സഹകരണത്തിനുള്ളിലെ സഹകരണം പ്രധാനം
നമ്മുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുതന്നെ സാധ്യമാക്കാവുന്ന പല കാര്യങ്ങളുമുണ്ടെന്നും പരമ്പരാഗതമായി ചിന്തിക്കുന്ന രീതികള്‍
മാത്രമാണു ടൂറിസം എന്നുള്ള കാഴ്ചപ്പാടുകളെ
ആദ്യം പൊളിച്ചുമാറ്റണമെന്നും ലേഖകന്‍ സഹകാരികളോട്
ആവശ്യപ്പെടുന്നു. സഹകരണത്തിനുള്ളിലെ സഹകരണം പ്രധാനമാണ്.
കുറെ സഹകരണസംഘങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു വലിയ പ്രോജക്ടുകള്‍
ഏറ്റെടുത്തു വിജയിപ്പിക്കാന്‍ തയാറാകണമെന്നു ലേഖകന്‍ അഭിപ്രായപ്പെടുന്നു.
സഹകരണമേഖലയുമായി ആധികാരികമായി ബന്ധമൊന്നുമില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന ആളുകളുമായുള്ള സമ്പര്‍ക്കവും സംസര്‍ഗവും കുറച്ചൊക്കെയുണ്ട്. അതുപോലെത്തന്നെ, ടൂറിസത്തിന്റെ ഈ കാലഘട്ടത്തില്‍ ടൂറിസത്തിനു സാധ്യതയുള്ള വ്യത്യസ്തമേഖലകളെ തിരിച്ചറിയാന്‍ നമുക്കൊക്കെ സാധിക്കുന്നുണ്ട്. നമ്മുടെയൊക്കെ പ്രദേശങ്ങളില്‍ ടൂറിസം വരുമാനമാര്‍ഗമായും തൊഴില്‍സാധ്യതകളായുമൊക്കെ മാറുന്ന ഒരു പ്രത്യേകസാഹചര്യത്തില്‍ അതും സഹകരണമേഖലയും തമ്മില്‍ എങ്ങനെയാണു വിളക്കിച്ചേര്‍ക്കേണ്ടത് എന്നതാണ് ഇവിടത്തെ ചര്‍ച്ചാവിഷയം.
ശവസംസ്‌കാരച്ചടങ്ങുമായി ബന്ധപ്പെട്ട് ടൂറിസം നിലനില്‍ക്കുന്ന ഒരു പഞ്ചായത്തില്‍ നിന്നാണു ഞാന്‍ വരുന്നത്. ടൂറിസം എന്ന വാക്കിനെ പരമ്പരാഗതമായ അര്‍ഥത്തില്‍ കാണരുത്. മൃതദേഹം സംസ്‌കരിക്കാന്‍വേണ്ടി ഒരു പഞ്ചായത്തില്‍നിന്നു മറ്റൊരു പഞ്ചായത്തിലേക്കു ആളുകള്‍ പോവുകയാണെങ്കില്‍ അതു ടൂറിസമാണ്. അങ്ങനെ പോകുന്ന ഒരേയൊരു പഞ്ചായത്തേ കേരളത്തിലുള്ളു. അതു തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല പഞ്ചായത്താണ്. അവിടെയാണ് ഐവര്‍മഠം. പ്രമുഖരായ ഒട്ടേറെ വ്യക്തികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണത്. ഒരു ദിവസം നൂറോളം ശവശരീരങ്ങള്‍ എരിയുന്നതിന്റെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളുമൊക്കെ കാരണം നാട്ടുകാര്‍ ഐവര്‍മഠത്തിനെതിരെ കോടതിവരെ കയറിയിട്ടുണ്ട്. ഒരു വ്യക്തിയാണ് അതു നടത്തുന്നത്. ഒരു സഹകരണസംഘമാണ് അതു നടത്തുന്നതെങ്കില്‍ എത്രത്തോളം വ്യത്യസ്തമായ രീതിയില്‍ അതിനെ മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കുമായിരുന്നു എന്നാലോചിച്ചിട്ടുണ്ട്. ഇതുപോലുള്ള നൂതനാശയങ്ങള്‍ നമ്മളില്‍ ഉരുത്തിരിയണം. ഏതു പൊട്ട ആശയങ്ങളും വിളിച്ചുപറയാനുള്ള ധൈര്യം കാണിക്കണം. അങ്ങനെയുള്ള കുറെ മണ്ടത്തരങ്ങളില്‍നിന്നു വലിയ സംരംഭങ്ങള്‍ കെട്ടിപ്പൊക്കിയ ആള്‍ ഇവിടെയുണ്ടല്ലോ?
