തീരമേഖലയിലെ സഹകരണ സാധ്യത തേടി കുമ്പളങ്ങിയില്‍ മത്സ്യസംസ്‌കരണ യൂണിറ്റ്

[mbzauthor]

ഗ്രാമത്തിന്റെ സൗന്ദര്യവും പരമ്പരാഗത തൊഴില്‍ രീതികളുമുള്ള പ്രദേശമാണ് കുമ്പളങ്ങി. ചെമ്മീന്‍കെട്ടും പാടവും ബണ്ടും കൈത്തോടും തെങ്ങും മനോഹരമാക്കുന്ന ഈ ഗ്രാമത്തിന്റെ പ്രധാന ഉപജീവനമാര്‍ഗം കൃഷിയും മീന്‍പിടുത്തവുമാണ്. കുമ്പളങ്ങിയുടെ ചുറ്റം കായലാണ്. കണ്ടല്‍ ചെടികള്‍ ഏറെയുണ്ട് ഇവിടെ. ചെമ്മീന്‍, ഞണ്ട്, വിവിധതരംകക്ക, ചെറുമീനുകള്‍ എന്നിവയുടെ പ്രജനന സങ്കേതങ്ങളാണ് ഈ കണ്ടല്‍ക്കാടും കൈത്തോടും.

കുമ്പളങ്ങിയുടെ ഈ സാധ്യത തിരിച്ചറിഞ്ഞ് വളരാന്‍ ഒരുങ്ങുകയാണ് കുമ്പളങ്ങി പട്ടികജാതി സര്‍വീസ് സഹകരണ സംഘം. ഇവിടെ ഒരു ആധുനിക മത്സ്യസംസ്‌കരണ കേന്ദ്രം തുടങ്ങാനുള്ള സംഘത്തിന്റെ പ്രപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. പട്ടിക വിഭാഗം സംഘങ്ങള്‍ക്ക് കീഴില്‍ വരുമാനമുറപ്പാക്കുന്ന സംരംഭങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുമ്പളങ്ങി സംഘത്തിന് സാമ്പത്തിക സഹായം അനുവദിക്കാനും തീരുമാനിച്ചു. 34 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള തീരമേഖലയെന്നതിനൊപ്പം, ടൂറിസ്റ്റുകള്‍ ഏറെ എത്താറുള്ള പ്രദേശമാണ് കുമ്പളങ്ങി. ഗ്രാമത്തിലെ മിക്ക വീടുകളിലും ഹോം സ്‌റ്റേ ഒരുക്കുന്നുണ്ട്. ഇവിടേക്കെല്ലാം സംസ്‌കരിച്ച മീന്‍ ലഭ്യമാക്കാന്‍ കുമ്പളങ്ങി സംഘത്തിന്റെ മത്സ്യ സംസ്‌കരണ കേന്ദ്രത്തിന് കഴിയും. ജുലായ് 14ന് ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം സംഘത്തിന്റെ പ്രപ്പോസല്‍ പരിഗണിച്ചിരുന്നു. ഈ യോഗമാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ശുപാര്‍ശ ചെയ്തത്. ആഗസ്റ്റ് നാലിന് സഹകരണ സംഘം രജിസ്ട്രാറും പ്രപ്പോസലിനെ പിന്തുണച്ച് സര്‍ക്കാരിന് കത്ത് നല്‍കി.

 

ഇതെല്ലാം പരിഗണിച്ചാണ് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഓഹരിയായും സബ്‌സിഡിയായുമാണ് സര്‍ക്കാര്‍ പണം നല്‍കുന്നത്. 14 ലക്ഷം രൂപ ഓഹരിയും 20 ലക്ഷം സബ്‌സിഡിയുമാണ്.

[mbzshare]

Leave a Reply

Your email address will not be published.