സ്വാശ്രയഗ്രൂപ്പുകളിലൂടെ കാര്‍ഷിക പദ്ധതി; കതിരൂര്‍ ബാങ്കിന് 1.69കോടി സര്‍ക്കാര്‍ സഹായം

[mbzauthor]

കാര്‍ഷിക മേഖലയില്‍ ഇടപെടാനുള്ള കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പദ്ധതിക്ക് സഹകരണ വര്‍ക്കിങ് ഗ്രൂപ്പിന്റെ അംഗീകാരം. ബാങ്ക് സ്വന്തം നിലയിലും, ബാങ്കിന് കീഴില്‍ സ്വയം സഹായം സംഘങ്ങളെ ഏകോപിപ്പിച്ചുമാണ് കാര്‍ഷിക പദ്ധതി നടപ്പാക്കുന്നത്. ഇതിനൊപ്പം, കേന്ദ്രം രൂപീകരിച്ച് സീഡ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിന്റെ മാതൃകയില്‍ ഹൈബ്രിഡ് വിത്തുകള്‍ ശേഖരിച്ച് വിപണനം ചെയ്യുന്ന പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനെല്ലാമായി 1.69 കോടിരൂപയാണ് സര്‍ക്കാര്‍ സഹായമായി ലഭിക്കുക.

നെല്‍കൃഷി, നേന്ത്രവാഴ, പയര്‍, ഉഴുന്ന്, ഇഞ്ചി, പച്ചക്കറികള്‍ തുടങ്ങിയ കൃഷിയാണ് ബാങ്കിന്റെ പദ്ധതി രേഖയിലുള്ളത്. ഈ കൃഷിക്ക് ആവശ്യമായ ഹൈബ്രിഡ് വിത്തുകള്‍ ബാങ്ക് നല്‍കും. ഒപ്പം, മറ്റുകര്‍ഷകര്‍ക്കും ഇത്തരം വിത്തുകള്‍ ലഭ്യമാക്കാനുള്ള വിപണന കേന്ദ്രവും ബാങ്കിന് കീഴില്‍ തുടങ്ങും. യന്ത്രവല്‍ക്കരണത്തിലൂടെയാകും കൃഷി. ഇതിനായി കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങി വാടകയ്ക്ക് നല്‍കും. കര്‍ഷകരുടെ ഉല്‍പന്നങ്ങല്‍ ബാങ്ക് തന്നെ സംഭരിച്ച് സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കും. ഇത് കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റ്, കോഓപ് മാര്‍ട്ട് വഴി വിപണനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതി രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

2023 നവംബറില്‍ ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗമാണ് കതിരൂര്‍ ബാങ്കിന്റെ പദ്ധതി പരിഗണിച്ചത്. ഇതിലാണ് 1.69 കോടിരൂപ ബാങ്കിന് അനുവദിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയില്‍ നൂതന പദ്ധതിയില്‍നിന്ന് ബാങ്കിന് സഹായം നല്‍കണമെന്നായിരുന്നു വര്‍ക്കിങ് ഗ്രൂപ്പ് യോഗം ശുപാര്‍ശ ചെയ്തത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു. ഇതില്‍ 81,12,000 രൂപ സബ്‌സിഡിയാണ്. 70.98 ലക്ഷം രൂപ ഓഹരിയായാണ് നല്‍കുക. 16.90ലക്ഷം രൂപയാണ് വായ്പ.

ബാങ്ക് സമര്‍പ്പിച്ച പദ്ധതിയുടെ ഓരോ വിഭാഗത്തിന്റെയും വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കേണ്ടതുണ്ട്. തുകയുടെ നിര്‍വഹണവും പദ്ധതിയുടെ നടത്തിപ്പും സഹകരണ സംഘം രജിസ്ട്രാര്‍ വിലയിരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ടില്‍നിന്നുള്ള എല്ലാ നിര്‍മ്മാണങ്ങളും സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ലോഗോയും വിവരണവും ഉള്‍പ്പെടുത്തണം. ഇക്കാര്യം രജിസ്ട്രാര്‍ ഉറപ്പാക്കണം. യന്ത്രസാമഗ്രികള്‍ വാങ്ങുന്നത് ടെണ്ടര്‍ നടപടിയിലൂടെ സുതാര്യമായിട്ടായിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

[mbzshare]

Leave a Reply

Your email address will not be published.