തുറന്ന സമീപനം
വേണം
ചിലരെല്ലാം നടക്കില്ല എന്നു പറയുമ്പോള്‍ എന്തുകൊണ്ട് നടക്കില്ല എന്നതിന്റെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണം. അതൊക്കെ കൂട്ടായ ചര്‍ച്ചകളില്‍നിന്നു ഉരുത്തിരിഞ്ഞുവരും. അപ്പോള്‍, അതെങ്ങനെ നടത്താമെന്ന ആശയങ്ങളായി അവ മാറും. അതിനുള്ള ഒരു തുറന്ന സമീപനമാണു സഹകാരികള്‍ക്കിടയില്‍ ഉണ്ടാവേണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എന്റെ എം.ബി.ബി.എസ്. പഠനകാലത്തു ഞാന്‍ ആറു വര്‍ഷം ഈ ജില്ലയിലുണ്ടായിരുന്നു. പിന്നീട് സിവില്‍ സര്‍വീസില്‍ എത്തുന്നതിനുവേണ്ടിയുള്ള ഒരു കാഴ്ചപ്പാടുണ്ടായത് ഇവിടെനിന്നാണ്. കോഴിക്കോട്ടു വന്നുകഴിഞ്ഞാല്‍ പുതിയപുതിയ കാഴ്ചപ്പാടുകളുണ്ടാകും എന്നതിനു ഏറ്റവും വലിയ ഉദാഹരണം ഞാന്‍തന്നെയാണ്. അങ്ങനെയുള്ള കാഴ്ചപ്പാടിന്റെ ഭാഗമായാണു സിവില്‍ സര്‍വീസിലെത്തിയത് ( 2008 ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 555 -ാം റാങ്ക് നേടിയാണ് ഇന്ത്യന്‍ അക്കൗണ്ട്‌സ് ആന്റ് ഓഡിറ്റ് സര്‍വീസിലെത്തിയത് ). എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണമെന്നും അതിനുള്ള സാധ്യതകളെ ഔദ്യോഗികജീവിതത്തിന്റെ ഭാഗമാക്കി സര്‍ക്കാരിന്റെ ഇടയില്‍നിന്നുകൊണ്ടുതന്നെ ചെയ്യണമെന്നുമുള്ള ആഗ്രഹത്തിലാണു ഞാന്‍ ഇന്ത്യന്‍ അക്കൗണ്ട്‌സ് ആന്റ് ഓഡിറ്റ് സര്‍വീസിലെത്തിയത്. അതിന്റെ പരിമിതികളോ മറ്റു സാങ്കേതികതകളോ ഒക്കെയുള്ളതുകൊണ്ടാണു പിന്നീടു ഞാന്‍ ഐ.എ. ആന്റ് എ.എസ്. ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തകനായത്.
