പെന്ഷന് പരിഷ്കരണ സമിതി അംഗങ്ങള്‍ക്ക് ഹോണറേറിയം; ചെലവ് ബോര്‍ഡ് വഹിക്കണം
സഹകരണ പെന്ഷന് പരിഷ്കരണം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിയോഗിച്ച സമിതി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഹോണറേറിയം നിശ്ചയിച്ചു. പ്രതിമാസം 50,000 രൂപയാണ് ഹോണറേറിയം. ഇതിന് പുറമെ സര്‍ക്കാര്‍ നിരക്കില്‍ ദിന ബത്തയും യാത്ര ബത്തയും അനുവദിക്കണമെന്ന് സഹകരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എ.ആര്. അമൃത്ലാല്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
പരിഷ്കരണ സമിതി അംഗങ്ങള്‍ക്ക് ഹോണറേറിയും പ്രവര്‍ത്തനത്തിന് അടിസ്ഥാന സൗകര്യവും അനുവദിക്കുന്നതിന് പെന്ഷന് ബോര്‍ഡ് സെക്രട്ടറി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പ് ഉത്തരവിറക്കിയത്. ജവഹര്‍ സഹകരണ ഭവനില്‍ സ്ഥല സൗകര്യം ഒരുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് സമിതിയുടെ ആവശ്യത്തിന് ഒരു സ്റ്റനോഗ്രാഫറുടെ സേവനം ലഭ്യമാക്കണമെന്നും, ജീവനക്കാരെ ആവശ്യമെങ്കില്‍ അത് പെന്ഷന് ബോര്‍ഡില്‍നിന്ന് വിട്ടുനല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പെന്ഷന് പരിഷ്കരണ സമിതിയുടെ എല്ലാ ചെലവുകളും വഹിക്കേണ്ടത് പെന്ഷന് ബോര്‍ഡായിരിക്കും. റിട്ട. ജില്ലാജഡ്ജ് എം.രാജേന്ദ്രന് നായര്‍ അധ്യക്ഷനായാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. സഹകരണ സംഘം റിട്ട. അഡീഷ്ണല്‍ രജിസ്ട്രാര്‍ കെ.വി.പ്രശോഭന്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്‍.ബാല സുബ്രഹ്മണ്യന് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.