തിരുപ്പതി ക്ഷേത്രം സഹകരണബാങ്കില്‍ നിക്ഷേപിച്ച 10 കോടിയെച്ചൊല്ലി രാഷ്ട്രീയവിവാദം

[mbzauthor]

ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ക്ഷേത്രം തിരുപ്പതി സഹകരണബാങ്കില്‍ പത്തു കോടി രൂപ നിക്ഷേപിച്ചതിനെച്ചൊല്ലി ആന്ധ്രപ്രദേശില്‍ വിവാദമുയര്‍ന്നു. എന്നാല്‍, ഇക്കാര്യത്തിലെ വിവാദം അനാവശ്യമാണെന്നു ക്ഷേത്രഭരണം കൈയാളുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം അഭിപ്രായപ്പെട്ടു. തിരുപ്പതി ട്രസ്റ്റിനു വിവിധ ദേശസാത്കൃതബാങ്കുകളിലും മറ്റുമായി 19,000 കോടി രൂപയുടെ നിക്ഷേപമുണ്ട്.

തിരുപ്പതി സഹകരണബാങ്കില്‍ നിക്ഷേപമിടാനുള്ള തീരുമാനം വരാനിരിക്കുന്ന ലോക്‌സഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയപ്രേരിതമാണെന്നും ഈ നടപടി തിരുമല തിരുപ്പതി ആക്ടിന്റെ ലംഘനമാണെന്നുമാണു പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്നത്. ദേവസ്ഥാനം ഈയാരോപണം നിഷേധിക്കുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ഫിനാന്‍സ് കമ്മറ്റിയും ട്രസ്റ്റ് ബോര്‍ഡും ചേര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്നും ട്രസ്റ്റ് ബോര്‍ഡ് ഏകകണ്ഠമായി ഇതംഗീകരിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് പറയുന്നു. ഇതാദ്യമായല്ല ക്ഷേത്രത്തിലെ പണം സഹകരണബാങ്കില്‍ നിക്ഷേപിക്കുന്നതെന്നു മാനേജ്‌മെന്റ് വിശദീകരിച്ചു. ആന്ധ്രപ്രദേശ് സഹകരണബാങ്കിലും സപ്തഗിരി ഗ്രാമീണ്‍ ബാങ്കിലുംകൂടി ക്ഷേത്രത്തിന് ഏതാണ്ട് 100 കോടി രൂപയുടെ നിക്ഷേപമുണ്ട്. 2002-2004 ലും തിരുപ്പതി സഹകരണബാങ്കില്‍ തിരുപ്പതി ട്രസ്റ്റിന്റെ സ്ഥിരനിക്ഷേപമുണ്ടായിരുന്നു. ഒരു വര്‍ഷത്തേക്കാണു പത്തു കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത്. 100 വര്‍ഷം പ്രവര്‍ത്തനപാരമ്പര്യമുള്ളതും ലാഭത്തില്‍ നടക്കുന്നതുമായ തിരുപ്പതി സഹകരണബാങ്കില്‍ ക്ഷേത്രത്തിന്റെ നിക്ഷേപം ഭദ്രമാണ് – മാനേജ്‌മെന്റ് അറിയിച്ചു.

അമ്പതു കോടി രൂപ നിക്ഷേപിക്കാനായിരുന്നു ട്രസ്റ്റിന്റെ ആലോചന. ഇതിനായി വിവിധ ബാങ്കുകളില്‍നിന്നു നിക്ഷേപപ്പലിശനിരക്കിന്റെ വിവരങ്ങള്‍ ക്ഷണിച്ചു. കൂടുതല്‍ ഉയര്‍ന്ന പലിശ ( 8.4 ശതമാനം ) വാഗ്ദാനം ചെയ്തതു തിരുപ്പതി സഹകരണബാങ്കാണ്. എന്നിട്ടും, പത്തു കോടി രൂപമാത്രമേ ഈ ബാങ്കില്‍ നിക്ഷേപമായി കൊടുത്തുള്ളു. തിരുപ്പതി ട്രസ്റ്റിന്റെ നിക്ഷേപത്തില്‍ കൂടുതലും ദേശസാത്കൃതബാങ്കുകളിലാണുള്ളത്. ഈ നിക്ഷേപത്തിനു 7.8-7.9 ശതമാനംനിരക്കിലാണു പലിശ നല്‍കുന്നത്. 19,000 കോടി രൂപ നിക്ഷേപമുണ്ടെങ്കിലും പ്രാദേശിക ഗ്രാമീണബാങ്കുകളിലും സഹകരണബാങ്കുകളിലും 100 കോടിയിലധികം രൂപ ട്രസ്റ്റ് നിക്ഷേപിക്കാറില്ല. ഗ്രാമീണബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം നിക്ഷേപങ്ങളെ കേന്ദ്രധനമന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.