ജോണ്‍ എബ്രഹാമും
ശ്യാം ബെനഗലും
സാംസ്‌കാരികതലസ്ഥാനമായി തൃശ്ശൂരിനെ അടയാളപ്പെടുത്തുമ്പോഴും അതിനുള്ള യഥാര്‍ഥ അവകാശി കോഴിക്കോടാണെന്ന ചിന്താഗതിക്കാരനാണു ഞാന്‍. ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ സാഹിത്യവും കലയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു നഗരമാണു കോഴിക്കോട്. അതു പരീക്ഷിച്ച സ്ഥലമാണു കോഴിക്കോട.് സിനിമാനിര്‍മാണത്തില്‍ സഹകരണസ്ഥാപനങ്ങള്‍ മുതല്‍മുടക്കിയാല്‍ എന്തു സംഭവിക്കും ? പടം പൊട്ടിയാല്‍ സഹകരണസ്ഥാപനവും പൂട്ടും എന്നാണു പെട്ടെന്നു ഉത്തരം തോന്നുക. അങ്ങനെയാണെങ്കില്‍ സിനിമ പിടിച്ച നിര്‍മാതാക്കളില്‍ ഭൂരിഭാഗം പേരും, അല്ലെങ്കില്‍ എല്ലാവരുംതന്നെ, നഷ്ടം സഹിച്ചിട്ടുണ്ടാവില്ലേ? അല്ലെങ്കില്‍ പൊളിഞ്ഞിട്ടുണ്ടാവില്ലേ? പത്തു ലക്ഷത്തിന്റെ പത്തു സിനിമ പൊട്ടിയാല്‍ നഷ്ടം ഒരു കോടി രൂപ. രണ്ടു കോടി മുതല്‍മുടക്കിയ ഒരു സിനിമ പത്തു കോടിയുണ്ടാക്കിയാല്‍ ലാഭമെത്രയാണ്? ഒരു സംരംഭത്തിന്റെ ജയപരാജയങ്ങള്‍ക്കുമപ്പുറം അതൊരു വ്യവസായമാണെന്നു കണ്ടു മനസ്സിലാക്കി അതില്‍ മുടക്കുമുതല്‍ വീണ്ടും ഇടാനാകണം. ഒരു ശ്രമം പരാജയപ്പെട്ടാല്‍ വീണ്ടും ശ്രമിക്കണം. അങ്ങനെ സിനിമ നിര്‍മിച്ച, സൊസൈറ്റിയൊന്നുമല്ല നിര്‍മിച്ചത് എങ്കില്‍പ്പോലും, സ്ഥലമാണു കോഴിക്കോട്. ജോണ്‍ എബ്രഹാം ക്രൗഡ് സോഴ്‌സിങ്ങിലൂടെ ( പൊതുജനങ്ങളില്‍നിന്നുള്ള പിരിവ് ) സിനിമ നിര്‍മിച്ച ഒരാളാണ്. ആളുകളില്‍നിന്നു പിരിച്ചെടുത്താണ് ‘ അമ്മ അറിയാന്‍ ‘ എന്ന സിനിമ ജോണ്‍ നിര്‍മിച്ചത്. ജോണ്‍ എബ്രഹാമിനെപ്പോലൊരാളെ, അല്ലെങ്കില്‍ കലയെ, ഏറ്റവുമധികം പ്രോത്സാഹിപ്പിച്ച നഗരമാണു കോഴിക്കോട്. അതിന്റെ വേറൊരു മാതൃകകൂടിയുണ്ട്. അതു പക്ഷേ, ഒരു സഹകരണസംഘത്തിന്റെ മാതൃകയില്‍ത്തന്നെയായിരുന്നു. വിശ്വവിഖ്യാതനായ ഇന്ത്യന്‍ സംവിധായകന്‍ ശ്യാം ബെനഗലായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹം ഗുജറാത്തിലെ ക്ഷീരകര്‍ഷകരുടെ, അതില്‍ കൂടുതലും സ്ത്രീകളായിരുന്നു, സഹകരണസ്ഥാപനമായ അമുലിന്റെ വിജയകഥയെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, അമുല്‍തന്നെ സിനിമ നിര്‍മിക്കട്ടെ എന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ, മന്ഥന്‍ എന്നു പേരിട്ട ആ സിനിമ 1976 ല്‍ നിര്‍മിച്ചത് അഞ്ചു ലക്ഷം ക്ഷീരകര്‍ഷകര്‍ ചേര്‍ന്നാണ്. സിനിമയുടെ തുടക്കത്തില്‍ത്തന്നെ എഴുതിക്കാട്ടുന്നത് ഗുജറാത്തിലെ അഞ്ചു ലക്ഷം കര്‍ഷകര്‍ ചേര്‍ന്നാണു സിനിമ അവതരിപ്പിക്കുന്നത് എന്നാണ്.
