അര്‍ബന്‍ ബാങ്കുകളുടെസഹകരണ സ്വഭാവംഇല്ലാതാക്കരുത് – NAFCUB

Deepthi Vipin lal

രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളില്‍ അര്‍ബന്‍ ബാങ്കുകളുടെയും വായ്പാ സംഘങ്ങളുടെയും അപ്പക്‌സ് സംഘടന ഉത്കണ്ഠ രേഖപ്പെടുത്തി. റിസര്‍വ് ബാങ്കിന്റെ ഇടപെടലുകള്‍ അര്‍ബന്‍ ബാങ്കുകളുടെ സഹകരണ സ്വഭാവം നഷ്ടപ്പെടുത്തുമെന്നു സംഘടന അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ – ഓപ്പറേറ്റീവ്‌സ് ആന്റ് ക്രെഡിറ്റ് സൊസൈറ്റീസ് ലിമിറ്റഡിന്റെ ( NAFCUB ) നാല്‍പ്പത്തിയഞ്ചാമതു വാര്‍ഷിക പൊതുയോഗമാണു റിസര്‍വ് ബാങ്കിന്റെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്.

അര്‍ബന്‍ ബാങ്കുകളുടെയും വായ്പാ സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനു റിസര്‍വ് ബാങ്കിനു കൂടുതലധികാരങ്ങള്‍ നല്‍കിക്കൊണ്ടുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വാര്‍ഷിക പൊതുയോഗം. യോഗത്തില്‍ പ്രസംഗിച്ചവരെല്ലാം തങ്ങളുടെ ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തു. ‘ ചെറുകിട, യൂണിറ്റ് ബാങ്കുകളെ ലയിപ്പിക്കുകയോ ലിക്വിഡേറ്റ് ചെയ്യുകയോ ചെയ്‌തെന്ന വാര്‍ത്ത ഒരു ദിവസം രാവിലെ പത്രങ്ങളിലൂടെയാവും നമ്മളൊക്കെ അറിയുക ‘ – NAFCUB പ്രസിഡന്റ് ജ്യോതീന്ദ്ര മേത്ത പറഞ്ഞു. ആര്‍.ബി.ഐ. യുടെ സര്‍ക്കുലര്‍ പല ഹൈക്കോടതികളും സ്റ്റേ ചെയ്തിട്ടുണ്ടെന്നതു മാത്രമാണു തങ്ങളുടെ ആശ്വാസമെന്നു മേത്ത അഭിപ്രായപ്പെട്ടു. പതിനഞ്ചോളം ഹര്‍ജികളാണു ഫയല്‍ ചെയ്യപ്പെട്ടത്. ഇതില്‍ മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കുലര്‍ പൂര്‍ണമായും സ്റ്റേ ചെയ്തിട്ടുണ്ട് – അദ്ദേഹം അറിയിച്ചു. നിയമപോരാട്ടങ്ങളില്‍ സംഘടന സഹകരണ ബാങ്കുകള്‍ക്കൊപ്പമുണ്ടാകുമെന്നു അദ്ദേഹം അംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി.

അര്‍ബന്‍ ബാങ്കുകളെ കമേഴ്‌സ്യല്‍ സ്ഥാപനങ്ങളാക്കി മാറ്റാനുള്ള നിര്‍ദേശങ്ങളെ ജ്യോതീന്ദ്ര മേത്ത വിമര്‍ശിച്ചു. സ്വമേധയാ അത്തരമൊരു നീക്കമുണ്ടായാല്‍പ്പോലും എതിര്‍ക്കപ്പെടണം. ഏറെക്കാലമെടുത്തു കെട്ടിപ്പടുത്ത സമൂഹ സ്വത്താണു സഹകരണ ബാങ്കുകള്‍. ആരെങ്കിലും അവയെ വാണിജ്യ ബാങ്കുകളാക്കാന്‍ ശ്രമിച്ചാല്‍ അതു വഞ്ചനയാണ് – അദ്ദേഹം അഭിപ്രായപ്പെട്ടു. 2021 മാര്‍ച്ച് 31 വരെ രാജ്യത്താകെ 1557 അര്‍ബന്‍ സഹകരണ ബാങ്കുകളാണുള്ളതെന്നു മേത്ത അറിയിച്ചു. ഇതില്‍ 53 എണ്ണം ഷെഡ്യൂള്‍ഡ് ബാങ്കുകളാണ്. 60 ശതമാനത്തിലധികവും യൂണിറ്റുകളോ ചെറുകിട ബാങ്കുകളോ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News