ഹൈദരാബാദ് ട്വിന്‍ സിറ്റീസ് ബാങ്ക് ക്രാന്തി സഹകരണ ബാങ്കില്‍ ലയിച്ചു
ഹൈദരാബാദിലെ ട്വിൻ സിറ്റിസ് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് തെലങ്കാനയിലെ ക്രാന്തി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ ലയിച്ചു. റിസർവ് ബാങ്കിന്റെ അംഗീകാരത്തോടെയാണു ലയനം നടന്നത്. ഓഗസ്റ്റ് 23 നു ലയനപ്രക്രിയ പൂർത്തിയാക്കി ക്രാന്തി സഹകരണ ബാങ്ക് ട്വിൻ സിറ്റിസ് ബാങ്കിനെ ഏറ്റെടുത്തതായി ക്രാന്തി ബാങ്ക് സി.ഐ.ഒ. എസ്. സോമശേഖർ അറിയിച്ചു.
ഹൈദരാബാദ് നഗരത്തിൽ ഒറ്റ ശാഖയാണ് ട്വിൻ സിറ്റിസ് ബാങ്ക് പ്രവർത്തിച്ചിരുന്നത്. 90 ലക്ഷം രൂപ നഷ്ടത്തിലായിരുന്നു ബാങ്ക്. ഒന്നര വർഷം മുമ്പാണ് ട്വിൻ സിറ്റിസ് ബാങ്ക് ലയനത്തിനപേക്ഷിച്ചത്. ഇപ്പോഴാണു റിസർവ് ബാങ്ക് അതംഗീകരിച്ചത്. ലയനത്തോടെ ക്രാന്തി ബാങ്കിന്റെ ശാഖകളുടെ എണ്ണം ആറായി. വർഷത്തിൽ 75 കോടിയിലധികം രൂപയുടെ ബിസിനസ് നടത്തുന്ന ക്രാന്തി ബാങ്കിന്റെ ഈ സാമ്പത്തികവർഷത്തെ ലാഭം 72 ലക്ഷം രൂപയാണ്.
1949 ലെ ബാങ്കിംഗ് നിയന്ത്രണനിയമത്തിലെ സെക്ഷൻ 56 ലെ 44 എ വ്യവസ്ഥയനുസരിച്ചാണ് ക്രാന്തി അർബൻ ബാങ്കുമായി കൂടിച്ചേരാനുള്ള ട്വിൻ സിറ്റിസിന്റെ അപേക്ഷ റിസർവ് ബാങ്ക് അംഗീകരിച്ചത്. 1997 ലാണു ക്രാന്തി സഹകരണ അർബൻ ബാങ്ക് സ്ഥാപിതമായത്.
[mbzshare]