കാപ്പാടും
ക്രാഫ്റ്റ് വില്ലേജും
നിങ്ങളില്‍നിന്നു ചില ആശയങ്ങള്‍ കടം കൊണ്ടുകൊണ്ട്, ടൂറിസം മേഖലയിലെ സാധ്യതകളെന്താണു കോഴിക്കോട് ജില്ലയില്‍ എന്നതു നിങ്ങളില്‍നിന്നുതന്നെ അറിഞ്ഞു ചര്‍ച്ച ചെയ്യാനാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. വടകരക്കടുത്ത് ഇരിങ്ങലിലെ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. കാലിക്കറ്റ് എന്ന നഗരം ലോകത്തില്‍ അറിയപ്പെടുന്ന നഗരമാണ്. വാസ്‌ഗോഡ ഗാമ വന്നിറങ്ങിയ കാപ്പാട് എന്ന സ്ഥലമുള്ള നഗരം. ഇന്ത്യയുടെ ചരിത്രം ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ കോഴിക്കോടിനെ ആര്‍ക്കും മാറ്റിനിര്‍ത്താനാവില്ല. എന്നിട്ടും കാപ്പാടുള്ളത് എന്താണ്? വാസ്‌ഗോഡ ഗാമ ഇവിടെയാണു കപ്പലിറങ്ങിയത് എന്നു പറഞ്ഞുകൊണ്ടുള്ള പൊളിഞ്ഞൊരു കഷണം കല്ലു മാത്രമാണ്. ഒന്നാലോചിച്ചുനോക്കൂ, പോര്‍ച്ചുഗീസുകാരെ ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ ഏതെങ്കിലും തരത്തില്‍ കഴിഞ്ഞ 75 കൊല്ലമായി നമ്മള്‍ സംഘടിതമായി ശ്രമിച്ചിട്ടുണ്ടോ> അവര്‍ക്കു വരാന്‍ താല്‍പ്പര്യമുണ്ടാവില്ലേ? ആ താല്‍പ്പര്യം ഉണ്ടാക്കിയെടുക്കേണ്ടതു നമ്മുടെ ഉത്തരവാദിത്തമല്ലേ? അതോ വാസ്‌ഗോഡ ഗാമ വന്നിട്ടാണ് ഇവിടെ വിദേശാധിപത്യം വന്നത് എന്നു പറഞ്ഞു കരഞ്ഞിരിക്കുകയാണോ നമ്മള്‍ ചെയ്യേണ്ടത്? അല്ലല്ലോ ? ആ കാപ്പാടിനെ, ആ കോഴിക്കോടിനെ, വിദേശടൂറിസം മാപ്പില്‍ അടയാളപ്പെടുത്താന്‍ ഏതു വഴി തേടണമെന്നു ആലോചിക്കാന്‍ ഏറ്റവും പ്രാപ്തമായ തലച്ചോറുകളാണ് ഇവിടെ ഇരിക്കുന്നത്. അതൊരു സര്‍ക്കാരിനോ കേവലം വ്യക്തികേന്ദ്രീകൃതമായ സ്വകാര്യസ്ഥാപനങ്ങള്‍ക്കോ സാധ്യമാവണം എന്നില്ല. ഈ സാഹചര്യംപോലും നമ്മള്‍ വേണ്ടുന്നവിധം ഉപയോഗപ്പെടുത്തിയിട്ടില്ല.
