ഒമ്പത് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴയിട്ടു
ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു റിസര്‍വ് ബാങ്ക് വ്യാഴാഴ്ച നാല് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു പിഴശിക്ഷ വിധിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ അര്‍ബന്‍ ബാങ്കുകള്‍ക്കാണു മൊത്തം നാലര ലക്ഷം രൂപ പിഴയിട്ടത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് ഇതേപോലെ പിഴയിട്ടിരുന്നു.
നാസിക്കിലെ നാസിക്ക് ജില്ലാ സര്‍ക്കാരി-പരിഷത് കര്‍മചാരി സഹകാരി ബാങ്കിനു ഒരു ലക്ഷം രൂപയുടെ പിഴയാണു വിധിച്ചത്. ബാങ്കിന്റെ ഇടപാടുകാരെ അറിയുക എന്നതുസംബന്ധിച്ച വ്യവസ്ഥ ലംഘിച്ചതാണു കുറ്റം. അമരാവതിയിലെ ജനതാ സഹകാരി ബാങ്കിനു അര ലക്ഷം രൂപയാണു പിഴ. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ 26 എ സെക്ഷനിലെ വ്യവസ്ഥകള്‍ പാലിക്കാത്തതാണു കുറ്റം. ധുലെയിലെ ഷിര്‍പൂര്‍ പീപ്പിള്‍സ് സഹകരണ ബാങ്ക് രണ്ടു ലക്ഷം രൂപയാണു പിഴയൊടുക്കേണ്ടത്. ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്കു ബാധകമായ വ്യവസ്ഥകള്‍ ലംഘിച്ചതിനാണു പിഴ. ഈ മൂന്നു ബാങ്കുകളും മഹാരാഷ്ട്രയിലാണ്. മധ്യപ്രദേശ് ശിവ്പുരിയിലെ നാഗരിക് സഹകാരി ബാങ്കാണു പിഴശിക്ഷയ്ക്കു വിധേയമായ നാലാമത്തെ അര്‍ബന്‍ ബാങ്ക്. ബാങ്കിന്റെ ഇടപാടുകാരെ അറിയുക എന്നതുസംബന്ധിച്ച വ്യവസ്ഥ പാലിക്കാത്തതിനു ഒരു ലക്ഷം രൂപയാണ് അടയ്‌ക്കേണ്ടത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വിവിധ കുറ്റങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് അഞ്ച് അര്‍ബന്‍ ബാങ്കുകളെയാണു പിഴയടയ്ക്കാന്‍ ശിക്ഷിച്ചിരുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ അര്‍ബന്‍ ബാങ്കുകളാണു ശിക്ഷിക്കപ്പെട്ടത്. മഹാരാഷ്ട്ര ഷോളാപ്പൂരിലെ കൃഷിസേവാ അര്‍ബന്‍ സഹകരണ ബാങ്ക് ( പിഴ അര ലക്ഷം രൂപ ), മഹാരാഷ്ട്ര അമരാവതിയിലെ ഡോ. പഞ്ചാബ്‌റാവു ദേശ്മുഖ് അര്‍ബന്‍ ബാങ്ക് ( അഞ്ചു ലക്ഷം ), മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ ജില്ലയിലെ സൊണായിയിലെ സഹകാരി ബാങ്ക് ( അര ലക്ഷം ), മധ്യപ്രദേശ് ഷഹദോളിലെ ജില്ലാ സഹകാരി കേന്ദ്രീയ ബാങ്ക് ( മുക്കാല്‍ ലക്ഷം ), ഛത്തിസ്ഗഢ് ഭിലായിയിലെ ഭിലായ് നാഗരിക് സഹകാരി ബാങ്ക് ( അര ലക്ഷം ) എന്നിവയെയാണു ബാങ്കിങ് നിയന്ത്രണനിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചതിനു റിസര്‍വ് ബാങ്ക് ശിക്ഷിച്ചത്.