വിദഗ്ധസമിതി നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ മാറി; സഹകരണ അനുബന്ധ സ്ഥാപനങ്ങള്‍ക്ക് വിലക്ക്
വിദഗ്ധ സമിതി തയ്യാറാക്കിയ നല്കിയ നിര്‍ദ്ദേശങ്ങള്‍ പലതും സഹകരണ നിയമഭേദഗതിയുടെ ബില്ലില്‍ ഉള്‍പ്പെടുത്തിയത് മാറ്റങ്ങളോടെ. സഹകരണ സംഘങ്ങള്‍ക്ക് അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള വ്യവസ്ഥ നിയന്ത്രിക്കുന്നുവെന്നതാണ് പ്രധാനമാറ്റം. ഇത്തരമൊരു നിര്‍ദ്ദേശം വിദഗ്ധ സമിതി തയ്യാറാക്കിയ നല്കിയ കരടില്‍ ഉണ്ടായിരുന്നില്ല. അനുബന്ധ സ്ഥാപനങ്ങളിലും സര്‍ക്കാരിനും സഹകരണ സംഘം രജിസ്ട്രാര്‍ക്കും നിയന്ത്രണം ഉറപ്പാക്കാനുള്ള വ്യവസ്ഥകളായിരുന്നു വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചത്.
സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ച ഏതൊരു ബാങ്കും സംഘവും അവയുടെ അനുബന്ധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡില്‍ കേരളസര്‍ക്കാരിന്റെ നോമിനികളെ നിര്‍ണയിക്കപ്പെട്ടപ്രകാരം ഉള്‍പ്പെടുത്തേണ്ടതാണ്- എന്നതാണ് നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥ. ഇതായിരുന്നില്ല, വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചത്. ‘അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിലേക്കുള്ള മൂലധനം സ്വരൂപിക്കാന്‍ സര്‍ക്കാരില്‍നിന്ന് ധനസഹായം തേടുന്നപക്ഷം പ്രസ്തുത സ്ഥാപനത്തിന്റെ ഭരണസമിതിയില്‍ സര്‍ക്കാരിന്റെ നോമിനിയെ ഉള്‍പ്പെടുത്തണം’- എന്നിങ്ങനെയാണ് സമിതി തയ്യാറാക്കിയ കരട് ബില്ലിലുണ്ടായിരുന്നത്.
ഇതിനുപുറമെ മറ്റൊരു വ്യവസ്ഥകൂടി ബില്ലില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിങ്ങനെയാണ് – 2022-ലെ കേരള സഹകരണ സംഘം (മൂന്നാം ഭേദഗതി) ആക്ട് പ്രാബല്യത്തില്‍ വന്നതിന് ശേഷം ഒരു അനുബന്ധ സ്ഥാപനവും ഈ വകുപ്പ് പ്രകാരം പ്രോത്സാഹിപ്പിക്കാന്‍ പാടില്ലാത്തതും മുമ്പ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന നിലവിലുള്ള അനുബന്ധ സ്ഥാപനങ്ങളെ നിര്‍ണയിക്കപ്പെടാവുന്ന വ്യവസ്ഥകള്‍ പ്രകാരം പ്രവര്‍ത്തനം തുടരുന്നതിന് അനുവദിക്കാവുന്നതുമാണ്’. അതായത് സഹകരണ സംഘങ്ങളുടെ നിലിവിലെ അനുബന്ധ യൂണിറ്റുകളുടെ ഭരണസമിതിയിലെല്ലാം ബില്ല് നിയമമാകുന്നതോടെ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തേണ്ടിവരും. സഹകരണ സംഘങ്ങള്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് പുതിയ നിയമഭേദഗതി നിലവില്‍ വരുന്നതോടെ അനുമതി നല്‍കാനുമിടയില്ല. അത്തരം സ്ഥാപനങ്ങള്‍ തുടങ്ങേണ്ട അനിവാര്യത സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പ്രത്യേകമായ അനുമതി നല്‍കാമെന്ന ധാരണയോടെയാണ് ഈ വ്യവസ്ഥ കൊണ്ടുവന്നിട്ടുള്ളത്.
സഹകരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിനാണ് അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങാമെന്ന വ്യവസ്ഥ സഹകരണ നിയമത്തില്‍ കൊണ്ടുവന്നത്. സഹകരണ സംഘത്തിന് മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ വ്യവസ്ഥയില്ലാത്ത ഘട്ടത്തിലാണ്, സംഘത്തിന് കീഴില്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് പരിയാരം മെഡിക്കല്‍ കോളേജ് തുടങ്ങിയത്. ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തുടങ്ങിയ അനുബന്ധ സ്ഥാപനമാണ്, ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്ക്. സംസ്ഥാനത്തെ നിരവധി സംഘങ്ങള്‍ സമാനരീതിയില്‍ ചെറുതും വലുതുമായ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇത് വ്യാപകമായതിനാല്‍ നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശം നിയമഭേദഗതി ചര്‍ച്ചയിലെല്ലാം ഉയര്‍ന്നിരുന്നു. എന്നാല്‍, അനുബന്ധ സ്ഥാപനങ്ങളുടെ രൂപീകരണം തന്നെ മരവിപ്പിച്ചുപോകുന്ന വ്യവസ്ഥ വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചിരുന്നില്ല.
[mbzshare]