സഹകരണസംഘങ്ങളുടെ ലോകറാങ്കിങ്ങില്‍ ഇഫ്‌കോ ഒന്നാംസ്ഥാനത്ത്, ജി.സി.എം.എം.എഫിനു രണ്ടാംസ്ഥാനവും ഊരാളുങ്കലിനു മൂന്നാംസ്ഥാനവും

moonamvazhi

ലോകത്തെ മുന്‍നിരയിലുള്ള 300 സഹകരണസ്ഥാപനങ്ങളില്‍ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ( ഇഫ്‌കോ ) ഒന്നാംസ്ഥാനവും അമുല്‍ ബ്രാന്റിന്റെ ഉടമസ്ഥരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( ജി.സി.എം.എം.എഫ് ) രണ്ടാംസ്ഥാനവും കരസ്ഥമാക്കി. കാര്‍ഷികമേഖലയില്‍ ലോകത്തു മുന്നില്‍നില്‍ക്കുന്ന സഹകരണസ്ഥാപനങ്ങളിലും ഇഫ്‌കോയ്ക്കാണ് ഒന്നാംസ്ഥാനം. ഇന്റസ്ട്രി-യൂട്ടിലിറ്റി വിഭാഗത്തില്‍പ്പെട്ട പ്രാഥമിക സഹകരണസംഘങ്ങളില്‍ കോഴിക്കോട് വടകര ആസ്ഥാനമായുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ( യു.എല്‍.സി.സി.എസ് ) ആഗോളറാങ്കിങ്ങില്‍ മൂന്നാംസ്ഥാനം നേടി. അന്താരാഷ്ട്ര സഹകരണസഖ്യവും ( ഐ.സി.എ ) സഹകരണത്തിനും സോഷ്യല്‍ എന്റര്‍പ്രൈസസിനുമായുള്ള യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നു പുറത്തിറക്കിയ 2023 ലെ വേള്‍ഡ് കോ-ഓപ്പറേറ്റീവ് മോണിട്ടറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിറ്റുവരവും അംഗങ്ങളുടെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തരോല്‍പ്പാദനവും ( ജി.ഡി.പി ) തമ്മിലുള്ള അനുപാതത്തിന്റെ അടിസ്ഥാനത്തിലാണു സഹകരണസ്ഥാപനങ്ങളുടെ റാങ്കിങ് നിശ്ചയിക്കുന്നത്. മുന്‍നിരയിലുള്ള 300 സഹകരണസംഘങ്ങളുടെ മൊത്തം വിറ്റുവരവ് രണ്ടു ലക്ഷം കോടി ഡോളറിലധികംവരും.

36,000 സഹകരണസംഘങ്ങള്‍ അംഗങ്ങളായുള്ള ഇഫ്‌കോ രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോല്‍പ്പാദനത്തിലും സാമ്പത്തികവളര്‍ച്ചയിലും നിര്‍ണായക സംഭാവന നല്‍കുന്നുണ്ട്. ഈ വിഭാഗത്തില്‍ ഫ്രാന്‍സിലെ ഗ്രൂപ്പെ ക്രെഡിറ്റ് അഗ്രികോള്‍ മൂന്നാംസ്ഥാനവും ബ്രസീലിലെ സിസ്റ്റെമ യൂനിമെഡ് നാലാംസ്ഥാനവും നേടി. മുന്‍നിരയിലുള്ള 300 സഹകരണസ്ഥാപനങ്ങളില്‍ 105 എണ്ണവും കൃഷിയുമായി ബന്ധപ്പെട്ട മേഖലയിലാണു പ്രവര്‍ത്തിക്കുന്നത്. 96 സഹകരണസ്ഥാപനങ്ങള്‍ ഇന്‍ഷുറന്‍സ് മേഖലയിലും 57 എണ്ണം മൊത്ത-ചില്ലറ വ്യാപാരരംഗത്തും പ്രവര്‍ത്തിക്കുന്നു. മുന്‍നിരയിലെ ഏറ്റവും കൂടുതല്‍ സഹകരണസ്ഥാപനങ്ങള്‍ യു.എസ്സിലാണ്. 73 സംരംഭങ്ങള്‍. 40 സംരംഭങ്ങളുമായി ഫ്രാന്‍സ് രണ്ടാംസ്ഥാനത്തും 31 സംരംഭങ്ങളുമായി ജര്‍മനി മൂന്നാംസ്ഥാനത്തും 21 സംരംഭങ്ങളുമായി ജപ്പാന്‍ നാലാംസ്ഥാനത്തും നില്‍ക്കുന്നു.

