കേരളബാങ്ക് ചീഫ് ടെക്‌നോളജി ഓഫീസറെയും ചീഫ് കംപ്ലയന്‍സ് ഓഫീസറെയും നിയമിക്കുന്നു
കേരളബാങ്കില്‍ ചീഫ് ടെക്‌നോളജി ഓഫീസറുടെയും ചീഫ് കംപ്ലയന്‍സ് ഓഫീസറുടെയും ഓരോ ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.എസ്.സി.യോ വിവര സാങ്കേതികവിദ്യയില്‍ ബി.ടെക്കോ എം.സി.എ.യോ ആണു ചീഫ് ടെക്‌നോളജി ഓഫീസര്‍ തസ്തികയില്‍ അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത. സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുക്കല്‍, അടിസ്ഥാനസൗകര്യമാനേജ്‌മെന്റ്്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ക്ലൗഡ് എന്നിവയില്‍ വൈദഗ്ധ്യവും ഈ മേഖലകളില്‍ 10വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയവും വേണം. പ്രായം 65വയസ്സില്‍ കവിയരുത്.
അംഗീകൃതസര്‍വകലാശാലയില്‍നിന്നുള്ള ഏതെങ്കിലും ബിരുദം ആണു ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാന്‍വേണ്ട വിദ്യാഭ്യാസയോഗ്യത. പ്രമുഖമായ പൊതുമേഖലാബാങ്കുകളിലോ സ്വകാര്യമേഖലാബാങ്കുകളിലോ 15 വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇതില്‍തന്നെ മൂന്നുവര്‍ഷം ജനറല്‍മാനേജരുടെയോ ഡെപ്യൂട്ടി ജനറല്‍മാനേജരുടെയോ റാങ്കിലുള്ള തസ്തികയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയമായിരിക്കണം. കംപ്ലയന്‍സ്, റിസ്‌ക് മാനേജ്‌മെന്റ്, പരിശോധന, വായ്പയുംഓപ്പറേഷന്‍സും തുടങ്ങിയ മേഖലകളില്‍ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം. പ്രായം 65വയസ്സില്‍ കവിയരുത്.
താത്പര്യമുള്ളവര്‍ ചീഫ് ജനറല്‍ മാനേജര്‍, കേരളസംസ്ഥാനസഹകരണബാങ്ക് ലിമിറ്റഡ്, കോബാങ്ക് ടവേഴ്‌സ്, പാളയം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കണം. ഡിസംബര്‍ 24നകം അപേക്ഷ മേല്‍പറഞ്ഞ വിലാസത്തില്‍ ലഭിച്ചിരിക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് അപേക്ഷാഫോമിനു മുകളില്‍ എഴുതണം.