പാലുല്‍പാദനം കൂട്ടാന്‍ ക്ഷീരകര്‍ഷകര്‍ക്ക് പലിശരഹിത വായ്പാ പദ്ധതിയുമായി മില്‍മ

[mbzauthor]

2024 ജനുവരി മുതല്‍ ക്ഷീരകര്‍ഷകര്‍ക്ക് പലിശ രഹിത വായ്പാപദ്ധതി നടപ്പാക്കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ തീരുമാനിച്ചു. ഈ മേഖലയിലേക്ക് ആവശ്യമുള്ള പാല്‍ സ്വന്തമായി ഉല്‍പാദിപ്പിക്കാനാവുക എന്നാണ് മില്‍മ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും മലബാര്‍ മേഖലയില്‍നിന്നും പാല്‍ ശേഖരിച്ചാണ് തിരുവനന്തപുരം മേഖലയില്‍ വിതരണം നടത്തുന്നത്. പാലുല്‍പാദനത്തിലെ ഈ കുറവ് പരിഹരിക്കാനാണ് പലിശ രഹിത വായ്പാപദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

ക്ഷീരകര്‍ഷകര്‍ പശുക്കളെ വാങ്ങുന്നതിനായി എടുക്കുന്ന വായ്പകള്‍ക്കാണ് പലിശയ്ക്ക് സബ്‌സിഡി നല്‍കുക. ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുക്കുന്ന വായ്പകള്‍ക്ക് ക്ഷീരസംഘത്തില്‍ നല്‍കുന്ന പാലിന്റെ അളവിന് ആനുപാതികമായി പലിശ സബ്‌സിഡി നല്‍കും. ഇതുവഴി പ്രതിദിനം 25,000 ലിറ്റര്‍ പാലിന്റെ വര്‍ധനവാണ് യൂണിയന്‍ ലക്ഷ്യമിടുന്നത്. ഒരു കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

 

ജനുവരി ഒന്നുമുതല്‍ മേഖല യൂണിയന്റെ പരിധിയിലുള്ള ക്ഷീരസഹകരണ സംഘങ്ങളില്‍ നിന്ന് വില്‍പ്പന നടത്തുന്ന ഓരോ ചാക്ക് കാലിത്തീറ്റയ്ക്കും 150 രൂപ നിരക്കില്‍ സബ്ഡിസി നല്‍കാനും മില്‍മ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലിന്റെ ഗുണനിലവാര നിയന്ത്രണം കര്‍ശനമാക്കും. സാധാരണ ഗുണനിലവാര പരിശോധനയ്‌ക്കൊപ്പം പ്രാഥമിക സംഘങ്ങളില്‍ ഉള്‍പ്പെടെ ആന്റിബയോട്ടിക് റെസിഡ്യു ഡിറ്റക്ഷന്‍ ടെസ്റ്റ്, അഫ്‌ളാടോക്‌സിന്‍ ഡിറ്റക്ഷന്‍ ടെസ്റ്റ് മുതലായ പരിശോധനാ സംവിധാനങ്ങള്‍ വിപുലീകരിച്ച് നടപ്പിലാക്കും.

മില്‍മ ഉല്‍പ്പന്നങ്ങളുടെ ലാഭം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിറ്റുവരവില്‍ ഉല്‍പ്പന്നങ്ങളില്‍നിന്നുള്ള വിഹിതം രണ്ടുവര്‍ഷത്തിനുള്ളില്‍ 25 ശതമാനം ആയി വര്‍ധിപ്പിക്കും. 2022-23 വര്‍ഷം 1208 കോടി രൂപയുടെ വിറ്റുവരവാണ് തിരുവനന്തപുരം യൂണിയനുള്ളത്. ഇതില്‍ 15 ശതമാനമാണ് നിലവില്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വിഹിതം. 2021-22 ല്‍ 4,09,232 ലിറ്റര്‍ ആയിരുന്ന തിരുവനന്തപുരം യൂണിയനിലെ പ്രതിദിന പാല്‍സംഭരണം 202223 ല്‍ 3,64,952 ലിറ്റര്‍ ആയി കുറഞ്ഞു. ഇത് 2023-24 ല്‍ 3,85,000 ലിറ്ററിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

[mbzshare]

Leave a Reply

Your email address will not be published.