സഹകരണ പരീക്ഷ നടത്തിപ്പിന് ഏജന്‍സികളെ നിയോഗിക്കുന്നത് വൈകും; ഉത്തരവ് പുതുക്കിയില്ല
സഹകരണ സ്ഥാപനങ്ങളില്‍ പരീക്ഷാബോര്‍ഡ് വഴിയല്ലാതെയുള്ള നിയമനങ്ങള്‍ക്ക് പരീക്ഷ നടത്താനുള്ള ഏജന്‍സികളെ നിശ്ചയിച്ചില്ല. നിലവിലുള്ള 53 ഏജന്‍സികളുടെ കാലപരിധി 2022 ഡിസംബര്‍ 31ന് അവസാനിച്ചു. പുതിയ ഏജന്‍സികളെ നിശ്ചയിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രം ഏജന്‍സികളെ നിശ്ചയിച്ചാല്‍ മതിയെന്നാണ് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിന്റെ നിലപാട്.
കഴിഞ്ഞ വര്‍ഷം നിശ്ചയിച്ച ഏജന്‍സികളെ സംബന്ധിച്ച് ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം സഹകരണ വിജിലന്‍സ് പരിശോധിച്ച് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പരീക്ഷ നടത്തുക പോലും ചെയ്യാതെ റാങ്ക് പട്ടിക തയ്യാറാക്കി നല്‍കുന്ന ഏജന്‍സികളുണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയെ അംഗീകൃത പട്ടികയില്‍നിന്ന് രജിസ്ട്രാര്‍ പുറത്താക്കുകയും ചെയ്തു. സഹകരണ നിയമനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുമെന്നതിനാല്‍ ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നില്ല.
ഔട്‌സൈഡ് ഏജന്‍സികളുടെ പ്രവര്‍ത്തനവും വിശ്വാസ്യതയും പരിശോധിച്ചാണ് അവര്‍ക്ക് അംഗീകൃത ഏജന്‍സി പട്ടികയിലുള്‍പ്പെടുത്തി രജിസ്ട്രാര്‍ ഒരോ വര്‍ഷവും ഉത്തരവ് ഇറക്കുന്നത്. ഇതില്‍ ഏതെങ്കിലും ഏജന്‍സികളെ സംബന്ധിച്ച് പരാതികള്‍ ഉണ്ടായാല്‍, അതിന്റെ ആധികാരിക പരിശോധിച്ച് ഉറപ്പാക്കി അംഗീകാരം പിന്‍വലിക്കുമെന്ന് ഈ ഉത്തരവില്‍തന്നെ വ്യക്തമാക്കാറുണ്ട്.
പരീക്ഷ നടത്താന്‍ ഏജന്‍സികളെ നിശ്ചയിക്കാത്ത പല സഹകരണ സംഘങ്ങളിലെയും നിയമനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംഘങ്ങള്‍ക്ക് നേരിട്ട് പരീക്ഷ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്താന്‍ അധികാരമില്ല. പ്രാഥമിക സഹകരണ ബാങ്കുകളിലെ പ്യൂണ്‍, വാച് മാന്‍ തസ്തികയിലെ നിയമനം ബോര്‍ഡ് വഴി നടത്താമെന്ന നിര്‍ദ്ദേശം കരട് നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ബില്ലില്‍നിന്ന് ഒഴിവാക്കി. അതേസമയം, വായ്‌പേതര സംഘങ്ങളിലെ ക്ലര്‍ക്ക് മുതല്‍ മുകളിലോട്ടുള്ള നിയമനങ്ങള്‍ ബോര്‍ഡിന് വിടാനുള്ള നിര്‍ദ്ദേശം കൊണ്ടുവന്നിട്ടുണ്ട്. അതിനാല്‍, പരീക്ഷ നടത്താനുള്ള ഏജന്‍സികളെ പരിമിതപ്പെടുത്തണമെന്ന ആലോചന രജിസ്ട്രാര്‍ ഓഫീസനുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതിന് ശേഷമാകും പരീക്ഷ നടത്താനുള്ള ഏജന്‍സികളെ നിശ്ചയിച്ച് ഉത്തരവിറക്കാനിടയുള്ളൂ.
[mbzshare]