സഹകരണ പെന്‍ഷന്‍ പരിഷ്‌കരണം; സഹകാരികളെ നേരില്‍ കേട്ടശേഷം റിപ്പോര്‍ട്ട്

[mbzauthor]

സംസ്ഥാനത്തെ സഹകരണ പെന്‍ഷന്‍ പദ്ധതി പരിഷ്‌കരണം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി സര്‍ക്കാര്‍ മൂന്നുമാസം കൂടി നീട്ടി. കഴിഞ്ഞ പെന്‍ഷന്‍ പരിഷ്‌കരണ റിപ്പോര്‍ട്ട് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നു. പെന്‍ഷന്‍ സംഘടനകള്‍ ഇതിനെതിരെ കോടതിയെ സമീപിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം പരാതികള്‍ ഒഴിവാക്കാന്‍ സംഘടനപ്രതിനിധികള്‍, സഹകാരികള്‍, പെന്‍ഷന്‍കാര്‍ എന്നിവരെയെല്ലാം നേരില്‍കേട്ടശേഷം റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് തീരുമാനം.

2023 ജൂണിലാണ് സഹകരണ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കുന്നതിനെകുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എം രാജേന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനും സഹകരണ ജീവനക്കരുടെ പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി അഞ്ജന എസ് കണ്‍വീനറും, പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, റിട്ടേയര്‍ഡ് അഡീഷ ണല്‍ രജിസ്ട്രാര്‍ കെ വി പ്രശോഭന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്‍ ബാലസു ബ്രഹ്മണ്യന്‍ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള കമ്മറ്റിയാണ് രൂപീകരിച്ചത്. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

ആഗസ്റ്റ് 19ന് ചേര്‍ന്ന സമിതി യോഗമാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് വിശദമായ ഹിയറിങ് നടത്തേണ്ടതുണ്ടെന്ന് വിലയിരുത്തിയത്. ഇക്കാര്യം പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നുമാസം കൂടി സമയം നീട്ടിനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഡിസംബര്‍ 27വരെ കാലാവധി നീട്ടി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സഹകരണ പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നുള്ള സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ഇതേക്കുറിച്ച് പഠിക്കാനുള്ള സമിതിക്ക് സര്‍ക്കാര്‍ രൂപംനല്‍കിയത്.

[mbzshare]

Leave a Reply

Your email address will not be published.