കേരളബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കുടുങ്ങരുത്
കേരളബാങ്കില്‍ ജോലികള്‍ വാഗ്ദാനം ചെയ്തു ചിലര്‍ നടത്തുന്ന പണംതട്ടിപ്പില്‍ കുടുങ്ങരുതെന്നു പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോയും പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. ഇങ്ങനെ ജോലി വാഗ്ദാനം ചെയ്തു ചിലര്‍ പണം തട്ടുന്നതായി ബാങ്കിനു പരാതി ലഭിച്ചിട്ടുണ്ട്. ബാങ്ക് ലോഗോ ചേര്‍ത്തുള്ള വ്യാജനിയമനഉത്തരവുകള്‍ നല്‍കി ആളുകളെ കബളിപ്പിക്കുന്നുവെന്നാണു പരാതി. ഇതുസംബന്ധിച്ചു സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കേരളബാങ്കിന്റെ നിയമനങ്ങളെല്ലാം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുമാണ്. മറ്റു മാര്‍ഗങ്ങളിലൂടെയുള്ള ജോലി വാഗ്ദാനങ്ങളെല്ലാം തട്ടിപ്പു നടത്താനുള്ള ശ്രമങ്ങള്‍ മാത്രമാണെന്നു പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.