കാപ്പാടിനെപ്പറ്റി അങ്ങനെ സൂചിപ്പിക്കുമ്പോള്‍ തിരിച്ചു നമ്മള്‍ മിഠായിത്തെരുവിലേക്കു വരിക, അല്ലെങ്കില്‍ കോഴിക്കോട് നഗരമധ്യത്തിലേക്കു വരിക എന്നൊക്കെ പറയും. സാധ്യതകള്‍ ഒരുപാടുള്ള നഗരമാണിത്. ഈയിടെ കോഴിക്കോട്ട് ഒരു പരിപാടിക്കു പോയപ്പോള്‍ വലിയൊരു ദീപാവലി മിഠായിപ്പാക്കറ്റ് സമ്മാനമായി കിട്ടി. ഏതാണ്ട് രണ്ടരക്കിലോ തൂക്കം വരും. വ്യത്യസ്തങ്ങളായ രുചി കളിലുള്ള 24 ഹലുവക്കഷണങ്ങളായിരുന്നു അതില്‍. അങ്ങനെ ഹലുവയെ ഒരു സമ്മാനപ്പൊതിയാക്കിയിരിക്കുന്നു. ഇത്രയധികം, 24 രുചികളിലുള്ള, ഹലുവ കോഴിക്കോട്ടുണ്ട് എന്നു മനസ്സിലാക്കിത്തരുന്നതായിരുന്നു ആ സമ്മാനപ്പൊതി. സാധാരണ ഈടാക്കുന്ന വിലയുടെ മൂന്നിരട്ടിയാണ് അതിനു വിലയിട്ടിരുന്നത്. ഹലുവയെ മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കിയിരിക്കുന്നു. വാല്യൂ ആഡഡ് ( മൂല്യവര്‍ധിതം ) എന്നത് ആളെ പറ്റിക്കാനുള്ള വാക്കാണ്. മൂല്യവര്‍ധനവഴി നമുക്കു പത്തു മടങ്ങ് വരുമാനമുണ്ടാക്കാനാവും. മൂല്യത്തിനാണല്ലോ നമ്മള്‍ പണം മുടക്കുന്നത് ? അങ്ങനെ മൂല്യം ആഡ് ചെയ്യാന്‍ പറ്റുന്ന, ടൂറിസം മേഖലയില്‍ ചെയ്യാന്‍ പറ്റുന്നത്, എന്ത് എന്നു കണ്ടെത്തണം. അതിന്റെ ആലോചനയ്ക്കാണു കോഴിക്കോട്ടുകാരായ നിങ്ങള്‍ ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്.
ബിസിനസ് സാധ്യത
കണ്ടെത്തുക
നമ്മുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുതന്നെ സാധ്യമാക്കാവുന്ന പല കാര്യങ്ങളുമുണ്ട്. കോഴിക്കോട്ട് ചാലിയാര്‍തീരത്തെ കടവ് റിസോര്‍ട്ട് വന്നിട്ട് 25 കൊല്ലമായിട്ടുണ്ടാകാം. ഇതുപോലുള്ള കൊച്ചുകൊച്ചു സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അവനവന്റെ പ്രവര്‍ത്തനമേഖലയില്‍ത്തന്നെ സാധ്യമാകുമായിരിക്കും. നിങ്ങളുടെ ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്കുള്ളില്‍നിന്നുകൊണ്ടുതന്നെ, റിസോര്‍ട്ട് എന്നതിന്റെ വലിയ അര്‍ഥത്തിലല്ലാതെത്തന്നെ, സാധ്യമാകുന്ന പല കാര്യങ്ങളുമുണ്ട്. ഉദാഹരണമായി ടെയ്ക്ക് എ ബ്രെയ്ക്ക് എന്ന സര്‍ക്കാരിന്റെ വഴിയോര വിശ്രമകേന്ദ്രങ്ങളുണ്ട്. എന്റെ നാട്ടില്‍, ഭാരതപ്പുഴയുടെ അക്കരെയും ഇക്കരെയും, വാണിയംകുളത്തും ചെറുതുരുത്തിയിലും, ടേക്ക് എ ബ്രേക്കിന്റെ സ്ഥലം വാണിജ്യാടിസ്ഥാനത്തില്‍ പാട്ടത്തിനെടുത്തിരിക്കുന്ന വ്യക്തി അവിടെ തുടങ്ങിയിരിക്കുന്നതു കിസ്മീസ് എന്ന റെസ്റ്റോറന്റാണ്. ഇന്ന് ഒറ്റപ്പാലത്തും ഷൊര്‍ണൂരും ചെറുതുരുത്തിയിലും ഏറ്റവും കൂടുതലാളുകള്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നതു വഴിയോരവിശ്രമകേന്ദ്രം എന്നു നമ്മള്‍ ധരിച്ചുവെച്ചിരുന്ന ഈ റെസ്റ്റോറന്റിലാണ്. ചുളുവിലയ്ക്കു സ്ഥലം കിട്ടിയതുകൊണ്ടാണു മുഹമ്മദ്ക്ക ആ ബിസിനസ് തുടങ്ങിയത്. നല്ല രുചിയുള്ള ഭക്ഷണം കിട്ടുന്ന അവിടെ ഇന്നു വണ്ടികള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല. രാത്രി അവിടെ അത്രമാത്രം തിരക്കാണ്. വഴിയോരവിശ്രമകേന്ദ്രം എന്നതിനെ ഒരു ബിസിനസ് സാധ്യതയാക്കുകയാണ് അതിന്റെ ഉടമ ചെയ്തത്.
നമ്മള്‍ പരമ്പരാഗതമായി ചിന്തിക്കുന്ന രീതികള്‍ മാത്രമാണു ടൂറിസം അല്ലെങ്കില്‍ വിനോദസഞ്ചാരം എന്നുള്ള കാഴ്ചപ്പാടുകളെ ആദ്യം പൊളിച്ചുവേണം നമ്മള്‍ ഇവിടെനിന്നു പുറത്തേക്കുപോകാന്‍. എന്നിട്ട് ടൂറിസത്തിലേക്ക് എങ്ങനെയാണു സഹകരണസ്ഥാപനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് നമുക്ക് ഇടപെടാന്‍ സാധിക്കുക എന്നാലോചിക്കണം. എല്ലാവരും നീതി മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങും. സഹകരണബാങ്കുകള്‍ ആദ്യം തുടങ്ങുന്ന സംരംഭം മെഡിക്കല്‍ സ്റ്റോറാണ്. ലാഭമുണ്ടായാല്‍ ആദ്യം തുടങ്ങേണ്ടതു മെഡിക്കല്‍സ്റ്റോറാണ് എന്ന് ഏതെങ്കിലും മാന്വലില്‍ പറഞ്ഞിട്ടുണ്ടോ ? ആരോ തുടങ്ങി വിജയിച്ചു. അപ്പോള്‍ നമുക്കും തുടങ്ങാം എന്നായി. ഇതല്ലേ മാനദണ്ഡം? മരുന്നുവില്‍പ്പന ലാഭകരമായ ബിസിനസ്സാണ് എന്നു നമുക്കു പറയാന്‍ പറ്റില്ല. അപ്പോള്‍ പ്രതിബദ്ധതയുടെ പ്രശ്‌നം വരും. സേവനം എന്നാണിതിനു നമ്മള്‍ പറയുന്നത്. വാല്യൂ ആഡഡ് എന്നു പറയും. മരുന്നു വിറ്റു മാത്രമാണോ സേവനം നടത്തേണ്ടത് ? ഇതേ മരുന്നുകമ്പനികളെയും മരുന്നുകളെഴുതുന്ന ഡോക്ടര്‍മാരെയും ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും നമ്മള്‍ വിളിക്കുന്നതെന്താണ് ? അപ്പോള്‍, സഹകരണമേഖല നടത്തുന്ന മരുന്നുകച്ചവടം മാത്രം എങ്ങനെയാണു മാന്യതയുള്ളതായും സേവനമായും മാറുന്നത്? അതിലൊരു വൈരുധ്യമില്ലേ? മരുന്നുലോബി എന്നു വിമര്‍ശിക്കുന്ന നമ്മള്‍തന്നെ മരുന്നുകച്ചവടവും നടത്തുന്നു.
