അര്‍ബന്‍ ബാങ്കുകള്‍ക്കായുള്ള അംബ്രല ഓര്‍ഗനൈസേഷന്‍ അടുത്ത കൊല്ലം പ്രവര്‍ത്തനം തുടങ്ങും

moonamvazhi

അര്‍ബന്‍ സഹകരണ ബാങ്കുകളെ സഹായിക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ പദ്ധതിയായ അംബ്രല ഓര്‍ഗനൈസേഷന്‍ 2024 ല്‍ പ്രവര്‍ത്തനമാരംഭിച്ചേക്കുമെന്നു ‘ ദ ടെലഗ്രാഫ് ഓണ്‍ലൈന്‍ ‘  റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനു ( NUCFDC )  ഇക്കൊല്ലം മാര്‍ച്ചോടെ ഇതുസംബന്ധിച്ച ലൈസന്‍സ് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അതോടെ, 200 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനാവും.

തങ്ങള്‍ക്കു ഇതുവരെയായി 90 കോടി രൂപയുടെ ഇക്വിറ്റി കിട്ടിക്കഴിഞ്ഞെന്നും ബാക്കി പത്തു കോടി ജനുവരിയില്‍ കിട്ടുമെന്നും പ്രതീക്ഷിക്കുന്നതായി NUCFDC യുടെ ഉപദേഷ്ടാവായ രാജാ ദേബ്‌നാഥ് അറിയിച്ചു. ആര്‍.ബി.ഐ.യുടെ ലൈസന്‍സ് മാര്‍ച്ചില്‍ കിട്ടും. അംബ്രല ഓര്‍ഗനൈസേഷന്‍ തുടങ്ങാന്‍ വേണ്ട കുറഞ്ഞ തുകയായ 300 കോടി രൂപയുടെ മൂലധന അടിത്തറയുണ്ടാക്കാനാണു തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇക്കൊല്ലം ഡിസംബറോടെ 300 കോടിയും സമാഹരിക്കും. 2024 ജൂലായ് ആകുമ്പോഴേക്കും ടെക് പ്ലാറ്റ്‌ഫോമില്‍ ആദ്യബാങ്ക് രൂപംകൊള്ളും- ദേബ്‌നാഥ് പറഞ്ഞു.

ലിക്വിഡിറ്റി, മൂലധന വാഗ്ദാനങ്ങള്‍ക്കു പുറമേ എല്ലാ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും പങ്കിടാവുന്നവിധത്തില്‍ അംബ്രല ഓര്‍ഗനൈസേഷന്‍ സാങ്കേതിക പ്ലാറ്റ്‌ഫോം സ്ഥാപിക്കും. അതോടെ, അര്‍ബന്‍ ബാങ്കുകള്‍ക്കു താരതമ്യേന കുറഞ്ഞ ചെലവില്‍ അവരുടെ സേവനങ്ങള്‍ വിപുലീകരിക്കാനാവും. ഫണ്ട് മാനേജ്‌മെന്റും കണ്‍സള്‍ട്ടന്‍സി സര്‍വീസും നല്‍കാനും കഴിയും.

രാജ്യത്തു 1500 ലധികം അര്‍ബന്‍ സഹകരണ ബാങ്കുകളുണ്ടെന്നാണു കണക്കാക്കുന്നത്. ഇവയ്‌ക്കെല്ലാംകൂടി പതിനൊന്നായിരത്തിലധികം ശാഖകളുണ്ട്. അര്‍ബന്‍ ബാങ്കുകളുടെ മൊത്തം ബാധ്യത ആറു ലക്ഷം കോടി രൂപയിലധികമാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയില്‍ മിക്ക ബാങ്കുകളും പഴഞ്ചന്‍ സാങ്കേതികവിദ്യയിലാണു ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇതുകാരണം ആധുനിക ബാങ്കിങ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ കഴിയുന്നില്ല. NUCFDC യുടെ ഭാഗമാകുന്നതോടെ ഈ ബാങ്കുകള്‍ക്കു പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കൊടുക്കാന്‍ കഴിയും- ദേബ്‌നാഥ് അറിയിച്ചു.

റിസര്‍വ് ബാങ്കിന്റെ ഒരു വര്‍ക്കിങ് ഗ്രൂപ്പ് 2006 ലാണ് അര്‍ബന്‍ ബാങ്കുകള്‍ക്ക് അംബ്രല ഓര്‍ഗനൈസേഷന്‍ തുടങ്ങണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത്. അര്‍ബന്‍ ബാങ്കുകള്‍ക്കുവേണ്ടി ആര്‍. ഗാന്ധിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പാനല്‍ 2015 ല്‍ അംബ്രല ഓര്‍ഗനൈസേഷന്റെ ആവശ്യകത ഊന്നിപ്പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Latest News