കേരളത്തിന് റവന്യൂ ഭവന്‍ നിര്‍മ്മിക്കുന്നു; ചുമതല ഊരാളുങ്കലിന്
സംസ്ഥാനത്തിന് റവന്യൂ ഭവന്‍ നിര്‍മ്മിക്കാന്‍ തീരുമാനം. കവടിയാര്‍ കൊട്ടാരത്തിനോടു ചേര്‍ന്നുള്ള ഒരേക്കര്‍ മിച്ചഭൂമിയിലാണ് നിര്‍മ്മാണം. 25 കോടിരൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. റവന്യൂ ഭവന്റെ രൂപരേഖ അടക്കമുള്ള വിശദമായ പദ്ധതി രേഖ തയ്യാറാക്കിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ്. ഈ ഡി.പി.ആര്‍. ജില്ലാകളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. അതിനാണ് അംഗീകാരമായത്.
അക്രഡിറ്റഡ് ഏജന്‍സി എന്ന നിലയില്‍ ഊരാളുങ്കലിന് തന്നെയാണ് റവന്യു ഭവന്റെ നിര്‍മ്മാണ ചുമതലയും ഏല്‍പ്പിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ജൂണിലാണ് കവിടായറിലെ മിച്ചഭൂമിയില്‍ റവന്യു ഭവനും ഡോ.എ.പി.ജെ. അബ്ദുള്‍കലാം നോളജ് ആന്‍ഡ് സ്‌പെയ്‌സ് മ്യൂസിയവും നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
അതിനാണ് ഇപ്പോള്‍ അനുമതിയായിട്ടുള്ളത്.
സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് വേണം നിര്‍മ്മാണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഉറപ്പാക്കാന്‍ പ്രത്യേകം ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന ലാന്‍ഡ് റവന്യു കമ്മീഷ്ണര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഊരാളുങ്കലിന്റെ പ്രതിനിധിയെ അടക്കം ഉള്‍പ്പെടുത്തി ടെക്‌നിക്കല്‍ കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. റെവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ചെയര്‍മാനും യു.എല്‍.സി.സി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി.കെ.ഗോപകുമാര്‍ കണ്‍വീനറുമായി ആറംഗങ്ങളാണ് ടെക്‌നിക്കല്‍ കമ്മിറ്റിയിലുള്ളത്.