മരുന്ന് എന്നതിനപ്പുറമുള്ള മറ്റെന്തെങ്കിലുമൊക്കെ നടത്തുന്നതിനെപ്പറ്റി നമുക്കാലോചിക്കാം. തുറന്ന മനസ്സുള്ളവരാകണം സഹകാരികള്‍. കേരളം അതിഭീകരമായ, അതിഗുരുതരമായ സാമൂഹികപ്രതിസന്ധിയില്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്തു ചെയ്യണമെന്നറിയാത്ത ഒരങ്കലാപ്പിലാണു നമ്മള്‍. കുട്ടികള്‍ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാല്‍ നാടുവിടുന്നു. കുട്ടികളില്‍പ്പോലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രതീക്ഷയില്ലായ്മ അറിയാതെ സംഭവിക്കുന്നുണ്ടെങ്കില്‍ അതിനെ മാറ്റിയെടുക്കാന്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്കൊരു വലിയ ഉത്തരവാദിത്തമുണ്ട്. ആ പ്രതീക്ഷയുണ്ടാക്കാന്‍ പറ്റുന്ന ഏറ്റവും സംഘടിതമായ മേഖലതന്നെയാണു സഹകരണമേഖല.
വലിയ പ്രോജക്ടുകള്‍
വരട്ടെ
സഹകരണമേഖലയിലെ വ്യത്യസ്തങ്ങളായ ചെറിയചെറിയ യൂണിറ്റുകള്‍ തമ്മിലുള്ള സഹകരണമാണു നമുക്കു ഉണ്ടാക്കിയെടുക്കേണ്ടത്. സഹകരണത്തിനുള്ളിലെ സഹകരണം. കണ്‍സോര്‍ഷ്യമെന്നോ സഹകരണമെന്നോ ഏതു രീതിയില്‍ വേണമെങ്കിലും നിങ്ങള്‍ക്കതിനെ കാണാം. എന്നിട്ട് വലിയ പ്രോജക്ടുകള്‍ക്കു രൂപം നല്‍കണം. സേവനമാണ് അടിസ്ഥാനപരമായി നമ്മളെ നയിക്കുന്ന പ്രമാണമെങ്കില്‍, സേവനമനസ്‌കതയാണ് ഇതിന്റെ ആധാരമെങ്കില്‍, സേവനമെന്ന വാക്കിന്റെ എല്ലാ അര്‍ഥങ്ങളെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിധം ആ സ്‌കോപ്പിനെ വിശാലമാക്കാനുള്ള സമയമായി. ആ രീതിയില്‍ ചിന്തിക്കാനും ആ രീതിയില്‍ ഉത്തരം കണ്ടെത്താനും പരമ്പരാഗതമായിട്ടുള്ള നമ്മുടെ ചിന്താഗതിയെ മാറ്റിമറിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടുകൂടി പോകാനും നിങ്ങള്‍ പ്രാപ്തി നേടണം. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹകാരികള്‍തന്നെ മുന്നിട്ടിറങ്ങണം. ടൂറിസമെന്ന വാക്കില്‍നിന്നും സഹകരണമെന്ന വാക്കില്‍നിന്നും നിങ്ങള്‍ക്കു കണ്ടെത്താനാവുന്ന എല്ലാ അര്‍ഥങ്ങളും കണ്ടെത്തി, അതു യോജിച്ചുപോകുന്ന മേഖലകള്‍ ഏതെല്ലാമാണെന്ന ചോദ്യത്തിനു കൂടിയാലോചനകളിലൂടെ ഉത്തരങ്ങള്‍ കണ്ടെത്തി, എത്രയും പെട്ടെന്ന നടപ്പാക്കാനുള്ള വാശിയോടും വ്യഗ്രതയോടുംകൂടിത്തന്നെയായിരിക്കണം മുന്നോട്ടു പോകേണ്ടത്. കോടികള്‍ ലാഭമുണ്ടാക്കുന്ന സഹകരണസ്ഥാപനങ്ങളുണ്ടാകാം. ആ ലാഭത്തെ സമൂഹത്തിനു ഗുണകരമാകുംവിധം വീണ്ടും നിക്ഷേപിക്കുക എന്നതാവണം നമ്മുടെ ഉത്തരവാദിത്തം.
