റിപ്പോ നിരക്കിൽ മാറ്റമില്ല, 6.5 ശതമാനമായി തുടരും
പലിശനിരക്ക് (റിപ്പോ നിരക്ക് ) 6.5ശതമാനമായി തുടരാൻ റിസർവ് ബാങ്കിന്റെ പണനയസമിതി യോഗം തീരുമാനിച്ചു. യോഗത്തിന് ശേഷം ഗവർണർ ശക്തികാന്ത് ദാസ് പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്.ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനം ആയി തുടരും.മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റിയിലും മാറ്റമില്ല. ഇത് 6.75ശതമാനം ആയിരിക്കും.ബാങ്ക് നിരക്കും ഇതു തന്നെ. വളർച്ച നിരക്കിന് പിൻബലം നൽകിക്കൊണ്ട് ഉപഭോക്തൃ വിലകയറ്റം നാലു ശതമാനം ആക്കാനുള്ള ശ്രമത്തിന് സഹായകം ആകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് റിപ്പോ നിരക്ക് മാറ്റേണ്ടതി ല്ല എന്നു തീരുമാനിച്ചത്. മന്ദഗതിയിലാണെങ്കിലും ആഗോള സാമ്പത്തിക നില സുസ്ഥിരമാണെന്ന് സമിതി വിലയിരുത്തി. എന്നാൽ ഭൗമരാഷ്ട്രീയ റിസ്ക്കുകളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ചാഞ്ചല്യം സൃഷ്ടിക്കുന്നുണ്ട്.
2024-25ന്റെ രണ്ടാം ത്രയ്‌മാസ പാദത്തിൽ മൊത്തആഭ്യന്തരഉത്പാദനം (ജി ഡി പി ) വർധന പ്രതീക്ഷിച്ചതിലും കുറവാണ്. 5.4 ശതമാനം ആണ് ജി ഡി പി വർധന.നിക്ഷേപവും കുറഞ്ഞു. കാർഷിക മേഖല മെച്ചപ്പെട്ടെങ്കിലും വ്യവസായ മേഖലയിൽ അതുണ്ടായില്ല.മൊത്തത്തിൽ 2024-25ൽ പ്രതീക്ഷിക്കുന്ന റിയൽ ജിഡിപി വളർച്ച 6.6%ആണ്.ഉപഭോക് തൃ വിലസൂചിക അധിഷ്ഠിത പണപ്പെരുപ്പം 4.8%ആയിരിക്കും എന്നും കരുതുന്നു.പണപ്പെരുപ്പവും വളർച്ചയും തമ്മിലുള്ള സമതുലിതത്വം പാലിക്കാൻ പലിശനിരക്ക് നിലവിൽ ഉള്ളതുപോലെ തുടരണം എന്നു സമിതി വിലയിരുത്തി.ഡോ. നാഗേഷ് കുമാറും പ്രൊഫ. രാംസിംഗും റിപ്പോ നിരക്ക് 25അടിസ്ഥാനപോയിന്റ് കുറക്കണം എന്ന് പണനയ സമിതിയിൽ വാദിച്ചു. എന്നാൽ ഗവർണർ അടക്കം മറ്റു നാലുപേരും റിപ്പോ നിരക്ക് നിലവിൽ ഉള്ളതുപോലെ തുടരണം എന്ന നിലപാട് എടുത്തു. പണസമിതി ഇനി 2025 ഫെബ്രുവരി അഞ്ചു മുതൽ ഏഴുവരെ ചേരും.