ലോകത്തെ പ്രാഥമിക സഹകരണസംഘങ്ങളില്‍ വ്യവസായ-ഉപയോഗയോഗ്യതാ ( ഇന്റസ്ട്രി ആന്റ് യൂട്ടിലിറ്റീസ് ) വിഭാഗത്തില്‍പ്പെട്ട സംഘങ്ങളിലാണ് യു.എല്‍.സി.സി.എസ്. മൂന്നാം സ്ഥാനത്തെത്തിയത്. സ്‌പെയിനിലെ മോണ്‍ട്രഗോണ്‍ ആണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്. ഡെന്മാര്‍ക്കിലെ ആന്റല്‍ ഗ്രൂപ്പിനാണു രണ്ടാംസ്ഥാനം. ഭക്ഷ്യവ്യവസായമൊഴികെയുള്ള വ്യവസായമേഖലകളിലും ഉപയോഗയോഗ്യതയുമായി ബന്ധപ്പെട്ട സാമ്പത്തികപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളെയാണു ഇന്റസ്ട്രി ആന്റ് യൂട്ടിലിറ്റി വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. ആറ് അണ മൂലധനത്തില്‍ 14 അംഗങ്ങളുമായി കൂലിപ്പണിക്കാരായ അംഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി 1925 ല്‍ വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം 2019 മുതല്‍ അന്താരാഷ്ട്ര സഹകരണ സഖ്യത്തില്‍ ( ഐ.സി.എ ) അംഗമാണ്.

ലോകത്തു മുന്‍നിരയിലുള്ള പത്തു സഹകരണസംഘങ്ങളില്‍ നാലും യു.എസ്സിലാണ്. തൊഴിലാളി സഹകരണസംഘമായ SACMI ( ഇറ്റലി ) യാണു നാലാംസ്ഥാനത്ത്. യു.എസ്സിലെ ഉപഭോക്തൃ സംഘമായ ബേസിന്‍ ഇലക്ട്രിക് പവര്‍ സഹകരണസംഘത്തിനാണ് അഞ്ചാംസ്ഥാനം. ഡെന്മാര്‍ക്കിലെ ഉപഭോക്തൃസംഘമായ നോറിയ അംബ ആറാംസ്ഥാനത്തും ഇറ്റലിയിലെ തൊഴിലാളിസംഘമായ സി.എം.ബി. ഏഴാംസ്ഥാനത്തും നില്‍ക്കുന്നു. എട്ടു മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങള്‍ യു.എസ്സിലെ ഉപഭോക്തൃസംഘങ്ങള്‍ക്കാണ്. ഒജിയെതോര്‍പെ പവര്‍ കോര്‍പ്പറേഷന്‍ എട്ടാംസ്ഥാനവും അസോസിയേറ്റഡ്് ഇലക്ട്രിക് കോ-ഓപ്പറേറ്റീവ് ഒമ്പതാംസ്ഥാനവും ട്രൈ സ്റ്റേറ്റ് ജി.ആന്റ് ടി അസോസിയേഷന്‍ പത്താംസ്ഥാനവും നേടി. കാര്‍ഷിക-ഭക്ഷ്യവ്യവസായ വിഭാഗത്തില്‍ രാജ്യത്തെ രണ്ടാമത്തെ രാസവളനിര്‍മാണ സഹകരണസംഘമായ ക്രിഭ്‌കോ മേഖലാറാങ്കിങ്ങില്‍ ആറാം സ്ഥാനം കരസ്ഥമാക്കി. 2022-23 സാമ്പത്തികവര്‍ഷം ക്രിഭ്‌കോ 57.08 ലക്ഷം മെട്രിക് ടണ്‍ രാസവളമാണു വിറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News