ജനവിശ്വാസം
കാക്കണം
ലാഭമുണ്ടാക്കിവെക്കുകയല്ല, പുനര്‍നിക്ഷേപമാണു കേരളത്തിലെ സഹകരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം. മലയാളികളുടെ ഒരു പ്രത്യേകസ്വഭാവമാണു പൈസ പൈസയായി കരുതിവെക്കുക എന്നത്. അതൊരു നിക്ഷേപമാക്കി മാറ്റി ആ നിക്ഷേപത്തില്‍നിന്നു മറ്റൊരു വരുമാനസ്രോതസ്സുണ്ടാക്കിയെടുക്കുന്ന ലിങ്കേജുകളെ കണ്ടെത്താന്‍ നിങ്ങളുടെ വിശ്വാസ്യതയെ ഉപയോഗിക്കുക. നിങ്ങളില്‍ സമൂഹത്തിനൊരു വിശ്വാസമുണ്ട്. ഇപ്പോഴും നിങ്ങളില്‍ ഈ നാട് വിശ്വസിക്കുന്നുണ്ട്. നാടിന്റെ ആ വിശ്വാസം കാക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമെങ്കില്‍ നിങ്ങള്‍ പുതിയ വഴികള്‍ തേടിയേ പറ്റൂ. കാരണം, നിങ്ങളെ വിശ്വസിച്ചാണു ജനങ്ങള്‍ പണം തരുന്നത്. ആ വിശ്വാസത്തെ അടുത്ത തലത്തിലേക്കുയര്‍ത്താന്‍ വേറൊരാള്‍ക്കും പറ്റില്ല. നിങ്ങള്‍ നടത്തുന്ന സംരംഭങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിക്കൂടിയുള്ളതാണ് എന്നു നിങ്ങള്‍ പറയാതെ പറഞ്ഞുവെക്കുന്നുണ്ട്. അതില്‍ തെറ്റിദ്ധാരണകള്‍ക്കോ വിശ്വാസവഞ്ചനയ്‌ക്കോ സാധ്യതകളില്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ ചിന്തകള്‍ ഇവിടെനിന്നു തുടങ്ങിവെച്ച് ഒരു വര്‍ഷമൊക്കെയാകുമ്പോഴേക്കും ഏതെങ്കിലും വ്യത്യസ്തങ്ങളായ പദ്ധതികളിലേക്ക്, അതു ടൂറിസമെന്ന വാക്കില്‍ത്തന്നെ നിര്‍ത്തണമെന്നില്ല, വേറെ മേഖലകളാവാം, തിരിച്ചുവിടണം. ഇത് അതിനൊരു തുടക്കമാവട്ടെ. ഏതായാലും, മാറ്റത്തിനുള്ള സമയമായി. അതിനുള്ള പതാകാവാഹകരെയാണ് ഇന്നിവിടെ കണ്ടുകിട്ടിയിട്ടുള്ളത് എന്ന ആത്മവിശ്വാസത്തിലാണ് ഇതിന്റെ സംഘാടകരും ഞാനുമൊക്കെയുള്ളത്. കേരളത്തിന്റെ പുതിയ പ്രതീക്ഷകള്‍ സഹകരണമേഖലയില്‍നിന്നുകൊണ്ട് നടപ്പാക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ.
( സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ട് ആന്റ് സ്പായില്‍ സഹകാരികള്‍ക്കായി
ലാഡര്‍ നടത്തിയ സെമിനാറില്‍ കോഴിക്കോട് ജില്ലയിലെ ടൂറിസം
സാധ്യതകളെക്കുറിച്ച് നടത്തിയ പ്രസംഗം )
(മൂന്നാംവഴി സഹകരണ മാസിക ജനുവരി ലക്കം 2024)
[mbzshare]