഷം നിധിയില്‍ 10,000 കോടിരൂപ നീക്കിവയ്‌ക്കും.
മൂന്നുകൊല്ലത്തിനകം ജില്ലാആശുപത്രികളില്‍ ഡെകെയര്‍ കാന്‍സര്‍ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കും. 2025-26ല്‍ 200 കേന്ദ്രങ്ങളാണു സ്ഥാപിക്കുക.മെഡിക്കല്‍കോളേജുകളില്‍ 10000സീറ്റുകള്‍ വര്‍ധിപ്പിക്കും. അഞ്ചുകൊല്ലത്തിനകം 75000 മെഡിക്കല്‍സീറ്റുകള്‍ വര്‍ധിപ്പിക്കും.തൊഴില്‍വൈദഗ്‌ധ്യം വര്‍ധിപ്പിക്കാന്‍ അഞ്ചു ദേശീയവൈദഗ്‌ധ്യമികവുകേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഐഐടികളില്‍ 6500 വിദ്യാര്‍ഥികള്‍ക്കുകൂടി പ്രവേശനം നല്‍കാന്‍ കഴിയുംവിധം സൗകര്യങ്ങള്‍ കൂട്ടും.
വാടക പേമെന്റുകള്‍ക്കുള്ള സ്രോതസ്‌നകിതിപിടിത്തപരിധി ആറുലക്ഷമാക്കി. നേരത്തേ പരിധി 2.40ലക്ഷമായിരുന്നു.മുതിര്‍ന്നപൗരര്‍ക്കു പലിശവരുമാനത്തിലുള്ള നികുതിയിളവ് അരലക്ഷത്തില്‍നിന്ന് ഒരുലക്ഷമാക്കി.36ജീവന്‍രക്ഷാമരുന്നുകളുടെകൂടി അടിസ്ഥാനകസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. കൂടാതെ 37 മരുന്നുkളെയും 13 പുതിയരോഗീസഹായപരിപാടികളെയും അടിസ്ഥാനകസ്റ്റംസ് ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കി.ഇന്‍ഷുറന്‍സില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 100 ശതമാനമാക്കാന്‍ ബജറ്റ് നിര്‍ദേശിക്കുന്നു.ബിഹാറില്‍ ഭക്ഷ്യസംസ്‌കരണഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും. അസമിലെ നാംരൂപില്‍ വര്‍ഷം 12.7 ലക്ഷം ടണ്‍ യൂറിയ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി തുടങ്ങും. കിഴക്കന്‍സംസ്ഥാനങ്ങളില്‍ അടച്ചിട്ടിരിക്കുന്ന മൂന്നു യൂറിയ പ്ലാന്റുകള്‍ തുറന്നു.കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പലിശയിളവോടെ അഞ്ചുലക്ഷംരൂപവരെ വായ്‌പയെടുക്കാം. നേരത്തേ മൂന്നുലക്ഷംവരെയായിരുന്നു.മൈക്രോസംരംഭങ്ങള്‍ക്കും ചെറുകിടസംരംഭങ്ങള്‍ക്കുമുള്ള വായ്‌പാഗ്യാരന്റിയുടെ പരിധി അഞ്ചുകോടിരൂപയില്‍നിന്നു 10 കോടിരൂപയാക്കി. സ്റ്റാര്‍ട്ടപ്പുകളുടെ വായ്‌പാഗ്യാരന്റി 10കോടിയില്‍നിന്ന് 20 കോടിയാക്കി. 27പ്രധാനമേഖലകളിലെ ഗ്യാരന്റിഫീ ഒരുശതമാനമാക്കി. മൈക്രോ സംരംഭങ്ങള്‍ക്ക് അഞ്ചുലക്ഷംരൂപവരെ പരിധിയുള്ള കസ്റ്റമൈസ്‌ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും. ഇക്കൊല്ലം ഇത്തരം 10ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യും.
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പുതിയൊരു നിധികളുടെനിധി (ഫണ്ട് ഓഫ് ഫണ്ടസ്) കൂടി രൂപവല്‍കരിക്കും. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ 10,000 കോടിരൂപ ലഭ്യമാക്കും.അഞ്ചുകൊല്ലത്തിനകം ആദ്യസംരംഭകരായ അഞ്ചുലക്ഷം സ്‌ത്രീകള്‍ക്കും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും രണ്ടുകോടിരൂപവരെ വായ്‌പ നല്‍കും.അഞ്ചുകൊല്ലത്തിനകം അരലക്ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ അതല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കും.ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുംഭാരത്‌നെറ്റ് പ്രോജക്ടില്‍ ബ്രോഡ്‌ബാന്റ് കണക്ഷന്‍ നല്‍കും.500കോടിചെലവില്‍ വിദ്യാഭ്യാസത്തിനായുള്ള നിര്‍മിതബുദ്ധീമികവുകേന്ദ്രം തുടങ്ങും.നഗരത്തൊഴിലാളികള്‍ക്കു സാമൂഹിക-സാമ്പത്തികപുരോഗതിക്കു സ്‌കീം നടപ്പാക്കും.തെരുവകച്ചവടക്കാര്‍ക്കുള്ള പിഎം സ്വനിധി സ്‌കീമില്‍ യുപിഐബന്ധിതക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു ബാങ്കുകളില്‍നിന്നെടുക്കാവുന്ന വായ്‌പ 30,000 രൂപയാക്കി.ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോംതൊഴിലാളികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കുകയും അവരെ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്യും. പിഎം ജന്‍ആരോഗ്യയോജനയില്‍ അവര്‍ക്കു ചികിത്സ ലഭിക്കും.
