പെരുമാട്ടി ബാങ്കിന് സംസ്ഥാനടിസ്ഥാനത്തില്‍ മൈക്രോ ഇറിഗേഷന്‍ പദ്ധതിക്ക് അനുമതി
പാലക്കാട് ജില്ലയിലെ പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്കിന് സംസ്ഥാന അടിസ്ഥാനത്തില്‍ മെക്രോ ഇറിഗേഷന്‍ പ്രൊജക്ടിന് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി.ഒരു സര്‍വീസ് സഹകരണ ബാങ്കിന് അതിന്റെ പ്രവര്‍ത്തന പരിധിക്ക് അപ്പുറം പദ്ധതി നിര്‍വഹണ ഏജന്‍സിയായി മാറാന്‍ അനുമതി ലഭിക്കുന്നത് ആദ്യമാണ്. മൈക്രോ ഇറിഗേഷന്‍ മേഖലയില്‍ പെരുമാട്ടി ബാങ്കിന്റെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് ഇത്തരമൊരു അനുമതി നല്‍കുന്നത്.
കര്‍ഷകര്‍ക്ക് കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പ്രജക്ടിനുള്ള സാമഗ്രികള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ പെരുമാട്ടി ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. 2008-മുതല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബാങ്ക് ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. 2400 ഏക്കറില്‍ ഇതിനകം ബാങ്കിന്റെ സഹായത്തോടെ മൈക്രോ ഇറിഗേഷന്‍ പ്രൊജക്ട് നടപ്പാക്കിയിട്ടുണ്ട്. 6641 കര്‍ഷകര്‍ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. തെങ്ങ്, കവുങ്ങ്, പച്ചക്കറി എന്നിങ്ങനെയുള്ള കൃഷിക്കും നെല്‍പ്പാടങ്ങളിലേക്കും ജലസേചനത്തിനായുള്ള പൈപ്പുകള്‍ കുറഞ്ഞ വിലയ്ക്കാണ് ബാങ്ക് നല്‍കുന്നത്.
ഈ സഹായം സംസ്ഥാനതലത്തില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ബാങ്കിന് കഴിയുമെന്നാണ് അവര്‍ സര്‍ക്കാരിനെ അറിയിച്ചത്. ഇതിനൊപ്പം, ഹൈടെക് കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി പ്രിസഷന്‍ ഫാമിങ് എന്ന ശാസ്ത്രീയ കൃഷിരീതി നടപ്പാക്കുന്നതിനും തയ്യാറാണെന്നും അവര്‍ സര്‍ക്കാരിനെ അറിയിച്ചു. ഈ പദ്ധതികള്‍ സംസ്ഥാന തലത്തില്‍ നടപ്പാക്കുന്നതിന് ബാങ്കിന്റെ നിയമാവലിയില്‍ വ്യവസ്ഥയില്ല. അതിനാല്‍, സര്‍ക്കാര്‍ വകുപ്പുകളോ ഏജന്‍സികളോ ഇത്തരം പ്രൊജക്ടുകള്‍ക്ക് ടെണ്ടര്‍ ക്ഷണിക്കുമ്പോള്‍ കഴിയുന്നില്ല. അതിനാല്‍, ഇത്തരം കരാറുകള്‍ ഏറ്റെടുക്കുന്നതിന് അംഗീകൃത സ്ഥാപനമായി അനുമതി നല്‍കണമെന്നാണ് ബാങ്ക് സര്‍ക്കാരിന് നല്‍കിയ അപേക്ഷ.
ബാങ്കിന്റെ അപേക്ഷ പരിഗണിക്കാവുന്നതാണെന്ന റിപ്പോര്‍ട്ടാണ് സഹകരണ സംഘം രജിസ്ട്രാറും സര്‍ക്കാരിന് നല്‍കിയത്. ഇത് അംഗീകരിച്ച് മൈക്രോ ഇറിഗേഷന്‍, പ്രിസഷന്‍ ഫാമിങ് എന്നിവയ്ക്കുള്ള ടെണ്ടറില്‍ സംസ്ഥാനത്തെവിടേയും പങ്കെടുക്കാന്‍ പെരുമാട്ടി ബാങ്കിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള അംഗീകൃത ഏജന്‍സിയായി ബാങ്കിനെ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.
[mbzshare]