അടിസ്ഥാനസൗകര്യപദ്ധതികള്‍ പൊതു-സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്ത്യാഅടിസ്ഥാനസൗകര്യവികസനനിധിയുടെ സഹായം ലഭിക്കും. സംസ്ഥാനങ്ങള്‍ക്കു മൂലധനച്ചലവിനും പരിഷ്‌കാരങ്ങള്‍ക്കുള്ള ഇന്‍സെന്റീവിനും 50കൊല്ലത്തേക്കു പലിശരഹിതവായ്‌പ നല്‍കാന്‍ ഒന്നരലക്ഷംകോടിരൂപ വകയിരുത്തും.2025-30ലേക്കായി ആസ്‌തിമോണിറ്റൈഷന്‍ നടപ്പാക്കും. ഇതില്‍ 10ലക്ഷംകോടിരൂപ പുതിയ പദ്ധതികളില്‍ നിക്ഷേപിക്കും. ഗ്രാമങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള ജല്‍ജീവന്‍മിഷന്‍ 2028വരെ നീട്ടി. ഇതില്‍ കൂടുതല്‍ പണം മുടക്കും..വൈദ്യുതിപരിഷാകരങ്ങള്‍ക്കായി സംസ്ഥാനങ്ങളുടെ മൊത്ത ആഭ്യന്തരോല്‍പാദനത്തിന്റെ (ജിഎസ്‌ഡിപി) 0.5ശതമാനംകൂടി കടമെടുക്കാന്‍ അനുവദിക്കും.ചെറുമോഡുലാര്‍ റിയാക്ടറുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തിനായി 20,000 കോടി ചെലവില്‍ ആണവോര്‍ജദൗത്യം സ്ഥാപിക്കും.ഭവനപദ്ധതികള്‍ക്കുള്ള സ്വാമിഹ് നിധി 2 ആരംഭിക്കും. സര്‍ക്കാരിന്റെയും ബാങ്കുകളുടെയും സ്വകാര്യനിക്ഷേപകരുടെയും ധനം ഇതിനായി ഉപയോഗിക്കും. 15000 കോടിരൂപ നിധിയിലുണ്ടാകും. ഒരുലക്ഷം പാര്‍പ്പിടങ്ങള്‍കൂടി നിര്‍മിക്കലാണു ലക്ഷ്യം.സഹകരണഫെഡറലിസം പരിപോഷിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കായി നിക്ഷേപസൗഹൃദസൂചിക നടപ്പാക്കും.
കെവൈസി ലളിതമാക്കാന്‍ പരിഷ്‌കരിച്ച കേന്ദ്ര കെവൈസി രജിസ്‌ട്രി സ്ഥാപിക്കും.പെന്‍ഷന്‍പദ്ധതികളുടെ നിയന്ത്രണപരമായ ഏകോപനത്തിനും വികസനത്തിനും ഫോറം രൂപവല്‍ക്കരിക്കും.സ്വയംസഹായസംഘാംഗങ്ങളുടെയും ഗ്രാമീണരുടെയും വായ്‌പാആവശ്യങ്ങള്‍ നിറവേറ്റാന്‍ പൊതുമേഖലാബാങ്കുകള്‍ ഗ്രാമീണവായ്‌പാസ്‌കോര്‍ രൂപപ്പെടുത്തും.അന്താരാഷ്ട്രവ്യാപാരത്തിനായി ഭാരത് ട്രേഡ് നെറ്റ് എന്ന ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തും. വ്യാപാരരേഖകളും സാമ്പത്തികകാര്യങ്ങളും കൈകാര്യംചെയ്യാനുള്ള എകീകൃതപ്ലാറ്റ്‌ഫോമായിരിക്കും ഇത്. കേന്ദ്രവ്യാപാര, സൂക്ഷ്‌മ-ചെറുകിട-ഇടത്തരംസംരംഭ, ധനകാര്യമന്ത്രാലയങ്ങള്‍ ചേര്‍ന്നു നടത്തുന്ന കയറ്റുമതിപ്രോല്‍സാഹനദൗത്യം സ്ഥാപിക്കും. വായ്‌പ, രാജ്യാതിര്‍ത്തികളില്‍ ആവശ്യമായ സഹായങ്ങള്‍, വിദേശവിപണികളിലെ താരിഫിതരപ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ എന്നിവയില്‍ ദൗത്യം സഹായിക്കും.ടൂറിസത്തില്‍ യുവാക്കള്‍ക്കു ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ അടക്കം തൊഴില്‍വൈദഗ്‌ധ്യം നേടാനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ഹോംസ്‌റ്റേകള്‍ക്കു മുദ്രാവായ്‌പ നല്‍കും. ടൂറിസംമികവിനു സംസ്ഥാനങ്ങള്‍ക്കു മികവ്-ഇന്‍സന്റീവ് നല്‍കു. ചിലയിനം ടൂറിസ്റ്റ് ഗ്രൂപ്പുകള്‍ക്കു വിസ ഫീ ഒഴിവാക്കല്‍ അടക്കമുള്ള സ്‌ട്രീംലൈന്‍ ചെയ്‌ത ഇ-വിസ സൗകര്യങ്ങള്‍ നല്‍കും.കരകൗശലോല്‍പന്നങ്ങളുടെ കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ കയറ്റുമതിക്കുള്ള സമയപരിധി ആറുമാസത്തില്‍നിന്ന് ഒരുവര്‍ഷമാക്കി. ഒമ്പതുസാധനങ്ങള്‍ക്കുകൂടി ഡ്യൂട്ടി ഒഴിവാക്കി.34.96 ലക്ഷം കോടിരൂപ വരുമാനവും (വായ്‌പകള്‍ ഒഴികെ) 50.65ലക്ഷംകോടിരൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. അറ്റനികുതിവരുമാനം 28.37ലക്ഷം കോടിരൂപയാണ്.